കർഷക അവഗണന തിരുത്തണം: മാർ ജോസഫ് പെരുന്തോട്ടം
തിരുവനന്തപുരം: സർക്കാരുകൾ കർഷകരോട് കാണിക്കുന്ന അവഗണന തിരുത്തണമെന്നു ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. കർഷക അവഗണനയ്ക്കെതിരേ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടത്തിയ കർഷകരക്ഷാ സംഗമവും നിയമസഭാ മാർച്ചും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരുകൾ കാർഷിക മേഖലയെ നിരന്തരമായി അവഗണിക്കുകയാണ്. കർഷകരോട് നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്ന സർക്കാർ നയത്തിൽ മാറ്റമുണ്ടാകണം. പൊതുജനത്തിനായുള്ള കർഷകരുടെ സമർപ്പണം അംഗീകരിക്കപ്പെടണം. കർഷകരോടുള്ള അവഗണനയെന്നാൽ പൊതു സമൂഹത്തോടുള്ള അവഗണനയാണ്. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ന്യായമായ രീതിയിൽ അതിനു പരിഹാരം ഉണ്ടാക്കുകയും വേണം.
കർഷകരക്ഷ നാടിന്റെ സുരക്ഷയാണ്. ഉത്പാദനച്ചെലവിന് ആനുപാതികമായി കാർഷികോത്പന്നങ്ങൾക്ക് വില ലഭ്യമാക്കാൻ ഭരണകർത്താക്കൾ നടപടി സ്വീകരിക്കണം. അർഹമായ അവകാശങ്ങൾ നേടിയെടുക്കാൻ കർഷകർക്കൊപ്പം വിശ്വാസ സമൂഹവും ഒറ്റക്കെട്ടായി നിലകൊള്ളും. കാർഷിക വൃത്തിയെ പരിപാലിക്കാൻ സർക്കാർ തയാറാകണമെന്നും ആർച്ച് ബിഷപ് ആവശ്യപ്പെട്ടു.
നിയമസഭയ്ക്ക് മുന്നിലേക്കു കർഷകർ സമരവുമായി എത്തിയത് ഏതെങ്കിലും ഒരു രാഷട്രീയ പാർട്ടിയുടെ നിലപാടുകൾക്കെതിരായല്ലെന്നും കർഷകരുടെ അവകാശങ്ങൾക്കുവേണ്ടിയാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു. കർഷകരെ പരിഗണിക്കണം എന്ന ഒറ്റ ആവശ്യം മാത്രമേ ഈ മാർച്ചിനു പിന്നിലുള്ളു.
പല പാക്കേജുകളും സർക്കാരുകൾ പ്രഖ്യാപിക്കാറുണ്ടെങ്കിലും അതു നിയമസഭാ പ്രഖ്യാപനം മാത്രമായി അവശേഷിക്കുന്നതു ദുഃഖകരമാണ്. കർഷകരുടെ ആവശ്യങ്ങൾക്കു ഭരണാധികാരികൾ പരിഹാരം കാണണം. നിരവധി തവണ നിവേദനങ്ങൾ നല്കിയിട്ടും നടപടികൾ ഉണ്ടായില്ല. ലക്ഷ്യം കാണുന്നതുവരെ നിരന്തര സമരങ്ങൾ നടത്തണം. ഒരു ജനതയുടെ വേദന നെഞ്ചിലേറ്റിയാണ് നിയമസഭയ്ക്ക് മുന്നിലെത്തിയിട്ടുള്ളതെന്നും മാർ തോമസ് തറയിൽ പറഞ്ഞു.