ധർമഗിരി സന്യാസിനീ സമൂഹത്തിന്റെ പ്ലാറ്റിനം ജൂബിലി സമാപിച്ചു
കോതമംഗലം: ധർമഗിരി (എംഎസ്ജെ) സന്യാസിനീ സമൂഹത്തിന്റെ പ്ലാറ്റിനം ജൂബിലിക്കു സമാപനമായി. കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ നടന്ന ജൂബിലി സമാപനച്ചടങ്ങ് സത്ന രൂപത ബിഷപ് എമിരിറ്റസ് മാർ മാത്യു വാണിയകിഴക്കേൽ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
കൃതജ്ഞതാ ബലിയിൽ കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യ കാർമികത്വം വഹിച്ചു. ദൈവദാസൻ ജോസഫ് പഞ്ഞിക്കാരൻ വിശുദ്ധ ജീവിതംകൊണ്ട് അടിത്തറപാകിയ സന്യാസിനീ സമൂഹമാണ് ധർമഗിരിയെന്നു കുർബാനമധ്യേ നൽകിയ സന്ദേശത്തിൽ ബിഷപ് പറഞ്ഞു.
കേരള സീറോ മലബാർ സഭയിലെ ആദ്യ എംഎ ബിരുദധാരിയായ ജോസഫ് പഞ്ഞിക്കാരൻ അന്നത്തെ കാലത്തു ലഭ്യമാകാവുന്ന സാധ്യതകളും പദവികളും ഉപേക്ഷിച്ചാണ് പൗരോഹിത്യ ശുശ്രൂഷയ്ക്കായി സ്വയം സമർപ്പിച്ചത്. സാധുക്കളോടുള്ള സ്ഥാപക പിതാവിന്റെ കരുണയും ചൈതന്യവും ഉൾക്കൊണ്ടാണ് എംഎസ്ജെ സന്യാസിനീ സമൂഹത്തിന്റെ പ്രവർത്തനങ്ങളെന്നും ബിഷപ് കൂട്ടിച്ചേർത്തു. ബിഷപ്പുമാരായ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ മാത്യു വാണിയകിഴക്കേൽ, മാർ തോമസ് തറയിൽ, എംഎസ്ടി ജനറൽ കൗണ്‍സിലർ ഫാ. പീറ്റർ കാവുംപുറം എന്നിവർ കൃതജ്ഞതാ ബലിയിൽ സഹകാർമികത്വം വഹിച്ചു. ചടങ്ങിൽ 11 നവ സന്യാസാർഥിനികൾ സഭാവസ്ത്രം സ്വീകരിക്കുകയും പ്രഥമ വ്രത വാഗ്ദാനം നടത്തുകയും ചെയ്തു.
ധർമഗിരി സന്യാസിനീ സമൂഹത്തിലെ 10 സന്യാസിനികളുടെ വ്രത വാഗ്ദാനത്തിന്റെ സുവർണ ജൂബിലി ആഘോഷവും വ്രതവാഗ്ദാന നവീകരണവും ഇതോടൊപ്പം നടന്നു. ധർമഗിരി സമൂഹത്തിന്റെ ഹൃസ്വ ചരിത്രം മുൻ ജനറൽ കൗണ്‍സിലർ സിസ്റ്റർ ധന്യ അവതരിപ്പിച്ചു. സുപ്പീരിയർ ജനറൽ മദർ പിയ നന്ദി പറഞ്ഞു.