ഭാഗ്യം! പിന്നെയും പിന്നെയും ഭാഗ്യം!

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~
ദരിദ്രനായ ഒരു മനുഷ്യന്. അയാള്‍ക്ക് സുന്ദരിയായ ഒരു ഭാര്യ. അയാള്‍ അവളെ സ്നേഹിച്ചു. പക്ഷേ, അവള്‍ക്ക് സ്നേഹം മാത്രം പോരായിനുന്നു; പണംകൂടി വേണമായിരുന്നു. പണമുണ്ടാക്കാന്‍ എന്താണു വഴി? അവള് തലപുകഞ്ഞാലോചിച്ചു. അപ്പോഴാണ് ഒരു പ്രശ്നംവയ്പുകാരന്‍ പണമുണ്ടാക്കുന്നത് അവളുടെ ശ്രദ്ധയില്‍പ്പെട്ടത്. അവള് ഭര്‍ത്താവിനെ സമീപിച്ചു പറഞ്ഞു: ‘നിങ്ങള്‍ കൃഷിപ്പണി ഉപേക്ഷിച്ച് കവടി നിരത്താന്‍ പോകണം. പണമുണ്ടാക്കാന്‍ അതാണ് എളുപ്പവഴി.’
‘അസാധ്യം!’ അയാള്‍ എതിര്‍ത്തു. ‘എനിക്കു പഠിപ്പില്ല. പിന്നെ ഞാനെങ്ങനെ ഭാവിഫലം പറയും?’ പ്രശ്നക്കാരുടെ ജോലി എളുപ്പമാണെന്നായിരുന്നു ഭാര്യയുടെ പക്ഷം. ‘ഭാവിയെപ്പറ്റി ചോദിക്കുന്നവരോട് ഇപ്രകാരം പറഞ്ഞാല്‍ മതി: നിങ്ങള്‍ക്കു കഷ്ടകാലമാണ്. എന്നാല്‍, പ്രാര്‍ത്ഥന വഴി എല്ലാം ശുഭമാകും.’ അവള് പറഞ്ഞു. അവള് പറഞ്ഞത് ഒന്നു പരീക്ഷിക്കാമെന്ന് അയാള്‍ തീരുമാനിച്ചു. അങ്ങനെ അയാള്‍ പ്രശ്നം വയ്ക്കുന്ന ജോലി തുടങ്ങി. അപ്പോള്‍ ഒരാള്‍ അയാളെ സമീപിച്ചു പറഞ്ഞു: ‘എന്റെ യജമാനന്റെ ഒരു ഒട്ടകത്തെ കാണാതായി. അതിന്റെ ചുമലില്‍ ഒരു ചാക്കു നിറയെ പണമുണ്ട്. ആ ഒട്ടകത്തെ ഉടന്‍ കണ്ടപിടിക്കണം.’
പ്രശ്നംവയ്പുകാരന്‍ വേഗം കവടി നിരത്തിയിട്ട് വായില്‍ തോന്നിയതു പറഞ്ഞു. അതുകേട്ടപാടെ ആ ഭൃത്യന് അയാളുടെ നിര്‍ദ്ദേശമനുസരിച്ച് നടന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ഭൃത്യന് ഒട്ടകത്തെ കണ്ടെത്തി. ഒട്ടകത്തെ കണ്ടെത്തിയപ്പോള്‍ വ്യാപാരിക്കു സന്തോഷമായി. അയാള്‍ പ്രശ്നംവയ്പുകാരനു വലിയൊരു തുക സമ്മാനിച്ചു. പ്രശ്നംവയ്പുകാരന്‍ ഭാര്യയോടൊപ്പം തന്റെ പുതിയ ജോലി ആഘോഷിച്ചു. പിറ്റേദിവസം വ്യാപാരി പ്രശ്നംവയ്പുകാരനെ സമീപിച്ചു പറഞ്ഞു: ‘നിങ്ങള്‍ക്കു സമ്മതമാണെങ്കില്‍ നിങ്ങളെ എന്റെ പ്രധാന ജ്യോത്സ്യനായി നിയമിക്കാം.’ അയാള്‍ക്കു സ്വീകാര്യമായിരുന്നു വ്യാപാരിയുടെ നിര്‍ദ്ദേശം. അന്നുമുതല്‍ അയാള്‍ വ്യാപാരിയുടെ ശമ്പളംപറ്റി ജീവിച്ചു. പക്ഷേ, വ്യാപാരിക്കുവേണ്ടി എപ്പോഴും പ്രശ്നംവയ്ക്കേണ്ട ആവശ്യം അയാള്‍ക്കുണ്ടായില്ല.
അങ്ങനെിരിക്കുമ്പോഴാണു നാല്പതു കള്ളന്മാര് ചേര്‍ന്നു വ്യാപാരിയെ കൊള്ളയടിച്ചത്. വ്യാപാരി ഉടനെ പ്രശ്നംവയ്പുകാരനെ സമീപിച്ച് കൊള്ളക്കാരെയും കൊള്ളമുതലും കണ്ടുപിടിക്കാന്‍ ആജ്ഞാപിച്ചു. ഇത്തവണ തന്റെ കള്ളിവെൡച്ചത്താകുമെന്ന് അയാള്‍ കരുതി. എങ്കിലും കവടി നിരത്തി. ഭാഗ്യംകൊണ്ട് അയാള്‍തന്നെ കൊള്ളക്കാരെയും ഒളിച്ചുവച്ചിരുന്ന കൊള്ളമുതലും കണ്ടെത്തി. അന്നും വ്യാപാരി ജ്യോത്സ്യനു ധാരാളം പണം നല്കി.
ജീവിക്കുവാന്‍ ആവശ്യമുള്ളതിലേറെ പണം കിട്ടിയപ്പോള്‍ കവടി നിരത്തുന്ന ജോലി നിര്‍ത്തുവാന്‍ അയാള്‍ തീരുമാനിച്ചു. ഭാര്യയും അതിനു സമ്മതിച്ചു. പക്ഷേ, ജോലി നിര്‍ത്തുവാന്‍ വ്യാപാരിക്കു സമ്മതമല്ലായിരുന്നു. തനിക്കു ഭ്രാന്താണെന്നു വരുത്തിത്തീര്‍ത്തു ജോലിയില്‍നിന്നു രക്ഷപ്പെടാനായി പിന്നെ അയാളുടെ ശ്രമം. പക്ഷേ, ആ ശ്രമത്തിനിടയില്‍ വ്യാപാരിയെ ഒരു അത്യാഹിതത്തില്നിന്നു രക്ഷപ്പെടുത്താന്‍ അയാള്‍ക്കു സാധിച്ചു. അപ്പോള്‍ വ്യാപാരി അയാളെ സമ്മാനങ്ങള്‍കൊണ്ടു മൂടി.
ജോലിയില്‍നിന്നു രക്ഷപ്പെടാനുള്ള ജ്യോത്സ്യന്റെ അടുത്ത ശ്രമവും വിജയിച്ചില്ല. എന്നു മാത്രമല്ല, ആ ശ്രമത്തിനിടയിലും അയാള്‍ക്കു കൂടുതല്‍ പണം കിട്ടി. കവടി നിരത്തുന്ന ജോലിയില്‍ നിന്നു പിന്മാറുവാന് പിന്നീട് അയാള്‍ എപ്പോഴൊക്കെ ശ്രമിച്ചുവോ അപ്പോഴൊക്കെ അയാള്‍ പരാജയപ്പെട്ടതേയുള്ളു. കാരണം, അയാള്‍ മനസറിയാതെതന്നെ അയാളുടെ ജോലിയില്‍ എപ്പോഴും വിജിക്കുകയായിരുന്നു. ‘എല്ലാം നമ്മുടെ വിധി!’ഒരു ദിവസം അയാള്‍ ഭാര്യയോടു പറഞ്ഞു. അപ്പോള്‍ ഒരു പുഞ്ചിരിയോടെ അവളും പറഞ്ഞു: ‘എല്ലാം നമ്മുടെ വിധി!’
എന്നാല്‍, യാഥാര്‍ത്ഥ്യം ഇങ്ങനെയല്ല. നാം ലക്ഷ്യംവയ്ക്കുന്ന കാര്യം ഭാഗ്യംകൊണ്ട് ഒരിക്കല്‍ സാധിച്ചേക്കാം. അല്ലെങ്കില്‍ രണ്ടുതവണ സാധിച്ചേക്കാം. അല്ലാതെ, നാം ലക്ഷ്യംവയ്ക്കുന്ന കാര്യങ്ങള്‍ ഭാഗ്യംകൊണ്ടുമാത്രം എപ്പോഴും നേടാന്‍ സാധിക്കില്ല. അതിനു മുന്‍കൂട്ടിയുള്ള ആലോചനയും ലക്ഷ്യം സാധിക്കുന്നതിനുള്ള പരിശ്രമവും കഠിനാധ്വാനവുമൊക്കെ കൂടിയേതീരു. ഭാഗ്യം കൊണ്ട് എല്ലാം ശരിയാകുമെന്ന ചിന്ത ദിവാസ്വപ്നം മാത്രമാണ്. നാം ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ കഥയില്‍ എളുപ്പത്തില്‍ സംഭവിക്കും. എന്നാല്‍, കാര്യത്തില്‍ അങ്ങനെയല്ല. അതു നാം എപ്പോള്‍ മനസ്സിലാക്കുന്നുവോ അപ്പോള്‍ നാം നമ്മുടെ ജീവിതവിജയത്തിലേക്ക് ഒരുപടികൂടി അടുത്തിരിക്കും. ഭാഗ്യം നമ്മെ കടാക്ഷിക്കുന്നെങ്കില് അതു നല്ലതുതന്നെ. എന്നാല്‍, ഭാഗ്യം കടാക്ഷിക്കുവാന്വേണ്ടി കാത്തിരുന്നു നാം സമയം കളയേണ്ട. ഉള്ള സമയംകൊണ്ട് നമുക്കുണര്‍ന്നു പ്രവര്‍ത്തിക്കാം. അപ്പോള്‍ ഭാഗ്യം നമ്മെ കടാക്ഷിച്ചുകൊള്ളും.