ഗ്വാളിയർ മെത്രാനായി ഡോ. ജോസഫ് തൈക്കാട്ടിൽ അഭിഷിക്തനായി
ഗ്വാളിയർ: ഗ്വാളിയർ രൂപത മെത്രാനായി മലയാളിയും തൃശൂർ അതിരൂപതയിലെ ഏനാമാക്കൽ ഇടവകാംഗവുമായ ഡോ. ജോസഫ് തൈക്കാട്ടിൽ അഭിഷിക്തനായി. മുംബൈ ആർച്ച്ബിഷപ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് അഭിഷേകച്ചടങ്ങുകൾക്കു മുഖ്യകാർമികത്വം വഹിച്ചു. ചടങ്ങുകൾക്കു മുന്നോടിയായി പരമ്പരാഗത നൃത്തത്തിന്റെ അകമ്പടിയോടെ നൂറുകണക്കിനു വൈദികരെയും മെത്രാന്മാരെയും നിയുക്ത മെത്രാൻ മോണ്. ജേസഫ് തൈക്കാട്ടിലിനെയും വേദിയിലേക്ക് ആനയിച്ചു.
ഗ്വാളിയർ സെന്റ് പോൾസ് സ്കൂൾ മൈതാനിയിൽ നിർമിച്ച കൂറ്റൻ പന്തലിൽ ആയിരക്കണക്കിനു വിശ്വാസികളെ സാക്ഷിയാക്കി മുഖ്യകാർമികനായിരുന്ന കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് നിയുക്ത മെത്രാന്റെ തലയിൽ തൈലം പൂശിയതോടെ ഗ്വാളിയർ രൂപതയുടെ മൂന്നാമത്തെ മെത്രാനായി ഡോ. ജോസഫ് തൈക്കാട്ടിൽ അഭിഷിക്തനായി. ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റർ ഫാ. ജോണ് സേവ്യർ നിയുക്ത മെത്രാനെ വിശ്വാസികൾക്ക് പരിചയപ്പെടുത്തി. ന്യുണ്ഷ്യോയുടെ പ്രതിനിധി മാർപാപ്പയുടെ കല്പന ഡോ. ജോസഫ് തൈക്കാട്ടിലിനു കൈമാറി.
പ്രയാഗ്രാജ് മെത്രാനും തൃശൂർ വെണ്ടോർ ഇടവകാംഗവുമായ ഡോ. റാഫി മഞ്ഞളി വചനസന്ദേശം നൽകി. ഭോപ്പാൽ ആർച്ച്ബിഷപ് ഡോ. ലിലോ കൊർണേലിയോ, ആഗ്ര ആർച്ച്ബിഷപ് ഡോ. ആൽബർട്ട് ഡിസൂസ, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ് എമരിറ്റസ് ഡോ. ജോസഫ് കൈതത്തറ എന്നിവർ സഹകാർമികരായിരുന്നു. ഏനാമാവ് ഇടവകയിൽ നിന്നു വികാരി ഫാ. ജോണ്സണ് അരിമ്പൂരിന്റെ നേതൃത്യത്തിൽ 200 അംഗ വിശ്വാസീസംഘവും സഹോദരന്മാരായ ജോർജ്, ഫ്രാൻസിസ് എന്നിവരും കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ആഘോഷമായ ദിവ്യബലിയും പൊതു സമ്മേളനവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.