മൂശാക്കാലം നാലാം ഞായര്‍ സുവിശേഷ സന്ദേശം
~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
വിശ്വാസത്തെ കുറിച്ച് പലരും യേശുവിനോട് ചര്‍ച്ച ചെയ്തിട്ടുണ്ട്. നിക്കൊദേമൂസ്, സമരിയാക്കാരി തുടങ്ങിയവര്‍ നല്ല ഉദ്ദേശ്യത്തോടെ ചോദിക്കുകയും യേശുവിന്റെ മറുപടിയില്‍ അവര്‍ തൃപ്തരാകുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഫരിസേയരും സദുക്കായരും യേശുവിനോട് ചോദ്യങ്ങള്‍ ചോദിച്ചത് അവിടുത്തെ കുരുക്കിലാക്കുന്നതിന് വേണ്ടിയാണ്. മരണാനന്തര ജീവിതം ഈ ജീവിതത്തില്‍ നിന്ന് വ്യത്യസ്തമാണെന്ന് യേശു വിശദീകരിക്കുന്നു.
ബൈബിള്‍ വായന
മത്തായി 22. 23-33
പുനരുദ്ധാനം ഇല്ലെന്നു പറയുന്ന സദൂക്കായര്‍ അന്നു തന്നെ അവനെ സമീപിച്ചു ചോദിച്ചു. ഗുരോ, ഒരുവന്‍ സന്താനമില്ലാതെ മരിച്ചാല്‍ അവന്റെ സഹോദരന്‍ ആ വിധവയെ വിവാഹം ചെയ്ത് സഹോദരന് സന്താനങ്ങളെ ഉത്പാദിപ്പിക്കണം എന്ന് മോശ അനുശാസിച്ചിട്ടുണ്ട്. ഞങ്ങളുടെയിടയില്‍ ഏഴ് സഹോദരന്മാര്‍ ഉണ്ടായിരുന്നു. ഒന്നാമന്‍ വിവാഹം ചെയ്തു. സന്താനമില്ലാതെ ഭാര്യയെ സഹോദരന് വിട്ടു കൊണ്ട് അവന്‍ മരണമടഞ്ഞു. ഇങ്ങനെ തന്നെ രണ്ടാമനും മൂന്നാമനും. അങ്ങനെ ഏഴാമന്‍ വരെയും. അവസാനം ആ സ്ത്രീയും മരിച്ചു. അതിനാല്‍ പുനരുദ്ധാനത്തില്‍ അവര്‍ ഈ ഏഴു പേരില്‍ ആരുടെ ഭാര്യ ആയിരിക്കും? അവര്‍ക്കെല്ലാം അവള്‍ ഭാര്യ ആയിരുന്നിട്ടുണ്ടല്ലോ. യേശു മറുപടി പറഞ്ഞു: വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ മനസ്സിലാക്കാത്തതു കൊണ്ട് നിങ്ങള്‍ക്കു തെറ്റു പറ്റിയിരിക്കുന്നു. പുനുരദ്ധാനത്തില്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്തു കൊടുക്കകുയോ ഇല്ല. പിന്നെയോ അവര്‍ സ്വര്‍ഗദൂതന്മാരെ പോലെ ആയിരിക്കും. ഞാന്‍ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമാണെന്ന് എന്നു മരിച്ചവരുടെ പുനരുദ്ധാനത്തെ കുറിച്ച് ദൈവം നിങ്ങളോട് അരുളിച്ചെയ്തത് നിങ്ങള്‍ വായിച്ചിട്ടില്ലേ? അവിടുന്ന് മരിച്ചവരുടെ അല്ല ജീവിക്കുന്നവരുടെ ദൈവമാണ്. ജനക്കൂട്ടം ഇത് കേട്ടപ്പോള്‍ അവന്റെ പ്രബോധനത്തെ പറ്റി ആശ്ചര്യപ്പെട്ടു.
സദൂക്കായര്‍ പുരോഹിത വര്‍ഗത്തില്‍ പെട്ട ആളുകളായിരുന്നു. പുനരുത്ഥാനം ഇല്ലെന്ന് അവര്‍ വിശ്വസിച്ചിരുന്നു. ഏഡി 70 ല്‍ ജറുസലേം ദേവാലയം നശിപ്പിക്കപ്പെടുന്നതിന് മുമ്പ് രണ്ടു നൂറ്റാണ്ടുകളോളം സദൂക്കായര്‍ സജീവമായുണ്ടായിരുന്നു. ദാവീദ് രാജാവിന്റെ കാലത്തുണ്ടായിരുന്ന സാദോക്ക് എന്നൊരു പുരോഹിതനില്‍ നിന്നാണ് അവര്‍ക്ക് സദൂക്കായര്‍ എന്ന നാമം ലഭിച്ചത്.
സാദോക്കിന്റെ പിന്‍ഗാമികള്‍ ദേവാലയ ശുശ്രൂഷയും ഭരണവും കൈയാളിയിരുന്നു. ക്രമേണ, സദൂക്കായര്‍ ഗ്രീക്ക് സംസ്‌കാരത്തിന്റെ സ്വാധീനത്തില്‍ അകപ്പെടുകയും തങ്ങളുടെ സ്ഥാനങ്ങള്‍ ഉറപ്പിക്കാന്‍ വേണ്ടി പാലസ്തീനായിലെ റോമാ ഭരണാധികാരികളുമായി കൂട്ടുകൂടുകയും ചെയ്തു. ധനമോഹികളായി തീര്‍ന്ന ഇക്കൂട്ടര്‍ ദേവാലയത്തില്‍ നിന്ന് പണം ഈടാക്കുകയും ധനികരായി മാറുകയും ചെയ്തു.
തോറയില്‍ (പഞ്ചഗ്രന്ഥി) കേന്ദീകരിച്ചായിരുന്നു സദൂക്കായര്‍ തങ്ങളുടെ ആശയങ്ങള്‍ രൂപീകരിച്ചിരുന്നത്. പ്രവാചകന്മാരും മറ്റു ഗ്രന്ഥങ്ങളും അവര്‍ അംഗീകരിച്ചിരുന്നില്ല. ഫരിസേയരില്‍ നിന്ന് വ്യത്യസ്തമായി അവര്‍ വാമൊഴി പാരമ്പര്യവും ആത്മാവിന്റെ അനശ്വരതയും ശരീരങ്ങളുടെ ഉയിര്‍പ്പും മരണാനന്തര ജീവിതവും മാലാഖമാരുടെ അസ്തിത്വവും നിഷേധിച്ചിരുന്നു. (അപ്പോ. 23. 8).
പാരമ്പര്യവാദികളായിരുന്നെങ്കിലും ധനമോഹവും അധികാരമോഹവും മൂലം അവര്‍ റോമന്‍ ഭരണാധികാരികളുമായി ഒത്തുതീര്‍പ്പിന് തയ്യാറായി. അതിനാല്‍ സാധാരണക്കാര്‍ക്ക് ഇവരെ ഇഷ്ടമായിരുന്നില്ല. യേശുവിന്റെ കൂരിശുമരണത്തിന് സദൂക്കായര്‍ക്ക് കാര്യമായ പങ്കുണ്ടായിരുന്നു. ദേവാലയ ആരാധനയുമായി ബന്ധപ്പെട്ട് ഉപജീവിച്ചിരുന്ന ആളുകളായിരുന്നതിനാല്‍ ഏഡി 70 ല്‍ ജറുസലേം ദേവാലയം നശിച്ചതോടെ ഇവരും ചരിത്രത്തില്‍ നിന്ന് അപ്രത്യക്ഷരായി.
യേശു ഉയിര്‍ത്തെഴുന്നേല്‍പിനെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും പഠിപ്പിച്ചിരുന്നതു കൊണ്ടാണ് സദൂക്കായര്‍ യേശുവിനെ എതിര്‍ത്തതും ഒരു കുനുഷ്ടു ചോദ്യവുമായി അവിടുത്തെ സമീപിച്ചതും. എന്നാല്‍ മരണത്തെ കുറിച്ചും മരണാനന്തര ജീവിതത്തെ കുറിച്ചും വ്യക്തമായ അറിവുണ്ടായിരുന്ന യേശുവിന് കൃത്യമായ ഉത്തരം നല്‍കാന്‍ സാധിച്ചു.
പുരാതന യഹൂദ നിയമം അനുസരിച്ച് ഒരുമിച്ച് ജീവിക്കുന്ന സഹോദരന്മാരില്‍ ഒരാള്‍ മരിച്ചാല്‍ അയാളുടെ ഭാര്യ കുടുംബത്തിന് പുറത്തുള്ള ഒരാളെ വിവാഹം ചെയ്യാന്‍ പാടില്ല. അവളുടെ ഭര്‍ത്താവിന്റെ സഹോദരനാണ് വിവാഹം ചെയ്യേണ്ടത്. ഈ ആചാരത്തില്‍ അടിസ്ഥാനപ്പെടുത്തി കൊണ്ടാണ് ഏഴു സഹോദരന്മാരുടെയും ഭാര്യയുടെയും കഥയുണ്ടാക്കി യേശുവിനെ വാക്കില്‍ കുടുക്കാന്‍ സദൂക്കായര്‍ എത്തിയത്.
ബൈബിള്‍ അനുസരിച്ച് ഏഴ് എന്നാല്‍ പൂര്‍ണത എന്നാണ്. സദൂക്കായരുടെ കഥയിലെ സ്ത്രീ ഏഴു സഹോദരന്മാരും ഒന്നൊന്നായി മരണമടഞ്ഞപ്പോള്‍ ഓരോ സഹോദരന്മാരെയും വിവാഹം ചെയ്തു. ആര്‍ക്കും അവളില്‍ സന്താനം ഉണ്ടായതുമില്ല. അപ്പോള്‍ മരണാനന്തര ജീവിതത്തില്‍ അവള്‍ ആരുടെ ഭാര്യ ആയിരിക്കും എന്നാണ് ചോദ്യം.
യേശുവിന്റെ മറുപടി കൃത്യമാണ്. രണ്ടു കാര്യങ്ങള്‍ കൊണ്ടാണ് അവര്‍ക്ക് തെറ്റു പറ്റിയതെന്ന് യേശു വ്യക്തമാക്കുന്നു. ദൈവ വചനത്തെ കുറിച്ചുള്ള അവരുടെ അജ്ഞതയാണ് ഒരു കാരണം. രണ്ടാമത്തേത്, ദൈവശക്തിയെ കുറിച്ചുള്ള ധാരണയില്ലായ്മയും. പഞ്ചഗ്രന്ഥി മാത്രം അംഗീകരിക്കുകയും മറ്റു ബൈബിള്‍ ഗ്രന്ഥങ്ങള്‍ അവഗണിക്കുകയും ചെയ്തതു വഴി അവര്‍ക്ക് വി. ഗ്രന്ഥത്തെ കുറിച്ച് അറിവില്ലാതായിരിക്കുന്നു. വരാനിരിക്കുന്ന ജീവിതത്തില്‍ ദൈവം ീവിതത്തിനു പകരുന്ന പൂര്‍ണതയെ കുറിച്ചാണ് യേശു സംസാരിക്കുന്നത്. ആ ജീവിതം ഐഹിക ജീവിതം പോലെ ആയരിക്കുകയില്ല.
വരാനിരിക്കുന്ന ജീവിതത്തില്‍ ആരും വിവാഹം ചെയ്യുകയോ ചെയ്തു കൊടുക്കുകയോ ഇല്ല. അവര്‍ മാലാഖമാരെ പോലെയായിരിക്കും എന്ന് യേശു വ്യക്തമാക്കുന്നു.
മരണാനന്തര ജീവിതം സ്വഭാവത്തിലും ലക്ഷ്യത്തിലും ഈ ലോകജീവിതത്തില്‍ നിന്ന് വ്യത്യസ്തമാണ്. വിവാഹവും ദാമ്പത്യവും എല്ലാം ഈ ലോകത്തിന് വേണ്ടി രൂപകല്‍പന ചെയ്യപ്പെട്ടതാണ്. മനുഷ്യവംശത്തിന്റെ നിലനില്‍പിന് അത് ആവശ്യമാണ്. എന്നാല്‍ മരണാന്തര ജീവിതത്തില്‍ മനുഷ്യരുടെ ജീവിതം മാലാഖമാരുടേതിന് തുല്യം ആയിരിക്കും. മനുഷ്യന് മാത്രമേ വിവാഹം ചെയ്യാന്‍ സാധിക്കുകയുള്ളൂ. മാലാഖമാര്‍ കൂടുതല്‍ കരുത്തരും ശക്തിയുള്ളവരുമാണ്. ഭൗതികമായ ലോകത്തേക്കാള്‍ വളരെ ഉയര്‍ന്ന ഒരു തലത്തിലാണ് അവരുടെ വാസം. രക്ഷ പ്രാപിക്കുന്ന മനുഷ്യര്‍ കൂടുതല്‍ ഉയര്‍ന്ന ഒരു തലത്തില്‍ എത്തിച്ചേരും എന്ന് യേശു വ്യക്തമാക്കുകയാണ്. മാലാഖമാരില്‍ വിശ്വസിക്കാതിരുന്ന സദൂക്കായരുടെ മുന്നില്‍ യേശു മാലാഖമാര്‍ ഉണ്ടെന്ന് വ്യക്തമാക്കുകയാണ്.
സീനായ് മലയില്‍ വച്ച് മോശയോട് സംസാരിച്ച വേളയില്‍ ‘ഞാന്‍ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്. അബ്രഹാത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം.’ (പുറ. 3.6). എന്ന ദൈവം പറയുന്നുണ്ട്. ഇത് മോശയോട് പറയുമ്പോള്‍ അബ്രഹാമും ഇസഹാക്കുമെല്ലാം മരിച്ചു കഴിഞ്ഞിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞിരുന്നു. അവരുടെ ദൈവമാണ് എന്ന് പറയുമ്പോള്‍ അവര്‍ മരണാന്തരം ജീവിക്കുന്നു എന്ന് ദൈവം സാക്ഷ്യപ്പെടുത്തുകയാണ്. പഞ്ചഗ്രന്ഥിയില്‍ നിന്നു തന്നെ ഉദ്ധരിച്ചു കൊണ്ട് യേശു സംസാരിച്ചതിനാല്‍ അത് നിഷേധിക്കാന്‍ സദൂക്കായര്‍ക്ക് സാധിക്കുമായിരുന്നില്ല.
ദൈവമാണ് ജീവിന്റെ ഉറവിടവും നാഥനും. പാപത്തിന്റെ ഫലം മാത്രമാണ് മരണം. തന്റെ ഉത്ഥാനം വഴി യേശു മരണത്തിന്റെ മേല്‍ വിജയം നേടി. മൂന്നു പേരെ യേശു മരണത്തില്‍ നിന്ന് ഉയിര്‍പ്പിക്കുന്നതായി നാം വായിക്കുന്നുണ്ട്. ജായ്‌റോസിന്റെ മകള്‍, നായിനിലെ വിധവയുടെ മകന്‍, ലാസര്‍ എന്നിവരാണവര്‍.
സന്ദേശം
യേശുവില്‍ നിന്ന് എന്തെങ്കിലും പഠിക്കാന്‍ വേണ്ടിയല്ല, യേശുവിനെ വാക്കില്‍ കുടുക്കാന്‍ വേണ്ടിയാണ് സദൂക്കായര്‍ ചോദ്യം ചോദിച്ചത്. വിശ്വാസകാര്യങ്ങള്‍ ചോദ്യം ചെയ്യുന്നവരുടെ ഉദ്ദേശ്യം നല്ലതാണെങ്കില്‍ മാത്രമേ അത് ചോദ്യകര്‍ത്താവിന് ഗുണം ചെയ്യുകയുള്ളൂ.
ഈ ലോക ജീവിതത്തിനപ്പുറമുള്ളൊരു സന്തോഷം സദുക്കായരെ സംബന്ധിച്ച് ഇല്ലായിരുന്നു. മരണാനന്തര ജീവിതത്തില്‍ വിശ്വാസം ഇല്ലാതിരുന്നതിനാല്‍ അവര്‍ നന്മപ്രവര്‍ത്തികളും ചെയ്തിരുന്നില്ല. നമ്മള്‍ ഈ ലോകത്തിലെ താല്കാലികമായ സന്തോഷങ്ങളില്‍ കുടുങ്ങി പോകരുത്.
ദൈവ വചനം ശരിരായ രീതിയില്‍ മനസ്സിലാക്കാത്തതില്‍ യേശു സദൂക്കായരെ കുറ്റപ്പെടുത്തുന്നു. വി. ഗ്രന്ഥം വ്യക്തമായി മനസ്സിലാക്കാനുള്ള ഉള്‍വെളിച്ചത്തിനായി നമുക്ക് ദൈവകൃപ യാചിക്കാം.
നമ്മുടെ ധാരണയ്ക്ക് അപ്പുറമുള്ളതാണ് മരണാനന്തര ജീവിതം. എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസ സ്ഥലങ്ങളുണ്ട് എന്ന യേശുവിന്റെ വചനം സ്വര്‍ഗത്തെ കുറിച്ച് നമുക്ക് ഉറപ്പ് നല്‍കുന്നു. ആ ധന്യമായ ജീവിതം പ്രാപിക്കുന്നതിനായി നമുക്ക് പ്രയത്‌നിക്കാം.