ഒരൊറ്റ അടവുകൊണ്ട്

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~

 

പത്തുവയസുള്ള ഒരു ബാലന്‍. കാറപകടത്തെതുടര്‍ന്ന് അവന്റെ ഇടതുകൈ നഷ്ടപ്പെട്ടു. അത് അവന് സഹിക്കാവുന്നതില്‍ ഏറെയായിരുന്നു. കരഞ്ഞുകരഞ്ഞ് അവന്‍ ആകെ തളര്‍ന്നു. അവന്റെ വിഷമങ്ങള്‍ കണ്ട് അവന്റെ മാതാപിതാക്കളും ഏറം ദുഃഖിച്ചു.

കുറെക്കഴിഞ്ഞപ്പോള്‍ അവര്‍ അവനെ ജൂഡോ പരിശീലനത്തിന് അയച്ചു. ജപ്പാന്‍കാരനായിരുന്നു അവന്റെ ജൂഡോ അധ്യാപകന്‍. അയാള്‍ അവനെ പ്രത്യേകം ശ്രദ്ധയോടെ പരിശീലിപ്പിച്ചു. പക്ഷേ, മൂന്നുമാസത്തെ ക്ലാസ് കഴിഞ്ഞിട്ടും അയാള്‍ ആ ബാലനെ ഒരു അടവു മാത്രമേ പരിശീലിപ്പിച്ചുള്ളു.
ഒരു ദിവസം ബാലന്‍ തന്റെ പരിശീലകനോട് ചോദിച്ചു: ‘മാസ്റ്റര്‍, ഞാന്‍ ഇതുവരെ ഒരു അടവു മാത്രമേ പഠിച്ചിട്ടുള്ളു. ഞാന്‍ വേറെയും അടവുകള്‍ പഠിക്കേണ്ടേ?’ അപ്പോള്‍ മാസ്റ്റര്‍ പറഞ്ഞു: ‘ഒരു അടവു മാത്രമേ നിനക്കിപ്പോള്‍ അറിയൂ. ഈ ഒരൊറ്റ അടവിന്റെ ആവശ്യം മാത്രമേ നിനക്കുണ്ടാവൂ.’
മാസ്റ്റര്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണെന്ന് അവനു മനസിലായില്ല. എങ്കിലും പരിശീലകന്റെ വാക്ക് വിശ്വസിച്ച് അവന്‍ പരിശീലനം തുടര്‍ന്നു. കുറ ദിവസം കഴിഞ്ഞപ്പോള്‍ മാസ്റ്റര്‍ അവനെ ഒരു മത്സരത്തിനു കൊണ്ടുപോയി. മത്സരത്തിന്റെ ആദ്യത്തെ രണ്ടു റൗണ്ടുകളിലും അവന്‍ എളുപ്പത്തില്‍ വിജയിച്ചു. അവനെ ആ വിജയങ്ങള്‍ അമ്പരപ്പിച്ചുകളഞ്ഞു.

മൂന്നാമത്തെ റൗണ്ട് മത്സരം ഏറെ കടുത്തതായിരുന്നു. എങ്കിലും എതിരാളിയുടെ ഓരോ ചലനവും വീക്ഷിച്ച അവന്‍ തനിക്കറിയാവുന്ന ഏക അടവ് ഉപയോഗിച്ച് എതിരാളിയെ പരാജയപ്പെടുത്തി. അവനെ ഫൈനലിലെത്തിച്ച ഈ വിജയം അവനെ എന്നപോലെ അവന്റെ ഏതിരാളിയെയും കാണികളെയും അത്ഭുതപ്പെടുത്തി.

ഫൈനല്‍ മത്സരം വളരെ വാശിയുള്ളതായിരുന്നു. അവനെക്കാള്‍ കരുത്തനായിരുന്നു എതിരാളി. വളരെ എളുപ്പത്തില്‍ എതിരാളി അവനെ പരാജയപ്പെടുത്തുമെന്ന് എല്ലാവരും കരുതി. പക്ഷെ അവന്‍ പിടിച്ചുനിന്നു. മത്സരം തുടര്‍ന്നപ്പോള്‍ അവന്റെ നില പരുങ്ങലിലായി. അവന്റെ സുരക്ഷയെക്കരുതി റഫറി ‘ടൈം ഔട്ട്’ വിളിച്ചു. മത്സരത്തില്‍ നിന്ന് പിന്മാറാന്‍ അവനെ ഉപദേശിച്ചു. എന്നാല്‍, അവന്റെ പരിശീലകന്‍ പറഞ്ഞു: ‘ഭയപ്പെടേണ്ട, മത്സരം തുടരട്ടെ.’

മത്സരം തുടര്‍ന്നപ്പോള്‍ എതിരാളിയുടെ ശ്രദ്ധ അല്പസമയത്തേക്ക് പതറിപ്പോയി. നിമിഷനേരംകൊണ്ട് ബാലന്‍ തനിക്കറിയാവുന്ന ഏക അടവ് ഉപയോഗിച്ച് എതിരാളിയെ പരാജയപ്പെടുത്തി. അങ്ങനെ അവന്‍ ടൂര്‍ണമെന്റിലെ ചാമ്പ്യനായി. മത്സരം കഴിഞ്ഞു തിരികെപ്പോകുമ്പോള്‍ ഫൈനല്‍ മത്സരത്തെക്കുറിച്ച് അവന്‍ വിലയിരുത്തി. അതിനിടയില്‍ ഭയപ്പാടോടെയാണെങ്കിലും അവന്‍ തന്റെ പരിശീലകനോടു ചോദിച്ച: ‘ഒറ്റ അടവു മാത്രം പഠിച്ച ഞാന്‍ എങ്ങനെയാണ് മത്സരങ്ങളെല്ലാം വിജയിച്ചത്?’

മാസ്റ്റര്‍ പറഞ്ഞു: ‘നിന്റെ വിജയത്തിനു രണ്ടു കാരണങ്ങളുണ്ട്. നീ പഠിച്ച അടവ് ജൂഡോയിലെ ഏറ്റവും വിഷമംപിടിച്ച അടവാണെന്നതാണ് ഒരു കാരണം. രണ്ടാമത്തെ കാരണമാകട്ടെ, നീ പഠിച്ച അടവിനെ മറികടക്കണമെങ്കില്‍ ഏതിരാളി നിന്റെ ഇടതുകൈയില്‍ പിടിച്ചേ മതിയാകൂ.’ അവന് ഇടതുകൈ ഇല്ലാതിരുന്നത് അവന്റെ വിജയത്തിനു പ്രധാന കാരണമായി എന്നു ചുരുക്കം.

ഒരു കൈ നഷ്ടപ്പെട്ടപ്പോള്‍ തന്റെ ജീവിതമേ നഷ്ടപ്പെട്ടു എന്ന ചിന്തയോടെ വിലപിച്ചിരിക്കാന്‍ ആ ബാലന് കഴിയുമായിരുന്നു. എന്നാല്‍ അതിന് അവന്‍ മുതിര്‍ന്നില്ല. അതിനു പകരം ഒരു കൈ മാത്രമേ ഉള്ളുവെങ്കിലും ആ കൈകൊണ്ട് ജൂഡോയില്‍ ഒരു കൈ നോക്കിക്കളയാം എന്നവന്‍ തീരുമാനിച്ചു. ദൈവാനുഗ്രഹംകൊണ്ട് അവന് നല്ലൊരു പരിശീലകനെയും ലഭിച്ചു. ആ പരിശീലകന്റെ മിടുക്കും അവന്റെ കഠിനാധ്വാനവും കൂടി ഒരുമിച്ചപ്പോള്‍, അസാധ്യമെന്നു കരുതിയിരുന്ന കാര്യം അവനു സാധ്യമായി.

ജീവിതത്തില്‍ നമ്മുടെ പോരായ്മകള്‍ നമ്മെ തളര്‍ത്തുന്ന അനുഭവമാണ് പലപ്പോഴുമുള്ളത്. പോരായ്മകള്‍ നമ്മെ തളര്‍ത്താന്‍ നാം അനുവദിച്ചാല്‍ നമ്മുടെ ജീവിതം തീര്‍ച്ചയായും പരാജയത്തില്‍ കലാശിക്കും. എന്നാല്‍, പോരായ്മകള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണെന്നു കരുതി അവയെ നമ്മുടെ ശക്തിയാക്കി മാറ്റാന്‍ സാധിച്ചാല്‍ നമ്മുടെ ജീവിതം വിജയിക്കുകതന്നെ ചെയ്യും.
ചെറുപ്പകാലത്തു നല്ലൊരു അത്‌ലറ്റായിരുന്നു ചാര്‍ളി ബോസ്‌വെല്‍. എന്നാല്‍, രണ്ടാം ലോകമഹായുദ്ധത്തില്‍ ബോസ്‌വെല്ലിനു രണ്ടു കണ്ണുകളും നഷ്ടപ്പെട്ടു.

യുദ്ധമുന്നണിയില്‍ നിന്നു തിരിച്ചെത്തിയ ബോസ്‌വെല്‍ സ്വന്തം നഷ്ടമോര്‍ത്ത് കണ്ണീര്‍വാര്‍ത്തു സമയം കളഞ്ഞില്ല. സ്‌പോര്‍ട്‌സില്‍ തത്പരനായിരുന്ന അദ്ദേഹം ഗോള്‍ഫ് രംഗത്തേക്ക് ശ്രദ്ധ തിരിച്ചു. കണ്ണിനു കാഴ്ചയില്ലാതിരുന്നിട്ടും ഗോള്‍ഫ് കളിയില്‍ അദ്ദേഹം നന്നായി ശോഭിച്ചു.
അന്ധര്‍ക്കുവേണ്ടിയുള്ള ഗോള്‍ഫ് മത്സരത്തില്‍ ഒന്നും രണ്ടും തവണയല്ല, പതിമൂന്നു തവണയാണ് അദ്ദേഹം അമേരിക്കയിലെ നാഷണല്‍ ചാമ്പ്യനായത്. അതേത്തുടര്‍ന്ന് ഗോള്‍ഫ് കളിയില്‍ ബെന്‍ ഹോഗന്റെ പേരിലുള്ള അവാര്‍ഡ് 1958-ല്‍ ബോസ്‌വെല്‍ കരസ്ഥമാക്കുകയും ചെയ്തു.
കാഴ്ച നഷ്ടപ്പെട്ട ബോസ്‌വെല്‍ കാഴ്ച അത്യാവശ്യമുള്ള ഒരു കളിയിലാണ് ശോഭിച്ചത്. കാഴ്ചയില്ലാതിരുന്നിട്ടും കഠിനാധ്വാനവും സ്ഥിര പരിശ്രമവുംകൊണ്ട് ഗോള്‍ഫിലെ ചാമ്പ്യനാകാന്‍ അദ്ദേഹത്തിനു സാധിച്ചു. തനിക്കുണ്ടായ ദുരന്തം അദ്ദേഹത്തെ തളര്‍ത്തിയില്ല എന്നു ചുരുക്കം.

നമ്മുടെ ജീവിതത്തിലെ പോരായ്മകളും പരാജയങ്ങളുമൊന്നും നമ്മെ തളര്‍ത്താന്‍ അനുവദിക്കരുത്. പോരായ്മകളും പരാജയങ്ങളുമൊക്കെ നമ്മുടെ ജീവിതത്തെ വിജയിപ്പിക്കാനുള്ള കരുക്കളാക്കി നാം മാറ്റണം. പക്ഷേ, അതിനു നമുക്കു മനസുണ്ടാകണമെന്നു മാത്രം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles