സഹനംവഴി എത്തുന്ന സൗന്ദര്യം

യഥാര്‍ത്ഥ ജീവിതചിത്രങ്ങള്‍ ഫുള്‍ കളറില്‍ അവതരിപ്പിക്കുക – അതായിരുന്നു ഫ്രഞ്ച് ചിത്രകാരനായിരുന്ന പീയര്‍-അഗസ്ത് റെന്‍വാറിന്റെ ആദ്യകാലചിത്രങ്ങളുടെ പ്രത്യേകത, ഓമനത്തം തുളുമ്പുന്ന കുട്ടികള്‍, പുഷ്പങ്ങള്‍, സുന്ദരമായ പ്രകൃതിദൃശ്യങ്ങള്‍, സുന്ദരികള്‍ ഇവയാണ് റെന്‍വാറിന്റെ ചിത്രങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. 1841-ല്‍ ഫ്രാന്‍സിലെ ലിമോഗസില്‍ ജനിച്ച അദ്ദേഹം 13-ാം വയസില്‍ ഒരു കളിമണ്‍പാത്ര നിര്‍മാണശാലയില്‍ പെയിന്ററായി ജോലി തുടങ്ങി. 21-ാം വയസോടെ ഫ്രാന്‍സിലെ അക്കാലത്തെ പ്രശസ്ത ചിത്രകാരന്മാരായിരുന്ന മോനെ, ബേസില്‍ എന്നിവരോടൊപ്പം ചിത്രം വരയ്ക്കുവാന്‍ അവസരം ലഭിച്ചു. പക്ഷെ, അപ്പോഴും സാമ്പത്തികമായി അദ്ദേഹം വളരെ കഷ്ടപ്പെടുന്നുണ്ടായിരുന്നു.

1870-കളില്‍ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. 1880-കളുടെ തുടക്കത്തോടെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സ്ഥിരമായി വാങ്ങുവാന്‍ ആളുകളുണ്ടായി. തന്റെ രചനകളില്‍ ജീവിതത്തിന്റെ മനോഹാരിതയും വശ്യതയും ചിത്രീകരിക്കാനായിരുന്നു അദ്ദേഹത്തിന് താത്പര്യം. ലോകത്തില്‍ ഒട്ടേറെ അസന്തുഷ്ടമായ കാര്യങ്ങളുള്ളപ്പോള്‍ ചിത്രങ്ങളെങ്കിലും മനോഹരമായിരിക്കട്ടെ എന്നാണ് റെന്‍വര്‍ ചിന്തിച്ചത്.

ജീവിതത്തിന്റെ സുന്ദരഭാവങ്ങളെ ആവിഷ്‌കരച്ച അദ്ദേഹത്തിന് 1903-ല്‍ സന്ധിവാതം പിടിപെട്ടു. എങ്കിലും അദ്ദേഹം ചിത്രരചന അവസാനിപ്പിച്ചില്ല. വളരെ വേദന സഹിച്ചാണെങ്കിലും അദ്ദേഹം ഓരോ ദിവസവും തന്റെ ജോലി തുടര്‍ന്നു.
ഒരു ദിവസം ശക്തമായ വേദന സഹിച്ചും അദ്ദേഹം ചിത്രം വരയ്ക്കുന്നതു കണ്ടപ്പോള്‍ ചിത്രകാരനായ സുഹൃത്ത് ഹെന്റമാറ്റിസ് ചോദിച്ചു: ‘എന്തിനാണ് ഇത്രയേറെ വേദന സഹിച്ച് ചിത്രം വരയ്ക്കുന്നത്?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘വേദന കടന്നുപോകും. എന്നാല്‍ എന്റെ സൃഷ്ടിയുടെ സൗന്ദര്യം എന്നും നിലനില്‍ക്കും.’

സന്ധിവാതം മൂലം അദ്ദേഹത്തിന്റെ കൈകള്‍ക്കുണ്ടായിരുന്ന വേദന അസഹ്യമായിരുന്നു. എന്നാല്‍, ആ വേദന സഹിച്ചും അദ്ദേഹം ചിത്രം വരയ്ക്കുവാന്‍ തയാറായി. കാരണം, വേദനയിലൂടെ താന്‍ ജന്മം കൊടുക്കുന്ന കലാസൃഷ്ടി സുന്ദരമായിരിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

റെന്‍വര്‍ തന്റെ ചിത്രരചനയെക്കുറിച്ച് പറഞ്ഞത് നമ്മുടെ ജീവിതത്തിന്റെ കാര്യത്തിലും അര്‍ത്ഥവത്താണ്. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ദുഃഖങ്ങളും ദുരിതങ്ങളുമൊക്കെ ജീവിതത്തെ അപ്പാടെ തളര്‍ത്തിയേക്കും. എന്നാല്‍, ആ ദുഃഖങ്ങളും ദുരിതങ്ങളുമൊക്കെ നമ്മുടെ ജീവിതത്തിന് കൂടുതല്‍ അര്‍ത്ഥവും സൗന്ദര്യവും നല്‍കുമെന്നത് നാം മറക്കേണ്ട.
ദൈവപുത്രനായ യേശുവിന്റെ ജീവിതത്തിലെ പീഡാസഹനവും അവിടുത്തെ കുരിശുമരണവും ആര്‍ക്കും വിഭാവനം ചെയ്യാവുന്നതിലേറെ കഠോരമായിരുന്നു. എന്നാല്‍, ആ സഹനം വെറുതെയായില്ല. ആ സഹനവും മരണവും വഴിയല്ലേ യേശു മനുഷ്യകുലത്തിന് രക്ഷനേടിക്കൊടുത്തത്? അതായത് യേശുവിന്റെ സഹനത്തിന്റെ തീവ്രത മനുഷ്യന്റെ ഭാവി ശോഭനമാക്കിയെന്നു സാരം.

ഇതാണു റെന്‍വര്‍ പറഞ്ഞ സഹനത്തിന്റെ സൗന്ദര്യം. നാം എത്രമാത്രം മറ്റുള്ളവര്‍ക്കുവേണ്ടി അധ്വാനിക്കുകയും കഷ്ടപ്പെടുകയും സഹിക്കുകയും ചെയ്യുന്നുവോ അത്രമാത്രം അവരുടെ ജീവിതത്തിന്റെ ശോഭ കൂടുമെന്നു വ്യക്തമാണ്. അതായത്, മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള നമ്മുടെ സഹനം അവരുടെ ജീവിതത്തെ പതിന്മടങ്ങ് മെച്ചപ്പെടുത്തും.

ലോകത്തില്‍ എവിടെയെങ്കിലും നന്മ ഉണ്ടായിട്ടുണ്ടെങ്കില്‍ അതി്‌ന്റെ പിന്നില്‍ ആരെങ്കിലും വിയര്‍പ്പൊഴുക്കിയിട്ടുണ്ടെന്നതില്‍ സംശയം വേണ്ട. എത്രയോ പേരുടെ അധ്വാനവും സഹനവും കഷ്ടപ്പാടും മൂലമാണ് നമ്മുടെ ലോകം ഇപ്പോള്‍ ഇത്രയേറെ സുന്ദരമായിരിക്കുന്നത്! നാമും നമ്മുടെ ചുറ്റുമുള്ള ലോകത്തിനുവേണ്ടി ആത്മാര്‍ത്ഥമായി കഷ്ടപ്പെടുവാനും വിയര്‍പ്പൊഴുക്കുവാനും തയാറാവുകയാണെങ്കില്‍ നമ്മുടെ ലോകം കൂടുതല്‍ മെച്ചപ്പെടുമെന്ന് തീര്‍ച്ചയാണ്.

യേശു ചെയ്തത് അതാണ്. നമ്മുടെ ജീവിതത്തെ മെച്ചപ്പെടുത്തുവാന്‍ വേണ്ടി അവിടുന്ന് നമുക്കുവേണ്ടി പീഡകള്‍ സഹിക്കുവാനും കുരിശില്‍ മരിക്കുവാനും വരെ തയാറായി. തന്റെ മരണം നമ്മുടെ നവജീവനു വഴിതെളിക്കുമെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു.

ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അതു വെറുതെയിരിക്കുന്നു; എന്നാല്‍, അതു നിലത്തുവീണ് അഴിയുകയാണെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കുമെന്ന് അവിടുന്ന് പറഞ്ഞത് വെറുതെയായിരുന്നില്ല. ഗോതമ്പുമണി സ്വയംദാനത്തിലൂടെ വളരെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതുപോലെ തന്റെ ആത്മത്യാഗത്തിലൂടെ മറ്റുള്ളവര്‍ക്കുവേണ്ടി സുന്ദരമായ ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ സാധിക്കുമെന്ന് യേശു വിശ്വസിച്ചു. തന്മൂലമാണ്, കാല്‍വരിയിലെ യാഗവേദിയില്‍ സ്വയം ബലിയാകുവാന്‍ അവിടുന്ന് തയ്യാറായത്.

തന്റെ സഹനത്തിന്റെ ഫലം സഹനത്തിനു മുമ്പുതന്നെ യേശു കണ്ടു. അതാണ് ഏറ്റവും കഠിനമായ വേദനയ്ക്കിടയിലും അത് അഭിമുഖീകരിക്കുവാന്‍ അവിടുത്തെ ശക്തനാക്കിയത്. നമ്മുടെ ജീവിതത്തിലെ സഹനത്തിന്റെ ഫലവും നമുക്കു മുന്‍കൂട്ടി കാണുവാന്‍ സാധിക്കണം. മാതാപിതാക്കള്‍ മക്കള്‍ക്കുവേണ്ടി സഹിക്കുന്ന കഷ്ടപ്പാടുകളുടെ ഫലം അവര്‍ക്കു മുന്‍കൂട്ടി കാണുവാനാകില്ലേ? സമൂഹത്തില്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവര്‍ക്കുവേണ്ടി പോരാട്ടം നടത്തുന്നവര്‍ക്കും തങ്ങളുടെ സഹനത്തിന്റെ ഫലങ്ങള്‍ വിഭാവനം ചെയ്യുവാന്‍ കഴിയും. നമ്മുടെ ജീവിതത്തിലെ സഹനങ്ങള്‍ക്ക് തീര്‍ച്ചയായും നമ്മുടേതായ ഫലമുണ്ട്. പക്ഷേ, നമ്മില്‍ ഏറെപ്പേരും അതു കാണാതെ പോകുന്നുവെന്നതാണ് ശോചനീയം. സഹനംവഴിയുണ്ടാകുന്ന നന്മ നമുക്ക് കാണുവാന്‍ ശ്രമിക്കാം. നമ്മുടെ സഹനങ്ങള്‍ക്കും ഫലമുണ്ടാകുമെന്നത് നമുക്ക് മറക്കാതിരിക്കാം.

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles