അന്നത്തെ രാത്രിയിൽ സംഭവിച്ചത്
ചാച്ചൻ വഴക്കു പറഞ്ഞതിൻ്റെ പേരിൽ വീടുവിട്ടിറങ്ങിയ ഒരു മകനെക്കുറിച്ച് പറയട്ടെ!
വീട്ടിൽ നിന്നും ഇറങ്ങിയ ആ രാത്രി അവൻ എത്തിച്ചേർന്നത് പള്ളിയിലാണ്.
അവൻ്റെ അസമയത്തുള്ള വരവിൽ എന്നിൽ പരിഭ്രാന്തിയേറിയെങ്കിലും
പള്ളിമുറിയിൽ കയറ്റിയിരുത്തി സംസാരിച്ചു.
“അച്ചാ, ഒന്നും രണ്ടും പറഞ്ഞ് ചാച്ചനുമായ് വഴക്കിട്ടു.
ചാച്ചനോട് പറയാൻ പാടില്ലാത്ത വാക്കുകളാണ് ഞാൻ പറഞ്ഞത്.
ദേഷ്യം മൂത്ത ചാച്ചൻ എന്നോട് വീട്ടിൽ നിന്നിറങ്ങിപ്പോകാൻ പറഞ്ഞു.
ഇനി ചാച്ചൻ മരിച്ചിട്ട് വീട്ടിൽ കയറിയാൽ
മതീന്നാ പറഞ്ഞത്.
എന്നെ ആവശ്യമില്ലാത്ത വീട്ടിൽ ഞാനെന്തിനാ…. അതു കൊണ്ട്
രാത്രി തന്നെ വീടുവിട്ടിറങ്ങി.”
അല്പം മദ്യപിച്ചിരുന്ന അവന്
പറയാനുള്ളത് മുഴുവനും ഞാൻ കേട്ടു.
“നിനക്ക് വീട്ടിലേക്ക് മടങ്ങിപ്പോകണമെന്നുണ്ടോ?”
ഞാൻ ചോദിച്ചു.
“എന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞ വീട്ടിലേക്ക് എനിക്കിനി പോകേണ്ട ”
അതായിരുന്നു അവൻ്റെ മറുപടി.
അവനെ ആശ്വസിപ്പിച്ചുകൊണ്ട്
ഞാൻ തുടർന്നു:
“നീ പറഞ്ഞതെല്ലാം ഞാൻ
അംഗീകരിക്കുന്നു. എന്നാൽ ഒരു കാര്യം തിരിച്ചറിയുക: ദേഷ്യത്തിൻ്റെ പുറത്ത്
ചാച്ചൻ അങ്ങനെ പറഞ്ഞെന്നു കരുതി വീട്ടിൽ നിന്നിറങ്ങിപ്പോകേണ്ട
വ്യക്തിയാണോ നീ?
നിൻ്റെ ഭാഗത്തും തെറ്റുണ്ടല്ലോ?
ആ തെറ്റുകൾക്ക് ചാച്ചനോട്
നീ മാപ്പു പറയണം….
വീട്ടിലേക്ക് കയറിച്ചെല്ലാൻ
ഈ രാത്രി നിനക്കായില്ലെങ്കിൽ
ചാച്ചനും നീയും തമ്മിലുള്ള അകലം കൂടും….. ”
എൻ്റെ നിർബന്ധത്തിന് വഴങ്ങി
വീട്ടിലേക്ക് പോകാമെന്ന് അവൻ സമ്മതിച്ചു.
അവൻ്റെ ആഗ്രഹപ്രകാരം അവനോടൊപ്പം ഞാനും വീട്ടിലേക്ക് ചെന്നു..
കരളലിയിപ്പിക്കുന്ന രംഗങ്ങൾക്കാണ്
പിന്നീട് ഞാൻ സാക്ഷിയായത്.
വീട്ടിലെത്തിയപാടെ
അവൻ അപ്പനോട് മാപ്പ് പറഞ്ഞു.
തൻ്റെ ഭാഗത്തു നിന്നുണ്ടായ തെറ്റ്
അപ്പനും ഏറ്റു പറഞ്ഞു.
അപ്പനും മകനും കെട്ടിപ്പിടിച്ച് കരഞ്ഞു.
കൂടെ അമ്മയും ഭാര്യയും മക്കളും…..
രാത്രി പന്ത്രണ്ടുമണിയായിട്ടും
ആരും അത്താഴം കഴിക്കാതിരുന്ന
ആ വീട്ടിൽ, അവരോടൊപ്പമിരുന്ന്
ഞാനും അല്പം ഭക്ഷണം കഴിച്ചു.
വീട്ടിൽ നിന്നിറങ്ങുന്ന സമയത്ത്
ആ അപ്പൻ കരങ്ങൾ കൂപ്പിക്കൊണ്ട് പറഞ്ഞു:
“അച്ചാ….. ഒരു രാത്രികൊണ്ട് അണഞ്ഞുപോകുമായിരുന്ന
വിളക്കാണ് ഇന്നിവിടെ തെളിഞ്ഞത്…..
അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ!”
നമ്മുടെ ജീവിതത്തിൽ പുരോഹിതരിലൂടെ ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയാം.
അവരിലൂടെ ഏറ്റ മുറിവുകൾ ക്ഷമിച്ച് അവർക്കായ് പ്രാർത്ഥിക്കാം.
“നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ
ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്‌പരം പാദങ്ങള്‍ കഴുകണം. എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്കു ചെയ്‌തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരിക്കുന്നു ” (യോഹ 13 :14-15)
എന്ന ക്രിസ്തു മൊഴികൾ നമുക്ക് കരുത്തേകട്ടെ.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.