പൈതലാം യേശുവേ ഗാനത്തിന്റെ രചയിതാവിനെ അറിയുമോ?
മലയാളത്തിന്റെ സൈലന്റ് നൈറ്റ് എന്ന ഗായിക കെ എസ് ചിത്ര വിശേഷിപ്പിച്ച പൈതലാം യേശുവേ എന്ന ഗാനത്തിന്റെ സംഗീത സംവിധായകനെ കുറിച്ചും അതിന്റെ പിറവിയെ കുറിച്ചും ഒരു ഫീച്ചര്‍ മരിയന്‍ ടൈസ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ആ ഗാനം രചിച്ച ഫാ. ജോസഫ് പാറാംകുഴി ഇന്നും അജ്ഞാതനായി ജീവിതം തുടരുകയാണ്. നെയ്യാറ്റിന്‍കര കാരിക്കോണം സെന്റ് ജോസഫ് ഇടവക വികാരിയാണ് ഇപ്പോള്‍ ഫാ. ജോസഫ് പാറാങ്കുഴി. ഒരു സാധാരണ വൈദികനായി പ്രശസ്തിയുടേയും അംഗീകാരത്തിന്റേയുമൊക്കെ ലോകത്തില്‍ നിന്ന് അകന്നുമാറിയാണ് അദ്ദേഹത്തിന്റെ സഞ്ചാരം. ഫാ. ജോസഫിനെ അടുത്തറിയാവുന്നവര്‍ക്കുപോലും അദ്ദേഹമാണ് ഈ ഗാനം രചിച്ചതെന്ന് അറിയില്ല. അദ്ദേഹം ആരോടും പറയാറുമില്ല.
ആലുവ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥിയായിരിക്കേയാണ് ഫാ.ജോസഫ് ഈ ഗാനം രചിച്ചത്. യേശുദാസിന്റെ തരംഗിണി മ്യൂസിക് 1984ലെ ക്രിസ്മസ് കാലത്ത് പുറത്തിറക്കിയ സ്‌നേഹപ്രവാഹം എന്ന കാസറ്റിലൂടെയാണ് പൈതലാം യേശുവേ എന്ന ഗാനം പുറത്തുവന്നത്. ഫാ. ജസ്റ്റിന്‍ പനയ്ക്കലായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. സ്‌നേഹപ്രവാഹം സൂപ്പര്‍ഹിറ്റായതോടെ യേശുദാസിന്റെ ആവശ്യപ്രകാരം 1985ല്‍ ഇറങ്ങിയ സ്‌നേഹസന്ദേശത്തിലും ഫാ.ജോസഫ് പാറാങ്കുഴി നാലു ഗാനങ്ങള്‍ എഴുതി. സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെ രചയിതാവായിട്ടും നെയ്യാറ്റിന്‍കര രൂപതിയിലെ വൈദികനെന്ന നിലയില്‍ ഒതുങ്ങി കൂടുന്ന അദ്ദേഹം ചെറുതും വലുതുമായ രണ്ടായിരത്തിലധികം കാസറ്റുകള്‍ക്ക് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഗാനങ്ങള്‍ രചിക്കുന്നതിന് തനിക്കു നല്‍കുന്ന പ്രതിഫലം സ്‌നേഹപൂര്‍വം നിരസിക്കുന്ന അദ്ദേഹം ഇപ്പോഴും ക്രിസ്തീയ ഭക്തിഗാന ശാഖയില്‍ നിശബ്ദമായി തന്റെ സേവനം തുടരുന്നു.