ഫാത്തിമ ദര്‍ശനം – ആധുനിക കാലത്തെ ഏറ്റവും വലിയ മരിയന്‍ അനുഭവം
(ഫാത്തിമ ദര്‍ശനം – ഒന്നാം ഭാഗം…)
തിരുസഭ അംഗീകരിച്ചിട്ടുള്ള മറിയത്തിന്റെ പ്രത്യക്ഷീകരണങ്ങളില്‍ നമ്മുടെ കാലവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നത് ഫാത്തിമായില്‍ നടന്ന പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണമാണ്. കന്യകാമറിയത്തിന്റെ ദര്‍ശനങ്ങളുടെ സമയത്ത് ലൂസിയയ്ക്കും, ഫ്രാന്‍സിസ്‌ക്കോയ്ക്കും, ജസീന്തയ്ക്കും യഥാക്രമം 10 ,9 , 7 വയസായിരുന്നു പ്രായം. ഫാത്തിമ എന്ന കൊച്ചു പട്ടണത്തിന്റെ കീഴിലുള്ള അല്‍ജുസ്‌ത്രേല്‍ ഗ്രാമത്തിലാണ് കുട്ടികള്‍ മൂന്നു പേരും കഴിഞ്ഞിരുന്നത്. ലിരീയിലേക്ക് പോകുന്ന നിരത്തില്‍ ഫാത്തിമയില്‍ നിന്ന് ഏകദേശം ഒന്നര മൈല്‍ അകലെ ലൂസിയയുടെ മാതാപിതാക്കളുടെ വക കോവാ ദ ഇരിയ എന്ന ഒരു തുണ്ട് പുരയിടത്തിലാണ് ദര്‍ശനങ്ങള്‍ നടന്നത്. മൂന്ന് അടിയില്‍ അല്പം കൂടുതല്‍ ഉയരമുള്ള ഒരു നിത്യ ഹരിത കരുവേല മരത്തിന്റെ മുകളിലാണ് അമ്മ പ്രത്യക്ഷപ്പെട്ടത്. കൂട്ടത്തിലെ ആണ്‍ കുട്ടിയായ ഫ്രാന്‌സിസ്‌കോയ്ക്ക് അമ്മയെ കാണാന്‍ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. അവന് അമ്മയെ ശ്രവിക്കാന്‍ പറ്റുമായിരുന്നില്ല. ജസീന്തയ്ക്ക്ക് കാണാനും കേള്‍ക്കാനും സാധിക്കുമായിരുന്നു. പരിശുദ്ധ അമ്മയോട് സംസാരിച്ചിരുന്നത് ലൂസിയ ആണ്. ദര്‍ശനങ്ങള്‍ നടന്നത് ഏതാണ്ട് മധ്യാഹ്ന സമയത്തായിരുന്നു.
മാലാഖയുടെ രണ്ടു ദര്‍ശനങ്ങള്‍
പോര്‍ത്തുഗലിന്റെ മാലാഖ കുട്ടികളെ ഒരുക്കുന്നതിനായി മൂന്ന് തവണ കുട്ടികള്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു എന്ന് കുട്ടികള്‍ പറയുന്നുണ്ട്. ലൂസിയയുടെ വിവരണത്തില്‍ നിന്നും നമുക്ക് അത് മനസിലാക്കാം.മാലാഖയോടൊപ്പം പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുന്നുമുണ്ട്. മൂന്ന് തവണയുള്ള മാലാഖയുടെ വരവില്‍ കുട്ടികള്‍ അത്യന്തം വിസ്മയഭരിതരും ആനന്ദ പരവശരുമായിരുന്നു.
ആദ്യത്തെ ദര്‍ശനം: 1917 മെയ്യ് 13
കോവ ദ ഇരിയയില്‍ കളിച്ചു കൊണ്ടിരിക്കെ മൂന്ന് കുട്ടികളും ഇടിവാള്‍ പോലുള്ള മിന്നല്‍ പ്പിണരുകള്‍ കാണുകയും പിന്നെ കരുവേലക മരത്തിന്റെ മുകളില്‍ അമ്മ വരികയുമായിരുന്നു. ലൂസിയയുടെ വിവരണമനുസരിച്ച് ഇങ്ങനെ പറയുന്നു” മുഴു വെള്ള വസ്ത്രമണിഞ്ഞതും സൂര്യനെക്കാള്‍ ഏറെ ശോഭിച്ചതും വെള്ളം നിറഞ്ഞ ഒരു പളുങ്ക് പാത്രത്തേക്കാള്‍ ഏറെ ഉജ്ജലവും തീക്ഷണവും പ്രകാശം ചൊരിയുന്നതുമായ ഒരു മാന്യ സ്ത്രീ ആയിരുന്നു അവര്‍. വര്‍ണ്ണാനീതമായ അഴകോടു കൂടിയ അവരുടെ മുഖം ദുഖാന്മകമോ സന്തുഷ്ടമോ ആയിരുന്നില്ല ഗൌരവ മട്ടിലായിരുന്നു താനും. മൃദുവായ ഒരു ശകാരത്തിന്റെ ഭാവത്തിലും. പ്രാര്‍ഥിക്കുന്ന മട്ടില്‍ ചേര്‍ത്തു വച്ചിരിക്കുന്ന അവരുടെ കൈകള്‍ നെഞ്ചത്ത് വിശ്രമിച്ചു. മുകളിലേക്ക് കൂര്‍പ്പിച്ചു കൊണ്ട് വലതു കൈയില്‍ നിന്നും ഒരു കൊന്ത തൂങ്ങി കിടന്നിരുന്നു. അവരുടെ വസ്ത്രങ്ങള്‍, പ്രകാശത്താല്‍ തീര്‍ത്തത് പോലെയും തോന്നിച്ചു. ഉള്ളുടുപ്പ് വെള്ള നിറമായിരുന്നു. വെള്ള നിറമുള്ളതും സ്വര്‍ണ്ണത്തില്‍ അരികു തീര്ത്തതുമായ കന്യകയുടെ മൂട് പടം ശിരസ്സ് മൂടി കാലുകള്‍ വരെ കിടന്നിരുന്നു. അവരുടെ മുടിയോ ചെവികളോ കാണാന്‍ സാധിക്കില്ലായിരുന്നു. ഒരിക്കല്‍ പോലും ലൂസിയക്ക് അവരുടെ മുഖ ഭാവം വിവരിക്കാന്‍ സാധ്യമായില്ല. കാരണം കണ്ണഞ്ചിപ്പിക്കുന്ന ആ സ്വര്‍ഗീയ മുഖത്തില്‍ തന്റെ നോട്ടം ഉറപ്പിക്കുക അവര്‍ക്ക് അസാധ്യമായിരുന്നു. അവര്‍ തമ്മിലുള്ള സംഭാഷണം ഇങ്ങനെ അമേരിക്കക്കാരനായ വാല്‍ഷ് എന്ന ഗ്രന്ഥകാരനോട് ലൂസിയ പറഞ്ഞു. അത് വാല്‍ഷ് രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ ആയിരുന്നു.
കന്യകാമാതാവ് : ഭയപ്പെടരുത് ; ഞാന്‍ നിങ്ങളെ ദ്രോഹിക്കുകയില്ല .
ലൂസിയ : കാരുണ്യമൂര്‍ത്തി അങ്ങ് എവിടെന്നാണ്?
കന്യകാമാതാവ് : ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ( ആകാശത്തേക്ക് ചൂണ്ടിക്കാട്ടുന്നു )
ലൂസിയ : എന്നില്‍ നിന്നും എന്താണ് അങ്ങ് ആഗ്രഹിക്കുന്നത്?
കന്യകാമാതാവ് : ഇടവിടാതെ ആറുമാസം ഓരോ മാസത്തിന്റെയും പതിമൂന്നാം തീയതി ഇതേ സമയത്ത് ഇവിടെ വരാന്‍ നിങ്ങളോട് ആവശ്യപ്പെടാനാണ് ഞാന്‍ വന്നിരിക്കുന്നത്.എനിക്ക് എന്താണ് വേണ്ടതെന്നും ഞാന്‍ പിന്നീട് പറയാം.ഹില്‍ പിന്നെ എഴാമതൊരു തവണ ഇവിടെയ്ക്ക് മടങ്ങി വരും.
ലൂസിയ : ഞാനും സ്വര്‍ഗ്ഗത്തില്‍ പോകുമോ?
കന്യകാമാതാവ് : ഉവ്വ് .നീ പോകും .
ലൂസിയ : ജസീന്തയോ ?
കന്യകാമാതാവ് :അവളും . ( പോകും )
ലൂസിയ : ഫ്രാന്‍സിസ്‌കോയോ?
കന്യകാമാതാവ് : ഉവ്വ് . പക്ഷെ , അവന്‍ ധാരാളം കൊന്ത ചൊല്ലണം.
ലൂസിയ : മരിയ ദാസ് നെവെസ് ഇപ്പോള്‍ തന്നെ സ്വര്‍ഗ്ഗത്തിലാണോ?
കന്യകാമാതാവ് : അതെ , അങ്ങനെ തന്നെ.
ലൂസിയ :അപ്പോള്‍ അമേലിയായോ?
കന്യകാമാതാവ് :ലോകാവസാനം വരെ അവള്‍ ശുദ്ധീകരണ സ്ഥലത്തായിരിക്കും.തന്നെ അസഹ്യപ്പെടുത്തുന്ന പാപങ്ങള്‍ക്കുള്ള പരിഹാര ക്രിയ എന്ന നിലയ്ക്കും പാപികളുടെ മാനസന്തരത്തിനു വേണ്ടിയുള്ള അപേക്ഷ എന്ന നില്യക്കും ദൈവം നിങ്ങള്‍ക്കായി അയക്കാന്‍ തിരു മനസാകുന്ന ഏതു പീഡനങ്ങളും സഹിച്ചു അങ്ങേയ്ക്ക് നിങ്ങളെ തന്നെ സമര്‍പ്പിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?
ലൂസിയ : ഉവ്വ്. ഞങ്ങള്‍ ആഗ്രഹിക്കുന്നു.
കന്യകാമാതാവ് :എന്നാല്‍ കൊള്ളാം. നിങ്ങള്ക്ക് ഏറെ സഹിക്കേണ്ടതായി വരും. പക്ഷെ , ദൈവാനുഗ്രഹം നിങ്ങളുടെ ആശ്വാസമായിരിക്കും. ലോകസമാധാനം ഉണ്ടാകുവാനും യുദ്ധം അവസാനിപ്പിക്കുവാനും ദിവസംതോറും കൊന്ത ചൊല്ലുക.
ദൈവ ജനനി ഉടന്‍ തന്നെ പ്രശാന്തമായ കിഴക്കൊട്ടുയരാന്‍ തുടങ്ങി.,വളരെ ദൂരെ തിരോ ഭവിക്കും വരെ. പരിശുദ്ധ കന്യകയെ വലയം ചെയ്ത പ്രകാശം ആകാശത്തിലൂടെ അവര്‍ക്കൊരു മാര്‍ഗ്ഗം തുറക്കുകയായിരുന്നു പറയാന്‍ ആകും.
രണ്ടാമത്തെ ദര്‍ശനം ; 1917 ജൂണ്‍ 13
രണ്ടാമത്തെ ദര്‍ശനത്തിനു മുന്‍പായി ഇടിമിന്നല്‍ ഏന് അവര്‍ വിശേഷിപ്പിച്ചതും എന്നാല്‍ യഥാര്‍ത്ഥത്തില്‍ അടുത്ത് വരുന്ന പ്രകാശത്തിന്റെ തിളക്കവുമായിരുന്ന ഒരു മഹാ പ്രഭാ ഒരിക്കല്‍ കൂടി സാക്ഷികള്‍ കാണുകയുണ്ടായി. അവടെ എത്തിയ അമ്പതോളം പേര്‍ ഇതിനു സാക്ഷിയാണ്. ദര്‍ശനം നിലച്ചപ്പോള്‍ ആ ചെറിയ കരുവേലക മരത്തിന്റെ ചില്ലയില്‍ നിന്നും ഉയര്‍ന്ന മഹതി തീര്‍ത്തും അപ്രത്യക്ഷയാകുന്ന വരെ ചില്ലകള്‍ കിഴക്ക് ദിക്കിലേക് ചാഞ്ഞത് കൂടുതല്‍ അടുത്തുണ്ടായിരുന്ന പലരും ശ്രദ്ധിച്ചു. ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ് അവ സാധാരണ സ്ഥലത്തേക്ക് തിരിച്ചു വന്നത്. ഈ ദര്‍ശനതിലാണ് കുട്ടികള്‍ സ്വര്‍ഗ്ഗത്തിലേക്ക് തങ്ങളെ കൊണ്ട് പോകുന്ന കാര്യങ്ങള്‍ ഒരിക്കല്‍ കൂടെ അമ്മയോട് ചോദിച്ചത്. ജസീന്തയെയും ഫ്രാന്‍സിസ്‌കോ യെയും ഉടനടി കൊണ്ട് പോകുമെന്നും എന്നാല്‍ ലൂസിയ കുറെ നാള്‍ കൂടി സഹിക്കേണ്ടി വരുമെന്നും അമ്മയെ ലോകത്തില്‍ എല്ലാവരും ലൂസിയയിലൂടെ അറിയാന്‍ യേശു ആഗ്രഹിക്കുന്നു എന്നും അമ്മ അവളോട് പറഞ്ഞു. മുള്ളുകളാല്‍ വലയം ചെയ്യപ്പെട്ട ഒരു ഹൃദയം അമ്മയുടെ വലതു കരത്തില്‍ ഉണ്ടായിരുന്നുവെന്നും മറിയത്തിന്റെ വിമല ഹൃദയമാണ് അതെന്നും കുട്ടികള്‍ വിശ്വസിക്കുന്നുണ്ട് ആ ദര്‍ശനത്തില്‍.
മൂന്നാമത്തെ ദര്‍ശനം : 1917 ജൂലായ് 13
മൂന്നാമത്തെ ദര്‍ശനത്തില്‍ സാക്ഷികള്‍ പതിവ് പോലെ പ്രകാശം കണ്ടു.അന്ന് നടന്ന സംഭാഷണം യുദ്ധത്തെ കുറിച്ചായിരുന്നു. ലോക സമാധാനവും യുദ്ധത്തിനു അന്ത്യവും ലഭിക്കുന്നതിനായി കൊന്ത നമസക്കാരം ചൊല്ലണമെന്നും അമ്മ അവരോടു ആവശ്യപ്പെട്ടു. ഈ ദര്‍ശനത്തില്‍ വച്ചാണ് ലൂസിയ പരിശുദ്ധ അമ്മയോട് താങ്കള്‍ ആരെന്നു വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. അമ്മയാണ് തങ്ങളുടെ അടുത്ത് വരുന്നതെന് എല്ലാവരും വിശ്വസിക്കാനായി ലൂസിയ ഒരു അടയാളവും ആവശ്യപ്പെട്ടു. അതനുസരിച്ചാണ് പരിശുദ്ധ അമ്മ ഒക്ടോബറില്‍ എല്ലാവരും കണ്ടു വിശ്വസിക്കാനായി ഒരു അത്ഭുതം പ്രവര്‍ത്തിക്കുമെന്ന് ലൂസിയയോടു പറയുന്നത്.
എല്ലാ കുടുംബങ്ങളും ദിവസേനെ കൊന്ത ജപിക്കണമെന്നു അമ്മയുടെ ആഗ്രഹം ജസീന്ത അവളുടെ മാതാപിതാക്കളോട് പറഞ്ഞുവെന്നു ഗ്രന്ഥകാരനായ വാല്‍ഷ് പറയുന്നു.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.