ശത്രുക്കളെ സ്‌നേഹിക്കുന്നതു വഴി നാം എന്താണ് സ്വന്തമാക്കുന്നത്? (SUNDAY HOMILY)
~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
ശ്ലീഹാക്കാലം നാലാം ഞായര്‍ സുവിശേഷ സന്ദേശം
ശത്രുക്കളെ സ്‌നേഹിക്കുക എന്ന വിപ്ലവകരമായ കല്‍പന യേശു ലോകത്തിന് നല്‍കിയപ്പോള്‍ അവിടുന്ന് നമുക്കായി നല്‍കിയ മാതൃക ദൈവം തന്നെയായിരുന്നു. യേശു ശത്രുക്കളോട് പ്രതികാരം ചെയ്യുന്നത് നാം ഒരിടത്തും കാണുന്നില്ല. വ്യാജപ്രവാചകന്മാരെ തിരുത്തുവാന്‍ അവിടുന്ന് ശ്രമിക്കുകയും അവര്‍ അവിടുത്തെ ശത്രിക്കളായി മാറുകയുമാണ് ചെയ്തത്. തന്നെ പീഡിപ്പിച്ചവര്‍ക്കു വേണ്ടി പോലും അവിടുന്ന് പ്രാര്‍ത്ഥിച്ചു. തന്റെ മാതൃക പിന്‍ചെല്ലാന്‍ അവിടുന്ന് ശിഷ്യന്മാരോട് ആവശ്യപ്പെട്ടു.
ഇന്നത്തെ സുവിശേഷ വായന
ലൂക്കാ 6. 27 -36
എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോട് ഞാൻ പറയുന്നു, ശത്രുക്കളെ സ്നേഹിക്കുവിൻ ; നിങ്ങളെ ദ്വേഷിക്കുന്നവർക്ക് നന്മ ചെയ്യുവിൻ; ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ; അധിക്ഷേപിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ. ഒരു ചെകിടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചു കൊടുക്കുക. മേലങ്കി എടുക്കുന്നവനെ കുപ്പായം കൂടി എടുക്കുന്നതിൽ നിന്ന് തടയരുത്. നിന്നോട് ചോദിക്കുന്ന ഏതൊരുവനും കൊടുക്കുക. നിൻറെ വസ്തുക്കൾ എടുത്തു കൊണ്ട് പോകുന്നവനോട് തിരിയെ ചോദിക്കരുത്. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെ തന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ. നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങൾ സ്നേഹിക്കുന്നതിൽ എന്തു മേന്മയാണുള്ളത്? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ.നിങ്ങൾക്
വചന വിചിന്തനം:
ശത്രുക്കളെ ദ്വേഷിക്കുക എന്ന് റബ്ബിമാര്‍ തെറ്റായി പഠിപ്പിച്ചു കൊണ്ടിരുന്നു. കാനാന്‍ ദേശം സ്വന്തമാക്കാന്‍ പോയ സമയത്ത് ദൈവകല്‍പന അവര്‍ തെറ്റായി മനസ്സിലാക്കിയതിന്റെ ഫലമായിരുന്നു, അത്. ആ പ്രത്യേക സാഹചര്യത്തില്‍ പറഞ്ഞ കാര്യം അവര്‍ പൊതുവായ കല്പനയായി സ്വീകരിച്ചു. ഒന്നാം പ്രമാണം ലംഘിക്കുന്നത് തടയാന്‍ വേണ്ടി മാത്രമായി ദൈവം നല്‍കിയ കല്പന ആയിരുന്നു അത്. (നിയമാവര്‍ത്തനം 20. 16 -18). ശത്രുക്കളോട് അനുഭാവപൂര്‍വം പെരുമാറണം എന്ന് പഴയനിയമത്തില്‍ തന്നെ പഠിപ്പിക്കുന്നുണ്ട്. ശത്രുവിന്റെ കാളയോ കഴുതയോ വഴി തെറ്റി പോകുന്നത് കണ്ടാല്‍ അതിനെ അവന്റെ അടുക്കല്‍ തിരിച്ചേല്‍പിക്കണം….(പുറ 23. 4-5). ശത്രുവിന്റെ പതനത്തില്‍ ആഹ്ലാദിക്കരുത്. അവന്‍ തട്ടി വീഴുമ്പോള്‍ സന്തോഷിക്കരുത്’ (സുഭാ. 24. 17).
ശത്രുക്കളെ വെറുപ്പോടെ വീക്ഷിക്കണം എന്ന വ്യാജപ്രവാചകന്മാരുടെയും റബ്ബിമാരുടെയും പ്രബോധനങ്ങളെ യേശു തിരിത്തിക്കുറിച്ചു. ശത്രുക്കളെയും സ്‌നേഹിതരെ പോലെ കാണണം എന്ന് അവിടുന്ന് പഠിപ്പിച്ചു. യേശു പഠിപ്പിച്ചത് അവിടുന്ന് ജീവിച്ചു കാണിച്ചു, മാതൃക നല്‍കി.
ശപിക്കുന്നവരെ അനുഗ്രഹിക്കാന്‍ യേശു പഠിപ്പിച്ചു. നിങ്ങളെ ദ്രോഹിക്കന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അവിടുന്ന് ആവശ്യപ്പെട്ടു. യേശു പഠിപ്പിക്കുക മാത്രമല്ല അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തു. ഗത്സെമെന്‍ തോട്ടത്തില്‍ വച്ച് പത്രോസ് മാല്‍ക്കോസ് എന്നൊരാളുടെ വലതു ചെവി വെട്ടിക്കളഞ്ഞപ്പോള്‍ യേശു അവനെ അത്ഭുതകരമായ സുഖപ്പെടുത്തി.
യേശുവിന്റെ ശിഷ്യന്മാരും ഈ മാതൃക തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്തി. വി. സ്റ്റീഫന്‍ തന്റെ മരണ നേരത്ത് ശത്രുക്കള്‍ക്കായി പ്രാര്‍ത്ഥിച്ചു. (അപ്പ. 7. 60)
വലത് കരണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചു കൊടുക്കുക എന്ന അവിടുത്തെ പ്രബോധനം അക്ഷരാര്‍ത്ഥത്തില്‍ എടുക്കാനുള്ളതല്ല. അത് യേശു ഉപയോഗിച്ചിരുന്ന പൗരസ്ത്യ ശൈലിയുടെ പ്രത്യേകതയാണ്. പ്രധാന പുരോഹിതന്റെ സേവകന്‍ യേശുവിന്റെ മുഖത്ത് അടിച്ചപ്പോള്‍ യേശു ചോദിക്കുന്നുണ്ട്. ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ അത് തെളിയിക്കുക. ശരിയാണ് പറഞ്ഞതെങ്കില്‍ എന്തിന് നീ എന്നെ അടിക്കുന്നു? (യോഹ. 18. 23)
ചോദിക്കുന്നവര്‍ക്ക് കൊടുക്കുക.നിനക്കുള്ളത് എടുക്കുന്നത് എടുക്കുന്നത് തിരികെ ചോദിക്കുരുത്. ഇവിടെയും ഈ സന്ദേശം വാച്യാര്‍ത്ഥത്തില്‍ എടുക്കരുത്. അര്‍ഹിക്കുന്നവര്‍ക്ക് കൊടുക്കണം എന്നാണ് യേശു ഉദ്ദേശിക്കുന്നത്. ജോലി ചെയ്യാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ എന്ന് വി. പൗലോസ് പറയുന്നുണ്ട്. (2 തെസ 3.10). തൊഴില്‍ ചെയ്യാന്‍ ആരോഗ്യമുള്ളവര്‍ അപ്രകാരം തന്നെ ജീവിതാവശ്യങ്ങള്‍ക്കുള്ള പണം സമ്പാദിക്കണം. അനര്‍ഹര്‍ക്ക് ധനം കൊടുക്കേണ്ട കാര്യമില്ല.
നിങ്ങളോട് മറ്റുള്ളവര്‍ എങ്ങനെ പെരുമാറണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അപ്രകാരം അവരോടും പെരുമാറുവിന്‍ എന്ന് യേശു പറയുന്നുണ്ട്. ഇത് സുവര്‍ണ നിയമമാണ്. പല മതങ്ങളിലും ഈ സുവര്‍ണനിയമം കാണാനുണ്ട്. എന്നാല്‍ ശത്രുസ്‌നേഹവുമായി ഇതിനെ ബന്ധിപ്പിച്ചു കാണുമ്പോള്‍ അതിന് കൂടുതല്‍ അര്‍ത്ഥം കൈവരുന്നു. പൊതു നിയമങ്ങള്‍ കുറേക്കൂടി ആഴപ്പെടുത്തുകയാണ് യേശു ചെയ്യുന്നത്.
നിങ്ങള്‍ക്ക് നന്മ ചെയ്യുന്നവര്‍ക്കു മാത്രം നിങ്ങളും നന്മ ചെയ്യുകയാണെങ്കില്‍ അതില്‍ എന്തു മേന്മയാണെന്ന് യേശു ചോദിക്കുന്നു. ഇത് വിശ്വാസികള്‍ മാത്രമല്ല, അവിശ്വാസികളും ചെയ്യുന്ന കാര്യമാണ്. അതില്‍ ദൈവത്തില്‍ നിന്ന് പ്രത്യേകമായി എന്തെങ്കിലും സമ്മാനം അര്‍ഹിക്കുന്നില്ല. നമ്മോട് മോശമായി പെരുമാറുന്നവരോട് എത്ര നന്നായി, എത്ര സ്‌നേഹത്തോടെ നാം പെരുമാറുന്നു എന്നതിലാണ് ദൈവസന്നിധിയില്‍ നമ്മെ നീതിമാന്മാരാക്കി മാറ്റുന്നത്. ദൈവം തന്നെയാണ് ഇതിന് ഉദാഹരണം.
ശത്രുക്കളെ സ്‌നേഹിക്കുവിന്‍, അവര്‍ക്ക് നന്മ ചെയ്യുവിന്‍. യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ കടം കൊടുക്കുവിന്‍. അപ്പോള്‍ ദൈവസന്നിധിയില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. അത്യുന്നതന്റെ മക്കളെന്ന് നിങ്ങള്‍ വിളിക്കപ്പെടും എന്ന് യേശു പറയുന്നു. ദൈവത്തിന്റെ ഛായയും സാദൃശ്യവും നമ്മുടെ ജീവിതത്തില്‍ പ്രതിഫലിക്കണം. അതിനായി നാം ശത്രുക്കളെയും മിത്രങ്ങളെയും ഒരു പോലെ സ്‌നേ്ഹിക്കണം.
നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് നീതിമാനായിരിക്കുന്നതു പോലെ നിങ്ങളും നീതിയുള്ളവരായിരിക്കുവിന്‍ എന്ന് പറഞ്ഞു കൊണ്ട് യേശു ഈ പ്രഭാഷണം ഉപസംഹരിക്കുകയാണ്. മനുഷ്യവംശത്തോട്, പ്രത്യേകിച്ച് ഇസ്രായേലിനോടുള്ള ദൈവത്തിന്റ സ്‌നേഹം ജന മനസ്സിലാക്കിയില്ല. ദൈവത്തിന്റെ കാരുണ്യം വാക്കിലും പ്രവര്‍ത്തിയിലും ജീവിതത്തില്‍ പകര്‍ത്തണം എന്ന് യേശു ഇവിടെ ആവശ്യപ്പെടുകയാണ്.
സന്ദേശം
നമ്മെ സ്‌നേഹിക്കുന്നവരോട് സ്വഭാവികമായി തോന്നുന്നതാണ് മാനുഷിക സ്‌നേഹം. എന്നാല്‍ നമ്മെ വെറുക്കുന്നവരോടും സ്‌നേഹം പ്രകടിപ്പിക്കുന്നത് ദൈവികമാണ്. ദൈവമക്കള്‍ എന്ന നിലയില്‍ നമ്മോട് നന്ദികേട് കാണിക്കുന്നവരോടും നാം ദയ കാണിക്കണം.
ജീവിതത്തില്‍ രണ്ടു തരം മനോഭാവങ്ങളുണ്ട്. തെറ്റ് ചെയ്യാതിരിക്കുകയും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുകയും ചെയ്യുക. ഇവ രണ്ടും അതിലേറെയും ക്രിസ്ത്യാനി ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നു. മറ്റുള്ളവരെ ദ്രോഹിക്കാതിരുന്നാല്‍ മ്ാത്രം പോര, നമ്മെ സ്‌നേഹിക്കുന്നവരെയും ദ്രോഹിക്കുന്നവരെയും നാം സ്‌നേഹിക്കണം.
സ്വര്‍ഗസ്ഥനായ പിതാവേ പ്രാര്‍ത്ഥനയില്‍ യേശു ഇങ്ങനെ പഠിപ്പിച്ചു: ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോട് ക്ഷമിക്കണമേ. ദുഷ്ടരോടും നന്ദിയില്ലാത്തവരോടും ഞങ്ങള്‍ കരുണ കാണിക്കുന്നതു പോലെ ഞങ്ങളോടും കരുണ കാണിക്കണമേ എന്ന് പ്രാര്‍ത്ഥിക്കാവുന്ന വിധം നമുക്ക് വര്‍ത്തിക്കാം.
യേശു സ്‌നേഹവും സൗഖ്യവും ക്ഷമയും നല്‍കിയ ചിലര്‍ യേശുവിനോട് നന്ദിയില്ലാത്തവരായിരുന്നു, എങ്കിലും അവിടുന്ന് അതില്‍ നിരാശനായില്ല. ദൈവജനത്തിന് സേവനം ചെയ്യുമ്പോള്‍ നന്ദിഹീനമായ പെരുമാറ്റങ്ങളെ നേരിടുമ്പോള്‍ നമ്മളും നിരാശരാകരുത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.