നമ്മോടു കൂടെ വസിക്കുന്ന എമ്മാനുവേലായ ദൈവം
വചനം
അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും.യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന് ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും. ഏശയ്യാ 7 : 14
വിചിന്തനം
ദൈവ പുത്രൻ്റെ ആഗമനം അറിയിച്ചു കൊണ്ടുള്ള ലോക ചരിത്രത്തിലെ ഏറ്റവും നല്ല മംഗള വാർത്ത നൂറ്റാണ്ടുകൾക്കു മുമ്പ് ഏശയ്യാ പ്രവചാകനിലുടെയാണ് മാനവവംശം ആദ്യം ശ്രവിച്ചത്. വിണ്ണിൽ നിന്നു മണ്ണിൽ വന്നവൻ മനുഷ്യരോടു കൂടെ വസിക്കാൻ തിരുമാനിക്കുന്ന ദൈവപുത്രനു തിരുവചനം നൽകുന്ന മറ്റൊരു നാമമാണ് ഇമ്മാനുവേല്‍. ഈ ദൈവം ലോകാവസാനം വരെ കൂടെയുണ്ടാകും എന്ന ഉറപ്പു തരുന്നു. ദൈവം ഇമ്മാനുവലായി നമ്മുടെ ഇടയിൽ വസിക്കുന്നു എന്ന സത്യം ആഗമനകാലത്തിലെ സുഖമുള്ള ഓർമ്മയാണ്.
പ്രാർത്ഥന
മനുഷ്യ മക്കളോടൊപ്പം വസിക്കാൻ മനുഷ്യനായി പിറന്ന ദിവ്യ ഈശോയെ, ആഗമന കാലത്തിലെ ഏഴാം നാളിൽ ഞങ്ങൾ നിൻ്റെ സാന്നിധ്യത്തിൻ്റെ തണലിൽ വസിക്കുന്നവരാണ് എന്ന ബോധ്യം ഞങ്ങളിൽ രൂഢമൂലമാക്കണമേ. ജീവിതത്തിലെ ഏതു സാഹചര്യത്തിലും നിൻ്റെ സന്നിധി ഞങ്ങൾക്കു സംരക്ഷണമാകട്ടെ, നിൻ്റെ നാമം ഞങ്ങളുടെ രക്ഷയാകട്ടെ, നിൻ്റെ വചനം ഞങ്ങളുടെ പാതയിൽ വെളിച്ചമാകട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.
സുകൃത ജപം
ഈശോയെ നാഥാ, ഞങ്ങളോടൊത്തു വസിച്ചാലും.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.