“സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്.”

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ സുവിശേഷ സന്ദേശം
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ കഴിഞ്ഞു വരുന്ന വ്യാഴാഴ്ചയാണ് പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ വരുന്നതെങ്കിലും ചില രൂപതകളില്‍ ജനത്തിന്റെ സൗകര്യാര്‍ത്ഥം അത് തുടര്‍ന്നു വരുന്ന ഞായറാഴ്ച ആഘോഷിക്കുന്നു. ഏഡി 1208 ല്‍ ഈശോ വി. ജൂലിയാനയോട് ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ തിരുനാള്‍ ആഘോഷിക്കാന്‍ ആരംഭിച്ചത്. 1246 ല്‍ ബെല്‍ജിയത്തിലും 1264 ല്‍ ആഗോളസഭയിലും ഈ തിരുനാള്‍ ആഘോഷം തുടങ്ങി.
ബൈബിള്‍ വായന
യോഹന്നാന് 6. 51 – 59
“സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്ന് ഭക്ഷിച്ചാല്‍ അവന് എന്നേക്കും ജീവിക്കും , ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ് . ഇതെപ്പറ്റി യഹൂദര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. തന്റെ ശരീരം നമുക്കു ഭക്ഷണമായിത്തരാന്‍ ഇവന് എങ്ങനെ കഴിയും എന്ന് അവര്‍ ചോദിച്ചു. യേശു പറഞ്ഞു ; സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന് ഉണ്ടായിരിക്കുകയില്ല . എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട് . അവസാനദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും . എന്തെന്നാല്‍, എന്റെ ശരീരം യഥാര്‍ഥ ഭക്ഷണമാണ് . എന്റെ രക്തം യഥാര്‍ഥ പാനീയവുമാണ് . എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു . ഞാന്‍ പിതാവുമൂലം ജീവിക്കുന്നു . അതുപോലെ , എന്നെ ഭക്ഷിക്കുന്നവന് ഞാന്‍ മൂലം ജീവിക്കും . ഇതു സ്വര്‍ഗത്തില്‍നിന്നിറങ്ങി വന്ന അപ്പമാണ് . പിതാക്കന്മാര് മന്നാ ഭക്ഷിച്ചു ; എങ്കിലും മരിച്ചു . അതുപോലെയല്ല ഈ അപ്പം . ഇതു ഭക്ഷിക്കുന്നവന് എന്നേക്കും ജീവിക്കും . കഫര്‍ണാമിലെ സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവന് ഇതു പറഞ്ഞത് .”
പശ്ചാത്തലം
അയ്യായിരം പേര്‍ക്കായി അപ്പം വര്‍ദ്ധിപ്പിച്ചു നല്കിയ യേശുവിനെ ജനങ്ങള്‍ ഒരു പ്രവാചകനായി കണക്കാക്കി. അവര്‍ യേശുവിനെ രാജാവാക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ യേശു അവിടെ നിന്ന് പിന്‍വാങ്ങി. എന്നാല്‍ അടുത്ത ദിവസം അവര്‍ യേശുവിനെ കണ്ടെത്തി. നശ്വരമായ അപ്പത്തിന് വേണ്ടി അധ്വാനിക്കാതെ മനുഷ്യപുത്രന് തരുന്ന അനശ്വരമായ അപ്പത്തിനായി അധ്വാനിക്കാന്‍ യേശു ആവശ്യപ്പെടുന്നു. സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി വന്ന ജീവനുള്ള അപ്പം ഞാനാകുന്നു എന്ന് യേശു പറയുന്നു.
ജീവനുള്ള അപ്പം
മനുഷ്യജീവന് നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ് അപ്പം. യേശു സ്വര്‍ഗത്തില്‍ നിന്നും വന്നത് മനുഷ്യാത്മാക്കളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയാണ്. ജീവന്റെ അപ്പമില്ലാതെ നമ്മുടെ ആത്മാക്കള്‍ക്ക് ജീവിക്കാന്‍ ആകുകയില്ല. നാം പല വിധ ഭക്ഷണസാധനങ്ങള്‍ ഭുജിക്കുന്നു. പഴങ്ങള്‍, മത്സ്യങ്ങള്‍, മാംസം തുടങ്ങിയവ. നമ്മുടെ ഭക്ഷണമാകുന്നവ ഒരു തരത്തില്‍ ഭാഗികമായ ത്യാഗം, ബലി അര്പിക്കുന്നുണ്ട്. അതു പോലെ യേശുവിന്റെ ആത്മത്യാഗം നമ്മുടെ ആത്മീയ ഭോജനത്തിന് അത്യാവശ്യമാണ്. ആത്മത്യാഗം വഴി അവിടുന്ന് നമ്മുടെ ആത്മാവിന്റെ അപ്പമായി.
സ്വര്‍ഗത്തില്‍ നിന്നു വന്ന അപ്പം
പഴയ നിയത്തില്‍ മന്നാ ദൈവം സ്വര്‍ഗത്തില്‍ നിന്ന് നല്‍കിയതാണെന്നാണ് വിശ്വാസം. ‘ഞാന്‍ നിങ്ങള്‍ക്കായി അപ്പം സ്വര്‍ഗത്തില്‍ നിന്ന് ചൊരിയാന്‍ പോകുന്നു (പുറ. 16.4). അന്ന് സായാഹ്നമായപ്പോള്‍ വെട്ടുകിളികള്‍ വന്ന് അവരുടെ കൂടാരങ്ങള്‍ മൂടി. രാവിലെ മഞ്ഞു പാളികള്‍ പോലെ കാണപ്പെട്ടു. ഇസ്രായേല്‍ക്കാര്‍ മന്നാ ഉടമ്പടി പേടകത്തില്‍ സൂക്ഷിച്ചിരുന്നു. അതുപോലെ, പുതിയ നിയമത്തില്‍, പരിശുദ്ധ കുര്‍ബാനയാകുന്ന പുതിയ മന്നാ സക്രാരിയില്‍ സൂക്ഷിക്കപ്പെടുന്നു.
നിത്യജീവന് പ്രാപിക്കണമെങ്കില്‍, യേശുവിന്റെ ശരീരവും രക്തവുമാകുന്ന ജീവനുള്ള അപ്പം ഭക്ഷിക്കണം. ഭൗതിക ഭക്ഷണം കഴിച്ചാല്‍ മരണം വരെ ജീവന് നിലനിര്‍ത്താനേ സാധിക്കുകയുള്ളൂ. എന്നാല്‍ യേശു നല്കുന്ന അപ്പം നമ്മുടെ ആത്മാവിനെ പോഷിപ്പിക്കുന്നു.
എന്നാല്‍, യേശു പറഞ്ഞതിന്റെ അര്‍ത്ഥം യഹൂദര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. അവരെ സംബന്ധിച്ച് മനുഷ്യരുടെയോ ജീവനുള്ള സൃഷ്ടികളുടെയോ മാംസം ഭുജിക്കുന്നത് നിയമവിരുദ്ധമായിരുന്നു. ചിലര്‍ യേശുവിന്റെ വാക്കുകള്‍ വാച്യാര്‍ത്ഥത്തില്‍ എടുത്തപ്പോള്‍ മറ്റു ചിലര്‍ അത് പ്രതീകാത്മകമായ അര്‍ഥത്തില്‍ എടുത്തു.
യഹൂദര്‍ ഇതെ ചൊല്ലി തര്‍ക്കിച്ചു കൊണ്ടു നില്ക്കുമ്പോള് യേശു വീണ്ടും അക്കാര്യം ഊന്നിപ്പറയുകയാണ്. സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, നിങ്ങള്‍ എന്റെ ശരീരം ഭക്ഷിക്കുന്നില്ലെങ്കില്‍… ഇത് നമ്മെ ഓര്‍മിപ്പിക്കുന്നത് ഈജിപ്തിലെ ആദ്യത്തെ പെസഹാ ഭക്ഷണമാണ്. യേശു ഈ ബലിക്ക് പൂര്‍ണത നല്കി.
പെസഹായ്ക്ക്് ഒരു രണ്ടാം ഭാഗമുണ്ട്. അത് പാകം ചെയ്ത പെസഹാ കുഞ്ഞാടിന്റെ മാംസം പുളിപ്പില്ലാത്ത അപ്പവും കയ്പില്ലാത്ത ഇലകളും ചേര്‍ത്ത് ഭുജിക്കലാണ്. നാം വിശുദ്ധ കുര്‍ബാനയില്‍ പങ്കു കൊള്ളുമ്പോള്‍ യേശുവിന്റെ ബലിയിലാണ് നാം പങ്കു കൊള്ളുന്നത്. യേശുവിന്റെ ശരീരം ഭക്ഷിക്കുമ്പോള്‍ മാത്രമാണ് വി. കുര്‍ബാന പൂര്‍ണമാകുന്നത്.
യേശുവിന്റെ തിരുരക്തം
സൃഷ്ടിയുടെ കാലം മുതല്‍ മഹാപ്രളയം വരെ മനുഷ്യരും മൃഗങ്ങളും സസ്യഭുക്കുകളായിരുന്നു എന്ന് ബൈബിള്‍ പറയുന്നു (1: 29 – 30). എന്നാല്‍ പ്രളയത്തിന് ശേഷം ദൈവം ഈ നിയമം മാറ്റുകയും സസ്യങ്ങള്‍ക്കൊപ്പം മാംസവും കഴിക്കാന്‍ മനുഷ്യര്‍ക്ക് അനുവാദം നല്‍കുകയും ചെയ്തു. എന്നാല്‍ രക്തമുള്ള മാംസത്തില്‍ നിന്ന് ഭക്ഷിക്കരുതെന്ന് ദൈവം നിഷ്കര്‍ഷിച്ചിരുന്നു (ഉല് 9: 4). കാരണം എല്ലാ ജീവികളുടെയും രക്തത്തിലാണ് അവയുടെ ജീവന് അടങ്ങിയിരുന്നത്.
രക്തം കുടിക്കരുതെന്ന് തോറ അനുശാസിച്ചിരുന്നതിനാല് തന്റെ രക്തം കുടിക്കുവിന്‍ എന്ന് യേശു പറഞ്ഞതിനോട് യോജിക്കാന്‍ യഹൂദര്‍ക്ക് സാധിച്ചില്ല. എന്നാല്‍ യേശു ഉദ്ദേശിച്ചത് മറ്റൊരു അര്‍ത്ഥത്തിലായിരുന്നു. തന്റെ തിരുരക്തം വഴി തന്റെ ജീവന് തന്നെയാണ് യേശു മനുഷ്യര്‍ക്കായി അര്‍പ്പിച്ചത്. അതിനാല്‍ നാം പരിശുദ്ധ കുര്‍ബാനയില്‍ യേശുവിന്റെ രക്തം പാനം ചെയ്യുമ്പോള്‍ അവിടുന്ന് ദൈവത്തിന്റെ ആലയമായ നമ്മുടെ ഉള്ളില്‍ വസിക്കും.
പഴയ നിയമത്തിലെ കാഴ്ചയപ്പവും ഇന്നത്തെ സക്രാരിയിലുള്ള വി. കുര്‍ബാനയും
ഇന്ന് കത്തോലിക്കാ പള്ളികളില്‍ കാണുന്ന സക്രാരികളുടെ മുന്‍നിഴലായിരുന്നു പഴയ നിയമത്തിലെ കാഴ്ചയപ്പം. ഇസ്രായേലിലെ 12 വംശങ്ങളെ പ്രതിനിധീകരിച്ച് 12 അപ്പം അടങ്ങിയതാണ് ഈ കാഴ്ചയപ്പം. അക്കേഷ്യ മരത്തില്‍ തീര്‍ത്ത് സ്വര്‍ണം പൂശിയ ഒരു മേശയില്‍ രണ്ടു തട്ടായി പുരോഹിതന് ഈ കാഴ്ചയപ്പം അടുക്കിവച്ചിരുന്നു. സാന്നിധ്യത്തിന്റെ അപ്പം എന്നാണ് ഇസ്രായേല്‍ക്കാര്‍ ഇതിനെ വിളിച്ചിരുന്നത്. എല്ലാ സാബത്തു ദിവസവും പുരോഹിതന് ഈ അപ്പം എടുത്തു മാറ്റി പുതിയവ വച്ചിരുന്നു.
പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ആരംഭം
ലത്തീന്‍ ഭാഷയില്‍ കോര്‍പസ് ക്രിസ്തി എന്നറിയപ്പെടുന്ന യേശുവിന്റെ തിരുശരീര രക്തങ്ങളുടെ അഥവാ പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ 13 ാം നൂറ്റാണ്ടു വരെ പെസഹാ വ്യാഴത്തില്‍ നിന്ന് വ്യത്യസ്ഥമായ ഒരു തിരുനാള്‍ ആയിരുന്നില്ല. പരിശുദ്ധ കുര്‍ബാനയിലുള്ള യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യമാണ് ആ തിരുനാളിന് സഭ അനുസ്മരിക്കുന്നത്. ഒരു ദിവ്യകാരുണ്യ അത്ഭുതവും വി. ജൂലിയാനയ്ക്ക് ലഭിച്ച ദര്‍ശനവുമാണ് ഈ തിരുനാളിന്റെ ജനപ്രീതിക്ക്് കാരണമായത്.
വി. ജൂലിയാനയുടെ ദര്‍ശനങ്ങള്‍
ജൂലിയാനയും ഇരട്ട സഹോദരി ആഗ്നസും അഞ്ചാം വയസ്സു മുതല്‍ അനാഥരായി. ബെല്ജീയത്തിലെ അഗസ്റ്റീനിയില് കോണ്‍വെന്റില്‍ വിദ്യാഭ്യാസം നേടിയ ജൂലിയാന 13 ാം വയസ്സില്‍ അതേ മഠത്തില്‍ ചേരുകയും പിന്നീട് അവിടത്തെ സുപ്പീരിയര്‍ ആകുകയും ചെയ്തു. അവള് പരിശുദ്ധ കുര്‍ബാനയുടെ വലിയ ഭക്തയായിരുന്നു. 16 ാം വയസ്സില്‍ അവള്‍ക്ക് യേശുവിന്റെ ദര്‍ശനം ലഭിച്ചു. പരിശുദ്ധ കുര്‍ബാന സംബന്ധിച്ച നിരവധി രഹസ്യങ്ങള്‍ അവള്‍ക്ക് വെളിപ്പെടുത്തപ്പെട്ടു. പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ സ്ഥാപിക്കാന്‍ അധികാരികളോട് പറയാന്‍ യേശു അവളോട് ആവശ്യപ്പെട്ടു. 1208 മുതല്‍ 20 വര്‍ഷത്തോളം ദര്‍ശനങ്ങള്‍ തുടര്‍ന്നു.
ഇക്കാര്യം അവള് അവിടത്തെ അധികാരികളെ അറിയിക്കുകയും സ്ഥലത്തെ ബിഷപ്പ് റോബര്‍ട്ട് ഒരു സിനഡ് വിളിച്ചു ചേര്‍്ത്ത് 1246 ല്‍ പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ രൂപതയില്‍ എങ്ങും ആഘോഷിക്കന് ഉത്തരവിടുകയും ചെയ്തു.
ദിവ്യകാരുണ്യ അത്ഭുതം
13 ാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞന്മാര്ക്കിടയില് ഒരു സംശയം ഉടലെടുത്തി. യഥാര്‍ത്ഥത്തില്‍ യേശുവിന്റെ സാന്നിധ്യം പരിശുദ്ധ കുര്ബാനയിലുണ്ടോ? ഫാ. പീറ്റര്‍ ഓഫ് പ്രേഗ് എന്ന ജര്‍മന്‍കാരനായ പുരോഹിതനും ഇതേ സംശയമുണ്ടായി. എന്നാല്‍ 1263 ല്‍ ഇറ്റലിയിലുള്ള ബോള്‍സെനയിലെ വി. ക്രിസ്തീനയുടെ നാമധേയത്തിലുള്ള പള്ളിയില്‍ വച്ച് അദ്ദേഹം ദിവ്യബലി അര്‍പ്പിച്ചു കൊണ്ടു നില്ക്കുമ്പോള് ഒരു ദിവ്യകാരുണ്യ അത്ഭുതം നടന്നു. ഇത് എന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നു എന്ന പ്രാര്‍ത്ഥന ചൊല്ലിയപ്പോള്‍ ഓസ്തിയില് നിന്ന് രക്തം ഒഴുകി അള്‍ത്താരയില്‍ പടര്‍ന്നു. ഈ സംഭവം ഫാ. പീറ്റര്‍ അന്നത്തെ പാപ്പാ ആയിരുന്ന അര്‍ബന്‍ നാലാമനെ അറിയിച്ചു. അദ്ദേഹം സത്യാവസ്ഥ പരിശോധിക്കാന്‍ പണ്ഡിതന്മാരെ ഏര്‍പ്പാട് ചെയ്യുകയും അത്ഭുതം സത്യമാണെന്ന് തെളിയുകയും ബോധ്യപ്പെടുകയും ചെയ്തു.
ഈ ദിവ്യകാരുണ്യ അത്ഭുതവും വി. ജൂലിയാനയുടെ ദര്‍ശനവും പരിശുദ്ധ കുര്‍ബാനയുടെ തിരുനാളിന്റെ സ്ഥാപനത്തിന് കാരണമായി.
സന്ദേശം
നമുക്ക് അനുദിനം ആവശ്യമായ ആത്മീയവും ഭൗതികവുമായ അപ്പം നല്കുന്ന നല്ല തമ്പുരാന് നമുക്ക് നന്ദിയര്‍പ്പിക്കാം. ദൈവത്തിന്റെ സഹായമില്ലാതെ അപ്പം ഉല്പാദിപ്പിക്കാനുള്ള മനുഷ്യന്റെ പ്രയത്നം പാഴാണ്.
സക്രാരി സൂക്ഷിച്ചിരിക്കുന്ന, ദിവ്യനാഥന് പള്ളി കൊള്ളുന്ന ദേവാലയങ്ങളില്‍ നമുക്ക് ഭവ്യതയോടും ഭക്തിയോടും കൂടെ വര്‍ത്തിക്കാം. സക്രാരിയില്‍ എഴുന്നള്ളിയിരിക്കുന്നത് യേശു നാഥന് തന്നെയാണെന്ന് ഉറപ്പായി വിശ്വസിക്കാം.
പലപ്പോഴും ദിവ്യകാരുണ്യ സ്വീകരണം നമുക്ക് ഒരു പതിവുശീലമായി മാറിപ്പോകാറുണ്ട്. വേണ്ടത്ര ഒരുക്കമില്ലാതെയും ഭക്തിയും വിശ്വാസവും ഇല്ലാതെയും ദിവ്യകാരുണ്യം സ്വീകരിച്ച സന്ദര്ഭങ്ങളെയോര്ത്തന് നമുക്ക് പശ്ചാത്തപിക്കുകയും മേല്‍ ഭക്തിവിശ്വാസങ്ങളോടെ ദിവ്യബലിയില്‍ സംബന്ധിക്കുന്നതാണെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്യാം.
പലപ്പോഴും എളിയ മനുഷ്യര്‍ക്കാണ് യേശു തന്റെ ദര്‍ശനങ്ങള്‍ നല്‍കുന്നത്. പരിശുദ്ധ കുര്‍ബാനയെ കുറിച്ചുള്ള ദര്‍ശനം യേശു നല്‍കിയത് മാര്പാപ്പാമാര്ക്കോ മെത്രാന്മാര്ക്കോ ദൈവശാസ്ത്ര പണ്ഡിതന്മാര്ക്കോ അല്ല, ജൂലിയാന എന്നു പേരുള്ള ഒരു എളിയ കന്യാസ്ത്രീക്കാണ്. നമുക്കും എളിമയും ലാളിത്യവും ജീവിതത്തില്‍ പകര്‍ത്താം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.