പ്രഭാതഭക്ഷണം വിളമ്പിയ ഉത്ഥിതനായ യേശു
~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
ഉയിര്‍പ്പു അഞ്ചാം ഞായര്‍ സുവിശേഷ സന്ദേശം
ആമുഖം
തന്റെ ഉത്ഥാനത്തിന് ശേഷം യേശു പല തവണ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുകയും അവരെ പ്രത്യാശയുടെ സന്ദേശം പകര്‍ന്ന് ശക്തിപ്പെടുത്തുകയും ചെയ്തു. ശിഷ്യന്മാരില്‍ ഏഴു പേര്‍ മീന്‍ പിടിക്കാന്‍ പോയപ്പോള്‍ അവരുടെ പ്രയത്‌നങ്ങളെല്ലാം പാഴായിപ്പോയി. അപ്പോള്‍ യേശു അവര്‍ക്കു പ്രത്യക്ഷപ്പെടുകയും അവന്‍ പറഞ്ഞതു കേട്ട് വലയിട്ടപ്പോള്‍ അവര്‍ക്ക് 153 മത്സ്യങ്ങള്‍ ലഭിക്കുകയും ചെയ്തു. യേശു അവര്‍ക്കായി പ്രാതലൊരുക്കുകയും വിളമ്പുകയും ചെയ്തു. പരിശുദ്ധ കുര്‍ബാനയില്‍ നാം പങ്കെടുക്കുമ്പോള്‍ നമുക്ക് യേശുവിന്റെ ഈ സ്‌നേഹവും കരുതലും അനുഭവിക്കാം.
ബൈബിള്‍ വായന
യോഹ. 21. 1-14
ഇതിനു ശേഷം യേശു തിബേരിയൂസ് കടല്‍ത്തീരത്തു വച്ച് ശിഷ്യന്മാര്‍ക്ക് വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി. അവന്‍ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്. ശിമയോന്‍ പത്രോസ്, ദിദിമോസ് എന്നുവിളിക്കപ്പെടുന്ന തോമസ്, ഗലീലിയിലെ കാനായില്‍ നിന്നുള്ള നഥാനിയേല്‍, സെബദിയുടെ പുത്രന്മാര്‍ എന്നിവരും വേറെ രണ്ട് ശിഷ്യന്മാരും ഒരുമിച്ചിരിക്കുകയായിരുന്നു. ശിമയോന്‍ പത്രോസ് പറഞ്ഞു: ഞാന്‍ മീന്‍ പിടിക്കാന്‍ പോകുകയാണ്. അവര്‍ പറഞ്ഞു: ഞങ്ങളും നിന്നോട് കൂടെ വരുന്നു. അവര്‍ പോയി വള്ളത്തില്‍ കയറി. എന്നാല്‍ ആ രാത്രിയില്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല. ഉഷസ്സായപ്പോള്‍ യേശു കടല്‍ക്കരയില്‍ വന്നു നി്ന്നു. എന്നാല്‍ അത് യേശുവാണെന്ന് ശിഷ്യന്മാര്‍ അറിഞ്ഞില്ല. യേശു അവരോട് ചോദിച്ചു: കുഞ്ഞുങ്ങളേ, നിങ്ങളുടെ അടുക്കല്‍ മീന്‍ വല്ലതുമുണ്ടോ? ഇല്ല എന്ന് അവര്‍ ഉത്തരം പറഞ്ഞു. അവന്‍ പറഞ്ഞു: വള്ളത്തിന്റെ വലതു ഭാഗത്ത് വലയിടുക. അപ്പോള്‍ നിങ്ങള്‍ക്ക് കിട്ടും. അവര്‍ വലയിട്ടു. അപ്പോള്‍ വലിയില്‍ അകപ്പെട്ട മത്സ്യങ്ങളുടെ ആധിക്യം നിമിത്തം അത് വലിച്ചു കയറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. യേശു സ്‌നേഹിച്ചിരുന്ന ആ ശിഷ്യന്‍ പത്രോസിനോട് പറഞ്ഞു: അത് കര്‍ത്താവാണ്. അത് കര്‍ത്താവാണ് എന്ന് കേട്ടപ്പോള്‍ ശിമയോന്‍ പത്രോസ് താന്‍ നഗ്നനായിരുന്നതു കൊണ്ട് പുറംകുപ്പായം എടുത്തു ധരിച്ച് കടലിലേക്ക് ചാടി. എന്നാല്‍ മറ്റു ശി്ഷ്യന്മാര്‍ മീന്‍ നിറഞ്ഞ വലയും വലിച്ചു കൊണ്ട് വള്ളത്തില്‍ തന്നെ വന്നു. അവര്‍ കരയില്‍ നിന്ന് ഏകദേശം ഇരുന്നൂറ് മുഴത്തിലധികം അകലെയല്ലായിരുന്നു. കരയ്ക്കിറങ്ങിയപ്പോള്‍ തീ കൂട്ടിയിരിക്കുന്നതും അതില്‍ മീന്‍ വച്ചിരിക്കുന്നതും അപ്പവും അവര്‍ കണ്ടു. യേശു പറഞ്ഞു, നിങ്ങള്‍ ഇപ്പോള്‍ പിടിച്ച മത്സ്യങ്ങളില്‍ ചിലത് കൊണ്ടു വരുവിന്‍. ഉടനെ ശിമയോന്‍ പത്രോസ് വള്ളത്തില്‍ കയറി വലിയ മത്സ്യങ്ങള്‍ കൊണ്ടു നിറഞ്ഞ വല വലിച്ചു കരയ്ക്കു കയറ്റി. അതില്‍ നൂറ്റി അമ്പത്തി മൂന്ന് മത്സ്യങ്ങള്‍ ഉണ്ടായിരുന്നു. ഇത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല. യേശു പറഞ്ഞു, വന്ന് പ്രാതല്‍ കഴിക്കുവിന്‍. ശിഷ്യന്മാര്‍ ആരും അവനോട് നീ ആരാണ് എന്ന് ചോദിക്കാന്‍ മുതിര്‍ന്നില്ല. അത് കര്‍ത്താവാണെന്ന് അവര്‍ അറിഞ്ഞിരുന്നു. യേശു വന്ന് അപ്പമെടുത്ത് അവര്‍ക്ക് കൊടുത്തു. അതു പോലെ തന്നെ മത്സ്യവും. യേശു മരിച്ചവരില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുന്നത് ഇത് മൂന്നാം പ്രാവശ്യമാണ്.
സുവിശേഷ വിചിന്തനം
യോഹന്നാന്റെ സുവിശേഷം 21 ാം അധ്യായത്തില്‍ നാം കാണുന്നത് യേശു തിബേരിയൂസ് കടല്‍ത്തീരത്ത് വച്ച് ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുന്നതും പത്രോസിന് യേശുവിനോടുള്ള സ്‌നേഹം മൂന്നു തവണ പ്രകടിപ്പിക്കാന്‍ അവസരം കൊടുക്കുന്നതുമാണ്. 21 ാമത്തെ അധ്യായത്തില്‍ യോഹന്നാന്‍ തങ്ങളുടെ നേതാവായി യേശു നിശ്ചയിച്ച പത്രോസിനെ ആദരിക്കാന്‍ വേണ്ടി 21 വചനങ്ങള്‍ ചേര്‍ക്കുന്നുണ്ട്. യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസ് പിന്നീട് മൂന്ന് തവണ യേശുവിനോടുള്ള സ്‌നേഹം ഏറ്റു പറഞ്ഞു.
യേശു കാനായിലെ വിവാഹവിരുന്നില്‍ വച്ച് തന്റെ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിക്കുന്നത് ശിഷ്യന്മാര്‍ തന്നില്‍ വിശ്വസിക്കുന്നതിനു വേണ്ടിയാണ്. അതു പോലെ, തന്റെ ഉത്ഥാനത്തിന് ശേഷം ശിഷ്യന്മാരുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനു വേണ്ടി യേശു വീണ്ടും പ്രത്യക്ഷനാവുകയാണ്. അതിനു മുമ്പ് യേശു അവര്‍ക്ക് പല തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബൈബിളില്‍ രേഖപ്പെടുത്തപ്പെട്ട യേശുവിന്റെ ഉ്ത്ഥാനാനന്തര പ്രത്യക്ഷീകരണങ്ങള്‍ ഇവയാണ്.
1. ഉയിര്‍പ്പ് ഞായറാഴ്ച മേരി മഗ്ദലേനയ്ക്ക് പ്രത്യക്ഷപ്പെടുന്നു.
2. സമാന്തര സുവിശേഷത്തില്‍ പറയുന്നതു പോലെ ചില സ്ത്രീകള്‍ക്ക് പ്രത്യക്ഷപ്പെടുന്നു.
3. ഉയിര്‍പ്പ് ഞായറിന് ജറുസലേമില്‍ വച്ച് ശിമയോന്‍ പത്രോസിന് പ്രത്യക്ഷപ്പെടുന്നു
4. എമ്മാവൂസിലേക്കുള്ള യാത്രാമധ്യേ, ക്ലെയോപ്പാസിനും കൂട്ടാളിക്കും പ്രത്യക്ഷപ്പെടുന്നു
5. തോമസ് ഒഴികെയുള്ള ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷനാകുന്നു.
6. തോമസ് ഉള്ളപ്പോള്‍ ജറുസലേമില്‍ വച്ച് വീണ്ടും പ്രത്യക്ഷനാകുന്നു.
7. തിബേരിയൂസ് കടലില്‍ മീന്‍ പിടിച്ചു കൊണ്ടിരുന്ന ഏഴ് ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുന്നു.
8. ഉയിര്‍പ്പ് കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കു ശേഷം ഗലീലിയിലെ ഒരു മലമുകളില്‍ വച്ച് 11 ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷനാകുന്നു.
9. അഞ്ഞൂറിലേറെ പേര്‍ക്ക് ഒരേ സമയം പ്രത്യക്ഷനാകുന്നു.
10. തന്റെ സ്വര്‍ഗരോഹണത്തിന് മുന്വായി ആദ്യം ജറുസലേമിലും പിന്നെ ഒലീവ് മലയിലും അപ്പോസ്തലന്മാര്‍ക്ക് പ്രത്യക്ഷനാകുന്നു.
ഇതിന്‍ പ്രകാരം തിബേരിയൂസിലെ പ്രത്യക്ഷപ്പെടല്‍ ഉയിര്‍പ്പിന് ശേഷം ശിഷ്യന്മാര്‍ക്കു മുന്നില്‍ മൂന്നാം തവണയുള്ള പ്രത്യക്ഷപ്പെടലാണ്. തിബേരിയൂസ് കടല്‍ എന്നത് ഗലീലി കടലിന്റെ മറ്റൊരു പേരാണ്. യോഹന്നാന്‍ ഈ രണ്ടു പേരുകളും ഉപയോഗിക്കുന്നുണ്ട്. പരമ്പരാഗതമായി കടല്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ ഒരു ശുദ്ധജല തടാകമാണ്. ഗനേസറത്ത് തടാകം എന്നും കിന്നെറെത്ത് തടാകം എന്നും ഇത് അറിയപ്പെടുന്നു. ജോര്‍ദാന്‍ നദിയിലൂടെയും ഭൂഗര്‍ഭ ഉറവകളിലൂടെയും വെള്ളം ഇവിടേക്ക് ഒഴുകിയെത്തുന്നു. ഗലീലി കടലിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള തിബേരിയൂസ് നഗരത്തില്‍ നിന്നാണ് തിബേരുയൂസ് കടലിന് ആ പേര് വന്നത്. ഈ നഗരം ഏഡി 20 ല്‍ ഹേറോദേസ് അന്തിപ്പാസ് പണികഴിപ്പിച്ചതാണ്.
യേശു തിബേരിയൂസ് കടല്‍ത്തീരത്ത് പ്രത്യക്ഷപ്പെട്ടപ്പോള്‍ ഏഴ് ശിഷ്യന്മാരാണ് അവിടെ ഉണ്ടായിരുന്നത്. പത്രോസ്, തോമസ്, നഥാനിയേല്‍, സെബദീപുത്രന്മാരായ യാക്കോബും യോഹന്നാനും മറ്റു രണ്ടു പേരും. അവരുടെ പേരുകള്‍ യോഹന്നാന്‍ എടുത്തു പറയുന്നില്ല.
ഞാന്‍ വീണ്ടും മീന്‍ പിടിക്കുവാന്‍ വേണ്ടി പോവുകയാണെന്ന് പറയുന്നത് ശിമയോന്‍ പത്രോസാണ്. ഇത് പത്രോസിന്റെ നേതൃത്വ സ്വഭാവമാണ് കാണിക്കുന്നത്. മറ്റ് ഏഴു പേരും പത്രോസിന്റെ കൂടെ കുടുന്നു. പത്രോസ് പറയുന്നത് ശരിയാണെന്ന് അവര്‍ കരുതുന്നു. ഒരിക്കല്‍ മീന്‍പിടുത്തം ഉപേക്ഷിച്ച് യേശുവിന് പിന്നാലെ ഇറങ്ങിത്തിരിച്ചവരാണ് ശിഷ്യന്മാര്‍. അവര്‍ വീണ്ടും മീന്‍ പിടിക്കാന്‍ പോയത് ശരിയാണോ എന്നതിനെ കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ട്. യേശു ജീവിച്ചിരുന്നപ്പോള്‍ യേശുവിനും ശിഷ്യന്മാര്‍ക്കും ഭക്ഷണത്തിനാവശ്യമുള്ളതെല്ലാം കൊടുക്കാന്‍ ഭക്തസ്ത്രീകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരുമില്ലാതെ അവര്‍ പട്ടിണിയില്‍ ആയിപ്പോയിട്ടുണ്ടാകാം എന്ന് ഒരു കൂട്ടര്‍ പറയുന്നു.
യേശുവിന്റെ പരസ്യജീവിതകാലത്ത് അപ്പസ്‌തോലന്മാരുടേത് തിരക്കു പിടിച്ച ജീവിതമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രാര്‍ത്ഥിക്കാനല്ലാതെ അവര്‍ക്കൊന്നും ചെയ്യാനില്ല. അതിനാല്‍ ശാരീരികമായ അധ്വാനം എന്തെങ്കിലും ചെയ്യണം എന്നതു കൊണ്ടാണ് വീണ്ടും മീന്‍ പിടിക്കാന്‍ പോയതെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു.
മീന്‍ പിടിക്കുന്നതില്‍ പരാജയപ്പെട്ട് നിന്ന ശിഷ്യന്മാര്‍ക്ക് യേശു പുതിയൊരു ധാരണ കൊടുക്കുന്നു. മനുഷ്യരെ പിടിക്കുന്നവരാകുക. മീന്‍ പിടിച്ച് പരിചയമില്ലാത്ത യേശു പരിചയസമ്പന്നരായ അവര്‍ക്ക് പുതിയ പാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്നു.
യേശു അവരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആദ്യം അവര്‍ക്ക് മനസ്സിലാകുന്നില്ല. കാരണം, യേശുവിന്റെ ശരീരം ആത്മീയമായി രൂപാന്തരം പ്രാപിച്ചുകഴിഞ്ഞിരുന്നു. ലാസര്‍ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റെങ്കിലും അയാളുടേത് സാധാരണ മനുഷ്യശരീരം തന്നെയായിരുന്നു. അതേസമയം യേശുവിന് പ്രത്യക്ഷനാകാനും അപ്രത്യക്ഷനാകാനും സാധിച്ചിരുന്നു. യേശുവിന്റെ ഉയിര്‍ത്തെഴുന്നേറ്റ ശരീരം ഒരു ദൃഷ്ടാന്തമാണ്. രക്ഷിക്കപ്പെട്ടവരുടെ ഭൗമിക ശരീരം എങ്ങനെയാണ് സ്വര്‍ഗീയമായി രൂപാന്തരപ്പെടുന്നതിന്റെ ദൃഷ്ടാന്തം.
യേശു അവരെ കുഞ്ഞുങ്ങളേ എന്നാണ് അഭിസംബോധന ചെയ്യുന്നത്. എന്നാല്‍ അത് പ്രത്യേകിച്ച് വാത്സല്യത്തിന്റെയോ ഗാഢബന്ധത്തിന്റെയും പ്രകടനമായിട്ടല്ല. അപരിചിതരെയും അപ്രകാരം അഭിസംബോധന ചെയ്യുന്ന പതിവ് അവിടെയുണ്ടായിരുന്നു. താന്‍ ആരാണെന്ന് അവര്‍ക്ക് വെളിപ്പെടുത്താന്‍ പദ്ധതിയില്ലാതിരുന്നതിനാലാണ് യേശു അങ്ങനെ അഭിസംബോധന ചെയ്തത്. രാത്രി മുഴുവന്‍ തങ്ങളുടെ ഇടതു ഭാഗത്താണ് ശിഷ്യന്മാര്‍ വലയെറിഞ്ഞു കൊണ്ടിരുന്നത്. അവര്‍ക്കൊന്നും കിട്ടിയില്ല. തങ്ങളോട് വലതു ഭാഗത്തേക്ക് വലയെറിയാന്‍ പറയുന്നത് യേശുവാണെന്ന് അറിയാതെയാണ് അവര്‍ വലയെറിയുന്നത്. അവര്‍ക്ക് ലഭിച്ചത് അവിശ്വസനീയമാം വിധം നിറയെ മത്സ്യങ്ങലായിരുന്നു! അപ്പോള്‍ അവര്‍ക്ക് മനസ്സിലായി, അത് കര്‍ത്താവാണെന്ന്. പത്രോസ് അപ്പോള്‍ ധരിച്ചിരുന്നത് മുക്കുവര്‍ ധരിക്കുന്ന അല്പവസ്ത്രമായിരുന്നു. യേശുവിനോടുള്ള ആദരവ് നിമിത്തം അദ്ദേഹം മേലങ്കി എടുത്ത് ധരിച്ച് വെള്ളത്തിലേക്ക് എടുത്തു ചാടി. യേശുവിനെ കാണാനുള്ള ആകാംക്ഷയും വ്യഗ്രതയും സ്‌നേഹവും കൊണ്ട് ഇവിടെ പത്രോസ് തന്റെ കൂട്ടാളികളെയും വള്ളത്തെയുമെല്ലാം മറക്കുകയാണ്.
അവര്‍ കരയ്ക്കടുത്തപ്പോള്‍ തീ കൂട്ടിയിരിക്കുന്നതും അപ്പവും മത്സ്യവും കണ്ടു. യേശുവിന് അപ്പോള്‍ എവിടെ നിന്നാണ് മത്സ്യവും അപ്പവും ലഭിച്ചതെന്ന് ആര്‍ക്കും അറിയില്ല. മറ്റാരെങ്കിലും അവിടെ ഉണ്ടായിരുന്നതായി സുവിശേഷകന്‍ പറയുന്നുമില്ല. ഒന്നുകില്‍ യേശു തന്നെ മീന്‍ പിടിച്ചതാവാം. അല്ലെങ്കില്‍ ഒരു അത്ഭുതം പ്രവര്‍ത്തിച്ചതാവാം. യേശു അവര്‍ക്കൊരു കുടുംബാംഗത്തെ പോലെ ഭക്ഷണം വിളമ്പുന്നതാണ് നാം കാണുന്നത്.
153 മത്സ്യങ്ങളെയാണ് പത്രോസിന്റെ വലയില്‍ ലഭിച്ചത്. ഈ 153 ന് പല പണ്ഡിതന്‍മാരും പല അര്‍ത്ഥങ്ങള്‍ കൊടുക്കുന്നുണ്ട്. വി. സിറില്‍ ഓഫ് അലക്‌സാന്‍ഡ്രിയയുടെ അഭിപ്രായത്തില്‍ 153 എന്നത് 100+50+3 എന്നാണ്. പൂര്‍ണതയുടെ അക്കമായ 100 വിജാതീയരെ സൂചിപ്പിക്കുന്നു. 5 ഇസ്രായേല്‍ക്കാരാണ്. 2 പരിശുദ്ധ ത്രിത്വവും. വി. അഗസ്റ്റിനും വി. ജെറോമും വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നുണ്ട്.
സന്ദേശം
തന്റെ പരസ്യജീവിതകാലത്ത് എല്ലാത്തരം മനുഷ്യര്‍ക്കും യേശുവിനെ കാണാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഉയിര്‍പ്പിന് ശേഷം തന്റെ ശിഷ്യന്മാര്‍ക്ക് മുന്നില്‍ മാത്രമേ അവിടുന്ന് പ്രത്യക്ഷപ്പെട്ടുള്ളൂ. യേശുവില്‍ വിശ്വസിക്കുകയും അവിടുന്ന് പഠിപ്പിച്ചവ അനുവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ സ്വര്‍ഗത്തില്‍ യേശുവിനെ മുഖാമുഖം കാണാന്‍ സാധിക്കുകയുള്ളൂ. നമുക്ക് ഈ ഭാഗ്യത്തിനായി പ്രയത്‌നിക്കാം.
നിരാശരായി നിന്ന ശിഷ്യന്മാരുടെ അടുത്തേക്കാണ് യേശു പ്രത്യക്ഷപ്പെടുന്നത്. ദിവ്യബലിയിലൂടെ യേശു നമുക്ക് മുന്നില്‍ വീണ്ടും വീണ്ടും പ്രത്യക്ഷനാകുന്നു. അവിടുത്തെ നമുക്ക് ആദരവോടെ സ്വീകരിക്കാം.
അനുഭവസമ്പത്തുള്ള മുക്കുവര്‍ മീന്‍ കിട്ടാതെ നിന്നപ്പോള്‍ യേശു അവര്‍ക്ക് ശരിയായ വഴി കാണിച്ചു കൊടുക്കുകയും അവരുടെ വല നിറയുകയും ചെയ്യുന്നു. പിതാവിന്റെ വലതു ഭാഗത്തിരിക്കുകയാണെങ്കിലും യേശു തന്റെ സഭയിലൂടെ നമ്മുടെ ആത്മീയ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്്.
വിശന്നു തളര്‍ന്നവരായ ശിഷ്യന്മാര്‍ക്ക് യേശു ഒരു കുടുംബാംഗത്തെ പോലെ ഭക്ഷണം ഒരുക്കുന്നുണ്ട്. ഇതു പോലൊരു അനുഭവമാണ് യേശു നമുക്ക് ദിവ്യബലിയിലൂടെ നല്‍കുന്നത്.
യേശുവിനോട് അടുപ്പമുണ്ടായിരുന്ന യോഹന്നാനാണ് യേശുവിനെ ആ മങ്ങിയ വെളിച്ചത്തിലും ആദ്യം തിരിച്ചറിയുന്നത്. നാം യേശുവിനോട് അടുപ്പം കാത്തുസൂക്ഷിച്ചാല്‍ മറ്റുള്ളവരേക്കാള്‍ നന്നായി നമുക്ക് യേശുവിനെ തിരിച്ചറിയാന്‍ സാധിക്കും.
പ്രാര്‍ത്ഥന
യേശു നാഥാ,
കടലില്‍ വലയെറിഞ്ഞു ഒന്നും ലഭിക്കാതെ തളര്‍ന്നു നില്‍ക്കുകയായിരുന്ന ശിഷ്യന്മാര്‍ക്ക് പ്രഭാത ഭക്ഷണം ഒരുക്കി വിളമ്പിയതിലൂടെ എത്ര വലിയ കരുതലാണ് അങ്ങ് കാണിച്ചത്! അങ്ങയുടെ വാക്കുകള്‍ അനുസരിച്ച് വള്ളത്തിന്റെ വലതു ഭാഗത്തു വലയെറിഞ്ഞപ്പോള്‍ അവര്‍ക്ക് വല നിറയെ മത്സ്യം ലഭിച്ചു. അങ്ങയുടെ വചനങ്ങള്‍ കേട്ട് അനുസരിച്ചാല്‍ ഞങ്ങളുടെ ജീവിതം ധന്യമാകും എന്ന തിരിച്ചറിവു ഞങ്ങള്‍ക്ക് നല്‍കണമേ. ഞങ്ങള്‍ക്കായി കരുതുന്നവനേ, ഞങ്ങള്‍ അങ്ങയെ സ്‌നേഹിക്കുന്നു. അങ്ങേക്കു സ്‌തോത്രം.
ആമ്മേന്‍
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.