എപ്പിഫനി രണ്ടാം ഞായര്‍ സുവിശേഷ സന്ദേശം

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

 

ദൈവവചനമായ യേശുവിന്റെ ആദിജീവിതത്തെ കുറിച്ചു പറഞ്ഞു കൊണ്ടാണ് യോഹന്നാന്‍ തന്റെ സുവിശേഷം ആരംഭിക്കുന്നത്. കാലത്തിന്റെ പൂര്‍ണതയില്‍ അവിടുന്ന് നമ്മെ പോലെ മനുഷ്യനായി അവതരിച്ചു. പഴയ നിയമത്തിലെ ദൈവത്തെ പോലെ അവിടുന്ന് കൂടാരത്തില്‍ നമുക്കിടയില്‍ വസിച്ചു. ദൈവപുത്രന്‍ നസ്രത്തിലെ യേശുവായി നമ്മുടെ ഇടയില്‍ വസിച്ചു. തന്റെ അത്ഭുതങ്ങളിലൂടെയും കാരുണ്യത്തിലൂടെയും അവിടുന്ന് ദൈവകൃപ വെളിപ്പെടുത്തി.

 

ഇന്നത്തെ സുവിശേഷ വായന
യോഹന്നാന്‍ 1: 14 – 18

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.15 യോഹന്നാന്‍ അവനു സാക്ഷ്യം നല്‍കിക്കൊണ്ടു വിളിച്ചുപറഞ്ഞു: ഇവനെപ്പറ്റിയാണു ഞാന്‍ പറഞ്ഞത്, എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണ്; കാരണം, എനിക്കുമുമ്പുതന്നെ അവനുണ്ടായിരുന്നു.16 അവന്റെ പൂര്‍ണതയില്‍നിന്നു നാമെല്ലാം കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു.17 എന്തുകൊണ്ടെന്നാല്‍, നിയമം മോശവഴി നല്‍കപ്പെട്ടു; കൃപയും സത്യവുമാകട്ടെ, യേശുക്രിസ്തുവഴി ഉണ്ടായി.18 ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്.

 

സുവിശേഷ വിചിന്തനം

ദൈവശാസ്ത്രജ്ഞനും ദാര്‍ശനികനുമായ യോഹന്നാന്‍ തന്റെ സുവിശേഷത്തിന്റെ ആദ്യത്തെ അധ്യായത്തില്‍ 1 മുതല്‍ 18 വരെയുള്ള വാക്കുകളില്‍ ദൈവവചനത്തിന് ഒരു മുഖവുര നല്‍കുകയാണ്. യേശുവിന്റെ ജീവിതത്തിന്റെയും സുവിശേഷത്തിലെ സംഭവങ്ങളുടെയും കാതലായ വിഷയം അദ്ദേഹം ചുരുങ്ങിയ വാക്കുകളില്‍ കുറിച്ചിടുകയാണ്.

 

വചനം മാംസമായി

ബൈബിളിന്റെ അര്‍ത്ഥപരിധിയില്‍ മാംസം എന്നത് പാപ പ്രകൃതി എന്നും മനുഷ്യശരീരം എന്നും അര്‍ത്ഥമുണ്ട്. എന്നാല്‍ ഇവിടെ അര്‍ത്ഥമാക്കിയിരിക്കുന്നത് യേശുവാകുന്ന വചനം മനുഷ്യശരീരം സ്വീകരിച്ചു എന്നാണ്, പാപപ്രകൃതി സ്വീകരിച്ചു എന്നല്ല. ചിലര്‍ പരിഭാഷപ്പെടുത്തുന്നത് വചനം വ്യക്തിയായി തീര്‍ന്നു എന്നാണ്.

നമ്മുടെ ഇടയില്‍ വസിച്ചു

നമുക്കിടയില്‍ കൂടാരമടിച്ചു എന്നും ചില പരിഭാഷകളില്‍ കാണുന്നുണ്ട്. യോഹന്നാന്റെ വാകുകള്‍ പഴയ നിയമത്തില്‍ ഇസ്രായേല്യരുടെ ഇടയില്‍ കൂടാരം കെട്ടി പാര്‍ത്ത ദൈവത്തെ ഓര്‍മിപ്പിക്കുന്നു.

അവന്റെ മഹത്വം നാം ദര്‍ശിച്ചു

പാത്മോസ് ദ്വീപില്‍ വച്ച് സ്വര്‍ഗത്തിന്റെ ദര്‍ശനം ലഭിച്ച അപ്പോസ്തലനാണ് വി. യോഹന്നാന്‍. ആ സ്വര്‍ഗീയ ദര്‍ശനത്തെ ആധാരമാക്കി എഴുതിയതാണ് വെളിപാടിന്റെ പുസ്തകം. മോശയ്ക്ക് ഏലിയായ്ക്കും ഒപ്പം താബോര്‍ മലയില്‍ യേശു തന്റെ മഹിമ വെളിപ്പെടുത്തിയപ്പോള്‍ സാക്ഷിയായി യോഹന്നാന്‍ ഉണ്ടായിരുന്നു. ആ യോഹന്നാനാണ് പറയുന്നത്, നാം അവന്റെ മഹത്വം ദര്‍ശിച്ചു എന്ന്.

ദൈവത്തിന്റെ മഹത്വം എന്നാല്‍ ദൈവത്തിന്റെ സാന്നിധ്യമാണ്. ദൈവം ഭൂമിയില്‍ വസിക്കുന്നു എന്ന അര്‍ത്ഥത്തില്‍ യഹൂദ റബ്ബിമാര്‍ രൂപം കൊടുത്ത വാക്കാണ് ഷെക്കെയ്‌ന. ദൈവത്തിന്റെ മഹത്വം ദര്‍ശിക്കുക എന്നാല്‍ ദൈവത്തെ മുഖാമുഖം കാണുക എന്നല്ല. മോശ ദൈവത്തെ മുഖാമുഖം കണ്ടു എന്നു പുറപ്പാട് പറയുമ്പോഴും സത്യത്തില്‍ മോശ കണ്ട് ഒരു മേഘത്തൂണാണ്. ദൈവത്തന്റെ മുഖം കാണണം എന്ന് മോശ ആവശ്യപ്പെട്ടപ്പോള്‍ ദൈവം പറഞ്ഞത്, ‘നിനക്ക്് എന്റെ മുഖം കാണാന്‍ കഴിയില്ല. കാരണം എന്നെ കണ്ടതിന് ശേഷം ഒരാള്‍ക്ക് ജീവിനോടെ ഇരിക്കാന്‍ സാധ്യമല്ല’ (പുറ 33. 20) എന്നാണ്.

പുതിയ നിയമത്തില്‍ നാം ദൈവത്തിന്റെ മഹത്വം ദര്‍ശിക്കുന്നത് ക്രിസ്തുവിലാണ്. ‘ദൈവത്വത്തിന്റെ പുര്‍ണതയൊക്കെയും ശരീരത്തിന്റെ രൂപത്തില്‍ വസിക്കുന്നത് യേശുവിലാണ്’ (കൊളോ. 2.9) എന്ന് പൗലോസ് പറയുന്നുണ്ട്. അതിനാലാണ് എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു എന്ന് യേശു പിലിപ്പോസിനോട് പറയുന്നത്. പത്രോസിന്റെയും യോഹന്നാന്റെയും യാക്കോബിന്റെയും സാന്നിധ്യത്തില്‍ തന്റെ മഹത്ത്വം യേശു ഭാഗികമായി വെളിപ്പെടുത്തിയപ്പോള്‍ അവര്‍ ഭയന്നു വിറച്ചു പോയി. (മത്താ. 17. 1-13).

തന്റെ അത്ഭുതപ്രവര്‍ത്തികളിലൂടെയും യേശു തന്റെ മഹത്വം വെളിപ്പെടുത്തി. മഹത്വത്തിന്റെ ഈ അടയാളങ്ങള്‍ കണ്ടതു കൊണ്ടാണ് ശിഷ്യന്മാര്‍ യേശുവില്‍ വിശ്വസിച്ചത്. ലാസറിനെ ഉയിര്‍പ്പിക്കുംമുമ്പ് യേശു പറയുന്നുണ്ട്: ‘ഇത് ദൈവമഹത്വം പ്രകടമാകേണ്ടതിനാണ്, ഇതിനാല്‍ മനുഷ്യപുത്രന്‍ മഹത്വപ്പെടേണ്ടതിനാണ്:’ (യോഹ. 11.4).

കൃപയും സത്യവും നിറഞ്ഞത്

കൃപ എന്നാല്‍ യേശുവിന്റെ ദൈവിക കാരുണ്യമാണ്. നമ്മുടെ പാപങ്ങളെ പ്രതി നമ്മെ ശിക്ഷിക്കുന്നതിന് പകരം യേശു നമ്മുടെ ശിക്ഷ തന്റെ മേല്‍ ഏറ്റെടുത്ത് നമ്മെ നിത്യനാശത്തില്‍ നിന്ന് രക്ഷിച്ചു. നമ്മുടെ വിശുദ്ധീകരിച്ച് തന്റെ രണ്ടാം വരവില്‍ ദൈവപിതാവ് യേശു സമര്‍പ്പിക്കും. യേശുവിന്റെ രക്ഷാകര പ്രവര്‍ത്തി മൂലമാണ് നാം നിത്യരക്ഷയ്ക്ക് അര്‍ഹരായത്.

കൃപ നമ്മുടെ ശക്തി കൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ല. എന്നാല്‍ പാപികളായ നമുക്ക് വേണ്ടി യേശു അത് ചെയ്തു.

ആദിമാതാപിതാക്കള്‍ ഏദന്‍ തോട്ടത്തില്‍ വച്ച് സാത്താന്‍ പറഞ്ഞ നുണ വിശ്വസിച്ചു പാപം ചെയ്തു. സത്യത്തേക്കാള്‍ അവര്‍ നുണയെ വിശ്വസിച്ചു. രക്ഷാകര ചരിത്രം മുഴുവന്‍ ദൈവം തന്റെ നിയമത്തിലൂടെയും പ്രവാചകന്മാരിലൂടെയും സത്യം വെളിപ്പെടുത്തി. കുറേപ്പേര്‍ സത്യത്തെ അനുഗമിച്ചപ്പോള്‍ അതിലേറപ്പേര്‍ സത്യത്തില്‍ നിന്ന് വ്യതിചലിച്ച് വ്യാജദേവന്മാരെ ആരാധിച്ചു. സത്യത്തില്‍ നിന്ന് വ്യതിചലിക്കുന്നതാണ് പാപം.

നുണ താല്ക്കാലിക നേട്ടങ്ങള്‍ കൊണ്ടു വരുമെങ്കിലും ആത്യന്തികമായി അത് നമ്മെ നിത്യനാശത്തിലേക്ക് നയിക്കും. സത്യം പറയുകയും പ്രഘോഷിക്കുകയും ചെയ്ത യേശു കുരിശില്‍ തറയ്ക്കപ്പെട്ടു. എന്നാല്‍ യേശു മരണത്തെ ജയിച്ചു.

കൃപയ്ക്കു മേല്‍ കൃപ എന്നു പറഞ്ഞാല്‍ മോശയിലൂടെ ലഭിച്ച കൃപയുടെ മേല്‍ യേശുവിലൂടെ കൂടുതല്‍ കൃപ ലഭിച്ചു എന്നാണര്‍ത്ഥം. യേശുവിലൂടെ നാം കൃപയുടെ സമൃദ്ധി ലഭിച്ചവരായി.

 

സന്ദേശം

ദൈവം നമുക്കിടയില്‍ വസിക്കാന്‍ വന്നതാണ് യേശു ക്രിസ്തു. അവിടുന്നാണ് ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍. യേശു ഇന്ന് നമ്മുടെ മധ്യ കാണപ്പെടുന്ന രൂപത്തില്‍ ഇല്ലെങ്കിലും വി. കുര്‍ബാനയിലൂടെ അവിടന്ന് എന്നേക്കും സന്നിഹിതനാണ്. മലയാളത്തിലെ പ്രസിദ്ധമായ ഗാനമാണ് നമ്മുടെ ദൈവമിതാ, നമ്മോടു കൂടെയിതാ, ഈ അള്‍ത്താരയില്‍ ഈ തിരുവോസ്തിയില്‍ നമ്മുടെ ഇടയനിതാ…. വി. കുര്‍ബാനയില്‍ പങ്കു കൊള്ളുമ്പോള്‍ നമുക്ക് ദൈവസാന്നിധ്യത്തെ കുറിച്ച് ബോധ്യമുള്ളവരാകാം. ആ ബോധ്യത്തോടു കൂടി ദിവ്യബലിയില്‍ സംബന്ധിക്കാം.

യേശുവിലൂടെയാണ് നമക്ക് കൃപ ലഭിച്ചത്. യേശു ആ കൃപ അപ്പോസ്തലന്മാര്‍ക്ക് പകര്‍ന്നു നല്‍കി. അപ്പസ്‌തോലിന്്മാരുടെ പിന്‍ഗാമികളിലൂടെ കൃപ നമ്മിലെത്തി. യേശുവില്‍ നിന്ന് നമുക്ക് ലഭിച്ചിരിക്കുന്ന കൃപ നമ്മുടെ സഹോദരങ്ങള്‍ക്കായി നാം പങ്കുവയ്ക്കണം. നമ്മുടെ കാരുണ്യപ്രവര്‍ത്തികളിലൂടെയും ആത്മത്യാഗത്തിലൂടെയും ഈ കൃപ നമ്മിലൂടെ സമ്മുടെ സഹോദരങ്ങളിലേക്കും അയല്‍ക്കാരിലേക്കും ഒഴുകട്ടെ. ലോകം കൃപ കൊണ്ട് നിറയട്ടെ.

നമ്മെ സ്വതന്ത്രരാക്കുന്ന സത്യമാണ് യേശു ക്രിസ്തു. ഞാനാണ് വഴിയും സത്യവും ജീവനും എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നും അവിടുത്തെ വചനം പറയുന്നു. സ്വര്‍ഗത്തിലേക്കുള്ള ശരിയായ വഴിയിലൂടെ ചരിക്കാന്‍ നമുക്ക് യേശുവിന്റെ വചനങ്ങള്‍ പാലിച്ച് ജീവിക്കാം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles