ദൈവനിഷേധത്തിനു മേല്‍ സൂര്യന്‍ നൃത്തമാടിയപ്പോള്‍!

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

 

ദൈവത്തെ നിഷേധിക്കുന്ന ആശയങ്ങള്‍ പ്രബലമായിരുന്ന കാലമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍. ദൈവം മരിച്ചു എന്ന് പ്രഖ്യാപിച്ച ജര്‍മന്‍ ചിന്തകന്‍ നീഷേയുടെ അഭിപ്രായത്തോട് സമാനമായ ഒട്ടേറെ രചനകളും സിദ്ധാന്തങ്ങളും അക്കാലത്ത് പ്രചാരത്തിലിരുന്നു.

‘അക്കാലത്ത് പ്രബലമായിരുന്ന ദൈവനിഷേധപരമായ തത്വചിന്തകള്‍ക്കും രചനകള്‍ക്കും ഒരു ആഘാതമേല്‍പ്പിച്ചു കൊണ്ടാണ് പരിശുദ്ധ കന്യാമറിയം ഫാത്തിമായില്‍ പ്രത്യക്ഷയായത്’ എന്ന് ദൈവശാസ്ത്രജ്ഞനായ ഡോ. മാര്‍ക്കോ ഡാനിയേല്‍ ദുവാര്‍ത്തേ പറയുന്നു.

ഫാത്തിമായിലെ ഏറ്റവും വലിയ അത്ഭുതമായ സൂര്യന്റെ നൃത്തം കണ്ടത് പതിനായിരക്കണക്കിന് ആളുകളാണ്. അവരില്‍ ഏറെ പേരും അവിശ്വാസികളും ബുദ്ധിജീവികളും പത്രപ്രവര്‍ത്തകരുമൊക്കെ ആയിരുന്നു എന്നത് ദൈവത്തെ നിഷേധിച്ചിരുന്ന ഒരു കാലഘട്ടത്തിലേക്ക് വെളിച്ചം വിതറിയ വിശ്വാസത്തിന്റെ രശ്മികളായിരുന്നു.
യുദ്ധ കലുഷിതമായ ലോകസാഹചര്യത്തിലേക്കാണ് പരിശുദ്ധ കന്യാമറിയം പ്രതീക്ഷയുടെ സന്ദേശവുമായി പ്രത്യക്ഷയായത്. ഒന്നാം ലോക മഹായുദ്ധം ഏല്‍പിച്ച ആഘാതം മൂലം വിശ്വാസം കലങ്ങി, ദാരിദ്ര്യവും കഷ്ടതയും മൂലം പ്രത്യാശ നഷ്ടപ്പെട്ടു പോയ ജീവിതങ്ങളെ വീണ്ടും ദൈവാശ്രയത്വത്തിന്റെ പ്രകാശഭൂമികയിലേക്ക് ആ മരിയന്‍ പ്രത്യക്ഷീകരണം കൈപിടിച്ചുയര്‍ത്തി.
‘മനുഷ്യര്‍ പരസ്പരം യുദ്ധത്തില്‍ ഏര്‍പ്പെട്ട് നരഹത്യയില്‍ ഏര്‍പ്പെടുമ്പോഴും ദൈവം ഇപ്പോഴും മനുഷ്യര്‍ക്കിടയില്‍ ജീവിക്കുന്നു,’ എന്നു പറഞ്ഞു കൊണ്ട് ഫാത്തിമായില്‍ മാതാവ് വന്നു!

ഫാത്തിമായില്‍ മരിയന്‍ പ്രത്യക്ഷീകരണം നടന്ന 1917 ല്‍ എന്തായിരുന്നു, പോര്‍ച്ചുഗലിലെ അവസ്ഥ? മറ്റെല്ലാ രാജ്യങ്ങളെയും പോലെ പോര്‍ച്ചുഗലും യുദ്ധത്തിന്റെ വക്കിലായിരുന്നു. യുദ്ധത്തിന്റെ ആരംഭത്തില്‍ നിഷ്പക്ഷമായി നിന്നിരുന്നുവെങ്കിലും ബ്രിട്ടനുമായുള്ള വാണിജ്യവും ആഫ്രിക്കയിലെ തങ്ങളുടെ കോളനികളും സംരക്ഷിക്കേണ്ടതുണ്ടായിരുന്നതിനാല്‍ പിന്നീട് ഐക്യകക്ഷികളുടെ ഒപ്പം ചേര്‍ന്നു. യുദ്ധത്തില്‍ രണ്ടേകാല്‍ ലക്ഷത്തോളം പോര്‍ച്ചുഗീസുകാര്‍ക്ക് ജീവന്‍ നഷ്ടമായി. ക്ഷാമവും സ്പാനിഷ് ഫ്‌ളൂ എന്ന രോഗവുമെല്ലാം അതിന് കാരണമായി.

ഫ്രീമേസണറിയുടെ സമ്മര്‍ദ്ധത്തിന് വഴങ്ങി കത്തോലിക്കാ സഭയെയും സ്‌റ്റേറ്റിനെയും വേര്‍പെടുത്തുന്ന പുതിയ ഭരണഘടന പോര്‍ച്ചുഗല്‍ തയ്യാറാക്കിയിരുന്നു. പോര്‍ച്ചൂഗീസ് ജീവിതത്തിന്റെ ആത്മാവായിരുന്ന വിശ്വാസം നിരസിക്കുന്ന നയങ്ങളാണ് അതില്‍ ഉണ്ടായിരുന്നത്. കത്തോലിക്കാ പള്ളികളും സ്‌കൂളുകളും സര്‍ക്കാര്‍ പിടിച്ചെടുത്തു. പരസ്യമായി പുരോഹിത വസ്ത്രം ധരിക്കരുത്, പള്ളിമണികള്‍ മുഴക്കരുത്, തിരുനാളുകള്‍ ആഘോഷിക്കരുത് തുടങ്ങിയ കല്‍പനകള്‍ നിലവില്‍ വന്നു. 1911 മുതല്‍ 1916 വരെയുള്ള കാലഘട്ടത്തില്‍ പുരോഹിതരും കന്യാസ്ത്രീകളും സന്ന്യാസികളുമടക്കം 2000 പേര്‍ കൊല്ലപ്പെട്ടു.

ഈ ദുരിതസാഹചര്യത്തിലാണ് ഫാത്തിമായില്‍ മൂന്നു കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടു കൊണ്ട് പരിശുദ്ധ കന്യാമാതാവിന്റെ വരവ്. ആ ദര്‍ശനങ്ങള്‍ സത്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒരു മഹാത്ഭുതം പൊതുജനങ്ങള്‍ക്ക് കാണാനായി താന്‍ നിര്‍വഹിക്കുമെന്ന് മാതാവ് ഉറപ്പു നല്‍കിയത്. അതാണ് വിശ്വ വിഖ്യാതമായ ‘സൂര്യവിസ്മയം’ അഥവാ ‘സൂര്യനൃത്തം’. 1917 ഒക്ടോബര്‍ 13 നാണ് ആ വിസ്മയകരമായ ആ അത്ഭുതം സംഭവിച്ചത്. എഴുപതിനായിരം പേര്‍ അത് നഗ്ന നേത്രങ്ങളാല്‍ കണ്ടു എന്നാണ് റിപ്പോര്‍ട്ട്.

പെരുമഴ പെയ്ത് ഈറനായിരുന്ന ആകാശം പെട്ടെന്ന് ഉണങ്ങിപ്പോയി. സൂര്യന്‍ നൃത്തം ചെയ്ത സമയം കൊണ്ട് നനഞ്ഞ് ചെളി കെട്ടി കിടന്നിരുന്ന മൈതാനം ഉണങ്ങി വരണ്ടു പോയി എന്ന് സാക്ഷ്യങ്ങള്‍. സൂര്യന്റെ മേല്‍ സുതാര്യമായ ഒരു പടലം വന്നു വീഴുകയും ജനങ്ങള്‍ക്ക് നേരെ സൂര്യനെ നോക്കാന്‍ സാധിക്കുകയും ചെയ്തു. മഴവില്ലുപോലെ പലവര്‍ണങ്ങള്‍ മൈതാനത്ത് പടര്‍ന്നൊഴുകി. തുടര്‍ന്ന്, സൂര്യന്‍ വട്ടം കറങ്ങാന്‍ തുടങ്ങി. അത് ഭൂമിയുടെ നേര്‍ക്കു വരികയും പെട്ടെന്ന് തന്നെ പിന്‍വാങ്ങി തല്‍സ്ഥാനത്ത് തിരികെ എത്തുകയും ചെയ്തു.

ദൈവനിഷേധത്തിന്റെ മേല്‍ ഒരു വെള്ളിടി പോലെയായിരുന്നു, ആ അത്ഭുതമെന്ന് ഡോ. ദുവാര്‍ത്തേ പറയുന്നു. ആദ്യമായി ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ഒരു കത്തോലിക്കാ വിരുദ്ധ പത്രമായിരുന്നു. ഫ്രീമേസന്‍കാര്‍ നടത്തിയിരുന്ന ഓ സെക്കുലോ എന്ന പത്രം. കുട്ടികള്‍ പറയുന്ന കാര്യങ്ങളെല്ലാം സത്യമാണ് എന്നതിന്റെ തെളിവായിരുന്നു, ആ അത്ഭുതം എന്ന് ഡോ. ദുവാര്‍ത്തേ പറയുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles