പരാതികളുടെ പാഠപുസ്തകം അടച്ചു വെക്കാം
പരിചയമുള്ള ഒരു കുടുംബം.
മൂന്ന് പെൺമക്കളാണവർക്കുള്ളത്.
മൂന്നാമത്തെ മകളെയും വിവാഹം ചെയ്ത് അയച്ചതിനു ശേഷം വീട്ടിൽ അപ്പനുമമ്മയും തനിച്ചായി.
ഒരു ദിവസം അവരുടെ വീട്ടിലെത്തിയപ്പോൾ അമ്മച്ചി പറഞ്ഞു:
“അച്ചാ, ഞാൻ മൂന്ന് പെൺമക്കൾക്ക്
ജന്മം നൽകി. പക്ഷേ അവരാരും ഇന്നീ വീട്ടിൽ ഇല്ലല്ലോ എന്നോർക്കുമ്പോൾ
വല്ലാത്ത സങ്കടം തോന്നുന്നു.
ഇടയ്ക്കെങ്കിലും ഒരാൺതരി ഉണ്ടായിരുന്നെങ്കിലെന്ന് ഓർക്കും.”
അവളുടെ വാക്കുകൾ കേട്ട ഭർത്താവിൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു:
“നമ്മൾ എത്രയോ ഭാഗ്യമുള്ളവരാണ്.
മക്കളില്ലാത്ത ദമ്പതികളുടെ അവസ്ഥയെക്കുറിച്ച് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
നമ്മുടെ മക്കളെ പഠിപ്പിക്കാനും
കുടുംബ ജീവിതത്തിലേക്ക്
പ്രവേശിപ്പിക്കാനും നമുക്ക് സാധിച്ചില്ലെ?
ദൈവം നമ്മെ ഏൽപ്പിച്ച കടമകൾ
നമ്മൾ നിറവേറ്റി.
മൂന്നു മക്കളുടെ ഭവനത്തിലും
നമുക്ക് എപ്പോൾ വേണമെങ്കിലും പോയി താമസിക്കാമല്ലോ?
നീ പറഞ്ഞതുപോലെ ആൺമക്കൾ ഉണ്ടായിട്ടുപോലും മാതാപിതാക്കൾ
തനിച്ചുള്ള കുടുംബങ്ങളില്ലേ?
അതുകൊണ്ട്, അച്ചനെ സാക്ഷിയാക്കി
ഞാൻ പറയുകയാണ്:
പരാതികളവസാനിപ്പിച്ച്
ദൈവത്തിൽ ആശ്രയിക്കുക.
അവിടുന്നറിയാതെ ഒന്നും സംഭവിക്കില്ല.”
അദ്ദേഹത്തിൻ്റെ വാക്കുകൾ കേട്ടപ്പോൾ അമ്മച്ചിയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. ആ വാക്കുകൾ എൻ്റെ മനസിലും തേന്മഴയായി. അവർക്കു വേണ്ടി പ്രാർത്ഥിച്ച ശേഷമാണ് ഞാനവിടെ നിന്നും മടങ്ങിയത്.
ആ പിതാവ് പറഞ്ഞ കാര്യങ്ങളായിരുന്നു
അന്ന് മനം നിറയെ. പ്രതികൂലങ്ങളുടെ മധ്യത്തിലും ദൈവത്തെ പഴിക്കാതെ മക്കളെക്കുറിച്ച് അഭിമാനത്തോടെ ജീവിക്കുന്ന മാതാപിതാക്കളെ നമ്മളും മാതൃകയാക്കണം.
“അവിടുന്ന് എന്നെ ഏല്‍പിച്ച ജോലി പൂര്‍ത്തിയാക്കിക്കൊണ്ട് ഭൂമിയില്‍
അവിടുത്തെ ഞാന്‍ മഹത്വപ്പെടുത്തി”
(യോഹ 17 : 4) എന്ന ക്രിസ്തു വചനങ്ങൾ ഇതിനോട് ചേർത്തു വായിക്കാം.
ദൈവം എൽപിച്ച കാര്യങ്ങൾ
ചെറുതോ, വലുതോ, ഇഷ്ടമുള്ളതോ, ഇഷ്ടമില്ലാത്തതോ ആകട്ടെ,
അവ സന്തോഷത്തോടെ ചെയ്യുമ്പോൾ മാത്രമേ നമുക്ക് സംതൃപ്തി ലഭിക്കൂ.
അല്ലാത്ത പക്ഷം സകല സൗഭാഗ്യങ്ങൾക്കു നടുവിലും പരാതികളുടെ പാഠപുസ്തകവുമായി അതൃപ്തിയുടെ ഇരുട്ടറകളിൽ നമ്മൾ അടയ്ക്കപ്പെടുകയാണ് ചെയ്യുക.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.