മദ്യനയത്തിൽ സർക്കാർ ജനവഞ്ചന നടത്തുന്നു: ഡോ. കാരിക്കശേരി
കൊച്ചി: പ്രകടനപത്രികയിൽ പറഞ്ഞ മദ്യനയം അട്ടിമറിച്ചു സർക്കാർ ജനവഞ്ചന നടത്തുകയാണെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ മുൻ വൈസ് ചെയർമാൻ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി. പഴവർഗങ്ങളിൽനിന്നു മദ്യം ഉത്പാദിപ്പിച്ചു മദ്യം കുടിൽവ്യവസായമാക്കി മാറ്റാനുള്ള നീക്കത്തിനെതിരേ വിവിധ മദ്യവിരുദ്ധ സംഘടനകളെ സഹകരിപ്പിച്ചു കെസിബിസി മദ്യവിരുദ്ധ സമിതിയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയും എറണാകുളം ടൗണ്ഹാളിനു മുന്പിൽ സംഘടിപ്പിച്ച ജനസഹസ്ര നിൽപ്പുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷക പ്രേമത്തിന്റെ പേരും പറഞ്ഞു മദ്യവാറ്റുകേന്ദ്രങ്ങൾ ആരംഭിക്കാനാണു സർക്കാർ നീക്കം. 29ൽനിന്ന് ബാറുകളുടെ എണ്ണം 536ആയി. ബിയർ പാർലറുകൾ 378എണ്ണമായി. ഘട്ടം ഘട്ടമായി മദ്യശാലകൾ വ്യാപകമാക്കി കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനാണു സർക്കാർ ശ്രമിക്കുന്നത്. മദ്യനയത്തിൽ സർക്കാരിനു യാതൊരു ആത്മാർഥതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ. ഷംസുദീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇടതുമുന്നണിയുടെ പ്രകടനപത്രിക അഗ്നിക്കിരയാക്കി പ്രതിഷേധിച്ചു. വാറ്റുകേന്ദ്രത്തിന്റെ പ്രതീകാത്മക ശില്പം പ്രതിഷേധ പരിപാടിയിൽ അവതരിപ്പിച്ചു.
കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ സെക്രട്ടറി ഫാ. ജോണ് അരീക്കൽ, കേരള മദ്യനിരോധന സമിതി പ്രസിഡന്റ് ഫാ. വർഗീസ് മുഴുത്തേറ്റ്, സംസ്ഥാന ഭാരവാഹികളായ അഡ്വ. ചാർളി പോൾ, പ്രസാദ് കുരുവിള, പ്രഫ.കെ.കെ. കൃഷ്ണൻ, ഫാ. അഗസ്റ്റിൻ ബൈജു, യോഹന്നാൻ ആന്റണി, ആന്റണി ജേക്കബ്, ഫാ.പോൾ കാരാച്ചിറ, ഫാ. ഗിൽബർട്ട്, ഫാ. പോൾ ചുള്ളി, സേവ്യർ പള്ളിപ്പാടൻ,ഷിബു കാച്ചപ്പിള്ളി,ജോസ് ചെന്പിശേരി, തോമസ്കുട്ടി മണക്കുന്നേൽ,ഫാ. ജോർജ് നേരേവീട്ടിൽ, ഫാ. ദേവസി പന്തലൂക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.