ദൈവസ്നേഹത്തിന്‍റെ ഒത്ത നടുക്ക്

വർഷങ്ങൾക്കുമുന്പ് ഒരു പിതാവും പുത്രിയും കപ്പൽയാത്ര ചെയ്യുകയായിരുന്നു. പ്രോട്ടസ്റ്റന്‍റ് ക്രൈസ്തവ മതവിഭാഗത്തിൽപ്പെട്ട ഒരു പുരോഹിതനായിരുന്നു ആ പിതാവ്. തന്‍റെ ഭാര്യ മരിച്ചുപോയതിലുള്ള ദുഃഖമകറ്റാൻ വേണ്ടി ഒരു ദൂരയാത്രയ്ക്കിറങ്ങിയതായിരുന്നു അദ്ദേഹം.

അദ്ദേഹം ഒരു പുരോഹിതനാണെന്നറിഞ്ഞപ്പോൾ ഞായറാഴ്ച യാത്രക്കാർക്കുവേണ്ടി പ്രാർഥനാശുശ്രൂഷ നടത്താൻ കപ്പലിന്‍റെ ക്യാപ്റ്റൻ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം ആ ക്ഷണം സ്വീകരിച്ചപ്പോൾ ക്യാപ്റ്റൻ അദ്ദേഹത്തോടു പറഞ്ഞു: “അങ്ങയുടെ പ്രസംഗം ദൈവത്തിന്‍റെ സ്നേഹത്തെക്കുറിച്ചായിരിക്കണമെന്നാണ് എന്‍റെ ആഗ്രഹം.’’

അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഏതു വിഷയവും അദ്ദേഹത്തിനു സ്വീകാര്യമായിരുന്നു. എങ്കിലും തന്‍റെ ഭാര്യയെ നഷ്ടപ്പെട്ടതിലുള്ള ദുഃഖത്തിൽനിന്നു പൂർണമായി കരകയറിയിട്ടില്ലാതിരുന്ന അദ്ദേഹത്തിന് ദൈവസ്നേഹത്തെക്കുറിച്ചു പറയാൻ അല്പം വൈഷമ്യം തോന്നാതിരുന്നില്ല.

ക്യാപ്റ്റൻ ആവശ്യപ്പെട്ടതുപോലെ അദ്ദേഹം ദൈവസ്നേഹത്തെക്കുറിച്ച് അന്നത്തെ പ്രാർഥനാശുശ്രൂഷയ്ക്കിടയിൽ അതിമനോഹരമായി പ്രസംഗിച്ചു. അന്നു പ്രാർഥനാശുശ്രൂഷയും ഉച്ചഭക്ഷണവുമൊക്കെ കഴിഞ്ഞ് അദ്ദേഹവും പുത്രിയുംകൂടി കപ്പലിന്‍റെ ഡെക്കിൽ നിൽക്കുന്പോൾ പുത്രി അദ്ദേഹത്തോടു ചോദിച്ചു. “ഡാഡീ, ഡാഡി പറഞ്ഞല്ലോ, ദൈവം നമ്മെ സ്നേഹിക്കുന്നുണ്ടെന്ന്. എന്നാൽ എത്രമാത്രം ദൈവം നമ്മെ സ്നേഹിക്കുന്നുണ്ടെന്നു പറയാമോ?’’

അപ്പോൾ ആ പിതാവ് പറഞ്ഞു: “മറ്റ് ആരെക്കാളും അധികമായി അവിടുന്നു സ്നേഹിക്കുന്നുണ്ട്’’. ഉടനേ പുത്രി ചോദിച്ചു: “ഡാഡീ, മമ്മി സ്നേഹിച്ചതിനെക്കാളും അധികമായി ദൈവം സ്നേഹിക്കുന്നുണ്ടോ?’’ അപ്പോൾ ആ പിതാവ് അവളുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു: “ഉണ്ട്.’’

അതിനുശേഷം സമുദ്രത്തിന്‍റെ അനന്തവിശാലതയിലേക്കു കൈചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “നോക്കൂ, നാം ഇപ്പോൾ കാണുന്ന ചക്രവാളത്തിനുമപ്പുറം വ്യാപിച്ചുകിടക്കുന്നതാണ് ദൈവത്തിന്‍റെ സ്നേഹം.’’ ഇത്രയും പറഞ്ഞിട്ട് നേരെ എതിർദിശയിലേക്ക് കൈചൂണ്ടി അദ്ദേഹം തുടർന്നു: “ഇനി ഈ ദിശയിലേക്കു നോക്കൂ. എത്രയോ മൈലുകൾ നീളത്തിലാണ് കടൽ കിടക്കുന്നത്. ഈ കടലിനുമപ്പുറം അനന്തമായി വ്യാപിച്ചുകിടക്കുന്നതാണ് ദൈവത്തിന്‍റെ സ്നേഹം.’’

തന്‍റെ പിതാവ് പറഞ്ഞതു കേട്ട് അത്ഭുതംകൂറി ആ എട്ടുവയസുകാരി അങ്ങനെ നിൽക്കുന്പോൾ ആകാശത്തിലേക്കു വിരൽചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “ആകാശത്തെക്കാൾ ഉയരമുള്ളതാണ് ദൈവത്തിന്‍റെ സ്നേഹം.’’ പിന്നീട് സമുദ്രത്തിനടിയിലേക്കു കൈവിരൽ ചൂണ്ടി അദ്ദേഹം പറഞ്ഞു: “ഈ സമുദ്രത്തെക്കാൾ അഗാധമാണ് ദൈവത്തിനു നമ്മോടുള്ള സ്നേഹം.’’

ഇത്രയും കേട്ടപ്പോൾ ആ കുരുന്നു പെണ്‍കുട്ടി സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ടു പറഞ്ഞു: “അങ്ങനെയെങ്കിൽ നാം ഇപ്പോൾ നിൽക്കുന്നതു ദൈവസ്നേഹത്തിന്‍റെ നടുക്കാണല്ലോ!’’ ഈ മറുപടി കേട്ടപ്പോൾ അവളുടെ പിതാവിന്‍റെ കണ്ണുകളും നിറഞ്ഞു. ദൈവസ്നേഹത്തിന്‍റെ മധ്യത്തിലാണു താൻ നിൽക്കുന്നതെന്ന ചിന്ത ആ പിതാവിന്‍റെ സകല ദുഃഖങ്ങളും അപ്പോൾ അകറ്റിക്കളഞ്ഞു.

ദൈവസ്നേഹത്തിന്‍റെ ഒത്ത നടുക്കു ജീവിക്കുന്നവരാണ് നമ്മൾ. ദൈവത്തിന്‍റെ അനന്തമായ സ്നേഹത്താൽ വലയം ചെയ്യപ്പെട്ടതാണ് നമ്മുടെ ജീവിതം. എന്നാൽ, അവിടുത്തെ സ്നേഹത്തിന്‍റെ മധ്യത്തിൽ ജീവിക്കുന്നവരാണ് നമ്മൾ എന്നു നാം ഓർമിക്കാറുണ്ടോ? അതുപോലെ, അവിടുത്തെ അനന്തമായ സനേഹത്താൽ വലയം ചെയ്യപ്പെട്ടതാണ് നമ്മുടെ ജീവിതം എന്നതു നന്ദിയോടെ നാം അനുസ്മരിക്കാറുണ്ടോ?

മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ മതപുരോഹിതൻ തന്‍റെ ഭാര്യയെ നഷ്ടപ്പെട്ടപ്പോൾ അതീവ ദുഃഖിതനായിരുന്നു. എന്നാൽ, ദൈവസ്നേഹത്തെക്കുറിച്ച് അദ്ദേഹം ചിന്തിക്കാനിടയായപ്പോൾ എത്ര പെട്ടെന്നാണ് ദൈവത്തിന്‍റെ സ്നേഹത്തെക്കുറിച്ച് അദ്ദേഹത്തിനു ബോധ്യംവന്നത്? ദൈവത്തിന്‍റെ സ്നേഹത്തെക്കുറിച്ച് തന്‍റെ മകൾക്കു വിശദീകരിച്ചുകൊടുക്കുകവഴി അദ്ദേഹം തന്നെ ആ സ്നേഹത്തെക്കുറിച്ച് അവബോധമുള്ളവനാകുകയായിരുന്നില്ലേ?

സുപ്രസിദ്ധ സ്വിസ് ദൈവശാസ്ത്രജ്ഞനായ കാൾ ബാർത്ത് (1886 -1968) ഒരിക്കൽ തന്‍റെ സുഹൃത്തുക്കളോടൊപ്പം ദൈവശാസ്ത്രവിഷയങ്ങളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അവരിലൊരാൾ അദ്ദേഹത്തോടു ചോദിച്ചു: “അങ്ങയുടെ ചിന്താതലത്തിൽ കടന്നുവന്നിട്ടുള്ള ഏറ്റവും ഉദാത്തമായ ചിന്ത ഏതാണെന്നു ഞങ്ങളോടു പറയാമോ?’’

ഒരു നിമിഷത്തെ ആലോചനയ്ക്കുശേഷം അദ്ദേഹം പറഞ്ഞു: “യേശു എന്നെ സ്നേഹിക്കുന്നു. ഈ സത്യമാണ് എന്നിലേക്കു കടന്നുവന്നിട്ടുള്ള ഏറ്റവും ഉദാത്തമായ ചിന്ത.’’ ദൈവം തന്നെയായ യേശു തന്നെ സ്നേഹിക്കുന്നുവെന്ന ബോധ്യം കാൾ ബാർത്തിനുണ്ടായിരുന്നു. യേശുവിന്‍റെ സ്നേഹത്തിന്‍റെ ഒത്ത നടുക്കാണ് താൻ നടക്കുന്നതെന്ന അവബോധം അദ്ദേഹത്തിനുണ്ടായിരുന്നു. തന്മൂലമാണ്‌ തന്നിലുണ്ടായിട്ടുള്ളതിൽ ഏറ്റവും ഉദാത്തമായ ചിന്തയായി ദൈവത്തിനു തന്നോടുള്ള സ്നേഹത്തെ കാൾ ബാർത്ത് കണ്ടത്.’’

ദൈവം നമ്മെ സ്നേഹിക്കുന്നുണ്ടെന്നും അവിടുത്തെ സ്നേഹത്തിന്‍റെ ഒത്തനടുക്കാണ് നാം ജീവിക്കുന്നതെന്നും നാം ചിന്താതലത്തിൽ അംഗീകരിച്ചേക്കാം. എന്നാൽ ദൈവത്തിന്‍റെ സ്നേഹം നമ്മുടെ അനുദിന ജീവിതത്തിൽ നാം അനുഭവിക്കുന്നുണ്ടോ എന്നതാണ് പ്രധാനപ്പെട്ട കാര്യം. അവിടുത്തെ സ്നേഹത്തിന്‍റെ മാധുര്യം നമുക്കു അനുഭവവേദ്യമാകുന്നുണ്ടോ എന്നതാണ് കാതലായ സംഗതി.

ഹൃദയപൂർവം ദൈവത്തിലേക്കു തിരിയുന്ന ആർക്കും അവിടുത്തെ സ്നേഹസ്പർശം ഉണ്ടാകും എന്നത് അവിതർക്കിതമാണ്. അതിരുകളില്ലാതെ നമ്മെ സ്നേഹിച്ചുകൊണ്ടിരിക്കുന്നവനാണ് നമ്മുടെ ദൈവം. അങ്ങനെയുള്ള ദൈവത്തിലേക്കു നാം തിരിയുന്പോൾ അവിടുത്തെ സ്നേഹം നമ്മുടെ ഹൃദയത്തെയും മനസിനെയും സ്പർശിക്കുമെന്നതിൽ സംശയംവേണ്ട.

~ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles