സോകോൾക്കയിലെ ദിവ്യകാരുണ്യ അത്ഭുതം

2008 ഒക്ടോബര്‍ 12 ഞായറാഴ്ചയാണ് ഈ അത്ഭുതം നടന്നത്.പോളണ്ടിലെ സോകോൾക്കയിലെ വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിലുള്ള ഇടവക ദേവാലയം. ഫാദര്‍ സ്റ്റാന്‍സിലോ ഗ്നീഡ്‌സീജ്കോയാണ് അന്നു ദിവ്യബലി അര്‍പ്പിച്ചത്. പ്രാര്‍ത്ഥനാപൂര്‍വ്വം ദിവ്യബലി നടന്നു.

വിശുദ്ധ കുര്‍ബാന സ്വീകരണത്തിന്റെ സമയത്ത് അഭിഷേകം ചെയ്യപ്പെട്ട തിരുവോസ്തി നിലത്തു വീണു. കൂദാശ ചെയ്യപ്പെട്ട തിരുവോസ്തി ഭക്ഷിക്കാനാവാത്തവിധം കേടാവുകയോ നിലത്തുവീണ് അഴുക്കുപുരളുകയോ ചെയ്താൽ സഭയിലുടനീളം അനുവർത്തിക്കുന്ന ഒരു പതിവുണ്ട്- ആ തിരുവോസ്തി വെള്ളത്തിൽ ഇട്ട് ലയിപ്പിക്കുക. ഇത്തരത്തിൽ തിരുവോസ്തി അലിഞ്ഞുചേർന്ന വെള്ളം ഭൂമിയിലേക്ക് നേരിട്ടു പതിക്കത്തക്കവണ്ണം വെള്ളം ഒഴുകുന്ന വിധം ഒരു സിങ്ക് ഓരോ ദേവാലയത്തിന്റെയും അൾത്താരയ്ക്ക് സമീപം ഇങ്ങനെ ക്രമീകരിച്ചിട്ടുണ്ടാകും. ഈ പാരമ്പര്യ പ്രകാരം ഫാദര്‍ സ്റ്റാന്‍സിലോ തിരുവോസ്തി നിലത്തുനിന്നു എടുത്തു വെള്ളമുള്ള പാത്രത്തില്‍ ഇട്ടുവെക്കുകയും ചെയ്തു.

വിശുദ്ധ കുര്‍ബാനക്ക് ശേഷം ഫാദര്‍ സ്റ്റാന്‍സിലോയുടെ നിര്‍ദ്ദേശപ്രകാരം ആരാധനസമൂഹം കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ ജൂലിയ ഡുബോവ്സ്ക തിരുവോസ്തിയും വെള്ളവും മറ്റൊരു പാത്രത്തിലേക്ക് മാറ്റി സങ്കീര്‍ത്തിയിലെ സേഫില്‍ വെച്ചു. സിസ്റ്റര്‍ ജൂലിയയുടേയും വൈദികന്‍റെയും കയ്യില്‍ മാത്രമായിരുന്നു ആ സേഫിന്റെ താക്കോല്‍ ഉണ്ടായിരുന്നത്. ഒരാഴ്ചക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ 19-ന് തിരുവോസ്തിയെ പറ്റി വൈദികന്‍ സിസ്റ്റര്‍ ജൂലിയയോട് ചോദിച്ചു. ഇതേ തുടര്‍ന്നാണ് സിസ്റ്റര്‍ ഓസ്തി സൂക്ഷിച്ചിരുന്ന സേഫിന്റെ വാതില്‍ തുറന്നത്.
വാതില്‍ തുറന്ന സിസ്റ്റര്‍ ജൂലിക്ക് ശക്തമായ സുഗന്ധമാണ് അനുഭവപ്പെട്ടത്. തുടര്‍ന്നു തിരുവോസ്തി ലയിപ്പിക്കാന്‍ ഇട്ടിരുന്ന പാത്രം തുറന്നപ്പോള്‍ കണ്ടത് അലിയാത്ത ഓസ്തി. ഒപ്പം സിസ്റ്റര്‍ ജൂലിയായുടെ കണ്ണുകളെ അമ്പരിപ്പിച്ച്കൊണ്ട് മറ്റൊരു അത്ഭുതം. തിരുവോസ്തിയുടെ നടുവില്‍ ഒരു രക്തക്കറ. ശരിക്കും ജീവനുള്ള മനുഷ്യ ശരീരത്തിന്റെ അംശം പോലെ ആ കന്യാസ്ത്രീക്ക് തോന്നി. അതേസമയം തന്നെ പാത്രത്തിലെ വെള്ളത്തിനാകട്ടെ യാതൊരു നിറവിത്യാസവും ഇല്ലായിരുന്നു.

അവിശ്വസനീയമായ ആ കാഴ്ച കണ്ട് അമ്പരന്നെങ്കിലും ഒട്ടുംതന്നെ സമയം കളയാതെ സിസ്റ്റര്‍ ജൂലിയ ഫാദര്‍ സ്റ്റാന്‍സിലോയെ വിവരമറിയിച്ചു. വിവരമറിഞ്ഞ അദ്ദേഹം സിസ്റ്റര്‍ ജൂലിയ പറഞ്ഞത് ശരിയാണോ എന്നറിയുവാന്‍ മറ്റ് വൈദികരേയും, സന്ദര്‍ശനത്തിനായി അവിടെ എത്തിയിരുന്ന ഫാദര്‍ റൈസ്വാര്‍ഡ് ഗൊരോവ്സ്കിയേയും കൂട്ടി സങ്കീര്‍ത്തിയിലെത്തി. അമ്പരിപ്പിക്കുന്ന ആ കാഴ്ചകണ്ട് അവരെല്ലാവരും സ്തബ്ദരായി നിന്നുപോയി.അവര്‍ ആ സംഭവം രഹസ്യമാക്കി വെച്ചു. അത് യഥാര്‍ത്ഥത്തില്‍ യേശുവിന്റെ ശരീരം തന്നെയാണ് എന്ന സത്യം അവര്‍ക്കറിയാമായിരുന്നു. തുടര്‍ന്നു ബിയാലിസ്റ്റോക്കിലെ മെത്രാപ്പോലീത്തയായ എഡ്വാര്‍ഡ് ഒസോറോവ്സ്കിയെ വിവരമറിയിക്കുകയാണ് അദ്ദേഹം ചെയ്തത്. കൂരിയായിലെ ചാന്‍സിലര്‍, മറ്റ് രൂപതാധികാരികള്‍ എന്നിവര്‍ക്കൊപ്പം ബിഷപ്പും സ്ഥലത്തു എത്തി.

തിരുവോസ്തിയില്‍ സംഭവിച്ച പ്രകടമായ മാറ്റം അവരെ എല്ലാവരെയും അത്ഭുതസ്തബ്ദരാക്കി. എന്നിരിന്നാലും മുന്നോട്ട് എന്തു സംഭവിക്കും എന്നറിയാന്‍ ആ ഓസ്തി സംരക്ഷിവാന്‍ ബിഷപ്പ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 29-ന് തിരുവോസ്തിയടങ്ങിയ ഭരണി റെക്റ്ററിയിലെ ഡിവൈന്‍ മേഴ്സി ചാപ്പലിലേക്ക് മാറ്റി. അടുത്ത ദിവസം തന്നെ മെത്രാപ്പോലീത്തയുടെ നിര്‍ദ്ദേശപ്രകാരം ഓസ്തി വെള്ളത്തില്‍ നിന്നുമെടുത്ത് ഒരു ലിനന്‍ തുണിയിലേക്ക് മാറ്റി. ഏതാണ്ട് 3 വര്‍ഷത്തോളം ആ തിരുവോസ്തി അതേ അവസ്ഥയില്‍ തന്നെ സൂക്ഷിച്ചു.

ആദ്യത്തെ ഒരു വര്‍ഷം സഭ ഇതിനെ രഹസ്യമാക്കിവെക്കുകയാണ് ചെയ്തത്. ഇക്കാലയളവില്‍ എന്താണ് വേണ്ടതെന്ന ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി സഭ കാത്തിരിക്കുകയായിരുന്നു.2009 ജനുവരി മധ്യത്തോടെ തിരുവോസ്തിയില്‍ മാറ്റം വന്ന ഭാഗം സാധാരണഗതിയില്‍ സംഭവിക്കുന്നത് പോലെ ഉണങ്ങി.

അതേ മാസം തന്നെ മെത്രാപ്പോലീത്ത ആ തിരുവോസ്തിയില്‍ മൈക്രോസ്കോപ്പിക് പരിശോധനകള്‍ നടത്തുവാന്‍ ഉത്തരവിട്ടു. പിന്നീട് മാര്‍ച്ച് 30-ന് ആ അത്ഭുതത്തെക്കുറിച്ച് പഠിക്കുവാന്‍ ഒരു സഭാ കമ്മീഷനെ നിയമിക്കുകയും ചെയ്തു. ബിയാലിസ്റ്റോക്കിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍മാരും പ്രമുഖ ഹിസ്റ്റോപാതോളജിസ്റ്റുമാരായ മരിയ സോബാനിക്ക് ലോട്ടോവ്സ്ക എം‌ഡിയും സ്റ്റാനിസ്ലോ സുള്‍കോവ്സ്കി എം‌ഡിയുമാണ് പഠനത്തിനായി മുന്നോട്ടുവന്നത്. ഇരുവരും മാറ്റം സംഭവിച്ച ഓസ്തിയുടെ കുറച്ചു അംശമെടുത്ത് വ്യത്യസ്ഥ രീതിയില്‍ പരീക്ഷണങ്ങള്‍ നടത്തി.

പോളിഷ് സയന്‍സ് അക്കാദമിയുടെ മാര്‍ഗ്ഗരേഖകള്‍ക്കനുസൃതമായ ശാസ്ത്രീയ പരീക്ഷണമായിരുന്നു അവര്‍ നടത്തിയത്. പരിശോധനക്കായി സാമ്പിള്‍ എടുത്തപ്പോള്‍, ഓസ്തിയുടെ അലിയാത്ത ഭാഗം ലിനന്‍ തുണിയില്‍ ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു. എന്നിരുന്നാലും ചുവന്ന രക്തക്കറ വ്യക്തമായി കാണാമായിരുന്നു. ഒടുവില്‍ പരിശോധനാഫലം പുറത്തുവന്നു. രണ്ടു പരിശോധനകളുടെ ഫലവും ഒന്നുതന്നെയായിരുന്നു. ഓസ്തിയിലെ മാറ്റം സംഭവിച്ച ഭാഗം മരിച്ചുകൊണ്ടിരിക്കുന്ന, എന്നാല്‍ ജീവിച്ചിരിക്കുന്ന മനുഷ്യന്റെ ഹൃദയ കോശങ്ങള്‍ക്ക് തുല്ല്യമായിരുന്നു എന്നാണ് പരീക്ഷഫലം.

ഹൃദയപേശികളുടെ നാരുകള്‍ തിരുവോസ്തിയുമായി ശരിക്കും ഇഴപിരിഞ്ഞിരിക്കുന്നു. മരിയ സോബാനിക്ക് ലോട്ടോവ്സ്കയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ഒരിക്കലും മനുഷ്യരെക്കൊണ്ട് ചെയ്യുവാന്‍ പറ്റാത്ത കാര്യം. ബാഹ്യമായ യാതൊരു വസ്തുവും ആ ഓസ്തിയില്‍ ചേര്‍ത്തിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനകളില്‍ നിന്നും വ്യക്തമായി. ഇന്നും ഈ സംഭവിച്ച മാറ്റവും ശാസ്ത്രീയഫലവും ലോകത്തിന് മുന്നില്‍ അജ്ഞാതമാണ്.

അതേ, മരിയ സോബാനിക്ക് ലോട്ടോവ്സ്കയുടെ വാക്കുകള്‍ പോലെ മാനുഷികമായി ചിന്തിച്ചാല്‍ തികച്ചും അസാധ്യമായ കാര്യം. ഓരോ വിശുദ്ധ കുര്‍ബാനയിലും തിരുവോസ്തിയില്‍ ഈ മാറ്റം സംഭവിക്കുന്നുണ്ട്. പക്ഷേ ഈ സത്യം നാം തിരിച്ചറിയുന്നുണ്ടോ?

ഓ! എന്റെ ഈശോ, അയോഗ്യതയോടു കൂടി അങ്ങയെ സ്വീകരിച്ച നിമിഷങ്ങളെ ഓർത്ത് ഞാൻ മാപ്പപേക്ഷിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles