ദേവസഹായം പിള്ള എന്ന ഒരു ഇന്ത്യൻ വിശുദ്ധന്റെ ജീവിതം അറിയാൻ ആഗ്രഹമുണ്ടോ?

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ വധിക്കപ്പെട്ട ഒരാള്‍. ജന്മം കൊണ്ട് നമ്പൂതിരി. വിശ്വാസം കൊണ്ട് ക്രിസ്ത്യാനി. മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ കാര്യസ്ഥന്‍. പേരുകേട്ട തിരുവനന്തപുരം പത്മനാഭപുരം കൊട്ടാര നിര്‍മാണകാലെത്ത ട്രസ്റ്റികളിലൊരാള്‍. ആയോധനകലകളില്‍ നിപുണന്‍. പണ്ഡിതന്‍. ഇപ്പോള്‍ കത്തോലിക്കാ സഭയുടെ വാഴ്ത്തപ്പെട്ടവരിലൊരാള്‍. സമീപഭാവിയില്‍ വിശുദ്ധപദവിലേക്കുയര്‍ത്തപ്പെട്ടേക്കാവുന്ന മഹാത്മാവ്. പറഞ്ഞു വരുന്നത് ദേവസഹായം പിള്ളയെ കുറിച്ചാണ്.

1752 ജനുവരി 14 ാം തീയതി കാറ്റാടി മലയില്‍ വച്ചു ഏതാനും ഭടന്മാര്‍ മാത്രം നോക്കി നില്‍ക്കേ കൊല്ലപ്പെട്ടയാള്‍ ഇരുനൂറ്ററുപതില്‍ പരം വര്‍ഷങ്ങള്‍ കഴിഞ്ഞ് ആരാധ്യനും പൂജ്യനുമാകുന്നതിലെ വിസ്മയം ഒന്നാലോചിച്ചു നോക്കൂ. അയാളുടെ പെരുമ റോം വരെ ചെന്നെത്തുന്നു, 2012 ഡിസംബര്‍ 2 ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നു. കിസ്തുവിന്റെ വഴിയില്‍ രക്തം ചിന്തിയവര്‍ക്കുള്ള കിരീടമാണിത്. വിശ്വാസത്തിന്റെ ജ്വാല കാലത്തെ അതിജീവിക്കുന്നു എന്നതിന്റെ സാക്ഷിപത്രം!

നട്ടാലം ആയിരുന്ന ദേവസഹായം പിള്ളയുടെ ജന്മദേശം. ജനനം 1712 ല്‍ ഒരു നമ്പൂതിരിക്കുടുംബത്തില്‍. ജന്മം കൊണ്ടു സിദ്ധിച്ച പേര് നീലകണ്ഠന്‍ പിള്ള. വാസുദേവന്‍ നമ്പൂതിരിയും ദേവകിയമ്മയും മാതാപിതാക്കള്‍. മലയാളം, തമിഴ്, സംസ്‌കൃതം എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടിയ പിള്ള ആയോധനകലകളും വ്യാകരണവും മികവോടെ വശത്താക്കി. യൗവനമായപ്പോള്‍ അമരാവതിപുരം മേക്കൂട്ട് തറവാട്ടിലെ ഭാര്‍ഗവിയമ്മയെ വേളികഴിച്ചു.

കാറ്റ് മാറി വീശിയത് 1740 ല്‍. പിള്ളയുടെ മികവും പുകഴും കേട്ടറിഞ്ഞ് തിരുവതാംകൂര്‍ വാണിരുന്ന മാര്‍ത്താണ്ഡവര്‍മ രാജാവ് പിള്ളയെ സ്വന്തം കാര്യസ്ഥനാക്കി. അന്ന് പിള്ളയ്ക്കു പ്രായം 28. പത്മനാഭപുരം സ്വാമി കോവിലിലെ കാര്യവിചാരക്കാരനായി തുടക്കം. മികവു തെളിഞ്ഞപ്പോള്‍ കൂടുതല്‍ ഉയര്‍ന്ന സ്ഥാനങ്ങളും രാജാവിന്റെ പ്രീതിയും. തിരുവനന്തപുരം പത്മനാഭപുരം കൊട്ടാരം നിര്‍മ്മാണത്തിലിരുന്ന കാലത്ത് ട്രസ്റ്റിയുമായി.

കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചു സൈന്യാധിപനായിരുന്ന ഡിലനോയിയുടെ പതനം പില്ക്കാലത്ത് പിള്ളയുടെ ജീവിതം നിര്‍ണയിച്ചു. ഡിലനോയി യുദ്ധത്തില്‍ പരാജിതനായി. യുദ്ധത്തടവുകാരനായി. എന്നാല്‍ ഡിലനോയി മാര്‍ത്താണ്ഡവര്‍മയ്ക്കു വൈകാതെ പ്രിയങ്കരനുമായി. ഉദയഗിരിക്കോട്ടയ്ക്കുള്ളില്‍ ഡിലനോയിക്ക് വര്‍മ സ്വാതന്ത്ര്യവും ആരാധനാ സൗകര്യവും ചെയ്തു. അങ്ങനെയാണ് പിള്ളയും ഡിലനോയിയും തമ്മിലുള്ള ചങ്ങാത്തം ആരംഭിച്ചത്. സൗഹൃദ സംഭാഷണങ്ങളുടെ ഇടയില്‍ ക്രിസ്തുവിനെ കുറിച്ചു ഡച്ചു പടത്തലവന്‍ പറഞ്ഞത് പിള്ളയുടെ മനസ്സില്‍ കൊണ്ടു. പിള്ളയുടെ കുടുംബത്തില്‍ ആയിടെ ഉണ്ടായ പ്രശ്നങ്ങള്‍ പങ്കു വച്ചപ്പോള്‍ ഡിലനോയ് ധൈര്യം പകരാന്‍ ഉപയോഗിച്ചത് പഴയനിയമത്തിലെ ഇയ്യോബിന്റെ കഥ. ക്രിസ്തു പിള്ളയുടെ ഹൃദയത്തില്‍ കുടിയേറി. ക്രിസ്തുവിനു മാത്രം നല്‍കാന്‍ കഴിയുന്ന ശാന്തിയും പ്രത്യാശയും പിള്ളയെ മറ്റൊരാളാക്കി മാറ്റി.

1745 ല്‍ നീലകണ്ഠന്‍ പിള്ള വടക്കന്‍കുളം പള്ളിയില്‍ വച്ച് ജ്ഞാനസ്നാനം സ്വീകരിച്ച് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേര് സ്വീകരിച്ചു. വിശ്വാസം കൊണ്ട് ഉയിര്‍ത്തെഴുന്നേറ്റവന്‍. അറിഞ്ഞ ക്രിസ്തുവിനെ പ്രഘോഷിക്കാതിരിക്കാന്‍ പിള്ളയ്ക്കു സാധിച്ചില്ല. രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി പിള്ള ക്രിസ്തുവിനെ പ്രസംഗിച്ചു. ഇത് രാജസേവകരുടെയും പിള്ളയുടെ സഹപ്രവര്‍ത്തകരുടെയും കോപം ജ്വലിപ്പിച്ചു. നമ്പൂതിരിമാരെ വെറുത്തിരുന്ന രാമയ്യന്‍ ദളവയുടെ കൂടി സഹായത്തോടെ പിള്ളയ്ക്കെതിരായി അവര്‍ ഉപജാപം നടത്തി രാജദ്രോഹക്കുറ്റം ചാര്‍ത്തി രാജസമക്ഷം അവതരിപ്പിച്ചു.

‘ജീവന്‍ വേണമെങ്കില്‍ ക്രിസ്തുവിനെ ഉപേക്ഷിക്കുക.’ രാജാവ് ഉത്തരവിട്ടു. പ്രാണനെക്കാള്‍ ക്രിസ്തുവിനെ സ്നേഹിച്ച പിള്ള പക്ഷേ, ക്രിസ്തുവിനൊപ്പം നിന്നു. പിള്ളയുടെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദിച്ചു രസിച്ചു. മുളകുപോടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദനമുറകള്‍. 1749 ഫെബ്രുവരി 23 മുതല്‍ 11 മാസം ജയില്‍ വാസം. എന്നിട്ടും വിശ്വാസത്തില്‍ ഉറച്ചു നിന്നതിനാല്‍ 16 ദിവസം ഇരിക്കാനനുവദിക്കാതെ തുടര്‍ച്ചയായ നടത്തം.

പിള്ളയുടെ വിശ്വാസത്തിന് ദൈവം അടയാളങ്ങള്‍ കൊണ്ടു സാക്ഷ്യം വഹിച്ചിരുന്നു. പുലിയൂര്‍ക്കുറിശ്ശി ആരാച്ചാരുടെ വീട്ടിലേക്കു പോകും വഴി ഭടന്‍മാര്‍ അദ്ദേഹത്തെ മുറിവില്‍ മുളകു പുരട്ടി ഒരു പാറയില്‍ ഇരുത്തി. ദാഹം കൊണ്ടു വലഞ്ഞ പിള്ള ഇത്തിരി വെള്ളം ചോദിച്ചു. അവര്‍ കൊടുത്തത് ഒരു ചെറുപാത്രം ചകിരി ചീഞ്ഞ വെള്ളം. അതു കുടിച്ചിട്ടും ദാഹം മാറാതെ വീണ്ടും വെള്ളം യാചിച്ച പിള്ളയ്ക്കു കിട്ടിയത് മര്‍ദനം. ദാഹം സഹിക്കവയ്യാതെ പിള്ള പാറയില്‍ മുട്ടുകുത്തി വിശ്വാസത്തോടെ പാറയില്‍ ആഞ്ഞിടിച്ചു. പാറയില്‍ പൊട്ടി വന്നത് തെളിനീരുറവ. ആ നീരുറവ പിന്നീട് നൂറ്റാണ്ടുകളോളം വറ്റാതെ നിന്നു എന്ന് സാക്ഷ്യം. ഉണങ്ങി നിന്ന പട്ടവേപ്പ് പിള്ള വന്നു വിശ്രമിച്ച മാത്രയില്‍ പൂ ചൂടി നിന്നത് മറ്റൊരത്ഭുതം.

വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ച പിള്ളയക്ക് നേരിടേണ്ടി വന്നത് വര്‍ഷങ്ങള്‍ നീണ്ട കൊടുംപീഡനം. 1750 ഫെബ്രുവരി മുതല്‍ 1752 ജനുവരി 13 വരെ പീഡനം നീണ്ടു. പിള്ള മരിച്ചത് 1752 ജനുവരി 14 ന് കാറ്റാടി മലയില്‍വച്ച്. വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലെ ഒരു പാറയില്‍ കൊണ്ടു ചെന്നുനിര്‍ത്തി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ പിള്ള അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസചരിത്രത്തിനു വിളക്കായി.

നിറതോക്കുകളില്‍ നിന്നും മൂന്നു വെടികള്‍! പിളള പാറയില്‍ നിന്ന് മറിഞ്ഞു വീണു. മരിച്ചു എന്നുറപ്പാക്കാന്‍ വീണ്ടും രണ്ടു വെടികള്‍ കൂടി. പിള്ളയുടെ ആത്മാവ് സ്വര്‍ഗം പൂകി. ദേവസഹായംപിള്ള മരിച്ച നേരം പാറ താഴേക്കു മറിഞ്ഞു വീണ് ആ പ്രദേശമാകെ മണിമുഴങ്ങി എന്ന ദേശക്കാരുടെ സാക്ഷ്യം. ‘യേശുവേ, രക്ഷിക്കണേ! മാതാവേ, സഹായിക്കണേ!’ എന്നായിരുന്നു പിള്ളയുടെ അന്ത്യമൊഴികള്‍.

ഭാരതത്തിന്റെ വി. സെബാസ്റ്റിന്‍ പുണ്യവാളന്‍ എന്നു വിളിക്കാവന്ന വിശുദ്ധന്‍. അത്രയേറെ പീഡനമേറ്റ വ്യക്തി. രണ്ടു പേരും ആദ്യം രാജാവിന്റെ പ്രീതിപാത്രങ്ങള്‍. പിന്നീട് ക്രിസ്തുവിനെ പ്രതി രാജാവിന്റെ അപ്രീതിക്കു പാത്രമായി കൊടിയ പീഡനമേറ്റു മരിക്കുന്നു. ദേവസഹായം പിള്ളയുടെ ഖ്യാതി വളരുകയാണ് ദേശങ്ങള്‍ക്കപ്പുറത്തേക്ക്. ആ ചൈതന്യവും ധൈര്യവും വിശ്വാസവും പ്രകാശം പോലെ ഇന്നും തിളങ്ങുന്നു!


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles