ഗ്വാദലൂപ്പെ മാതാവിന്റെ തിരുനാള്‍ സുവിശേഷ വിചിന്തനം
~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
ലോകത്തിലെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് ഒവര്‍ ലേഡി ഓഫ് ഗ്വാദലൂപ്പെ ബസിലിക്ക. 1531 ഡിസംബര്‍ 9 ന് വി. ജുവാന്‍ ഡിയേഗോയ്ക്ക് ലഭിച്ച പരിശദ്ധമാതാവിന്റെ ദര്‍ശനത്തെ ആധാരമാക്കിയാണ് കത്തോലിക്കാ സഭ ഗ്വാദലൂപ്പെ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്.
ഇന്ന് പള്ളികളില്‍ വായിക്കുന്ന തിരുവചന ഭാഗം വെളിപാട് ഗ്രന്ഥത്തിലെ 11: 9a, 12. 1 – 6a, 10 എന്നിവയാണ്.
പരിശുദ്ധമാതാവിന്റെ പ്രത്യക്ഷീകരണം
1525 ല്‍ ക്രിസ്തമതം സ്വീകരിച്ച വ്യക്തിയാണ് ജുവാന്‍ ഡിയേഗോ. 1531 ഡിസംബര്‍ 9 ാം തീയതി തന്റെ ഇടവകപ്പള്ളിയിലേക്ക് പോകുകയായിരുന്നു ഡിയേഗോ. ടെപയാക്ക് കുന്നുകളിലൂടെ കടന്നു പോകുന്നതിനിടയില്‍ ഡിയേഗോ ഒരു സ്വര്‍ഗീയ സംഗീതം കേട്ടു. വെളുത്ത ഒരു മേഘവും മഴവില്ലും ആകാശത്തു കണ്ടു. പെട്ടെന്ന് ഒരു സ്ത്രീശബ്ദം തന്നെ പേരു ചൊല്ലി വിളിക്കുന്നതു പോലെ ഡിയേഗോയ്ക്ക് അനുഭവപ്പെട്ടു. 130 അടി ഉയരത്തില്‍ കയറി ചെന്നപ്പോള്‍ അവിടെ ഒരു സ്ത്രീ നില്‍ക്കുന്നത് ഡിയേഗോ കണ്ടു.
ഞാന്‍ സത്യദൈവത്തിന്റെ മാതാവായ നിത്യകന്യകയായ മറിയം ആണെന്ന് ആ സ്ത്രീ സ്വയം പരിചയപ്പെടുത്തി. ജനങ്ങളുടെ ദുരിതങ്ങള്‍ സ്വര്‍ഗം കേട്ടുവെന്നും അവര്‍ക്ക് ആശ്വാസം അരുളും എന്നും മാതാവ് പറഞ്ഞു. തന്നെ കണ്ട കാര്യം മെക്‌സിക്കോ നഗരത്തിലെ മെത്രാനെ അറിയിക്കാന്‍ മാതാവ് ആവശ്യപ്പെട്ടു.
മെത്രാനെ കാണാന്‍ ആദ്യം ഡിയേഗോയ്ക്ക് അനുവാദം ലഭിച്ചില്ല. ഏറെ നേരം കാത്തു നിന്ന ശേഷമാണ് സ്പാനിഷ് മിഷണറിയായ ബിഷപ്പ് സുമാരാഗയെ കാണാന്‍ സാധിച്ചത്. കൂടുതല്‍ പരിശോധനയും വ്യക്തതയും വേണം എന്ന് പറഞ്ഞ് ബിഷപ്പ് ഡിയേഗോയെ തിരികെ അയച്ചു. മാതാവ് ആവശ്യപ്പെട്ടതിനുസരിച്ച് അടുത്ത ദിവസവും ഡിയേഡോ മെത്രാനെ കാണാന്‍ ചെന്നു. അപ്പോള്‍, ദര്‍ശനം ശരിയാണെന്ന് തെളിയിക്കാന്‍ ഒരു അടയാളം വേണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു.
ഈ നേരത്ത് ഡിയോഗോയുടെ അമ്മാവന്‍ വെടിയേറ്റ് മരണകരമായ ഒരു അവസ്ഥയിലായിരുന്നു. മാതാവിന്റെ അടുക്കല്‍ പോകാതെ ഡിയേഗോ അമ്മാവനായ ജുവാന്‍ ബെര്‍ണഡിനോയെ ചികിത്സിക്കാന്‍ പോയി.
പിറ്റേന്ന് അമ്മാവന് അന്ത്യകൂദാശ നല്‍കാന്‍ അച്ചനെ വിളിക്കാന്‍ പള്ളിയിലേക്ക് പോയപ്പോള്‍ മാതാവിനെ കാണാതിരിക്കാന്‍ വേറൊരു വഴിക്കാണ് ഡിയേഗോ പോയത്. അപ്പോള്‍, മാതാവ് ടെപ്പിയാക്ക് കുന്നിറങ്ങി വന്ന് ഡിയേഗോയുടെ മുന്നില്‍ നിന്നു. അമ്മാവന്‍ തീര്‍ച്ചയായും സുഖം പ്രാപിക്കും എന്ന് മാതാവ് ഉറപ്പു നല്‍കി.
തുടര്‍ന്ന്, കുന്നിന്‍ മുകളില്‍ പോയി അവിടെ വിടര്‍ന്നു നില്‍ക്കുന്ന പൂക്കള്‍ പറിച്ചു കൊണ്ടു വരാന്‍ അമ്മ ഡിയേഗോയോട് ആവശ്യപ്പെട്ടു. അത് മഞ്ഞുകാലമായിരുന്നതിനാല്‍ പൂക്കള്‍ വിടരാന്‍ യാതൊരു സാധ്യതയും ഇല്ലായിരുന്നു. അവിടെ ചെന്നപ്പോള്‍ മെക്‌സിക്കോയില്‍ സാധാരണ കാണപ്പെടാത്ത കാസ്റ്റിലയന്‍ റോസപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നു!
അത് ശേഖരിച്ച് തന്റെ മേലങ്കിക്കുള്ളില്‍ പൊതിഞ്ഞു പിടിച്ച് അദ്ദേഹം മെത്രാന്റെ അടുത്തേക്ക് ചെന്നു. (ഈ സമയം ഡിയേഗോയുടെ അമ്മാവനായ ജുവാന്‍ ബെര്‍ണഡിനോയ്ക്ക് മാതാവിന്റെ ദര്‍ശനം ലഭിക്കുകയും അയാള്‍ സുഖം പ്രാപിക്കുകയും ചെയ്തു).
മെത്രാന്റെ സന്നിധിയില്‍ എത്തിയ ഡിയേഗോ പൂക്കള്‍ കാണിക്കാനായി മേലങ്കി തുറന്ന നിമിഷത്തില്‍ കസ്റ്റീലിയന്‍ പൂക്കള്‍ ചിതറി വീണു. ബിഷപ്പ് ഞെട്ടിപ്പോയി. അതേ അടയാളം തന്നെയാണ് അദ്ദേഹവും ആഗ്രഹിച്ചിരുന്നത്. പൂക്കള്‍ വീണു കഴിഞ്ഞപ്പോള്‍ ഡിയേഗോയുടെ അങ്കിയില്‍ മാതാവിന്റെ വിശുദ്ധ രൂപവും കാണുമാറായി!
സന്ദേശം
നാം സഹായത്തിന് അപേക്ഷിക്കുമ്പോള്‍ പരിശുദ്ധ കന്യാമറിയം നമ്മുടെ കാര്യത്തില്‍ ഇടപെടുന്നു. മറിയത്തെ ആദരിക്കാത്ത ക്രിസ്തീയ വിഭാഗങ്ങള്‍ പരിശുദ്ധ അമ്മയുടെ ശക്തമായ മാധ്യസ്ഥ സഹായം നഷ്ടമാക്കുന്നു.
മറിയത്തിന്റെ നിത്യകന്യാത്വം അംഗീകരിക്കാത്തവരുണ്ട്. എന്നാല്‍, താന്‍ നിത്യകന്യകയാണെന്ന് പരിശുദ്ധ അമ്മ തന്നെ ജുവാന്‍ ഡിയേഗോയോട് അരുളിച്ചെയ്തു.
ആദ്യം ചെന്നപ്പോള്‍ ബിഷപ്പ്‌സ് ഹൗസില്‍ നല്ല സ്വീകരണമല്ല ജുവാന്‍ ഡിയേഗോയ്ക്ക് ലഭിച്ചത്. നമുക്കും ഭാഗ്യഹീനരായ ആളുകളോട് കരുണയും അനുഭാവവും ഉള്ളവരായിരിക്കാം.
അനേകരെ കത്തോലിക്കാ വിശ്വാസത്തിലേക്ക് ആനയിച്ച ഒരു അത്മായ മിഷണറിയായിരുന്നു ജുവാന്‍ ഡിയേഗോ. നമുക്കും നമ്മുടെ അത്മായ മിഷണറിമാരെ പ്രോത്സാഹിപ്പിക്കാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.