നാം നല്ലൊരു ഓർമ്മയായിരിക്കുമോ
മുടക്കം കൂടാതെ അമ്പതുവർഷത്തോളം തുടർച്ചയായി പ്രത്യക്ഷപ്പെട്ട കോമിക് സ്ട്രിപ് കാർട്ടൂണുകളാണ് പീനട്സ്. എഴുപത്തിയഞ്ച് രാജ്യങ്ങളിലായി 2000 പത്രങ്ങളിൽ ഇൗ കാർട്ടൂൺ പരമ്പര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചാർളി ബ്രൗൺ എന്ന പയ്യൻ പ്രാധാന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന ഇൗ കാർട്ടൂൺ ആവിഷ്കരിച്ചത് ചാൾസ് ഷുൾട്സ് (1922-2000) എന്ന കാർട്ടൂണിസ്റ്റാണ്. അമേരിക്കയിലെ മിനിയാപ്പൊളീസിൽ ജനിച്ച ഷുൾട്സ് രണ്ടാം ലോകമഹായുദ്ധകാലത്തു യൂറോപ്പിൽ മുന്നണിപ്പോരാളിയായിരുന്നു. യുദ്ധകാലത്തു നോർമൻഡിയിൽ മരിച്ചുവീണ സഹപ്രവർത്തകരെ ഓർമിക്കുന്നതിനു വേണ്ടി എല്ലാ വർഷവും ജൂൺ ആറിന് അദ്ദേഹം ഒരു പ്രത്യേക കാർട്ടൂൺ തയ്യാറാക്കുമായിരുന്നു.
“പീനട്സ്’ പരമ്പരയിലൂടെ ലോകമെങ്ങുമുള്ള കാർട്ടൂൺ പ്രേമികളുടെ മനം കവർന്ന ഷുൾട്സ് നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. അമേരിക്കയിലെ നിയമനിർമാണസഭയായ കോൺഗ്രസ് നൽകുന്ന ഏറ്റവും വലിയ അവാർഡായ കോൺഗ്രഷണൽ ഗോൾഡ് മെഡലും അതിലുൾപ്പെടും. “ഫോർബ്സ്’ മാസികയുടെ കണക്കനുസരിച്ച്, മരണത്തിനുശേഷം ഏറ്റവും കൂടുതൽ പ്രതിഫലം പറ്റിക്കൊണ്ടിരിക്കുന്ന അമേരിക്കക്കാരൻ ഷുൾട്സ് ആണത്രേ. ജീവിച്ചിരുന്ന കാലത്ത് കാർട്ടൂണുകളിലൂടെ അദ്ദേഹം നൂറു കോടിയിലേറെ ഡോളർ സമ്പാദിച്ചിരുന്നു.
കാർട്ടൂൺ വരച്ച് പണം വാരിക്കൂട്ടിയപ്പോഴും തന്റെ ജീവിതദർശനങ്ങൾ അദ്ദേഹം മറന്നുപോയില്ല. എന്നുമാത്രമല്ല, വർഷങ്ങളോളം മെഥഡിസ്റ്റ് സഭയിൽ സൺഡേ സ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള ഷുൾട്സ് തന്റെ കാർട്ടൂൺ പരമ്പരയിലൂടെ നല്ല ജീവിതദർശനങ്ങൾ പകർന്നുകൊടുക്കുകയും ചെയ്യുമായിരുന്നു. റോജർനാപ് ഡോട്ട് കോമിൽ പറയുന്നതനുസരിച്ച്, ഷുൾട്സിന്റെ ജീവിത തത്വശാസ്ത്രം ഇപ്രകാരം സംഗ്രഹിക്കാം. നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നവർ ഏറ്റവും വലിയ പണക്കാരോ ഏറ്റവും കൂടുതൽ വിദ്യാസമ്പന്നരോ ഏറ്റവും കൂടുതൽ അവാർഡ് വാങ്ങിയിട്ടുള്ളവരോ അല്ല; പ്രത്യുത മറ്റുള്ളവരുടെ കാര്യത്തിൽ ആത്മാർത്ഥമായി താത്പര്യമെടുക്കുന്ന വ്യക്തികളാണ്.
ഇക്കാര്യം വ്യക്തമാക്കുന്നതിനു വേണ്ടി രണ്ടു സെറ്റ് ചോദ്യങ്ങൾ ഷുൾട്സിന്റെ പേരിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തെ സെറ്റ് ചോദ്യങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു.
- ലോകത്തിലെ ഏറ്റവും വലിയ അഞ്ചു സമ്പന്നർ.
- കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ.
- പത്തു നോബൽ സമ്മാന ജേതാക്കളുടെ പേരുകൾ.
ഈ ചോദ്യങ്ങളിൽ എത്രയെണ്ണത്തിനു ശരിയായ ഉത്തരം നൽകുവാൻ സാധാരണക്കാർക്കു സാധിക്കും? ലോകത്തിലെ ഏറ്റവും പ്രഗത്ഭരായവരുടെ പേരുകൾ അറിഞ്ഞാലും ഇല്ലെങ്കിലും അതു നമ്മുടെ ജീവിതത്തിൽ ഏറെ മാറ്റം വരുത്തുകയില്ലെന്നതായിരുന്നു ഷുൾട്സിന്റെ ചിന്താഗതി.
ഇനി അദ്ദേഹത്തിന്റെ പേരിൽ കൊടുത്തിരിക്കുന്ന രണ്ടാമത്തെ സെറ്റ് ചോദ്യങ്ങൾ ശ്രദ്ധിക്കുക.
- നിങ്ങളുടെ ജീവിതത്തെ ശരിയായ ദിശയിൽ തിരിച്ചുവിട്ട ചില അധ്യാപകരുടെ പേരുകൾ.
- ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിൽ നിങ്ങളുടെ സഹായത്തിനെത്തിയ മൂന്നു സുഹൃത്തുക്കളുടെ പേരുകൾ.
- നിങ്ങളുടെ കഴിവുകൾ കണ്ട് നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്തിട്ടുള്ള ചിലരുടെ പേരുകൾ.
- നിങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന ചില വ്യക്തികളുടെ പേരുകൾ.
ഈ ചോദ്യങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ നമുക്ക് ഉത്തരം പറയുവാൻ സാധിക്കും. കാരണം, പണവും പ്രതാപവും പ്രാഗൽഭ്യവുമില്ലെങ്കിലും ഇപ്പറഞ്ഞവർ നമ്മുടെ ജീവിതത്തെ ശരിയായ രീതിയിൽ സ്വാധീനിക്കുന്നതോടൊപ്പം നമ്മെ സമ്പന്നരാക്കുകയും ചെയ്യുന്നു. എന്താണ് ഈ ഗണത്തിൽപ്പെടുന്നവരുടെ പ്രത്യേകത? മറ്റുള്ളവരുടെ നന്മയിൽ ആത്മാർഥമായ താത്പര്യമുള്ളവരാണത്രേ അവർ. തന്മൂലം, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും വളർത്തുവാനും കിട്ടുന്ന ഏതവസരവും അവർ വിനിയോഗിക്കുന്നു. അവരെപ്പോലെയുള്ളവരാണു വാസ്തവത്തിൽ ഈ ലോകത്തെ മുന്നോട്ടു നയിക്കുന്നത്.
ഷുൾട്സ് ആവശ്യപ്പെടുന്നതുപോലെ, നാം പുറകോട്ടു തിരിഞ്ഞു നോക്കിയാൽ നമ്മുടെ ജീവിതത്തെ സ്പർശിക്കുകയും ധന്യമാക്കുകയും ചെയ്ത പലരെയും നമുക്കു കണ്ടെത്തുവാൻ സാധിക്കും. അക്കൂട്ടത്തിൽ നമ്മുടെ മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളുമൊക്കെ കണ്ടെന്നിരിക്കും. അത് ഏറെ സന്തോഷകരമായ കാര്യവുമാണ്. എന്നാൽ, മറ്റുള്ളവർ തങ്ങളുടെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുകയാണെന്നു കരുതുക. അപ്പോൾ, അവരുടെ ജീവിതത്തെ സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്തവരുടെ ഗണത്തിൽ നമ്മുടെ പേരുകൾ ഉണ്ടാവുമോ? അവരുടെ ഓർമകളിൽ നമ്മുടെ പേരുകൂടി ഉണ്ടെങ്കിൽ അതു തീർച്ചയായും നമുക്ക് അഭിമാനകരമായ കാര്യമാണ്. എന്നാൽ, മറ്റുള്ളവരുടെ ജീവിതത്തെ സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നവരുടെ ഗണത്തിൽ ഒരിക്കലും നമ്മുടെ പേരുകൾ വരുന്നില്ലെങ്കിൽ തീർച്ചയായും നാം ലജ്ജിക്കണം. കാരണം, നമ്മുടെ ജീവിതംകൊണ്ടു നാം ഒന്നും നേടിയിട്ടില്ലെന്ന് അപ്പോൾ വ്യക്തമാണ്.
ഒരുപക്ഷേ, ജീവിതത്തിൽ നാം ഒട്ടേറെ പണം നേടുന്നുണ്ടാകാം. അതുപോലെ ഏറെ പ്രതാപവും നാം നേടിയിട്ടുണ്ടാവും. പക്ഷേ, ഇവകൊണ്ടൊന്നും നാം ആരുടെയും ജീവിതത്തിലെ സ്വാധീനശക്തിയായി മാറിയെന്നു വരില്ല. പണവും പ്രതാപവുമൊക്കെയുണ്ടെങ്കിൽ അതുവഴിയായി മറ്റുള്ളവരുടെ ജീവിതത്തെ സ്പർശിക്കാനും സ്വാധീനിക്കാനും നമുക്കു സാധിക്കുമെന്നതു തീർച്ചയാണ്. പക്ഷേ, നമുക്കു സന്മനസുണ്ടായിരിക്കുകയും അങ്ങനെ നാംവഴി മറ്റുള്ളവർക്കു സന്തോഷം ലഭിക്കുകയും ചെയ്താൽ മാത്രമേ അവരുടെ സ്നേഹപൂർണവും നന്ദിപൂർണവുമായ ഓർമകളിൽ നാമുണ്ടാവൂ. നമ്മുടെ ജീവിതത്തെ വിവിധ രീതികളിൽ സ്വാധീനിക്കുകയും ധന്യമാക്കുകയും ചെയ്തവരെ നന്ദിയോടെ നമുക്ക് ഓർമിക്കാം. അതോടൊപ്പം, നമ്മുടെ ജീവിതം വഴിയായി മറ്റുള്ളവരെ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും നമുക്ക് ആത്മാർഥമായി ശ്രമിക്കാം. അപ്പോൾ അവരുടെ ഓർമകളിൽ നാമും സ്ഥാനം പിടിച്ചുകൊള്ളും.
~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~
മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.