ഹൃദയങ്ങളുടെ പൂട്ടു തുറക്കുന്ന താക്കോല്‍
~ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ ~
ക്ലെമന്റ് പതിന്നാലാമന്‍ മാര്‍പാപ്പ (1705þ-74) യുടെ കിരീടധാരണ ദിവസം. അന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കാനും ആദരിക്കാനും രാജാക്കന്മാരുള്‍പ്പെടെ ഒട്ടേറെ വിശിഷ്ടാതിഥികള്‍ എത്തിയിട്ടുണ്ടായിരുന്നു.
കിരീടധാരണത്തിനുശേഷം വിശിഷ്ടാതിഥികളെല്ലാം മാര്‍പാപ്പയെ കാണുവാന്‍വേണ്ടി നിരനിരയായി കാത്തുനിന്നു. അവരെ പരിചയപ്പെടുവാനും അവരോടു കുശലാന്വേഷണം നടത്തുവാനുമായി മാര്‍പാപ്പ അവരുടെയിടയിലേക്കു കടന്നുചെന്നു. അപ്പോള്‍ അവര്‍ ഓരോരുത്തരും മാര്‍പാപ്പയുടെ മുമ്പില്‍വന്ന് തലകുനിച്ച് ആചാരം ചെയ്ത് അദ്ദേഹത്തെ ബഹുമാനിച്ചു.
ആരൊക്കെ തലകുനിച്ച് തന്നെ ബഹുമാനിച്ചുവോ അവരോടുള്ള ബഹുമാനസൂചകമായി മാര്‍പാപ്പയും തലകുനിക്കുകയുണ്ടായി. ഇതു കാണുവാനിടയായ ഒരു കാര്‍ഡിനല്‍ മാര്‍പാപ്പയെസമീപിച്ചു പറഞ്ഞു: ”അങ്ങ് മാര്‍പാപ്പയാണ്. അങ്ങ് അവരുടെ മുമ്പില്‍ തലകുനിച്ച് ബഹുമാനം കാണിക്കേണ്ടതില്ല.
ഉടനേ ക്ലെമന്റ് മാര്‍പാപ്പ പറഞ്ഞു: ”ക്ഷമിക്കണം. മാന്യമായി പെരുമാറേണ്ടത് എങ്ങനെയാണെന്നു മറക്കുവാന്‍ മാത്രം കാലം ഞാന്‍ മാര്‍പാപ്പയായി ഇരുന്നിട്ടില്ലല്ലോ.”
അധികാരത്തിന്റെ ഉന്നത പദവിയിലെത്തിനിന്ന വ്യക്തിയായിരുന്നു ക്ലെമന്റ് മാര്‍പാപ്പ. എങ്കിലും അധികാരം മാന്യത നഷ്ടപ്പെടുത്തുവാന്‍ അദ്ദേഹം ഇടയാക്കിയില്ല. മനുഷ്യരോടു മാന്യമായി പെരുമാറേണ്ടത് എങ്ങനെയെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
മാന്യമായുള്ള പെരുമാറ്റശൈലിയുടെ ആവശ്യകതയെക്കുറിച്ച് ആരും നമുക്കു പറഞ്ഞുതരേണ്ടതില്ല. കാരണം, അത്രമാത്രം വ്യക്തമാണ് നമ്മുടെ ജീവിതത്തില്‍ മാന്യമായ പെരുമാറ്റശൈലിയുടെ പ്രാധാന്യം. എങ്കിലും നമ്മുടെ പ്രാവര്‍ത്തിക ജീവിതത്തില്‍ പലപ്പോഴും മാന്യമായി പെരുമാറുവാന്‍ നാം മറന്നുപോകുന്നുവെന്നതാണ് സത്യം. അധികാരത്തിലിരിക്കുന്ന വ്യക്തികള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കുറ്റക്കാരാണെന്നതില്‍ തര്‍ക്കമില്ല.
മറ്റു മനുഷ്യരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കു മാത്രമേ മറ്റുള്ളവരോടു മാന്യമായി പെരുമാറുവാന്‍ സാധിക്കുകയുള്ളൂ എന്നതാണ് വസ്തുത. നമ്മുടെ ഹൃദയത്തില്‍ മറ്റുള്ളവരോട് സ്‌നേഹവും താത്പര്യവുമില്ലെങ്കില്‍ നമുക്കെങ്ങനെ അവരോടു മര്യാദയോടെ പെരുമാറുവാന്‍ സാധിക്കും?
”ഞാന്‍ കേമനും നീ മോശക്കാരനുമാണ്” എന്ന ചിന്താഗതിയാണ് പലപ്പോഴും നാം അറിയാതെയാണെങ്കിലും നമ്മെ നയിക്കുക. തന്മൂലം നാം മറ്റുള്ളവരില്‍നിന്നു മാന്യമായ പെരുമാറ്റം പ്രതീക്ഷിക്കുന്നതല്ലാതെ മറ്റുള്ളവരോടു മാന്യമായി പെരുമാറുവാന്‍ പലപ്പോഴും ഓര്‍മിക്കാറില്ല. എന്നാല്‍, മറ്റുള്ളവരില്‍നിന്നു മാന്യമായ പെരുമാറ്റം നമുക്കു ലഭിക്കണമെങ്കില്‍ നാം ആദ്യംതന്നെ അവരോടു മാന്യത കാണിക്കേണ്ടിയിരിക്കുന്നു.
മാന്യമായ പെരുമാറ്റശൈലി മറ്റുള്ളവരുടെ ആദരം നമുക്കു നേടിത്തരും എന്നത് എല്ലാവരും സമ്മതിക്കും. എന്നാല്‍, അതുവഴി ജീവിതത്തില്‍ ഉന്നത വിജയം നേടുവാന്‍ സാധിക്കുമെന്ന് എല്ലാവരും സമ്മതിക്കുമോ?
ഇംഗ്ലണ്ടിലെ ഒരു ധനികനായിരുന്നു സഖറിയ ഫോക്‌സ്. സ്വപരിശ്രമത്താല്‍ ഒട്ടേറെ പണമുണ്ടാക്കിയ അദ്ദേഹത്തോട് ഒരിക്കല്‍ ഒരാള്‍ ചോദിച്ചു: ”അങ്ങ് പണക്കാരനായിത്തീര്‍ന്നതിന്റെ രഹസ്യം എന്താണ്?” അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”മറ്റുള്ളവരെ ആദരിച്ചുകൊണ്ടുള്ള ജീവിതശൈലി. എന്റെ ബിസിനസിലും ഈ നയം പുലര്‍ത്തിയതുമൂലമാണ് ധാരാളം പണം സമ്പാദിക്കുവാന്‍ എനിക്കു സാധിച്ചത്.
ആരെയും കുത്തിക്കവരാതെ സഖറിയ ഫോക്‌സ് പണമുണ്ടാക്കി എന്നു പറയുമ്പോള്‍ അതു വിശ്വസിക്കുവാന്‍ ചിലപ്പോള്‍ വിഷമം തോന്നിയേക്കും. എന്നാല്‍, പണമുണ്ടാക്കുന്നതിനിടയില്‍പ്പോലും മാന്യത കൈവെടിയുവാന്‍ അദ്ദേഹം തയാറായില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നുമാത്രമല്ല, മാന്യമായ പെരുമാറ്റശൈലിയാണു ബിസിനസില്‍ വിജയിക്കുവാന്‍ അദ്ദേഹത്തെ ഏറെ സഹായിച്ചതും.
മാന്യമായ പെരുമാറ്റശൈലിയുടെ ഉടമകളായ വ്യക്തികള്‍ ജീവിതത്തില്‍ വിജയംവരിക്കുമെന്നതില്‍ രണ്ടുപക്ഷമില്ല. എന്നാല്‍, ജീവിതത്തില്‍ വിജയം നേടുവാനുള്ള വ്യഗ്രതയ്ക്കിടയില്‍ മാന്യമായ പെരുമാറ്റത്തിന്റെ പ്രാധാന്യം നാം വിസ്മരിച്ചുപോകുന്നു. പക്ഷേ, അതുവഴി നമുക്കുണ്ടാകുന്ന നഷ്ടം വളരെയേറെയാണെന്നതാണ് വസ്തുത.
മാന്യവും ഹൃദ്യവുമായ പെരുമാറ്റശൈലി മറ്റുള്ളവരെ ശരിക്കും സ്വാധീനിക്കുകതന്നെ ചെയ്യും. മറ്റുള്ളവരുടെ അടച്ചിട്ട ഹൃദയങ്ങളുടെ പൂട്ടുതുറക്കുന്ന ഒരു താക്കോലിനെക്കുറിച്ച് അടുത്തയിടെ വായിച്ചതോര്‍മിക്കുന്നു. എന്താണെന്നറിയാമോ ആ താക്കോല്‍? ഇംഗ്ലീഷിലുള്ള പ്ലീസ് എന്ന വാക്കാണത്രേ അത്.
ഇംഗ്ലീഷ് സംസാരിക്കുന്ന ആളുകള്‍ മറ്റുള്ളവരോട് എന്തെങ്കിലും ഒരു സഹായം ചോദിക്കുമ്പോള്‍ സാധാരണയായി ‘പ്ലീസ്എന്ന വാക്കുകൂടി അവരുടെ അഭ്യര്‍ഥനയില്‍ ഉണ്ടാകും. ഈ വാക്കിനുള്ള ശക്തി വളരെ വലുതാണ്. കഠിനഹൃദയന്മാരെപ്പോലും സ്വാധീനിക്കുവാന്‍ ഏറെ ശക്തിയുള്ള ഒരു വാക്കാണിത്. എന്നാല്‍, ഈ വാക്കിനെപ്പോലെതന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഈ വാക്ക് ഏതുരീതിയില്‍ ഉപയോഗിക്കുന്നു എന്നുള്ളതും. മാന്യരായ ആളുകള്‍ ഹൃദ്യമായ രീതിയില്‍ ഈ പദം ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രതികരണം എപ്പോഴും ക്രിയാത്മകവും ഹൃദ്യവുമായിരിക്കും.
നാം ഉപയോഗിക്കുന്ന ഭാഷയും തെരഞ്ഞെടുക്കുന്ന വാക്കുകളും മാത്രമല്ല നമ്മുടെ പെരുമാറ്റശൈലിയുടെ മാറ്റു വര്‍ധിപ്പിക്കുക. നമ്മുടെ ഓരോ വാക്കും നോക്കും പ്രവൃത്തിയുമെല്ലാംകൂടിയാണ് നമ്മുടെ പെരുമാറ്റത്തെ കുറ്റമറ്റതോ കുറവുള്ളതോ ആക്കിത്തീര്‍ക്കുന്നത്. മാന്യമായ പെരുമാറ്റശൈലിയുള്ളവരുടെ വാക്കുകളും ചെയ്തികളും മാന്യമായിരിക്കും. എന്നാല്‍, അതിലേറെ അവരുടെ ഹൃദയവികാരങ്ങള്‍ മാന്യമായിരിക്കും. കാരണം, ഹൃദയത്തിന്റെ തികവില്‍ നിന്നാണല്ലോ അധരങ്ങള്‍ സംസാരിക്കുന്നത്.
മാന്യവും ഹൃദ്യവുമായ പെരുമാറ്റശൈലിയാണ് നമ്മുടേതെന്നു നമുക്കുറപ്പുവരുത്താം. അപ്പോള്‍ നമ്മുടെ ജീവിതം ഏറെ ശ്രേഷ്ഠമാകും. അതുവഴി മറ്റുള്ളവരുടെ ജീവിതം കുറേക്കൂടി സന്തോഷപൂര്‍ണമാക്കുവാനും നമുക്കു സാധിക്കും.
ഹൃദയങ്ങളുടെ പൂട്ടു തുറക്കുന്ന താക്കോലാണ് മാന്യമായ പെരുമാറ്റം. ആ താക്കോല്‍ എപ്പോഴും നമ്മുടെ പക്കലുണ്ടായിരിക്കട്ടെ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.