ദൈവവിശ്വാസം പ്രഖ്യാപിച്ച് റഷ്യൻ ഭരണഘടനാ ഭേദഗതി

മോസ്കോ: റഷ്യൻ ജനതയ്ക്ക് ദൈവത്തിലുള്ള വിശ്വാസം ഏറ്റുപറയുന്ന വകുപ്പ് ഉൾപ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യും. റഷ്യൻ ഓർത്തഡോക്സ് സഭയുടെ താത്പര്യം മാനിച്ചാണ് ഈ നടപടി.
സർക്കാർ ജീവനക്കാർക്ക് വിദേശ ബാങ്ക് അക്കൗണ്ടുകളും വിദേശപൗരത്വവും പാടില്ല, റഷ്യയുടെ ഭൂമി മറ്റാർക്കും വിട്ടുകൊടുക്കരുത് തുടങ്ങിയവ ഉൾപ്പെടെ വിവിധ ഭേദഗതികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള 24 പേജുവരുന്ന രേഖ പ്രസിഡന്റ് പുടിൻ ഇന്നലെ അവതരിപ്പിച്ചു. സ്വവർഗ വിവാഹം നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന വ്യവസ്ഥയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. മാർച്ച് പത്തിന് ദ്യൂമ(പാർലമെന്റ്) പാസാക്കിയശേഷം ഏപ്രിൽ 22ന് രാജ്യവ്യാപക ഹിതപരിശോധന നടത്തിയശേഷമേ ഭേദഗതികൾ പ്രാബല്യത്തിലാവൂ.
1993ൽ തയാറാക്കിയ ഭരണഘടനയാണ് ഇപ്പോൾ നിലവിലുള്ളത്. ജനുവരിയിലെ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിലാണ് ഭരണഘടനാ ഭേദഗതി സംബന്ധിച്ച് പുടിൻ ആദ്യ സൂചന നൽകിയത്. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനായി പാർലമെന്റിന് കൂടുതൽ അധികാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 2014ൽ കാലാവധി പൂർത്തിയാക്കിയശേഷവും ഭരണത്തിൽ തുടരുന്നതിനുവേണ്ടിയാണ് ഭരണഘടനാ പരിഷ്കാരവുമായി പുടിൻ മുന്നോട്ടുപോകുന്നതെന്ന് എതിരാളികൾ ആക്ഷേപിച്ചു.