ഡ്രൈ ഡേ പിന്‍വലിക്കരുതെന്ന ആവശ്യവുമായി കെസിബിസി മദ്യവിരുദ്ധ സമിതി
കോഴിക്കോട്: മദ്യ ഉപഭോഗത്തില്‍ കുറവുണ്ടെന്ന മദ്യമുതലാളിമാരുടെ നിര്ദേമശത്തെത്തുടര്ന്നാണ് ‘ഡ്രൈ ഡേ’ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്നും നീക്കം ഉപേക്ഷിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി.ശമ്പള ദിനത്തില്‍ ലഭിക്കുന്ന തുക കുടുംബങ്ങളില്‍ എത്തിച്ചേരണമെന്ന ലക്ഷ്യത്തോടെ എ.കെ. ആന്റണി സര്‍ക്കാരാണ് ഒന്നാം തീയതികളില്‍ മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. എന്നാല്‍ ജനതാത്പര്യത്തേക്കാള്‍ മദ്യമുതലാളിമാരുടെ താത്പര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് ജനറല്‍ സെക്രട്ടറി ഫാ.ജോണ്‍ അരീക്കര, സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍,സംസ്ഥാന വൈസ് പ്രസിഡന്റ് ആന്റണി ജേക്കബ് ചാവറ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രണയം, കുടുംബം, ജീവിതം, ജോലി എല്ലാം മദ്യം തകര്‍ക്കുമെന്ന പരസ്യം നല്കുന്ന സര്‍ക്കാര്‍ തന്നെയാണ് മദ്യം വ്യാപകമാക്കുന്നത്. മദ്യ ഉപഭോഗവും ലഭ്യതയും ഘട്ടംഘട്ടമായി കുറയ്ക്കുമെന്നു പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാര്‍ കേരളത്തെ അക്ഷരാര്‍ഥത്തില്‍ മദ്യത്തില്‍ മുക്കുകയാണ്. കടുത്ത ജനവഞ്ചനയും കാപട്യവുമാണു മദ്യനയത്തില്‍ സര്‍ക്കാര്‍ അവലംബിക്കുന്നത്. ശക്തമായ സമരപരിപാടികളെക്കുറിച്ചാലോചിക്കാന്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് 16ന് രാവിലെ 10ന് പാലാരിവട്ടം പിഒസിയില്‍ യോഗം ചേരും. സംസ്ഥാന ചെയര്മാന് ബിഷപ്പ് ഡോ. യൂഹനോന്‍ മാര്‍ തിയോഡോഷ്യസ് അധ്യക്ഷത വഹിക്കും. തൃശൂര്‍ മേഖലാ സമ്മേളനം 15ന് തൃശൂര്‍ പാസ്റ്ററല്‍ സെന്ററില്‍ ചേരും.