ഫാ. ജോസ് ചിറമേല് അനുസ്മരണം
കൊച്ചി: കാനൻനിയമങ്ങളെക്കുറിച്ചുള്ള ഏതു ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരത്തിനായി ആശ്രയിക്കാവുന്ന പണ്ഡിതവൈദികനായിരുന്നു ഇന്നലെ നിര്യാതനായ റവ. ഡോ. ജോസ് ചിറമേൽ. ഗഹനമായ നിയമപാഠങ്ങളെ ലളിതമായി പകർന്നു നൽകുന്നതിലും സവിശേഷ ശ്രദ്ധ പുലർത്തിയ ഇദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്.
2014 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ട്രൈബ്യൂണൽ പ്രസിഡന്റാണ്. സങ്കീർണമായ ഏതു നിയമപ്രശ്നങ്ങളെയും സമഗ്രമായി സമീപിക്കാനും പരാതികൾക്കു പരിഹാരമുണ്ടാക്കാനും അദ്ദേഹത്തിനായി. സഭയുടെ ട്രൈബ്യൂണൽ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ടിനെ വത്തിക്കാൻ പലവട്ടം ശ്ലാഘിച്ചിട്ടുണ്ട്.
2016 മുതൽ സഭയിലെ നാമകരണ നടപടികൾക്കായുള്ള പോസ്റ്റുലേറ്റർ ജനറലായും സേവനം ചെയ്തു. നാമകരണ നടപടികൾക്കായുള്ള സഭയുടെ പോസ്റ്റുലേറ്റർ ജനറലായുള്ള സേവനം സഭാചരിത്രത്തിലെ നിർണായക മുഹൂർത്തങ്ങൾ കൂടിയാണ്. മൗണ്ട് സെന്റ് തോമസിൽ അഞ്ചു വർഷത്തോളം സേവനം ചെയ്തു.
രോഗാവസ്ഥയിലായ ശേഷവും മൗണ്ട് സെന്റ് തോമസിലായിരുന്നു ഏറെക്കാലം താമസിച്ചത്. ഇവിടെയുള്ള മെത്രാന്മാരോടും വൈദികരോടും സമർപ്പിതരോടും ജീവനക്കാരോടുമെല്ലാം അദ്ദേഹം നടത്തിയ സ്നേഹപൂർണമായ ഇടപെടലുകൾ മറക്കാനാവാത്തതാണെന്നു കൂരിയ വൈസ് ചാൻസലർ റവ.ഡോ. ഏബ്രഹാം കാവിൽപുരയിടത്തിൽ പറഞ്ഞു.
മംഗലപ്പുഴ സെമിനാരിയിൽ തത്വശാസ്ത്രവും വടവാതൂർ സെമിനാരിയിൽ ദൈവശാസ്ത്രവും പഠിച്ച ഫാ. ചിറമേൽ, എറണാകുളം സെന്റ് മേരീസ് ബസിലിക്ക, പുതിയകാവ്, കോന്തുരുത്തി, എളമക്കര, കാക്കനാട്, പെരുമാനൂർ പള്ളികളിൽ സേവനം ചെയ്തിട്ടുണ്ട്.
കാനൻനിയമ സംബന്ധമായി റവ. ഡോ. ചിറമേൽ എഴുതിയ പുസ്തകങ്ങൾ ഈ രംഗത്തെ പണ്ഡിതർക്കും വിദ്യാർഥികൾക്കും സാധാരണക്കാർക്കും ഒരുപോലെ ഗുണകരമാണ്. പൗരസ്ത്യനിയമസംഹിതയെയും ലത്തീൻ നിയമസംഹിതയെയും സഭയുടെ ആധികാരിക പ്രബോധനങ്ങളെയും വ്യാഖ്യാനങ്ങളെയും അടിസ്ഥാനമാക്കി എഴുതിയിട്ടുള്ള ഗ്രന്ഥങ്ങൾ ശ്രദ്ധേയമാണ്.
സഭാനിയമങ്ങളും സഭാജീവിതത്തിൽ അവയ്ക്കുള്ള പങ്കും മനസിലാക്കാൻ സാധാരണക്കാരെ സഹായിക്കുന്നതാണു പുസ്തകങ്ങൾ. സഭാ നിയമങ്ങൾ തെരഞ്ഞെടുത്ത വിഷയങ്ങൾ, സഭാനിയമത്തിന്റെ ദൃഷ്ടിയിൽ ചില അജപാലന വിഷയങ്ങൾ എന്നിവ പുസ്തകങ്ങളിൽ ചിലതാണ്. രോഗാവസ്ഥയിലെത്തിയ ശേഷമാണ് അവസാനഗ്രന്ഥമായ “അജപാലനവും ചില കാനോനിക സമസ്യകളും’ പ്രകാശനം ചെയ്തത്. വൈദികരും അല്മായരും സഭാത്മകജീവിതത്തിൽ അഭിമുഖീകരിക്കുന്ന സഭാനിയമസംബന്ധമായ വിഷയങ്ങളിലുള്ള 27 ലേഖനങ്ങളുടെ സമാഹാരമാണിത്. വിവിധ പ്രസിദ്ധീകരണങ്ങളിൽ സഭാനിയമങ്ങളെ സംബന്ധിച്ച പംക്തികൾ ചെയ്തിട്ടുണ്ട്.