ക്ഷമ ചോദിക്കുന്നതിനു മുമ്പേ

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~

 

നാലും കൂടിയ ഒരു കവലയുടെ ഒരു അരികിലായി നാലു ചെറുപ്പക്കാര്‍ വെടിപറഞ്ഞിരിക്കുകയായിരുന്നു. അപ്പോഴാണ് കാഷായ വസ്ത്രധാരിയായ ഒരു സന്യാസി അതുവഴി കടന്നുപോയത്. സന്യാസിയെ കണ്ടപ്പോള്‍ ചെറുപ്പക്കാരിലൊരാള്‍ അദ്ദേഹത്തെ ആക്ഷേപിച്ചു സംസാരിക്കുവാന്‍ തുടങ്ങി. സന്യാസിക്കു കേള്‍ക്കാവുന്ന വിധത്തിലായിരുന്നു അയാളുടെ സംസാരം. സന്യാസിയാകട്ടെ അതുകേട്ടശേഷവും പുഞ്ചിരി തൂകിക്കൊണ്ട് നടന്നുപോയതേയുള്ളു.

സന്യാസി പോയിക്കഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരിലൊരാള്‍ പറഞ്ഞു: ‘സുഹൃത്തേ, നീ കാണിച്ചത് വളരെ അബന്ധമായിപ്പോയി. പുണ്യപ്പെട്ട ഒരാളെയാണ് നീ ആക്ഷേപിച്ചത്. അദ്ദേഹത്തിന്റെ ശാപം കിട്ടിയാ്ല്‍ നിന്റെ കുടുംബം കുളംതോണ്ടും. നീ വേഗം പെയി അദ്ദേഹത്തോട് മാപ്പു ചോദിക്കൂ.’

സന്യാസിയെ ആക്ഷേപിച്ച ചെറുപ്പക്കാരനും താന്‍ ചെയ്തതും തെറ്റായിപ്പോയി എന്നു തോന്നി. ക്ഷമചോദിക്കാനായി അയാള്‍ സന്യാസിയുടെ പിന്നാലെ ചെന്നു. പക്ഷേ, അപ്പോഴേക്കും സന്യാസി പ്രാര്‍ത്ഥിക്കുവാനായി ഒരു ദേവാലയത്തില്‍ കയറിയിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ് സന്യാസി പുറത്തുകടക്കുന്നതുവരെ അയാള്‍ അവിടെ കാത്തുനിന്നു. സന്യാസി ദേവാലയത്തിനു പുറത്തേക്കു വന്നപ്പോള്‍ ചെറുപ്പക്കാരന്‍ അദ്ദേഹത്തെ സമീപിച്ചു കൈകള്‍കൂപ്പി യാചിച്ചു.

‘അങ്ങ് എന്നോടു ക്ഷമിക്കണം. ഞാന്‍ ചെയ്തത് വലിയ തെറ്റായിപ്പോയി.’ അപ്പോള്‍ ഒരു പുഞ്ചിരിയോടെ സന്യാസി പറഞ്ഞു: ‘ഞാന്‍ അപ്പോള്‍തന്നെ നിന്നോടു ക്ഷമിച്ചുകഴിഞ്ഞു. ദൈവവും നിന്നോടു ക്ഷമിക്കുവാന്‍സ പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയാണ് ഞാന്‍ ദേവാലയത്തില്‍ കയറിയത്. സമാധാനത്തോടെ നീ പൊയ്‌ക്കോളൂ.’

സന്യാസിയുടെ ഹൃദയവിശാലതയ്ക്കു നന്ദിപറഞ്ഞ് പിരിയുമ്പോള്‍ ആ ചെറുപ്പക്കാരന്റെ കണ്ണുകള്‍ കവിഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഒരാള്‍ ഒരു തെറ്റു ചെയ്തിട്ട് അതിന് ഹൃദയപൂര്‍വ്വം ക്ഷമ ചോദിക്കുന്നതിനു മുമ്പ് അതു ക്ഷമിക്കുവാന്‍ സാധിക്കുമോ? മുകളില്‍ കൊടുത്തിരിക്കുന്ന കഥയിലെ സന്യാസി അതാണു ചെയ്തത്.

യാതൊരു പ്രകോപനവുമില്ലാതെയാണ് ചെറുപ്പക്കാരന്‍ സന്യാസിയെ ആക്ഷേപിച്ചത്. എങ്കിലും ആ ആക്ഷേപം അദ്ദേഹം ഹൃദയപൂര്‍വ്വം ക്ഷമിച്ചു. എന്നു മാത്രമല്ല, ആ ചെറുപ്പക്കാരനോട് ക്ഷമിക്കുവാന്‍ സന്യാസി ദൈവത്തോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.

നമ്മോടും ആളുകള്‍ അന്യായമായി തെറ്റു ചെയ്തുവെന്നു വരാം. അപ്പോള്‍ അവര്‍ക്കെതിരെ തിരിച്ചടിക്കുവാനാകും സ്വാഭാവികമായി നമുക്കു തോന്നുക. ഒരുപക്ഷേ, നമ്മില്‍ പലരും അങ്ങനെയാവും പ്രവര്‍ത്തിക്കുന്നതും. എന്നാല്‍, നമ്മെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ തിരിച്ചടിക്കുന്നതുകൊണ്ട് നമുക്കെന്തെങ്കിലും നേട്ടമുണ്ടാകുമോ? ഒരിക്കലുമില്ല. മാത്രമല്ല, നാം അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതു വഴി നാമും അവരുടെ നിലയിലേക്ക് താഴുകയായിരിക്കും ചെയ്യുക. അതോടൊപ്പം ഹൃദയസമാധാനം തകരുകയും ചെയ്യും. അതായത് നഷ്ടം വീണ്ടും നമുക്കായിരിക്കും.

എന്നാല്‍, നമ്മെ ഉപദ്രവിക്കുന്നവരോട് നാം ഹൃദയപൂര്‍വം ക്ഷമിക്കുകയും അവര്‍ക്കുവേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും ചെയ്താലോ, അപ്പോള്‍ നമ്മുടെ മനസ്സിന് സ്വാഭാവികമായി കുളിര്‍മ തോന്നും. അതോടൊപ്പം നമ്മുടെ ഹൃദയത്തിലെ വിങ്ങല്‍ അവസാനിപ്പിക്കുകയും ചെയ്യും. പക്ഷേ, ആര്‍ക്കാണ് ഇങ്ങനെ ക്ഷമിക്കുവാന്‍ സാധിക്കുക? ഗാന്ധിജിയുടെ വീക്ഷണത്തില്‍ ധാര്‍മിക ധീരതയുള്ളവര്‍ക്കേ ഇപ്രകാരം ക്ഷമിക്കാനാവൂ. അദ്ദേഹം പറയുന്നതനുസരിച്ച് ധാര്‍മിക ധീരതയില്ലാത്ത ഭീരുക്കള്‍ക്ക് ഒരിക്കലും ക്ഷമിക്കാനാവില്ല.

മറ്റുള്ളവരോട് ഹൃദയപൂര്‍വം ക്ഷമിക്കുന്ന കാര്യത്തില്‍ നാം പിന്നിലാണോ? എങ്കില്‍, ധാര്‍മിക ധീരതയുടെ കാര്യത്തിലും നാം പിന്നില്‍തന്നെ. ക്ഷമിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെയാണ് ധാര്‍മികധീരതയുള്ളവര്‍ക്കേ അതു സാധിക്കൂ എന്നു ഗാന്ധിജി അഭിപ്രായപ്പെട്ടത്.

ക്ഷമിക്കുവാനുള്ള കഴിവ് നമുക്കു കുറവാണെങ്കില്‍ ആ കഴിവു വര്‍ധിപ്പിക്കുവാനും വളര്‍ത്തുവാനും നാം ശ്രമിക്കണം. കാരണം, അമേരിക്കന്‍ പൗരാവകാശ നേതാവായിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ഒരിക്കല്‍ അഭിപ്രായപ്പെട്ടതുപോലെ, ക്ഷമിക്കുവാന്‍ സാധിക്കാത്തവര്‍ക്കു സ്‌നേഹിക്കുവാനും സാധിക്കില്ലെന്നതാണ് വാസ്തവം. ഹൃദയത്തില്‍ പകയും പ്രതികാരാഗ്നിയും ജ്വലിച്ചുനിന്നാല്‍ ആര്‍ക്ക് ആരെ സ്‌നേഹിക്കുവാന്‍ സാധിക്കും? ക്ഷമിക്കാത്ത ഹൃദയത്തില്‍ സ്‌നേഹത്തിനു സ്ഥാനം ഉണ്ടാകുമോ? ഹൃദയത്തില്‍ ആരോടെങ്കിലും ഒടുങ്ങാത്ത പക നിലനിന്നാല്‍ ആ ഹൃദയത്തിലേക്ക് സ്‌നേഹത്തിനു കടന്നു ചെല്ലാന്‍ സാധിക്കുമോ? ക്ഷമിക്കാത്ത ഹൃദയത്തിനു സ്‌നേഹിക്കുവാന്‍ സാധിക്കുകയില്ലാത്തതുപൊലെ സ്‌നേഹം ഉള്‍ക്കൊള്ളുവാനും സാധിക്കുകയില്ലെന്നത് നാം അനുസ്മരിക്കണം. ആരോടെങ്കിലും ഹൃദയത്തില്‍ പ്രതികാരാഗ്നി നിലനിര്‍ത്തിക്കൊണ്ട് മറ്റുള്ളവരെ സ്‌നേഹിക്കുവാനും അവരില്‍നിന്നു സ്‌നേഹം സ്വീകരിക്കുവാനും സാധിക്കുമെന്നു നാം ഒരിക്കലും കരുതേണ്ട.

നമ്മുടെ ഹൃദയത്തില്‍ സ്‌നേഹത്തിന് ഇടമുണ്ടാകണമെങ്കില്‍ അതിനു മുമ്പേ മറ്റുള്ളവരോട് അവരുടെ ക്രൂരമായ തെറ്റുകള്‍ പോലും നാം ക്ഷമിച്ചേ മതിയാകു. ക്ഷമിക്കുന്നതിനു നാം മുന്‍ഗണന കൊടുത്താലേ സ്‌നേഹിക്കുന്ന കാര്യത്തില്‍ നാം വിജയിക്കുകയുള്ളു.

ക്ഷമിക്കുവാന്‍ നമുക്ക് വിഷമമാണെങ്കില്‍ അതിനുള്ള ശക്തിക്കായി നമുക്കു പ്രാര്‍ത്ഥിക്കാം. ക്ഷമിക്കുവാനുള്ള ശക്തിക്കായി നാം പ്രാര്‍ത്ഥിക്കുന്ന നിമിഷംതന്നെ അതിനുള്ള അനുഗ്രഹം നമ്മിലേക്ക് ഒഴുകുമെന്നതില്‍ സംശയംവേണ്ട. കാരണം, നാം മറ്റുള്ളവരോട് ക്ഷമിക്കണമെന്ന് ആരെക്കാളും ആഗ്രഹിക്കുന്നത് ദൈവംതന്നെയാണ്. അങ്ങനെയുള്ള ദൈവം മറ്റുള്ളവരോട് ക്ഷമിക്കുവാന്‍ തീര്‍ച്ചയായും നമുക്ക് ശക്തി നല്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles