വി. എവുപ്രാസ്യമ്മയുടെ തിരുനാള്‍ ആഘോഷിച്ചു
ഒല്ലൂർ: വിശുദ്ധ എവുപ്രാസ്യമ്മയുടെ 13-ാമത് തിരുനാൾ ആഗസ്റ്റ് 29ന് ഒല്ലൂർ വിശുദ്ധ എവുപ്രാസ്യ അതിരൂപത തീർഥാടനകേന്ദ്രത്തിൽ ആഘോഷിച്ചു. രാവിലെ 10 ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്കു തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് വല്ലൂരാൻ, തീർഥകേന്ദ്രം റെക്ടർ ഫാ. ഡേവിസ് പുലിക്കോട്ടിൽ, ഒല്ലൂർ ഫൊറോന വികാരി ഫാ. ജോസ് കോനിക്കര എന്നിവർ കാർമികത്വം വഹിച്ചു. ഒല്ലൂർ ഫൊറോനയിലെ മുഴുവൻ വൈദികരും സഹകാര്‍മീകരായി.
മേരിമാതാ മേജർ സെമിനാരി പ്രഫസർ ഫാ. വിൻസന്റ് ആലപ്പാട്ട് സന്ദേശം നല്കി. ഉച്ചയ്ക്ക് 12നു ഒല്ലൂർ മേരിമാത പള്ളിയിലേക്കുള്ള ജപമാലപ്രദക്ഷിണം നടത്തി. ഒല്ലൂർ മഠം സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കുന്ന വെഞ്ചരിച്ച ഉൗട്ടുനേർച്ച തൃശൂർ കോർപറേഷൻ മേയർ അജിത വിജയൻ രാവിലെ 9.30ന് ഉദ്ഘാടനംചെയ്തു. ഉച്ചകഴിഞ്ഞു നടന്ന ആഘോഷമായ സമൂഹബലിക്കു ഫാ. ഫ്രാൻസിസ് ആളൂർ കാര്‍മിത്വം വഹിച്ചു. ഫാ. ഡെന്നി ചിറയത്ത് സന്ദേശം നല്കി.
എല്ലാ വർഷവും തിരുനാളിനായി ശേഖരിക്കുന്ന പണത്തിന്റെ ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു. കഴിഞ്ഞവർഷം എല്ലാ ചെലവുകളും വെട്ടിച്ചുരുക്കി മൂന്നര ലക്ഷം രൂപ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു. ഈ വർഷവും ഒരു വിഹിതം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കും.