ഏലിയാ, സ്ലീബാ, മൂശാക്കാലം ആറാം ഞായര്‍ സുവിശേഷ സന്ദേശം

ഫാ. അബ്രഹാം മുത്തോലത്ത്

ഇസ്രായേലിന്റെ നഷ്ടപ്പെട്ട ആടുകള്‍ക്കിടയിലാണ് യേശു തന്റെ ശുശ്രൂഷ ആരംഭിച്ചതെങ്കിലും തന്റെ സഹായം ചോദിച്ച വിജാതീയര്‍ക്ക് അവിടുന്ന് അനുഗ്രഹം നിഷേധിച്ചില്ല. ദാവീദിന്റെ പുത്രന്‍ എന്ന് തന്നെ വിശ്വാസപൂര്‍വം പ്രഖ്യാപിക്കാന്‍ അവര്‍ക്ക് യേശു ഇട കൊടുത്തു. വിജാതീയരോട് എപ്രകാരം ഇടപെടണം എന്ന് യേശു തന്റെ ശിഷ്യന്മാര്‍ക്ക് മാതൃക കാണിച്ചു കൊടുത്തു. തന്റെ സ്വര്‍ഗാരോഹണത്തിന് മുമ്പ് എല്ലാ രാജ്യങ്ങളോടും സുവിശേഷം പ്രസംഗിക്കാന്‍ ശിഷ്യന്മാര്‍ക്ക് കല്പന കൊടുത്തു. കാനാന്‍കാരി സ്ത്രീയില്‍ നാം കാണുന്ന ഗുണും നിരാശയാകാതെ സ്ഥിരതയോടെ പ്രാര്‍ത്ഥിക്കുന്ന വിശ്വാസമാണ്.

 

ബൈബിള്‍ വായന
മത്തായി 15: 21 – 28

യേശു അവിടെ നിന്ന് പുറപ്പെട്ട് ടയിര്‍, സീദോന്‍ എന്നീ പ്രദേശങ്ങളിലെത്തി. അപ്പോള്‍ ആ പ്രദേശങ്ങളില്‍ നിന്ന് ഒരു കാനാന്‍കാരി വന്നു കരഞ്ഞപേക്ഷിച്ചു. ദാവീദിന്റെ പുത്രാ എന്നില്‍ കനിയണമേ! എന്റെ മകളെ പിശാച് ക്രൂരമായി ബാധിച്ചിരിക്കുന്നു. എന്നാല്‍ അവന്‍ ഒരു വാക്കു പോലും ഉത്തരം പറഞ്ഞില്ല. ശിഷ്യന്മാര്‍ അവനോട് അഭ്യര്‍ത്ഥിച്ചു. അവളെ പറഞ്ഞയച്ചാലും. അവള്‍ നമ്മുടെ പിന്നാലെ വന്ന് നിലവിളിക്കുന്നല്ലോ. അവന്‍ മറുപടി പറഞ്ഞു: ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, അവള്‍ അവനെ പ്രണമിച്ച് കര്‍ത്താവേ, എന്നെ സഹായിക്കണേ, എന്ന് അപേക്ഷിച്ചു. അവന്‍ പറഞ്ഞു: മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുക്കുന്നത് ഉചിതമല്ല. അവള്‍ പറഞ്ഞു: അതേ കര്‍ത്താവേ, നായ്ക്കളും യജമാനന്മാരുടെ മേശയില്‍ നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ. യേശു പറഞ്ഞു; സ്ത്രീയേ നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതു പോലെ നിനക്ക് ഭവിക്കട്ടേ. ആ സമയം മുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി.

 

കഫര്‍ണാമില്‍ തന്റെ ശുശ്രൂഷ ചെയ്തു കൊണ്ടിരിക്കെ യേശുവിന്റെ ജനപ്രീതിയും ഒപ്പം യഹൂദരില്‍ നിന്നുള്ള ശത്രുതയും വളര്‍ന്നു. ഗലീലിയുടെ വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളാണ് ടയിര്‍, സീദോന്‍ എന്നിവ. ഇന്ന് ഈ സ്ഥലങ്ങള്‍ ലബനോനിലാണ്. ടയിറില്‍ നിന്ന് സീദോനിലേക്ക് 20 മൈല്‍ ദൂരമുണ്ട്. പാറ എന്നര്‍ത്ഥം വരുന്ന സെമിറ്റിക്ക് വാക്കില്‍ നിന്നാണ് ടയിര്‍ എന്ന വാക്ക് ഉത്ഭവിച്ചത്.

ഗലിലീയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്ന ഫിനീഷ്യയിലെ സുപ്രധാന നഗരങ്ങളായിരുന്നു ടയിറും സീദോനും. കാനാന്‍ സ്വന്തമാക്കിയ കാലത്ത് ഈ സ്ഥലം ജോഷ്വ ആഷേര്‍ വംശത്തിന് നല്‍കിയെങ്കിലും ഇസ്രായേല്‍ക്കാര്‍ക്ക് ഈ പ്രദേശം കീഴടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇസ്രായേല്‍ക്കാര്‍ അവിടെ വിജാതീയരുടെ ഇടയില്‍ ഇടകലര്‍ന്നു താമസിച്ചു പോന്നു.

ജറുസലേം ദേവാലയം പണിത കാലത്ത് ടയിറിലെ രാജാവായ ഹീരാം ദേവദാരു മരവും ഒപ്പം മരപ്പണിക്കാരെയും കല്‍പ്പണിക്കാരെയും ദാവീദുസ രാജാവിിന് നല്‍കി.

ഇവിടെ വച്ച് ഒരു കാനാന്‍ സ്ത്രീ പെട്ടെന്ന് യേശുവിന്റെ മുന്നിലേക്ക് കയറി വരികയാണ്. വിശാലമായ അര്‍ത്ഥത്തിലാണ് അവരെ കാനാന്‍കാരി എന്നു വിശേഷിപ്പിക്കുന്നത്. ഇസ്രായേല്‍ക്കാര്‍ കാനാന്‍ അവകാശമാക്കി കഴിഞ്ഞതിന് ശേഷം ഫിനീഷ്യന്‍കാരെയാണ് കാനാന്‍കാര്‍ എന്ന് വിശേഷിപ്പിച്ചിരുന്നത്. മത്തായി അവരെ കാനാ്ന്‍കാരി എന്നു പറയുമ്പോള്‍ മര്‍ക്കോസ് ഗ്രീക്ക്, സീറോ ഫിനീഷ്യന്‍ സ്ത്രീ എന്ന് വിശദമായി പറയുന്നു. ഗ്രീക്കുകാര്‍ കാനാന്‍ ദേശം കയ്യേറിയപ്പോള്‍ അവര്‍ ആ പ്രദേശത്തിന് ധൂമ്രവര്‍ണം എന്നര്‍ത്ഥമുള്ള ഫിനീഷ്യ എന്നു പേരിട്ടു. ടയിറിലെയും സീദോനിലെയും സിറിയന്‍ പ്രവശ്യയില്‍ വസിച്ചിരുന്നവരെയാണ് സീറോ ഫിനീഷ്യര്‍ എന്ന് വിശേഷിപ്പിച്ചിരുന്നത്.

യേശുവിന്റെ പ്രശസ്തി കഫര്‍ണാമില്‍ നിന്ന് വിദൂരെയുള്ള വിജാതീയ പ്രദേശങ്ങളോളം വ്യാപിച്ചിരുന്നു. മിശിഹാ ദാവീദിന്റെ പുത്രനായിരിക്കുമെന്ന് യഹൂദര്‍ വിശ്വസിച്ചിരുന്നു. ദാവീദിന്റെ സന്തതി അനന്തകാലത്തോളം വാഴുമെന്ന് പ്രവചനമുണ്ടായിരുന്നു. തന്റെ മകളെ ഒരു പിശാച് ഉപദ്രവിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് സീറോ ഫിനീഷ്യന്‍ സ്ത്രീ യേശുവിനെ സമീപിക്കുന്നത്.

ആദ്യം യേശു അവളെ ശ്രദ്ധിക്കുന്നില്ല എന്നു ഭാവിക്കുന്നു. അത് യഥാര്‍ത്ഥത്തില്‍ അവളെ സഹായിക്കാനുളള യേശുവിന്റെ വൈമുഖ്യമല്ല, മറിച്ച് അവളുടെ വിശ്വാസം പരീക്ഷിക്കുകയായിരുന്നു യേശു. അവള്‍ എന്തൊരു ശല്യമാണ് അവളെ പറഞ്ഞയക്കണം എന്ന് ശി്ഷ്യന്മാരും പറയുന്നു. അപ്പോഴെല്ലാം യേശു മിണ്ടാതിരിക്കുന്നത് ശിഷന്മാരുടെ പ്രതികരണം അറിയാന്‍ കൂടിയാവാം. അവര്‍ ഭാവിയില്‍ ശുശ്രൂഷ ചെയ്യുമ്പോള്‍ കാരുണ്യം കാണിക്കണം എന്നൊരു സന്ദേശം അവര്‍ക്ക് പകര്‍ന്നു കൊടുക്കണം എന്ന് യേശു ചിന്തിച്ചിരിക്കാം.

നഷ്ടപ്പെട്ട ആടുകള്‍ എന്ന് യഹൂദരെ വിശേഷിപ്പിക്കുന്നത് ജെറെമിയാ പ്രവാചകനാണ്. അബ്രഹാമിന്റെ പൗത്രനായ യാക്കോബിന്റെ സന്തതികളിലൂടെയാണ് ഇസ്രായേല്‍ ജനം വികസിച്ചത്.

കാനാന്‍കാരി സ്ത്രീ വന്ന് യേശുവിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു എന്നാണ് സുവിശേഷകന്‍ പറയുന്നത്. മകള്‍ക്കു വേണ്ടി യാചിക്കുന്ന ഒരു അമ്മയുടെ പ്രവര്‍ത്തിയാണത്.

മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് കൊടുക്കാറില്ല എന്ന വചനം ആദ്യം കേള്‍ക്കുമ്പോള്‍ നമുക്ക് ഞെട്ടലുണ്ടാകും. എന്നാല്‍ യേശു ഉപയോഗിക്കുന്ന വാക്ക് യഹൂദര്‍ വിജാതീയരെ വിളിക്കാന്‍ ഉപയോഗിച്ചിരുന്നതു പോലെ തെരുവ് നായ് എന്ന വാക്കല്ല, വളര്‍ത്തു നായ് എന്ന വാ്ക്കാണ്. ഇസ്രായേലിന്റെ വീടിന് പുറത്ത് വളര്‍ത്തിയിരുന്ന ഓമനിക്കപ്പെടുന്ന നായ് എന്നര്‍ത്ഥമുള്ള വാക്കാണ് യേശു ഉപയോഗിക്കുന്നത്. ആ സ്ത്രീയെ വംശീയമായി അധിക്ഷേപിക്കാനല്ല, അങ്ങനെയായിരുന്നെങ്കില്‍ ഉടനെ തന്നെ ആ സ്ത്രീയുടെ വിശ്വാസത്തെ യേശു പ്രകീര്‍ത്തിക്കുമായിരുന്നില്ലല്ലോ. രക്ഷ ആദ്യം യഹൂദര്‍ക്കും പിന്നെ വിജാതീയര്‍ക്കും എന്ന ക്രമം വിശദീകരിക്കുകയായിരുന്നു യേശു.

എന്നാല്‍ സമര്‍ത്ഥയായ കാനാന്‍കാരി വളരെ നല്ല രീതിയിലാണ് യേശുവിന്റെ വാക്കുകള്‍ സ്വീകരിച്ചത്. താഴെ വീഴുന്ന അപ്പക്ഷഷണങ്ങള്‍ നായ്ക്കളും ഭക്ഷുന്നുണ്ടല്ലോ എന്നാണ് അവളുടെ പക്ഷം. അത് യേശുവിനെ അത്ഭുതപ്പെടുത്തുന്നു. അവളുടെ വിശ്വാസത്തില്‍ അത്ഭുതം പൂണ്ട് അവള്‍ക്ക് വരം നല്‍കുന്നു.

സന്ദേശം

കാനാന്‍കാരി സ്ത്രീ തന്റെ മകള്‍ക്കു വേണ്ടി ക്രിസ്തുവിന്റെ കരുണ യാചിക്കുന്നു. നമ്മളും നമ്മുടെ മക്കള്‍ക്കു വേണ്ടി ദുരാത്മാക്കളുടെ സ്വാധീനത്തില്‍ നിന്ന് അവരെ കാത്തുകൊള്ളാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണം.

പ്രാര്‍ത്ഥനയുടെ സ്ഥിരതയ്ക്ക് ഒരു ഉത്തമ മാതൃകയാണ് ഈ സ്ത്രീ. യേശു മൗനം പാലിച്ചപ്പോള്‍ പോലും അവള്‍ നിരാശയാകാതെ പ്രാര്‍ത്ഥിക്കുന്നു.

ശാരീരികമായ അബ്രഹാമിന്റെ പുത്രി അല്ലായിരുന്നെങ്കിലും ആ സ്ത്രീ വിശ്വാസം കൊണ്ട് അബ്രാഹമിന്റെ പുത്രി ആയി മാറുന്നു.

യഹൂദരെന്നോ വിജാതിയരെന്നോ വ്യത്യാസമില്ലാതെ എല്ലാവരോടും യേശു കരുണ കാണിച്ചിരുന്നു. നമ്മളും അതു പോലെയാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles