സ്വന്തം കിഡ്‌നി നല്‍കി ക്രിസ്തുസ്‌നേഹം പ്രഘോഷിച്ച ഒരു പുരോഹിതന്‍

സെപ്തംബര്‍ 29 തീരെ ഉറക്കമില്ലാത്തൊരു രാത്രിയായിരുന്നു എനിക്ക്. അടുത്ത ദിവസം ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിലെ തീയേറ്ററില്‍ ഓപ്പറേഷന്‍ നടക്കുന്നു എന്നതിനെക്കുറിച്ചുളള ആശങ്കകളൊന്നും തന്നെ എനിക്കില്ലായിരുന്നു. എന്നെ ഭാരപ്പെടുത്തിയത് ഈ ഓപ്പറേഷന്‍ കഴിഞ്ഞാല്‍ ഗോപിനാഥനു ഒരു ജീവിതം കിട്ടാന്‍ ഒന്നും തടസ്സം നില്‍ക്കരുതേ എന്നു മാത്രമായിരുന്നു എന്റെ പ്രാര്‍ത്ഥന. ആ ചിന്ത എന്റെ ഉറക്കം കെടുത്തി’. തന്റെ ജീവിതത്തിലെ നിര്‍ണായകമായ ആ രാത്രിയെ ഫാ. ഡേവിസ് ചിറമ്മല്‍ ഇന്നും ഓര്‍ക്കുന്നു.

വൃക്ക നഷ്ടപ്പെട്ട് മരണം മുഖാമുഖം കണ്ടു നില്‍ക്കുന്ന നിര്‍ധനനും സാധാരണക്കാരനുമായ ഗോപിനാഥന് സ്വന്തം വൃക്ക പകുത്തു കൊടുത്ത് അവയവ ദാനത്തിന്റെ പുതുവഴി വെട്ടി അനേകര്‍ക്ക് പ്രചോദനമായിത്തീര്‍ന്ന കത്തോലിക്കാ പുരോഹിതനാണ് ഫാ. ഡേവിസ് ചിറമ്മല്‍.

‘വാക്കുകള്‍ കൊണ്ട് നന്ദി പറയാന്‍ എനിക്ക് സാധിക്കില്ല. എന്റെ പൗരോഹിത്യ ജീവിതത്തില്‍ സെപ്റ്റമ്പര്‍ 30 എന്നു പറയുന്ന ദിവസം ലോകത്തിലെ ലക്ഷക്കണക്കിനു ഹൃദയങ്ങളില്‍ എനിക്കുവേണ്ടി ഉളളുരുകി പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു എന്നോര്‍ക്കുമ്പോള്‍ അതിയായ സന്തോഷമുണ്ട്’, ഫാ ഡേവിസ് ചിറമ്മലിന്റെ വാക്കുകള്‍. ‘ദൈവതുല്യനാണ് ഫാ. ഡേവിസ്……’ ഒരു നിമിഷം നിശബ്ദനായ ഗോപിനാഥ് വീണ്ടും തുടര്‍ന്നു. ‘ജീവിതത്തിന്റെ നല്ല നാളുകള്‍ അസ്തമിച്ചു ഇനി മരണത്തിന്റെ നാളുകള്‍ എണ്ണി തുടങ്ങാം എന്ന യാഥാര്‍ത്ഥ്യം ഉള്‍കൊണ്ടു നില്‍ക്കുമ്പോഴാണ് വീണ്ടും പ്രതീക്ഷയേകികൊണ്ട് ഫാ. എന്റെ മുമ്പില്‍ പ്രതൃക്ഷപ്പെട്ടത്. ആ പ്രതീക്ഷ ഇന്നത്തെ ഗോപിനാഥ് എന്ന പുനര്‍ജന്മത്തിനു കാരണമായി.’ സീറോ മലബാര്‍ സഭയിലെ പുരോഹിതനായ ഫാ. ഡേവിസ് ചിറമ്മല്‍ ‘കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ’ (കെ. എഫ്. ഐ) യുടെയും ‘ആക്‌സിഡന്റ് കെയര്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വിസ്’ എന്ന സംഘടനയുടെയും സ്ഥാപകനാണ്. 2009 സെപ്റ്റബര്‍ 30നാണ് ‘കെ. എഫ്. ഐ’ അദ്ദേഹം സ്ഥാപിച്ചത്.

ദൈവത്തിന്റെ സ്വന്തം നാട് എന്ന് കേരളത്തെ വിശേഷിപ്പിക്കുമ്പോഴും നന്മയുടെ പ്രവൃത്തിയില്‍ നിന്നും ഒരുപിടി അകലെ നില്‍ക്കുന്ന ജനങ്ങളാണ് ഇന്നും കേരളത്തിലുളളത്. അവയവദാനം എന്നതിനെ മറികടന്നു കൊണ്ട് അതിനെ ഒരു വ്യപാരമാക്കി മാറ്റുകയാണ് പലരും. ഒരു കോടി രൂപ വരെയാണ് വിപണിയില്‍ ഇന്ന് വൃക്കയ്ക്കുളളത്. എന്നാല്‍ സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ചെടുത്തോളം ഇത്രയും ഭീമമായ തുക നല്‍കി ജീവന്‍ നിലനിര്‍ത്തുക എന്നത് അസാധ്യമായൊരു കാര്യമാണ്. അത്തരമൊരു സാഹചര്യത്തില്‍ ഫാ. ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തില്‍ കെ. എഫ് ഐ പോലുളള സംഘടന സാധാരണക്കാരായ ജനങ്ങള്‍ക്ക് തീര്‍ത്തും ആശ്വാസപ്രദമാണ്.

വൃക്ക ആരും തന്നെ ദാനം ചെയ്യാന്‍ തയ്യാറാവാത്ത സമയത്താണ് ‘കെ. എഫ് ഐ’ എന്ന സംഘടന ശക്തമാവുന്നത്. അവയവദാ നത്തെ കുറിച്ചും ചെയിന്‍ കിഡ്‌നി ഡോണേഷനെ കുറിച്ചും ആരും ചിന്തിക്കാത്ത കാലത്താണ് ഫാ. ചിറമ്മല്‍ മുന്നോട്ട് വരുന്നത്. ഒരു പുരോഹിതന്‍ വൃക്ക കൊടുക്കാന്‍ തയ്യാറായപ്പോള്‍ അത് എല്ലാവരുടെയും കണ്ണ് തുറപ്പിച്ചു.

‘ഒരു പുരോഹിതനെന്നാല്‍ ദൈവത്തിനെയും അവന്റെ മക്കളെയും സേവിക്കാന്‍ നിയോഗിക്കപ്പെട്ടവനാണ്’. അതിനെയാണ് പൗരോഹിത്യം എന്ന് വിളിക്കുന്നത്’. ‘വൃക്ക കൊടുക്കുക എന്നത് എന്റെ മാത്രം തീരുമാനമല്ല; അത് ദൈവത്തിന്റെ കൂടെ മനസ്സാണ്. നാം ഈ ഭൂമിയില്‍ എന്ത് ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരാണെന്ന് ദൈവം മുമ്പേതന്നെ തീരുമാനിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അതിനു ഞാനൊരു നിമിത്തം മാത്രം’. ഫാ. ഡേവിസ്.

ഇന്നും സമൂഹത്തില്‍ എത്രയോപേര്‍ വൃക്ക നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ആ വേദന നാം കണ്ടില്ലെന്നു വയ്ക്കുന്നു. സഹോദരങ്ങളും മാതാപിതാക്കളും അവയവം ദാനം കൊടുക്കാന്‍ തയ്യാറായിട്ടും മരണത്തിനു മുമ്പില്‍ മുട്ടുകുത്തുന്ന അനേകം പേര്‍ ഇന്നുമുണ്ട്. അവിടെ സാമ്പത്തികമാണ് സാധാരണകാര്‍ക്കു നേരെ ചോദ്യചിഹ്നമായി മാറുന്നത്. അവര്‍ക്ക് നഷ്ടത്തെ ഓര്‍ത്ത് വിലപിക്കുക എന്നല്ലാതെ ഒന്നും തിരിച്ചു പിടിക്കാനുളള വഴിയില്ല.

‘നന്മ ചെയ്യാനുളള അവസരമുണ്ടായാല്‍ ഞാനത് പാഴാക്കികളയില്ല. പാഴാക്കികളഞ്ഞാ ല്‍ അത് ചിലപ്പോള്‍ തിന്മ ചെയ്യാനുളള അവസരമായി മാറിയെന്നു വരാം’. 7 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഞാന്‍ കെ. എഫ്. ഐ എന്ന സംഘടന തുടങ്ങുന്നത്. ആ സമയത്താണ് തന്റെ രണ്ട് വൃക്കയും നഷ്ടപ്പെട്ട് മരണത്തോടു മല്ലടിച്ചു നില്‍ക്കുന്ന ഗോപിനാഥനെ കുറിച്ച് അറിയാനിടയായത്. സാമ്പത്തികമായ പിന്നോക്കം നില്‍ക്കുന്ന കുടുംബമായിരുന്നു ഗോപിനാഥന്റെത്, അതുകൊണ്ട് തന്നെ വൃക്ക മാറ്റിവെച്ചു കൊണ്ട് തന്റെ ജീവന്‍ നിലനിര്‍ത്തുക എന്ന വഴി അവര്‍ക്കു മുമ്പിലില്ലായിരുന്നു. എന്നാല്‍ ദൈവത്താല്‍ അനുഗ്രഹീതനായ വ്യക്തിയായിരുന്നു ഗോപിനാഥ്. മരണത്തിനു മുമ്പില്‍ അത്ര പെട്ടെന്ന് ഗോപിനാഥനെ വിട്ടുകൊടുക്കാന്‍ ദൈവത്തിനു താല്‍പര്യമില്ലായിരുന്നു. അതിനായി ദൈവം എന്നെ നിയോഗിച്ചു. ഈ ഒരു കാര്യം അറിഞ്ഞതും വൃക്ക നല്‍കി ആ ജീവന്‍ രക്ഷിക്കാന്‍ ഞാന്‍ തയ്യാറായി, ഒരിക്കലും ആലോചിച്ചെടുത്ത തീരുമാനമായിരുന്നില്ല ഇത്. ‘നാം നമുക്ക് വേണ്ടിയല്ല പൗരോഹിത്യ ജീവിതം നയിക്കേണ്ടത് മറിച്ച് ജനങ്ങളുടെ നന്മയ്ക്കുവേണ്ടിയായിരിക്കണം’, മെത്രാന്‍ ഫുള്‍ട്ടണ്‍ ജെ ഷീന്‍ ‘എ പ്രീസ്റ്റ് ഈസ് നോട്ട് ഹിസ് ഓണ്‍’ എന്ന തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്, ഫാ. ഡേവിസ്

‘ആദ്യം നാം സ്വന്തം പ്രവൃത്തിയിലൂടെ ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. അതിനുശേഷം മാത്രം അവരോട് നമ്മുടെ വഴിയിലൂടെ സഞ്ചരിക്കാന്‍ പറയുക’. ഇതാണ് കെ.എഫ്.ഐ യുടെ എക്കാലത്തെയും വിജയം. അവയവ ദാനം എന്നതിലുപരി ഒട്ടേറെ പ്രവര്‍ത്തനങ്ങളും കെ. എഫ്. ഐ കാഴ്ചവെക്കുന്നുണ്ട്. ജനങ്ങളെ അവയവ ദാനത്തിനു പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം തന്നെ അവയവ ധാതാക്കളുടെ ഭയം ഇല്ലാതാക്കാനായി അവര്‍ക്ക് കൗണ്‍സിലിങ്ങ് കൊടുക്കുകയും ചെയ്യുന്നു. ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ചെന്ന് പല രീതിയിലുളള ടെസ്റ്റുകള്‍ നടത്തി വൃക്ക സംബന്ധമായ രോഗങ്ങള്‍ നിയന്ത്രിക്കാനുളള ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. രോഗികള്‍ക്കായി സൗജന്യ ഡയാലിസിസ് സൗകര്യങ്ങളും ഇവിടെയുണ്ട്. ജോലിയില്‍ നിന്നും വിരമിച്ചതിനു ശേഷം സ്വന്തം താല്‍പര്യാര്‍ത്ഥം വന്ന് സേവനമനുഷ്ഠിക്കുന്ന ഒരുപാട് ജീവനക്കാര്‍ ഇവിടെയുണ്ട്. അസുഖമുളളവര്‍ പോലും കെ.എഫ്.ഐ. ക്കു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇവിടെയുളള മറ്റൊരു പ്രത്യേകത. ശമ്പളക്കാരായി മൂന്നോ നാലോ സ്റ്റാഫ് മാത്രമാണ് കെ. എഫ്.ഐ. ക്കുളളത്, മറ്റുളളവരെല്ലാം തന്നെ സന്നദ്ധ സേവകരാണ്.

ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധം വ്യത്യസ്തമായ പ്രവര്‍ത്തന രീതിയാണ് എന്നും കെ. എഫ്. ഐ കാഴ്ചവെച്ചിട്ടുളളത്. സാധാരണക്കാരായ ജനങ്ങള്‍ക്കു വേണ്ടിയുളള സംഘടന തന്നെയാണ് ഇത് എന്നതില്‍ ഒരു സംശയവുമില്ല. അതിനൊരുദാഹരണമാണ് അടുത്തിടെ തുടങ്ങിയ ‘കിഡ്‌നി ടാക്‌സി’. വൃക്ക സംബന്ധമായ രോഗികള്‍ക്ക് ഡയാലിസിസിനും, മറ്റ് വൈദ്യപരിശോധനയ്ക്കും ആശുപത്രയിലേക്ക് പോകാന്‍ വേണ്ടിയാണ് ഇങ്ങനൊരു സൗകര്യം ഒരുക്കിയിരിക്കുന്നത്.

പണം എന്നത് എന്തിന്റെയും നെടും തൂണാണ്. ഏതൊരു സംഘടനയും കാര്യക്ഷമതയോടു കൂടെ പ്രവര്‍ത്തിക്കണമെങ്കില്‍ പണം അത്യാവശ്യമാണ്. ഏകദേശം 29 ഓളം രക്ഷാധികാരികള്‍ ഒരു രക്ഷാവലയം പോലെ കെ. എഫ്. ഐ യെ പിന്തുണയ്ക്കുന്നുണ്ട്. ഓഫീസ് നിര്‍മ്മിക്കാനായി 10 ലക്ഷത്തോളം രൂപ അവര്‍ സംഭാവനയായി തന്നിട്ടുണ്ട്. അതോടൊപ്പം തന്നെ എല്ലാ മാസവും ഇരുപതിനായിരത്തോളം രൂപ ഡയാലിസിസിനായി ഒരുപാട് പേര്‍ തരുന്നുണ്ട്. ഫാ. ഡേവിസ് പറയുന്നു.

മനുഷ്യന്‍ അവനു വിലയേറിയതെന്തോ അത് മറ്റു മനുഷ്യന്റെ നന്മയ്ക്കു വേണ്ടി ദാനം ചെയ്യുമ്പോള്‍ അവനു വേണ്ടി സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുന്നു. അന്യനു വേണ്ടി സകലതും ത്യജിക്കുന്നവനാണ് ക്രിസ്തുവിന്റെ വഴിയേ ചരിക്കുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles