യേശുവിന് വേണ്ടി സ്വയം ചെറുതായ സ്‌നാപകയോഹന്നാന്‍ (Sunday Homily)
~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
എപ്പിഫനി ആറാം ഞായര്‍ സുവിശേഷ സന്ദേശം
കര്‍ത്താവായ യേശുവിന് വഴിയൊരുക്കാനാണ് സ്‌നാപക യോഹന്നാന്‍ വന്നത്. യേശു പഠിപ്പിക്കുന്നതിന് മുമ്പേ തന്നെ എങ്ങനെയാണ് ഒരു നേതാവ് സേവകനായിരിക്കുക എന്ന സുകൃതം ജീവിതത്തില്‍ പകര്‍ത്തിയവനാണ് സ്‌നാപകന്‍. യേശുവിന് സ്‌നാപകനെക്കാള്‍ കൂടുതല്‍ ജനസമ്മതി കൈവരുന്നത് കണ്ട് സ്‌നാപകന്റെ ശിഷ്യര്‍ അസ്വസ്ഥരായി. എന്നാല്‍ യേശു ആണ് ശരി എന്നും താന്‍ കുറയുകയും യേശു വളരുകയും വേണം എന്ന് സ്‌നാപക യോഹന്നാന്‍ മറുപടി പറയുന്നു. എളിമയുടെ ഉദാത്ത മാതൃകയായി അദ്ദേഹം വിളങ്ങുന്നു
ഇന്നത്തെ സുവിശേഷ വായന
യോഹ. 3: 22 31
ഇതിനു ശേഷം യേശുവും ശിഷ്യന്മാരും യൂദയാ ദേശത്തേക്കു പോയി. അവിടെ അവന്‍ അവരോടൊത്ത് താമസിച്ച് സ്‌നാനം നല്‍കി. സാലിമിനടുത്തുള്ള ഏനോനില്‍ വെള്ളം ധാരാളം ഉണ്ടായിരുന്നതിനാല്‍ അവിടെ യോഹന്നാന്‍ സ്‌നാനം നല്‍കിയിരുന്നു. ആളുകള്‍ അവന്റെ അടുത്തു വന്ന് സ്‌നാനം സ്വീകരിച്ചിരുന്നു. യോഹന്നാന്‍ ഇനിയും കാരഗ്രഹത്തില്‍ അടയ്ക്കപ്പെട്ടിരുന്നില്ല. അവന്റെ ശിഷ്യരും ഒരു യഹൂദനും തമ്മില്‍ ശുദ്ധീകരണത്തെ കുറിച്ച് തര്‍ക്കമുണ്ടായി. അവര്‍ യോഹന്നാനെ സമീപിച്ചു പറഞ്ഞു: ഗുരോ, യോര്‍ദാന്റെ അക്കരെ നിന്നോടു കൂടെയുണ്ടായിരുന്നവന്‍, നീ ആരെ കുറിച്ച് സാക്ഷ്യം നല്‍കിയോ അവന്‍, ഇതാ ഇവിടെ സ്‌നാനം നല്‍കുന്നു. എല്ലാവരും അവന്റെ അടുത്തേക്ക് പോകുകുയാണ്. യോഹന്നാന്‍ പ്രതിവചിച്ചു: സ്വര്‍ഗത്തില്‍ നിന്ന് നല്‍കപ്പെടുന്നില്ലെങ്കില്‍ ആര്‍ക്കും ഒന്നും സ്വീകരിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ ക്രിസ്തുവല്ല. പ്രത്യുത അവന് മുമ്പേ അയക്കപ്പെട്ടവാണ്് എന്ന്് ഞാന്‍ പറഞ്ഞതിന് നിങ്ങള്‍ തന്നെ സാക്ഷികളാണ്. മണവാട്ടിയുള്ളവനാണ് മണവാളന്‍. അടുത്തു നിന്ന് മണവാളനെ ശ്രവിക്കുന്ന സ്‌നേഹിതന്‍ അവന്റെ സ്വരത്തില്‍ വളരെ സന്തോഷിക്കുന്നു. അതു പോലെ, അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം. ഉന്നതത്തില്‍ നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്. ഭൂമിയില്‍ നിന്നുള്ളവന്‍ ഭൂമിയുടേതാണ്. അവന്‍ ഭൗമിക കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നു.
വിചിന്തനം
കാനായില്‍ വെള്ളം വീഞ്ഞാക്കിയ അത്ഭുതം പ്രവര്‍ത്തിച്ച ശേഷം യേശു ജറുസലേമില്‍ പെസഹാ ആചരിക്കുന്നതിനായി പോയി. അവിടെ വച്ച് നിക്കോദേമൂസിനോട് യേശു സംവാദത്തിലേര്‍പ്പെട്ടു. അതിനുശേഷം യേശുവും ശിഷ്യന്മാരും ജനങ്ങള്‍ക്ക് ജ്ഞാനസ്‌നാനം നല്‍കാനായി യൂദയായിലേക്ക് പുറപ്പെട്ടു.
യേശുവിന്റെ പ്രഭാഷണം യോഹന്നാന്റെതിന് സമാനമായിരുന്നു, ‘മാനസാന്തരപ്പെടുവിന്‍, സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു’ (മത്താ. 4: 17) യേശു സ്‌നാപകനേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് ജ്ഞാനസ്‌നാനം നല്‍കി എന്ന് സുവിശേഷകനായ യോഹന്നാന്‍ എഴുതുന്നു. (യോഹ 4: 1). യേശുവല്ല, അവിടുത്തെ മേല്‍നോട്ടത്തില്‍ ശിഷ്യന്മാരാണ് ജ്ഞാനസ്‌നാനം നല്‍കിയതെന്ന് യോഹന്നാന്‍ പിന്നീട് വ്യക്തമാക്കുന്നുണ്ട്. (യോഹ 4: 2). ഈ ജ്ഞാനസ്‌നാനം വരാനിരിക്കുന്ന പരിശുദ്ധാത്മാവിലുള്ള ജ്ഞാനസ്‌നാനത്തിന്റെ ഒരുക്കം മാത്രമായിരുന്നു.
സ്‌നാപക യോഹന്നാന്‍ സാലിമിനടുത്ത് ഏനോനില്‍ ജ്ഞാനസ്‌നാനം ചെയ്യുന്നുണ്ടായിരുന്നു. ഏനോന്‍ എന്ന വാക്കിന്റെ അരമായ അര്‍ത്ഥം ഉറവ എന്നാണ്. അതിനാല്‍ അത് ഉറവകള്‍ക്കുള്ള പൊതുനാമം ആയിരിക്കാം. സാലിം അക്കാലത്ത് പ്രസിദ്ധമായ സ്ഥലം ആയിരുന്നിരിക്കണം. അവിടെ സമൃദ്ധമായ ജലമുണ്ടായിരുന്നു എന്ന് പറയുന്നുണ്ട്. ഒരു വ്യക്തിക്ക് പൂര്‍ണമായും മുങ്ങാന്‍ ആവശ്യത്തിന് വെള്ളമുള്ള സ്ഥലം തന്നെ വേണമായിരുന്നു.
യോഹന്നാന്‍ നാസീര്‍ വ്രതക്കാരന്‍ ആയിരുന്നതിനാല്‍ അദ്ദേഹം ജനങ്ങളുടെ അടുത്തേക്ക് പോയിരുന്നില്ല, ശക്തമായ അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ട് ജനം അദ്ദേഹത്തിന്റെ സമീപത്തേക്ക് വരികയായിരുന്നു.
അതിനിടെ ആചാരപരമായ ക്ഷാളനത്തെ സംബന്ധിച്ച് യോഹന്നാന്റെ ശിഷ്യരും ഒരു യഹൂദനും തമ്മില്‍ തര്‍ക്കമുണ്ടായി. യഹൂദരുടെ ഇടയില്‍ പലതരം ആചാരപരമായ ക്ഷാളനങ്ങള്‍ ഉണ്ടായിരുന്നു. പൂര്‍ണമായും വെള്ളത്തില്‍ മുങ്ങുന്ന ആചാരവും ഉണ്ടായിരുന്നു. ചിലത് യോഹന്നാന്റെ ജ്ഞാനസ്‌നാനത്തോട് സാമ്യമുള്ളതും ആയിരുന്നു. ഇക്കാര്യത്തിന്മേലായിരുന്നു തര്‍ക്കം.
നീ ജോര്‍ദാനില്‍ വച്ച് സ്‌നാനം നല്‍കിയവനും നീ സാക്ഷ്യം നല്‍കിയവനുമായവന്‍ തന്റെ പക്കലേക്ക് വരുന്നവര്‍ക്കെല്ലാം ജ്ഞാനസ്‌നാനം നല്‍കുന്നു എന്ന പരാതിയുമായി യോഹന്നാന്റെ ശിഷ്യന്മാര്‍ ഗുരുവിന്റെ പക്കലെത്തി. തങ്ങളുടെ ഗുരുവായ യോഹന്നാന്‍ ചെയ്തു കൊണ്ടിരുന്ന കാര്യം മറ്റൊരാള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ യോഹന്നാന്റെ ശിഷ്യന്മാര്‍ അസ്വസ്ഥരായി. ഗുരുവിന്റെ പ്രശസ്തി മറ്റൊരാള്‍ കൊണ്ടു പോകുന്നത് അവര്‍ക്ക് അംഗീകരിക്കനായില്ല. എന്നാല്‍ യോഹന്നാന് യേശുവിനോട് അസൂയ തോന്നിയില്ല എന്നത് ശ്രദ്ധേയമാണ്.
സ്വര്‍ഗത്തില്‍ നിന്ന് നല്‍കപ്പെടാതെ ആര്‍ക്കും ഒന്നും സ്വീകരിക്കാന്‍ സാധിക്കില്ല എന്നായിരുന്നു യോഹന്നാന്റെ മറുപടി. സ്വര്‍ഗം തുറക്കപ്പെടുന്നതും പരിശുദ്ധാത്മാവ് യേശുവിന്റെ മേല്‍ ഇറങ്ങി വരുന്നത് കണ്ടവനുമാണ് യോഹന്നാന്‍. യേശുവിന് ശക്തി നല്‍കിയത് സ്വര്‍ഗത്തില്‍ നിന്നാണെന്ന് യോഹന്നാന് വ്യക്തമാണ്. ദൈവപുത്രന് സാക്ഷ്യം നല്‍കാന്‍ മാത്രമാണ് യോഹന്നാന് നല്‍കപ്പെട്ടിരുന്ന കര്‍ത്തവ്യം. അത് നിറവേറ്റി എളിമയോടെ മാറി നില്‍ക്കുകയാണ് അദ്ദേഹം.
യോഹന്നാന്‍ ജ്ഞാനസ്‌നാനം നല്‍കാന്‍ ആരംഭിച്ചതു മുതല്‍ യോഹന്നാന്‍ തന്നെയാണോ മിശിഹാ എന്നൊരു സംശയം പൊതുവേ നിലനിന്നിരുന്നു. അതിനാലാണ് നീ തന്നെയാണോ മിശിഹാ എന്നു ചോദിക്കാന്‍ യഹൂദ നേതാക്കള്‍ പുരോഹിതരെയും ലേവായരെയും യോഹന്നാന്റെ പക്കലേക്ക് അയച്ചത്. (യോഹ: 1: 1928). താന്‍ മിശിഹായോ ഏലിയായോ പ്രവാചകനോ അല്ല എന്ന് പറഞ്ഞു കൊണ്ട് യോഹന്നാന്‍ വ്യക്തമാക്കുന്നത്, താന്‍ മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദമാണ് എന്നാണ്. എന്നാല്‍ യേശു പീന്നീടൊരു സന്ദര്‍ഭത്തില്‍ യോഹന്നാന്‍ മലാക്കി പ്രവചനം അനുസരിച്ചുള്ള ഏലിയായുടെ രണ്ടാം വരവാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. (മത്താ 17: 12 13).
താനും യേശുവും തമ്മിലുള്ള ബന്ധത്തെ സ്‌നാപക യോഹന്നാന്‍ താരതമ്യപ്പെടുത്തുന്നത് മണവാളനും മണവറത്തോഴനും തമ്മിലുള്ള ബന്ധവുമായിട്ടാണ്. യഹൂദാചാരമനുസരിച്ച് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ചുമതലപ്പെട്ടവനാണ് മണവറത്തോഴന്‍. വരന്റെ സന്തോഷവും വിജയവുമാണ് അയാളുടെ ലക്ഷ്യം. മണവറത്തോഴന് ഒരിക്കലും വരനോട് അസൂയ തോന്നാന്‍ ഇടയില്ല.
‘അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം’
മണവറത്തോഴന്റെ കര്‍ത്തവ്യം ചെയ്തു കഴിയുമ്പോള്‍ അയാള്‍ രംഗം വിടണം. പിന്നെ മണവാളന്‍ കാര്യങ്ങള്‍ ഏറ്റെടുക്കുന്നു. സ്‌നാപക യോഹന്നാന്‍ അപ്രകാരം തന്റെ കടമകളെല്ലാം നിര്‍വഹിച്ച് പിന്നിലേക്ക് മാറുകയാണ്.
മുകളില്‍ നിന്നുള്ളവന്‍ എല്ലാവരയെും കാള്‍ വലിയവനാണ്. ഭൂമിയില്‍ നിന്നുള്ളവന്‍ ഭൗമിക കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഈ വാക്കുകള്‍ സ്‌നാപക യോഹന്നാന്റെ വാക്കുകളാണോ അതോ സുവിശേഷകനായ യോഹന്നാന്റെതാണോ എന്നതിനെ കുറിച്ചു വ്യക്തതയില്ല. ഉന്നതത്തില്‍ നിന്നു വന്ന യേശുവിന്റെ വചനങ്ങള്‍ മറ്റെല്ലാവരെയും കാള്‍ ഉന്നതമാണ് എന്നാണ് ഈ വാക്കുകള്‍ നല്‍കുന്ന സൂചന. മനുഷ്യര്‍ എപ്പോഴും തങ്ങളുടെ പരിമിതമായ അറിവില്‍ നിന്ന് സംസാരിക്കുന്നു. എന്നാല്‍ യേശുവാകട്ടെ, സ്വര്‍ഗീയ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നു, അവിടുന്ന് മറ്റെല്ലാവരെയും കാള്‍ മുകളിലാണ്.
സന്ദേശം
യേശുവിന് ജ്ഞാനസ്‌നാനം നല്‍കിയ ശേഷം യോഹന്നാന്‍ തന്റെ ദൗത്യം തുടര്‍ന്നു. യേശുവും ജ്ഞാനസ്‌നാനം നല്‍കാന്‍ ആരംഭിച്ചു എന്നറിഞ്ഞപ്പോഴും യോഹന്നാന് അസൂയ തോന്നുന്നില്ല എന്നത് ശ്രദ്ധേയമാണ്. അസൂയ ആത്മീയതയ്ക്ക് എതിരാണ്. എളിമയാണ് വിജയത്തിലേക്കും മഹത്വത്തിലേക്കുമുള്ള വഴി.
യോഹന്നാന്റെ ശിഷ്യന്മാര്‍ക്ക് ആദ്യം യേശുവിനോട് അസൂയ തോന്നിയെങ്കിലും യോഹന്നാന്‍ അവരെ തിരുത്തുന്നുണ്ട്. തനിക്ക് പിന്‍വാങ്ങാന്‍ നേരമായി എന്ന് യോഹന്നാന് മനസ്സിലായി. അതിനു പകരം യേശുവിനെ എതിര്‍ക്കാന്‍ പോയാല്‍ യോഹന്നാണ് തന്നെയാണ് ദുഷ്‌പേര് ഉണ്ടാവുക. കുടുംബ ബന്ധങ്ങളിലും സഭയ്ക്കുള്ളിലെ ബന്ധങ്ങളിലും സംഘര്‍ഷമുണ്ടാകുമ്പോള്‍ യോഹന്നാന്റെ മാതൃക ഓര്‍ക്കുക.
തനിക്ക് ഒരു മഹത്വവും യോഹന്നാന്‍ അവകാശപ്പെട്ടില്ല. കുടുംബത്തിലും സഭയിലും ലോകത്തിലും നാം അന്വേഷിക്കേണ്ടത് നമ്മുടെ പേരിനും പെരുമയുമല്ല, യേശുവിന്റെ മഹത്വമാണ്.
ഈ ലോകത്തില്‍ നമ്മുടെ ദൗത്യം ശാശ്വതമല്ല. സമയമാകുമ്പോള്‍ നമ്മുടെ ചുമതലയും പദവിയും നാം കൈമാറണം, യോഹന്നാന്‍ ചെയ്തതു പോലെ.
പ്രാര്‍ത്ഥന
കര്‍ത്താവായ യേശുവേ,
യേശുവിന് തന്നെക്കാള്‍ കൂടുതല്‍ ജനസമ്മതി ലഭിക്കുന്നതു കണ്ടിട്ടും സ്‌നാപക യോഹന്നാന് യേശുവിനോട് അസൂയ ഉണ്ടായില്ലല്ലോ. അതു മാത്രമല്ല, അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം യേശുവിന് വേണ്ടി വഴി മാറിക്കൊടുക്കുകയും ചെയ്തു. അതു പോലെ, എല്ലാവരുടെയും മുന്നില്‍ യേശുവിനെ ഉയര്‍ത്തിപ്പിടിക്കാനും മറ്റുള്ളവരോട് അസൂയ പ്രകടിപ്പിക്കാതെ എളിമയുള്ളവരായി ജീവിക്കാനുമുള്ള കൃപ ഞങ്ങള്‍ക്കു നല്‍കണമേ.
ആമ്മേന്‍
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.