‘മാപ്പ്!’ ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട് ഫാ. വളന്മനാല്
ഇടുക്കി: ആഗോളതലത്തില്‍ വിമര്‍ശനത്തിന് വിധേയമായ പരാമര്‍ശത്തിന് മാപ്പു പറഞ്ഞ് ഫാ. ഡോമിനിക്ക് വളന്മനാല്. ഓട്ടിസം ബാധിച്ച കുട്ടികള്‍ മാതാപിതാക്കളുടെ ദുര്‍നടപ്പിന്റെ ഫലമാണെന്ന് ഫാ. വളന്മനാല് നടത്തിയ പരാമര്‍ശം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു.
തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു എന്ന് ഫാ. വളന്മനാല് പറഞ്ഞു. ‘ഓട്ടിസം ബാധിച്ച കുട്ടികളോട് എനിക്ക് ഗാഢമായ സ്നേഹമുണ്ട്. അങ്ങനെയുള്ള കുട്ടികളുടെ മാതാപിതാക്കളോട് ഞാന്‍ പറയുന്നു, ഞാനും അവരുടെ കുടുംബത്തിന്റെ ഭാഗമാണ്. എന്റെ വാക്കുകള്‍ അവരെ വേദനിപ്പിച്ചു എന്നറിയുന്നതില്‍ ഞാന്‍ അതിയായി ദുഖിപ്പിക്കുന്നു. അവര്‍ ദൈവത്തിന്റെ മക്കളാണ്, ഞാന്‍ അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു’ ഒരു വീഡിയോ സന്ദേശത്തില്‍ ഫാ. വളന്മനാല് പറഞ്ഞു.
മുന്‍പ് വിവാദപരമായ പരാമര്‍ശത്തെ തുടര്‍ന്ന് കാനഡ, അയര്‍ലണ്ട് എന്നീ രൂപതകള്‍ അവിടെ അച്ചന് ധ്യാനങ്ങള്‍ നടത്താനുള്ള ക്ഷണം റദ്ദാക്കിയിരുന്നു. കാഞ്ഞിരപ്പിള്ളി സീറോ മലബാര്‍ രൂപതാംഗമായ ഫാ. വളന്മനാല് ഇടുക്കി മരിയന്‍ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടറാണ്.