യേശുവില്‍ വിശ്വസിക്കുന്നവന് നിത്യജീവനുണ്ട്! (SUNDAY HOMILY)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

എപ്പിഫനി അഞ്ചാം ഞായര്‍ സുവിശേഷ സന്ദേശം

പാപാന്ധകാരത്തില്‍ കഴിഞ്ഞിരുന്ന നമുക്കായി തന്റെ പുത്രനെ അയച്ചതിലാണ് ദൈവത്തിന്റെ സ്‌നേഹം വെളിപ്പെട്ടത്. യേശുവിന്റെ പ്രകാശം ഇരുട്ടില്‍ തിളങ്ങി. യേശുവിനെ സ്വീകരിച്ചവരെല്ലാം രക്ഷ പ്രാപിക്കുകയും നിരാകരിച്ചവര്‍ അന്ധകാരത്തില്‍ തന്നെ തുടരുകയും ചെയ്തു. ആഗ്നേയ സര്‍പ്പങ്ങളുടെ കടിയേറ്റവരില്‍ മോശ ഉയര്‍ത്തിയ വടിയിലെ പിച്ചള സര്‍പ്പത്തെ നോക്കിയവരെല്ലാം സൗഖ്യം പ്രാപിച്ചു. അതു പോലെ മരിച്ചുയര്‍ത്ത യേശുവില്‍ വിശ്വസിക്കുന്നവരെല്ലാവരും സൗഖ്യം പ്രാപിക്കും.

ഇന്നത്തെ സുവിശേഷ വായന
(യോഹ. 3. 14-21)

“മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്.അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. വിശ്വസിക്കാത്തവനോ, ദൈവത്തിന്റെ ഏകജാതന്റെ നാമത്തില്‍ വിശ്വസിക്കായ്കമൂലം, നേരത്തേതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നു. ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യര്‍ പ്രകാശത്തെക്കാള്‍ അധികമായി അന്ധകാരത്തെ സ്‌നേഹിച്ചു. കാരണം, അവരുടെ പ്രവൃത്തികള്‍ തിന്‍മ നിറഞ്ഞതായിരുന്നു. തിന്‍മ പ്രവര്‍ത്തിക്കുന്നവന്‍ പ്രകാശത്തെ വെറുക്കുന്നു. അവന്റെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കുന്നതിന് അവന്‍ വെളിച്ചത്തു വരുന്നുമില്ല. സത്യം പ്രവര്‍ത്തിക്കുന്നവന്‍ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്റെ പ്രവൃത്തികള്‍ ദൈവൈക്യത്തില്‍ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു.”

 

വചന വിചിന്തനം

മോശ മരുഭൂമിയില്‍ പിച്ചള സര്‍പ്പത്തെ ഉയര്‍ത്തിയ സംഭവം നാം വായിക്കുന്നത് സംഖ്യയുടെ പുസ്തകം 21. 9 ലാണ്. ഉയര്‍ത്തി എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം ഉന്നതമായി മഹത്വപ്പെടുത്തി എന്നാണ്. യോഹന്നാന്‍ യേശുവിന്റെ മഹത്വത്തിനാണ് ഇവിടെ പ്രധാന്യം നല്‍കുന്നത്. പഴയ നിയമത്തില്‍ പാമ്പുകടിയേറ്റ് മരണാസന്നരായവര്‍ക്ക് ജീവന്റെ അത്താണിയായി ദൈവം കല്‍പിച്ചത് പിച്ചള സര്‍പ്പത്തെ നോക്കുക എന്നതായിരുന്നു. അതു പോലെ പിശാചിന്റെ ദംശനത്തില്‍ നിന്ന് രക്ഷ നേടാന്‍ ഉയര്‍ത്തപ്പെട്ട യേശുവിന്റെ കുരിശിലേക്ക് നോക്കണം.

40 വര്‍ഷം ഇസ്രായേല്‍ക്കാര്‍ മരുഭൂമിയില്‍ ചുറ്റിത്തിരിയേണ്ടി വന്നു. അതിന് കാരണമായത് അവരുടെ പാപങ്ങളാണ്. പലരും മരുഭൂമിയില്‍ വച്ചു തന്നെ മരണമടഞ്ഞു. അവര്‍ വാഗ്ദത്തഭുമിക്ക് അരികെയെത്തിയെങ്കിലും മോശ ഏദോം വഴി യാത്ര തിരിച്ചു വിട്ടതു കൊണ്ട് ഇസ്രായേല്‍ക്കാര്‍ കോപാകുലരായി മോശയ്ക്കും ദൈവത്തിനുമെതിരെ പിറുപിറുത്തു. അതിന് ശിക്ഷയായി ദൈവം അവരുടെ മേല്‍ സര്‍പ്പങ്ങളെ അയച്ചു. അവ കടിച്ചാല്‍ വലിയ പനിയും അണുബാധയും ഉണ്ടാകും എന്നതു കൊണ്ടാണ് അവയെ ആഗ്നേയ സര്‍പ്പങ്ങള്‍ എന്നു പറയുന്നത്. ഈ സര്‍പ്പങ്ങള്‍ക്ക് തീയുടെ നിറമായിരുന്നു എന്ന് ചില പണ്ഡിതര്‍ പറയുന്നു. തങ്ങളെ രക്ഷിക്കാന്‍ ദൈവസന്നിധിയില്‍ മാധ്യസ്ഥം വഹിക്കണമേയെന്ന് ചിലര്‍ മോശയോട് അപേക്ഷിച്ചു. പാമ്പുകളെ അകറ്റുന്നതിന് പകരം ദൈവം കൊടുത്തത് ഒരുപാധിയാണ്. അപ്രകാരമാണ് മോശ പിച്ചള സര്‍പ്പത്തെ മരുഭൂമിയില്‍ ഉയര്‍ത്തിയത്.

വിഗ്രഹങ്ങളെ ഉണ്ടാക്കരുതെന്ന് കല്‍പിച്ച ദൈവം തന്നെ മോശയോട് എന്തു കൊണ്ടാണ് പിച്ചള കൊണ്ട് സര്‍പ്പത്തെ ഉണ്ടാക്കാന്‍ കല്‍പിച്ചത്? അത് ഭാവിയില്‍ ക്രൂശിതനാകാനിരിക്കുന്ന യേശുവിന്റെ മുന്‍സൂചന ആയിരുന്നു. മാത്രമല്ല, പിച്ചള സര്‍പ്പത്തെ ആരാധിക്കാനല്ല, അതില്‍ നോക്കുമ്പോള്‍ ഹവ്വ ചെയ്ത ആദിപാപം ഓര്‍മിക്കാനും ദൈവകാരുണ്യം യാചിക്കാനും വേണ്ടിയാണ്. എന്നാല്‍, ഹെസെക്കിയ രാജാവിന്റെ കാലത്ത് പിച്ചള സര്‍പ്പം ആരാധനാ പാത്രമായി മാറി. എന്നാല്‍ രാജാവ് അത് നശിപ്പിച്ച് യഥാര്‍ത്ഥ ദൈവാരാധന സാധ്യമാക്കി. (2 രാജാ 18. 4).

ഇന്ന് നമുക്ക് പഴയ നിയമത്തിലെ പിച്ചള സര്‍പ്പത്തിന് പകരം യേശുവിന്റെ കുരിശും കുരിശില്‍ കടിക്കുന്ന നാഥനുമുണ്ട്. വിശ്വാസത്തോടും അനുതാപത്തോടും കൂടെ അവിടുത്തെ കുരിശിലേക്ക് മിഴിയുയര്‍ത്തുന്നവര്‍ രക്ഷ പ്രാപിക്കും. പിച്ചള സര്‍പ്പം ഉള്ളതു കൊണ്ടു മാത്രം കാര്യമായില്ല, അതിലേക്ക് നോക്കിയവര്‍ മാത്രമാണ് സുഖം പ്രാപിച്ചത്. അതു പോലെ എല്ലാവര്‍ക്കും വേണ്ടി യേശു മരിച്ചെങ്കിലും നാം ഹൃദയം കൊണ്ട് അവിടുത്ത നാഥനും രക്ഷകനുമായി സ്വീകരിച്ചാല്‍ മാത്രമേ നമുക്ക് രക്ഷ ലഭിക്കുകയുള്ളൂ. പിച്ചള സര്‍പ്പം വിഷവിമുക്തമായിരുന്നതു പോലെ യേശു പാപമുക്തനാണ്.

ദൈവസ്‌നേഹം

പഴയ നിയമത്തിലെ ജനം ദൈവസ്‌നേഹത്തെ കുറിച്ച് നന്നായി അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്ന, നിയമം തെറ്റിച്ചാല്‍ ശിക്ഷിക്കുന്ന ഒരു ദൈവമായിരുന്നു അവരുടെ അനുഭവങ്ങളിലെ ദൈവം. ബലികളും കാഴ്ചകളും വേണമെന്ന് വാശിപിടിക്കുന്നവനാണ് ദൈവം എന്ന് അവര്‍ കരുതി. ദൈവം പലപ്പോഴും അവര്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിയുന്നുണ്ടെങ്കിലും അവര്‍ക്ക് ദൈവത്തെ ഭയമായിരുന്നു. സ്‌നേഹമുള്ള പിതാവായി അവിടുത്തെ കാണാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല.

ഇസ്രായേല്‍ക്കാര്‍ക്കുണ്ടായിരുന്ന മറ്റൊരു തെറ്റിദ്ധാരണ അവരുമായി ഉടമ്പടി ഉണ്ടാക്കിയ ദൈവം അവരുടെ സ്വകാര്യസ്വത്താണെന്നായിരുന്നു. എന്നാല്‍ ലോകം മുഴുവനെയും സ്‌നേഹിക്കുന്ന ഒരു പിതാവിനെയാണ് യോഹന്നാന്‍ സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. എല്ലാവരെയും രക്ഷിക്കാന്‍ വേണ്ടിയാണ് ദൈവം തന്റെ ഏകജാതനായ പുത്രനെ അയച്ചത്.

യേശു ഈ ലോകത്തിലേക്ക് വന്നത് രക്ഷ എന്ന ദൗത്യവുമായിട്ടായിരുന്നു. യേശുവില്‍ വിശ്വസിക്കുന്നവരാരും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. മനുഷ്യന്റെ പതനത്തോടെ സകല മനുഷ്യരെടയും മേലുള്ള ശിക്ഷാവിധിയില്‍ നിന്ന് യേശു നമ്മെ രക്ഷിക്കുന്നു. തന്റെ കുഞ്ഞിന്റെ വിമോചനമാണ് നാശമല്ല ഒരു പിതാവ് ആഗ്രഹിക്കുന്നത്. ദൈവം ആരെയും മനപൂര്‍വം നരകത്തിലേക്ക് തള്ളിവിടുന്നതല്ല, അവര്‍ സ്വയം നരകം തെരഞ്ഞെടുക്കുന്നുതാണ്.

സൃഷ്ടിയുടെ ആദ്യദിവസം നാം കാണുന്നത് ദൈവം വെളിച്ചത്തെ സൃഷ്ടിക്കുന്നതായിട്ടാണ്. അത് സൂര്യനെയും ചന്ദ്രനെയും സൃഷ്ടിക്കുന്നതിന് മുമ്പാണ്. അപ്പോള്‍ യഥാര്‍ത്ഥ വെളിച്ചത്തിന്റെ ഉറവിടം ദൈവമാണ്. ആ വെളിച്ചം യേശു ക്രിസ്തുവിലൂടെ ഭൂമിയിലേക്ക് എഴുന്നള്ളി വന്നു. യേശു പറഞ്ഞു : ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്! അന്ധകാരത്തെ സ്‌നേഹിച്ച തിന്മയുടെ മനുഷ്യര്‍ ഈ വെളിച്ചത്തെ തള്ളിക്കളഞ്ഞു.

വെളിച്ചത്തേക്കാള്‍ ഇരുട്ടിനെ സ്‌നേഹിച്ചതാണ് മനുഷ്യന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. യേശുവിന്റെ മഹത്വം നേരില്‍ കണ്ട ചില പ്രമാണിമാര്‍ പോലും യേശുവിനെ ഉപേക്ഷിച്ചു. യേശുവിനെ അവര്‍ ദൈദൂഷകന്‍ എന്നു വിളിച്ചു നിന്ദിച്ചു.

പാപം ചെയ്തതിന് ശേഷം ദൈവത്തില്‍ നിന്ന് ആദിമാതാപിതാക്കള്‍ ഒളിച്ചു നിന്നു. യേശുവിനെ അറസ്റ്റു ചെയ്യാന്‍ യൂദാസും പടയാളികളും എത്തിയത് രാത്രിയുടെ മറവിലാണ്. തങ്ങളുടെ കുറ്റം ആരും കാണാതിരിക്കാന്‍ വേണ്ടി പാപികള്‍ ഇരുട്ട് തെരഞ്ഞെടുക്കുന്നു.

എന്നാല്‍ സത്യത്തില്‍ ജീവിക്കുന്നവന്‍ വെളിച്ചത്തിലേക്ക് വരുന്നു. ഞാനാണ് വഴിയും സത്യവും ജീവനും എന്നു പറഞ്ഞ (യോഹ 14.6) യേശുവാണ് സത്യത്തില്‍ ജീവിക്കുന്നവരുടെ മാതൃക. ദൈവരാജ്യത്തെ കുറിച്ചുള്ള സത്യം നാം മനസ്സിലാക്കുന്നത് യേശുവിലൂടെയാണ്. യേശുവില്‍ നമുക്ക് പുതുജീവിതമുണ്ട്. നമ്മെ സത്യത്തിലേക്ക് അവിടുന്ന് നയിക്കുന്നു.

സന്ദേശം

ക്രൂശിതരൂപം (യേശുവിന്റെ ശരീരത്തോടു കൂടിയ കുരിശ്) ക്രിസ്തുമതത്തിന്റെ പ്രതീകം മാത്രമല്ല. കുരിശിലേക്ക് നാം നോക്കുമ്പോള്‍ നാം ധ്യാനിക്കുന്നത് യേശുവിന്റെ പീഢകളും മരണവും ഉത്ഥാനവുമാണ്. വിശ്വാസത്തോടെ ക്രൂശിതരൂപത്തിലേക്ക് നോക്കുന്നവന്‍ മോശ മരുഭൂമിയില്‍ ഉയര്‍ത്തിയ പിച്ചള സര്‍പ്പത്തെ നോക്കി രക്ഷ പ്രാപിച്ചതു പോലെ നിത്യരക്ഷ നേടുന്നു.

യേശുവിന്റെ അനുയായി യേശുവിന്റെ വെളിച്ചത്തിന് മുമ്പില്‍ നില്‍ക്കുന്നു. നമ്മുടെ സദ്പ്രവര്‍ത്തികള്‍ കൊണ്ടു നാം സമൂഹത്തില്‍ യേശുവിന് സാക്ഷ്യം നല്‍കണം. ആദിമനൂറ്റാണ്ടുകളില്‍ ക്രിസ്തുമതം തഴച്ചുവളരാന്‍ കാരണമായത് ആദിമ ക്രൈസ്തവരുടെ മാതൃകാപരമായ ജീവിതമായിരുന്നു.

നിക്കോദേമൂസ് യേശുവിന്റെ കാലത്ത് ജറുസലേമിലുണ്ടായിരുന്ന മൂന്ന് ധനികരില്‍ ഒരുവനായിരുന്നു. രാത്രിയുടെ മറവില്‍ അയാള്‍ യേശുവില്‍ നിന്ന് ജ്ഞാനം സ്വീകരിക്കാനെത്തി. പിന്നീട് ഇയാള്‍ തന്നെയാണ് യേശുവിന്റെ വിചാരണയിലും സംസ്‌കാരത്തിലും യേശുവിനെ സഹായിക്കാന്‍ മുമ്പില്‍ നിന്നത്. ധനികനായിരുന്നെങ്കിലും യേശുവില്‍ അയാള്‍ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തി. അതു പോലെ, ഈ ലോകത്തിന്റെ ധനത്തെയും സമ്പത്തിനെയുംകാള്‍ നമുക്ക് യേശുവിനെ വിലമതിക്കാം.

പ്രാര്‍ത്ഥന

പിതാവായ ദൈവമേ,

യേശുവില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവിന്‍ പ്രാപിക്കുന്നതിന് വേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ലോകത്തെ അത്ര മാത്രം സ്‌നേഹിച്ച പിതാവേ, യേശുവിലുള്ള ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ. രക്ഷകനായ യേശുവിലുള്ള വിശ്വാസം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനും അവരെയും രക്ഷയിലേക്ക് നയിക്കാനും ഉള്ള കൃപ ഞങ്ങള്‍ക്ക് നല്‍കിയരുളണമേ.

ആമ്മേന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles