അഞ്ചു മക്കളുടെ അപ്പന് വൈദികനാകുന്നു!
ഓഹിയോ: മുന്‍ പെന്തക്കോസ്തല്‍ ശുശ്രൂഷകനും അഞ്ചു മക്കളുടെ പിതാവുമായ ഡ്രേക്ക് മക് കലിസ്റ്റര്ക്ക് വത്തിക്കാന്‍ പുരോഹിതനാകാന്‍ അനുമതി നല്കി. യുഎസ്എയിലെ ഓഹിയോയില്‍ സ്റ്റുബെന്വില്ലെ രൂപതയില്‍ ആദ്യമായി പുരോഹിതനാകുന്ന വിവാഹിതനാണ് ഡ്രേക്ക്. ഇന്നാണ് (ഡിസംബര്‍ 19) അദ്ദേഹം പുരോഹിതപട്ടം സ്വീകരിക്കുന്നത്.
13 വര്‍ഷം പെന്തക്കോസ്തല്‍ പാസ്റ്ററായി സേവനം ചെയ്ത ഡ്രേക്ക് കത്തോലിക്കാ വിശ്വാസത്തിലേക്ക് ആകൃഷ്ടാനായപ്പോള് തന്റെ പാസ്റ്റര്‍ സ്ഥാനം രാജിവച്ചു. 2018 ല്‍ അദ്ദേഹത്തെ ഡീക്കനായി ഉയര്‍ത്തി.
ഒരു കാത്തലിക്ക് റേഡിയോ ഷോ കേട്ടതിന് ശേഷമാണ് അദ്ദേഹം കത്തോലിക്കാ സഭയെ സ്നേഹിച്ചു തുടങ്ങിയത്. അത് കേള്‍ക്കുന്തോറും താന്‍ കത്തോലിക്കാ സഭയിലേക്ക് ശക്തമായി ആകര്‍ഷിക്കപ്പെടുന്നതായി അനുഭവപ്പെട്ടെന്ന് ഡ്രേക്ക് പറഞ്ഞു.
ഡ്രേക്കും ഭാര്യയും ചേര്‍ന്ന് 5 വര്‍ഷം നീണ്ട പഠനങ്ങള്‍ നടത്തിയ ശേഷമാണ് 2004 ല്‍ കുട്ടികളോടൊത്ത് കത്തോലിക്കാ സഭയില്‍ ചേരാന്‍ തീരുമാനമെടുത്തത്. 2010 ലാണ് പുരോഹിതനാകണ എന്ന ചിന്ത അദ്ദേഹത്തില്‍ ഉയര്‍ന്നത്.
ബ്രഹ്മചര്യം കത്തോലിക്കാ പുരോഹിതര്‍ക്ക് നിര്‍ബന്ധമാണെങ്കിലും മറ്റു സഭകളില്‍ നിന്ന് കത്തോലിക്കാ സഭയില്‍ ചേരുന്നവര്‍ക്ക് ഇക്കാര്യത്തില്‍ സഭ ഇളവു കൊടുത്തിട്ടുണ്ട്.