നമ്മെ വലിയവരാക്കുന്ന ഉത്തരവാദിത്വബോധം

മഞ്ഞുമൂടിയ ആന്‍ഡീസ് മലനിരകള്‍. എപ്പോള്‍ വേണമെങ്കിലും അവിടെ ശക്തമായ കൊടുങ്കാറ്റും ഹിമവര്‍ഷവും ഉണ്ടാകാം. ഗിലുമെറ്റ് എന്ന വൈമാനികന്‍ തന്റെ കൊച്ചുവിമാനം സ്റ്റാര്‍ട്ടാക്കുമ്പോള്‍ അയാളുടെ മനസുനിറയെ ആശങ്കകളായിരുന്നു. എങ്കിലും തന്റെ ജോലി സംബന്ധിച്ച ഉത്തരവാദിത്വബോധം അയാളെ മുന്നോട്ടു നയിച്ചു. അയാള്‍ തന്റെ കൊച്ചുവിമാനവുമായി ആന്‍ഡീസ് മലനിരകള്‍ക്കു മുകളിലേക്കു പറന്നുയര്‍ന്നു.
ചിലിയന്‍ ഗവണ്‍മെന്റിനുവേണ്ടി തപാലുരുപ്പടികള്‍ എത്തിക്കുകയായിരുന്നു ഗിലുമെറ്റിന്റെ ജോലി. പ്രതികൂല കാലാവസ്ഥയിലും തന്റെ ജോലി നിര്‍വഹിക്കുവാന്‍ അയാള്‍ ബദ്ധശ്രദ്ധനായിരുന്നു.
വിമാനം കുറേ പറന്നുകഴിഞ്ഞപ്പോള്‍ ശക്തമായ കൊടുങ്കാറ്റും ഹിമവര്‍ഷവും ആരംഭിച്ചു. മുന്നോട്ടുപോകുവാന്‍ നിര്‍വാഹമില്ലെന്നു തോന്നിയതുകൊണ്ട് അടുത്തുകണ്ട തണുത്തുറഞ്ഞ ഒരു തടാകത്തില്‍ അയാള്‍ തന്റെ വിമാനമിറക്കി.അപകടംകൂടാതെ വിമാനം ലാന്‍ഡ് ചെയ്യുന്നതില്‍ അയാള്‍ വിജയിച്ചു. പക്ഷേ, അപ്പോഴും പ്രശ്‌നങ്ങള്‍ ബാക്കിനിന്നു. അസ്ഥി തുളച്ചുകയറുന്ന കൊടുംതണുപ്പില്‍നിന്ന് എങ്ങനെ രക്ഷപ്പെടും? മറ്റാരുടെയും സഹാ യമില്ലാതെ എങ്ങനെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചേരും?

അത്രപെട്ടെന്നു നിരാശപ്പെടുന്ന ആളായിരുന്നില്ല ഗിലുമെറ്റ്. വിമാനത്തിലുണ്ടായിരുന്ന തപാല്‍ ബാഗുകളെല്ലാം തനിക്കുചുറ്റും കൂട്ടിയിട്ട് കൊടുംതണുപ്പില്‍നിന്ന് അയാള്‍ കുറെയൊക്കെ രക്ഷനേടി. കൊടുങ്കാറ്റിനും ഹിമപാതത്തിനുമിടയില്‍ ധൈര്യവും പ്രതീ ക്ഷയും നഷ്ടപ്പെടാതിരിക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു.
രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും കൊടുങ്കാറ്റും ഹിമവര്‍ഷവും നിലച്ചു. പക്ഷേ, അപ്പോഴേക്കും വിമാനം പ്രവര്‍ത്തനരഹിതമായിക്കഴിഞ്ഞിരുന്നു. എങ്കിലും ഗിലുമെറ്റ് പ്രതീക്ഷ കൈവെടിഞ്ഞില്ല. മെയില്‍ ബാഗുകളെല്ലാം എടുത്തുകൊണ്ട് അയാള്‍ താന്‍ യാത്ര തുടങ്ങിയ സ്ഥലത്തേക്കുള്ള മടക്കം ആരംഭിച്ചു. അഞ്ചു പകലും നാലു രാത്രിയും കാല്‍നടയായി അയാള്‍ മഞ്ഞിലൂടെ യാത്രചെയ്തു. യാത്രയ്ക്കിടയില്‍ പലതവണ അയാള്‍ തളര്‍ന്നുവീണെങ്കിലും അവസാനം അയാള്‍ സുരക്ഷിതസ്ഥാനത്തെത്തി.

”വിന്‍ഡ്, സാന്‍ഡ് ആന്‍ഡ് സ്റ്റാഴ്‌സ്” എ ന്ന ഗ്രന്ഥത്തില്‍ കൗണ്ട് സെയ്ന്റ് എക്‌സു പ്പെറി എന്ന ഗ്രന്ഥകാരനാണ് ഈ സംഭവം വിവരിച്ചിരിക്കുന്നത്. ഗിലുമെറ്റിന്റെ സഹപ്രവര്‍ത്തകനായിരുന്ന അദ്ദേഹം, ഗിലുമെറ്റ് എങ്ങനെയാണ് കൊടുങ്കാറ്റിനെയും ഹിമവര്‍ഷത്തെയുമൊക്കെ അതിജീവിച്ചത് എന്നു വിവരിക്കുന്നുണ്ട്.
തന്റെ ഭാര്യയും കുട്ടികളും തനിക്കായി കാത്തിരിക്കുന്നുവെന്ന ചിന്തയും അവരോടു ള്ള ഉത്തരവാദിത്വബോധവും അതുപോലെ തന്റെ ജോലിയിലുള്ള ഉത്തരവാദിത്വബോധവുമാണു ഗിലുമെറ്റിന്റെ ജീവന്‍ രക്ഷിച്ചത് എന്ന് എക്‌സൂപ്പെറി സാക്ഷിക്കുന്നു. ഹിമവര്‍ഷവും കൊടുങ്കാറ്റും കൊടുംതണുപ്പുമൊക്കെ അതിജീവിച്ച ഗിലുമെറ്റിന്റെ അതിമാനുഷിക രക്ഷപ്പെടലിനെ പരാമര്‍ശിച്ചുകൊണ്ട് എക്‌സൂപ്പെറി എഴുതുക യാണ്: ”മനുഷ്യനായിരിക്കുക എന്നുപറഞ്ഞാല്‍ ഉത്തരവാദിത്വമുള്ളവനായിരിക്കുക എന്നാണര്‍ഥം.”

തന്റെ കുടുംബത്തോടും തന്റെ ജോലിയോടുമുള്ള ഉത്തരവാദിത്വബോധമാണു ഗിലുമെറ്റിനെ അതിസാഹസികമായ ഒരു രക്ഷപ്പെടലിനു സഹായിച്ചത്. ഗിലുമെറ്റിന്റെ ഈ കഥ വായിക്കുമ്പോള്‍ നമുക്ക് അദ്ദേഹത്തോട് ആദരവും ബഹുമാനവും തോന്നാം. അതു നല്ലതുതന്നെ. എന്നാല്‍ അതോടൊപ്പം നമ്മുടെ ജീവിതത്തില്‍ നമുക്കെന്തുമാത്രം ഉത്തരവാദിത്വബോധമുണ്ടെ ന്ന് അന്വേഷിക്കുന്നതും നന്നായിരിക്കും.
ജീവിതത്തില്‍ നമുക്കെല്ലാവര്‍ക്കും ഓരോരോ രീതിയിലുള്ള ഉത്തരവാദിത്വമുണ്ട്. കുടുംബത്തിലും ജോലിസ്ഥലത്തും അതു പോലെ മറ്റു ജീവിതരംഗങ്ങളിലുമുള്ള നമ്മുടെ ഉത്തരവാദിത്വം നാം ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഉത്തരവാദിത്വബോധമില്ലാതെ പെരുമാറുന്ന എത്രയോപേരെ നാം കാണാറുണ്ട്. ഒരു പക്ഷേ, നാം തന്നെ ഉത്തരവാദിത്വബോധ മില്ലാതെ ജീവിക്കുന്നവരാകാം.

ഉത്തരവാദിത്വബോധമില്ലാത്തവര്‍ പലപ്പോ ഴും പല രീതിയിലാണു ജീവിതത്തില്‍ തങ്ങള്‍ക്കുള്ള ഉത്തരവാദിത്വങ്ങളോടു പ്രതി കരിക്കുന്നത്. ചിലര്‍ തങ്ങള്‍ക്കുള്ള ഉത്തര വാദിത്വങ്ങളില്‍നിന്ന് എപ്പോഴും ഒഴിഞ്ഞു മാറാന്‍ ശ്രമിക്കും. മറ്റു ചിലരാകട്ടെ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ എപ്പോഴും മാറ്റി വയ്ക്കാന്‍ നോക്കും. വേറെ ചിലരാകട്ടെ, ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തിട്ട് അവ ബുദ്ധിമുട്ടാണെന്നു തോന്നുമ്പോള്‍ ഉപേക്ഷിക്കാന്‍ നോക്കും.
എന്നാല്‍, ചിലരാകട്ടെ ബുദ്ധിമുട്ടുകള്‍ക്കിടയിലും എന്തു ത്യാഗവും സഹിച്ചു തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാ ക്കും. അതിനുള്ള ദൈവാനുഗ്രഹത്തിനും ശക്തിക്കുമായി അവര്‍ ദൈവസഹായം തേടുകയും ചെയ്യും.
ഇങ്ങനെയുള്ള ആളുകളാണു ജീവിതത്തില്‍ വിജയംവരിക്കുന്നത്. ഇവര്‍തന്നെയാണു സ്വന്തം ജീവിതം ധന്യമാക്കുന്നതു പോലെ മറ്റുള്ളവരുടെയും ജീവിതം ധന്യമാക്കുന്നത്.

നാം ഏതു ജീവിതസ്ഥിതിയിലുള്ളവരായാലും ഏതു പ്രായക്കാരായാലും നമുക്കെ ല്ലാവര്‍ക്കും നമ്മുടേതായ രീതിയിലുള്ള ഉത്തരവാദിത്വങ്ങളും കടമകളുമുണ്ട്. അവ യെല്ലാം ആത്മാര്‍ഥതയോടെ പൂര്‍ത്തിയാക്കു ന്നതിലായിരിക്കട്ടെ നമ്മുടെ ശ്രദ്ധയും താല്‍പ്പര്യവും.വളരാനും വലിയവരാകാനും ഉത്തരവാ ദിത്വബോധം കൂടിയേ തീരൂ എന്നതു നമു ക്കു മറക്കാതിരിക്കാം. അതുപോലെ ഉത്തര വാദിത്വബോധത്തോടെ നമ്മുടെ കടമകളും ജോലികളും ചെയ്തുകൊണ്ടു മറ്റുള്ളവ രെയും നമുക്കു വളര്‍ത്താം, വലിയവരാക്കാം.

~ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ CMI ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles