ദേശീയ വിദ്യാഭ്യാസനയം കുറ്റമറ്റരീതിയിൽ രൂപീകരിക്കണം: മാർ പെരുന്തോട്ടം
ചങ്ങനാശേരി: കേന്ദ്രഗവണ്മെന്റിന്റെ പരിഗണനയിലുള്ള ദേശീയ വിദ്യാഭ്യാസനയം, വിവിധ തലങ്ങളിൽ നിന്നും ഉയർന്നിട്ടുള്ള ആശങ്കകൾ പരിഹരിച്ച് കുറ്റമറ്റ രീതിയിൽ രൂപീകരിച്ചേ നടപ്പാക്കാവൂ എന്ന് ചങ്ങനാശേരി അതിരൂപത കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
അതിരൂപത കേന്ദ്രത്തിൽ കൂടിയ പഠനശിബിരം, പുതിയ വിദ്യാഭ്യാസ നയം വിലയിരുത്തി. ഭാരതത്തിന്റെ ബഹുസ്വരതയും സെക്കുലറിസവും ഉൗട്ടിയുറപ്പിക്കുന്ന കാര്യങ്ങൾ ഇതിൽ ഉണ്ടാകണമെന്നും, ഇന്ത്യൻ ഭരണഘടന പ്രദാനം ചെയ്യുന്ന ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ പുതിയ നയത്തിൽ ഉൾച്ചേർക്കണമെന്നും യോഗം നിർദേശിച്ചു.
അതിരൂപതയുടെ അതിർത്തിയിലുള്ള കോളജുകളുടെയും സ്കൂളുകളുടെയും പ്രിൻസിപ്പൽമാരും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്ത യോഗം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. പുതിയ നയം വിദ്യാഭ്യാസ രംഗത്ത് അസമത്വം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും, ഇത് വിദ്യാഭ്യാസ മേഖലയുടെ ദേശസാത്കരണത്തിന് വഴിയൊരുക്കുമെന്ന ആശങ്കയുണ്ടെന്നും ഈ നയരൂപീകരണത്തിന് ഭാരതത്തിലെ വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിധ്യമായ ക്രൈസ്തവർക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ല എന്നും മാർ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു.