നൂല്‍പ്പാലത്തില്‍ നേര്‍ക്കുനേര്‍
~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~
മലയാടുകള്‍ മേയുന്ന ഒരു പര്‍വത പ്രദേശം. അവിടെയൊരിടത്ത് രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഇടുങ്ങിയ പാലം. ഒരു സമയം ഒരാള്‍ക്കു മാത്രം കടന്നുപോകാവുന്ന പാലമാണത്. ഒരിക്കല്‍ ഒരു മലയാട് ആ പാലത്തില്‍ കയറി. അക്കരെയെത്തുകയായിരുന്നു ലക്ഷ്യം.
്അപകടകരമായ മലമുകളിലും ഉറച്ച കാല്‍വയ്‌പ്പോടെ കയറുവാന്‍ കഴിവുള്ളവയാണു മലയാടുകള്‍. അതുകൊണ്ടുതന്നെ അല്പംപോലും ശങ്കിക്കാതെയാണ് ഈ മലയാട് പാലത്തില്‍ കയറിയത്.
ഇതേസമയം മറ്റൊരു മലയാട് മറുകരയില്‍ നിന്നും പാലത്തില്‍ കയറി. ഈ ആടും ധൈര്യപൂര്‍വ്വം പാലത്തിലൂടെ മുന്നോട്ടു നടന്നു. അധികം താമസിയാതെ രണ്ടാടുകളഉം പാലത്തിനു നടുവില്‍ കൂട്ടിമുട്ടി.
പാലം തീരെ ഇടുങ്ങിയതായിരുന്നതുകൊണ്ട് ഒരേസമയം രണ്ടാടുകള്‍ക്കു വ്യത്യസ്തദിശയില്‍ കടന്നുപോകുവാന്‍ സാധിക്കുമായിരുന്നില്ല. തിരികെപ്പോവുന്നതും എളുപ്പമായിരുന്നില്ല.
രണ്ടാമത്തെ ആട് ആദ്യത്തെ ആടിനോടു പറഞ്ഞു: ‘നീ എന്റെ വഴിമുടക്കുകയാണ്. വേഗം വഴിയില്‍നിന്നു മാറിത്തരു. അതാണു നിനക്കു നല്ലത്.’ ആദ്യത്തെ ആട് പറഞ്ഞു: ‘ഞാനാണ് ആദ്യം പാലത്തില്‍ കയറിയത്. അതുകൊണ്ട് എനിക്കാണ് ആദ്യം വഴികടക്കുവാനുള്ള അവകാശം. നീ വേഗം മഴിമാറിത്തരൂ.’ രണ്ടാമത്തെ ആട് വിട്ടുകൊടുത്തില്ല. അതു പറഞ്ഞു: ‘ഞാനാണ് മലയാടുകളില്‍ ഏറ്റവും ശക്തന്‍. ഞാനിതുവരെ ഒരു പോരാട്ടത്തിലും തോറ്റിട്ടില്ല. ഒന്നുകില്‍ നീ വഴിയില്‍നിന്നു മാറുക. അല്ലെങ്കില്‍ ഞാന്‍ നിന്നെ ശരിയാക്കും.’
‘നീ അത്ര വമ്പു പറയേണ്ട’. ആദ്യത്തെ ആട് തിരിച്ചടിച്ചു. ഉടനെ രണ്ടാമത്തെ ആട് മുന്നോട്ടു നീങ്ങി. അപ്പോള്‍ ആദ്യത്തെ ആടിനും വാശിയേറി. അവര്‍ പരസ്പരം ഏറ്റുമുട്ടി. പാലത്തിനു താഴെ അഗാധമായ ഗര്‍ത്തമുണ്ടെന്ന് അവര്‍ ഓര്‍മ്മിച്ചില്ല. നിമിഷനേരംകൊണ്ട് കാലിടറി രണ്ടാടുകളും മരണത്തിലേക്കു തലതല്ലി വീണു.
കുറെദിവസം കഴിഞ്ഞപ്പോള്‍ വേറെ രണ്ടാടുകള്‍ ഒരേസമയം ഈ പാലത്തില്‍ കയറി. പരസ്പരം ശ്രദ്ധിക്കാതെയാണ് അവര്‍ ഇരുവരും വ്യത്യസ്ത ദിശകളില്‍നിന്ന് പാലത്തില്‍ കയറിയത്. അവരും പാലത്തിന്റെ മധ്യത്തില്‍ പരസ്പരം കണ്ടുമുട്ടു.
അപ്പോള്‍ ഒരു ആട് രണ്ടാമത്തെ ആടിനോടു പറഞ്ഞു: ‘എന്നോടു ക്ഷമിക്കണം. ഞാന്‍ പാലത്തില്‍ കയറി നടന്നുതുടങ്ങിയതിനു ശേഷമാണ് താങ്കള്‍ മറുകരയില്‍ നിന്നു വരുന്നതു കണ്ടത്.’
രണ്ടാമത്തെ ആട് പറഞ്ഞു: ‘ഞാനും പാലത്തില്‍ കയറിയതിനു ശേഷമാണു നീ വരുന്നതു കാണാനിടയായത്. നീ വരുന്നതു കണ്ടിരുന്നുവെങ്കില്‍ ഞാന്‍ പാലത്തില്‍ കയറുമായിരുന്നില്ല. ഇനി നമ്മള്‍ എന്തുചെയ്യും?’
‘നമുക്കാലോചിച്ചു കണ്ടുപിടിക്കാം.’ ആദ്യത്തെ ആട് പറഞ്ഞു. ‘ഒരേ സമയം നമുക്കു രണ്ടുപേര്‍ക്കും ഈ പാലത്തിലൂടെ കടക്കുവാന്‍ സാധിക്കില്ല. അങ്ങനെ ചെയ്താല്‍ രണ്ടുപേരും പാലത്തില്‍ നിന്നു താഴെപ്പോകും.’
‘പിന്നോട്ടു നടക്കാന്‍ ശ്രമിച്ചാലോ?’ രണ്ടാമത്തെ ആട് ചോദിച്ചു. ‘അതും അപകടകരമാണ്,’ ആദ്യത്തെ ആട് പറഞ്ഞു. ‘പിന്നോട്ട നടന്നു നമുക്കു പരിചയമില്ലല്ലോ.’
‘പിന്നെ എന്താണൊരു മാര്‍ഗം?’ രണ്ടാമത്തെ ആട് ചോദിച്ചു. അല്പനേരത്തെ മൗനത്തിനു ശേഷം ആദ്യത്തെ ആട് പറഞ്ഞു: ‘ഒരു മാര്‍ഗ്ഗം മാത്രമേ ഞാന്‍ കാണുന്നുള്ളു.’
‘എന്താണത്?’ രണ്ടാമത്തെ ആടിന് അതറിയാന്‍ തിടുക്കമായി. ആദ്യത്തെ ആട് വിശദീകരിച്ചു. ‘നമ്മില്‍ രണ്ടുപേരില്‍ എനിക്കാണു പ്രായം കുറവ്. ഞാന്‍ ഈ പാലത്തില്‍ കാലുകള്‍ മടക്കിവച്ച് ഇരിക്കാം. അപ്പോള്‍ താങ്കള്‍ എന്റെ പുറത്തു ചവിട്ടി എനിക്കു മുകളിലൂടെ ചാടിക്കടക്കുക. അപ്പോള്‍ നമുക്കു രണ്ടുപേര്‍ക്കും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താം.’
ഈ നിര്‍ദ്ദേശം വളരെ പ്രായോഗികമായി രണ്ടാമത്തെ ആടിനു തോന്നി. അത് മറ്റേയാടിനോടു നന്ദി പറഞ്ഞിട്ട് അതിന്റെ മുകളില്‍ കാല്‍വച്ച് അപ്പുറത്തേക്കു കടന്നു. അങ്ങനെ രണ്ട് ആടുകളും സുരക്ഷിതരായി മറുകരയിലെത്തി.
ആദ്യം പാലം കടക്കുവാന്‍ ശ്രമിച്ച രണ്ടാടുകള്‍ക്കും, പിന്നീട് ശ്രമം നടത്തിയ മറ്റു രണ്ടാടുകള്‍ക്കും ഒരേ പ്രതിസന്ധിയായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍, ആദ്യത്തെ രണ്ടാടുകള്‍ അതൊരു സങ്കീര്‍ണപ്രശ്‌നമാക്കി മാറ്റി. ഇരുവരും സഹകരിച്ചു പ്രശ്‌നത്തിനു പരിഹാരം കാണുവാന്‍ ശ്രമിക്കുന്നതിനു പകരം അവര്‍ പ്രശ്‌നം വഷളാക്കി. അതവരുടെ നാശത്തില്‍ കലാശിക്കുകയും ചെയ്തു.
എന്നാല്‍, രണ്ടാമതു പാലം കടക്കുവാന്‍ ശ്രമിച്ച ആടുകളാകട്ടെ, പ്രതിസന്ധിയുണ്ടായപ്പോള്‍ ബുദ്ധിപൂര്‍വ്വം ആലോചിച്ച് അതിനു പരിഹാരം കണ്ടു. അതിനവരെ സഹായിച്ചതു പരസ്പര ബഹുമാനവും വിനയപൂര്‍വമായ പെരുമാറ്റവുമായിരുന്നു.
ഞാനോ നീയോ കേമന്‍ എന്ന മനോഭാവം അവര്‍ക്കുണ്ടായിരുന്നില്ല. രണ്ടുപേര്‍ക്കും ദോഷം വരാതെ പ്രശ്‌നം പരിഹരിക്കുന്നതിനാണ് അവര്‍ ശ്രമിച്ചത്. ബുദ്ധിയുണ്ടെന്ന് അഭിമാനിക്കുന്നവരാണ് നമ്മളെല്ലാം. എന്നാല്‍, ഒരു പ്രതിസന്ധിയുണ്ടാവുമ്പോള്‍ അതില്‍നിന്നു ബുദ്ധിപൂര്‍വ്വം കരകയറുന്നതിനു പകരം വിവരമില്ലാത്തവരെപ്പോലെയല്ലേ നാം പലപ്പോഴും പ്രവര്‍ത്തിക്കുന്നത്?
നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയില്‍ നിന്നു കരകയറുന്നതിനു പകരം നമ്മില്‍ ആരാണ് കേമന്‍ എന്നു തെളിയിക്കുവാനാണ് മിക്കപ്പോഴും നമ്മുടെ ശ്രമം. സമൂഹത്തിലും കുടുംബത്തിലുമൊക്കെ നാം നേരിടുന്ന രൂക്ഷമായ പല പ്രശ്‌നങ്ങളുടെയും കാരണം നമ്മുടെ പരസ്പര ബഹുമാനമില്ലായ്മയും അഹങ്കാരവുമല്ലേ?
അഹംഭാവവും താന്‍പോരിമയും നാം ഉപേക്ഷിച്ചാല്‍ നമ്മുടെ പല പ്രശ്‌നങ്ങളും ഒഴിവാക്കുവാന്‍ സാധിക്കുമെന്നതാണു വസ്തുത. നമ്മുടെ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ പരസ്പരം ആലോചിച്ചും സഹകരിച്ചുമാണ് പരിഹാരം കാണേണ്ടത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.