നന്മ ചെയ്യാന്‍ നിയമങ്ങള്‍ തടസ്സമാണോ? (Sunday Homily)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

(പള്ളിക്കൂദാശാകാലം രണ്ടാം ഞായര്‍ സുവിശേഷ സന്ദേശം)

യേശുവിന്റെ സന്ദേശങ്ങളും പ്രവര്‍ത്തികളും തങ്ങളുടേത് പോലെ അല്ലാത്തതിനാല്‍ ഫരിസേയരും നിയമജ്ഞരും യേശുവുമായി അഭിപ്രായ വ്യത്യാസമുണ്ടായി. യേശുവിനെ മിശിഹായോ ദൈവത്തില്‍ നിന്നുള്ള പ്രവാചകനോ ആയി അംഗീകരിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അതിനാല്‍ അവര്‍ യേശുവിനെ എതിര്‍ക്കുകയും അവിടുത്തെ കുറ്റം വിധിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയും ചെയ്തു. ഇന്നത്തെ സുവിശേഷത്തില്‍ നാം കാണുന്നത് സാബത്ത് ലംഘിച്ചതിന്റെ പേരില്‍ യേശുവിനെ കുറ്റം വിധിക്കുന്ന ഫരിസേയരെയാണ്.

ബൈബിള്‍ വായന
മത്തായി 12. 1-13

“അക്കാലത്ത് ഒരു സാബത്തില്‍ യേശു ഒരു ഗോതമ്പുവയലിലൂടെ കടന്നു പോകുകയായിരുന്നു. അവന്റെ ശിഷ്യന്മാര്‍ക്ക് വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി. ഫരിസേയര്‍ ഇതു കണ്ട് അവനോട് പറഞ്ഞു. നോക്കൂ, സാബത്തില്‍ നിഷിദ്ധമായത് നിന്റെ ശിഷ്യന്മാര്‍ ചെയ്യുന്നു. അവന്‍ പറഞ്ഞു; വിശന്നപ്പോള്‍ ദാവീദും അനുചരന്മാരും എന്താണ് ചെയ്തതെന്ന് നിങ്ങള്‍ വായിച്ചിട്ടില്ലേ? അവന്‍ ദേവാലയത്തില്‍ പ്രവേശിച്ച് പുരോഹിതന്മാര്‍ക്കല്ലാതെ തനിക്കോ സഹചരന്മാര്‍ക്കോ ഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം ഭക്ഷിച്ചതെങ്ങനെ? അല്ലെങ്കില്‍, സാബത്തു ദിവസം ദേവാലയത്തിലെ പുരോഹിതന്മാര്‍ സാബത്തു ലംഘിക്കുകയും അതേ സമയമം കുറ്റമറ്റവരായിരിക്കുകയും ചെയ്യുന്നതെങ്ങനെ എന്ന് നിങ്ങള്‍ നിയമത്തില്‍ വായിച്ചിട്ടില്ലേ? എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു, ദേവാലയത്തേക്കാള്‍ ശ്രേഷ്ഠമായ ഒന്ന് ഇവിടെയുണ്ട്. ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല. എന്തെന്നാല്‍ മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്. യേശു അവിടെ നിന്ന് യാത്ര തിരിച്ച് സിനഗോഗിലെത്തി. അവിടെ കൈ ശോഷിച്ച ഒരുവന്‍ ഉണ്ടായിരുന്നു. യേശുവില്‍ കുറ്റമാരോപിക്കണം എന്ന ഉദ്ദേശ്യത്തോടെ അവര്‍ അവനോട് ചോദിച്ചു, സാബത്തില്‍ രോഗശാന്തി നല്‍കുന്നത് അനുവദനീയമാണോ? അവന്‍ പറഞ്ഞു: നിങ്ങളിലാരാണ്, തന്റെ ആട് സാബത്തില്‍ കുഴിയില്‍ വീണാല്‍ പിടിച്ച് കയറ്റാത്തത്? ആടിനേക്കാള്‍ എത്ര വിലപ്പെട്ടവരാണ് മനുഷ്യന്‍? അതിനാല്‍, സാബത്തില്‍ നന്മ ചെയ്യുക അനുവദനീയമാണ്.അനന്തരം അവന്‍ ആ മനുഷ്യനോട് പറഞ്ഞു: കൈ നീട്ടുക. അവന്‍ കൈ നീട്ടി. അത് സുഖം പ്രാപിച്ചു മറ്റേ കൈ പോലെയായി.”

ഫരിസേയരുടേതില്‍ നിന്ന് വ്യത്യസ്തമായി തന്റെ നുകം വഹിക്കാന്‍ എളുപ്പമുള്ളതും ലഘുവും ആണെന്ന് പറഞ്ഞതിന്റെ പേരില്‍ ഫരിസേയര്‍ യേശുവില്‍ കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിക്കുകയാണ്. ദൈവം മോശ വഴി നിയമങ്ങള്‍ നല്‍കിയെങ്കിലും തുടര്‍ന്നു വന്ന മതനേതാക്കള്‍ പുതിയ പുതിയ നിയമങ്ങള്‍ കൂട്ടിച്ചേര്‍ത്തും നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്തും ജനങ്ങള്‍ക്കു ഭാരം വര്‍ദ്ധിപ്പിച്ചു. സാബത്താചരണവും മറ്റു മതപരമായ ആചാരങ്ങളും കാളകള്‍ വഹിക്കുന്ന നുകം പോലെ ജനങ്ങള്‍ക്ക് അനുഭവപ്പെട്ടു.

ഒരു സാബത്തു ദിവസം വിളഞ്ഞ വയലിലൂടെ പോകുമ്പോള്‍ യേശുവിന്റെ ശിഷ്യന്മാര്‍ ധാന്യക്കതിരുകള്‍ എടുത്തു ഭക്ഷിച്ചു എന്നാണ് ഫരിസേയര്‍ കുറ്റപ്പെടുത്തിയത്. അത് യേശുവിന്റെയും ശിഷ്യന്മാരുടെയും ദാരിദ്ര്യത്തെയും സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മോശയുടെ നിയമം കുറച്ചു കൂടി കരുണയുള്ളതാണെന്നു കാണാം: ‘അയല്‍ക്കാരന്റെ ഗോതമ്പുവയലിലൂടെ കടന്നു പോകുമ്പോള്‍ കൈകൊണ്ട് കതിരുകള്‍ പറിച്ചെടുത്തു കൊള്ളുക, അരിവാള്‍ കൊണ്ട് കൊയ്‌തെടുക്കരുത്.’ (നിയമാ. 23. 25). പാവങ്ങള്‍ക്കു വിശപ്പടക്കാന്‍ ദൈവത്തിന്റെ ഒരു പദ്ധതിയാണ് നാം ഇവിടെ കാണുന്നത്. അതിനാല്‍ അക്കാലത്തെ നിയമം അനുസരിച്ച് ശിഷന്മാര്‍ മോഷണം നടത്തുകയായിരുന്നില്ല. എന്നാല്‍ പ്രശ്‌നം സാബത്തില്‍ അങ്ങനെ ചെയ്തു എന്നതാണ്. അതു പറഞ്ഞ് ഫരിസേയര്‍ യേശുവിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

അതിന് മറുപടിയായി യേശു ഉപയോഗിക്കുന്നത് ദാവീദും അനുചരന്മാരും ചെയ്ത കാര്യമാണ്. (1 സാമു. 21. 1-7). ബൈബിളില്‍ വിശക്കുന്നവരെ ഊട്ടുക എന്നത് ഒരു പുണ്യപ്രവര്‍ത്തിയായിട്ടാണ് ഗണിച്ചിരുന്നത്. എനിക്കു വിശന്നു. നിങ്ങള്‍ എനിക്കു ഭക്ഷിക്കാന്‍ തന്നു (മത്തായി 25.35) എന്നതാണ് അന്ത്യവിധിയില്‍ ഒരു ഉപാധിയായി യേശു അവതരിപ്പിച്ചത്.

സാമുവേലിന്റെ ഒന്നാം പുസ്തകത്തില്‍ ദാവീദ് സാവൂളില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന ഒരു സംഭവം നാം വായിക്കുന്നു. തനിക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി ദാവീദിന് ഭക്ഷണം കണ്ടെത്താന്‍ സാധിച്ചില്ല. അപ്പോള്‍ നോബിലെ വിശുദ്ധ കൂടാരത്തില്‍ എത്തി പുരോഹിതനായ അഹിമെലെക്കിനെ കണ്ട് ദാവീദ് ഭക്ഷണം ചോദിക്കുന്നു. അതൊരു സാബത്തു ദിവസം ആയിരുന്നു. അവിടെ കാഴ്ചയപ്പം അല്ലാതെ മറ്റൊന്നും ബാക്കിയുണ്ടായിരുന്നില്ല. പുരോഹിതര്‍ക്കു മാത്രം ഭക്ഷിക്കാന്‍ അനുവാദമുണ്ടായിരുന്ന ആ അപ്പം ദാവീദിനും അനുചരന്മാര്‍ക്കുമായി അഹിമെലെക്ക് നല്‍കുന്നു. അതു പോലെ മറ്റൊരു കാര്യം കൂടി യേശു പറയുന്നു. പുരോഹിതര്‍ സാബത്തു ദിവസം പലപ്പോഴും അധിക ജോലി ചെയ്യാറുണ്ട്. ഇക്കാര്യത്തില്‍ നിയമം അവര്‍ക്ക് ഒഴിവ് കല്‍പിക്കാറുണ്ട്.

യഹൂദനിയമവും പാരമ്പര്യവും കൊണ്ടു തന്നെ യേശു ഫരിസേയരുടെ വാദത്തെ ഖണ്ഡിച്ച ശേഷം മഹത്തായ ആ വചനം ഉരുവിടുന്നു: ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിഷ്‌കളങ്കരായ മനുഷ്യരെ സാബത്തു ലംഘിച്ചു എന്ന പേരില്‍ കുറ്റം വിധിച്ച ഫരിസേയരെ യേശു ശകാരിക്കുകയാണ്. ഇസ്രായേല്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ വച്ചിരുന്നത് കരുണ കാണിക്കുന്നതിനേക്കാള്‍ മൃഗബലി നടത്തി ദൈവത്തെ പ്രസാദിപ്പിക്കുന്നതിലാണ്. എന്നാല്‍ ദൈവം മനുഷ്യരോട് കരുണ കാണിക്കുന്നതിനാല്‍ മനുഷ്യര്‍ സഹജരോട് കരുണ കാണിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.

മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ് എന്ന് യേശു പറയുന്നു. ദൈവമാണ് സാബത്ത് സ്ഥാപിച്ചത്. അപ്പോള്‍ ദൈവത്തിലെ രണ്ടാമാളായ യേശു സാബത്തിന്റെ നാഥനാണ്.

അതിനു ശേഷം അവിടെ നിന്ന് പോയ യേശു കഫര്‍ണാമിലെ സിനഗോഗിലെത്തി. അവിടെ കൈ ശോഷിച്ച ഒരുവന്‍ ഉണ്ടായിരുന്നു. രോഗികളെ കണ്ടാല്‍ യേശു അലിവു തോന്നി അവരെ സുഖപ്പെടുത്തും എന്ന് ഫരിസേയര്‍ അറിഞ്ഞിരുന്നു. അതിനാല്‍, യേശുവില്‍ കുറ്റം കണ്ടു പിടിക്കാന്‍ അവര്‍ തക്കം പാര്‍ത്തിരുന്നു.

ഫരിസേയരുടെ ചോദ്യത്തിന് യേശു അവരോട് ഒരു മറുചോദ്യം ചോദിക്കുകയാണ് ചെയ്തത്. നിങ്ങളില്‍ ആരാണ് തന്റെ ആട് സാബത്തില്‍ കുഴിയില്‍ വീണാല്‍ പിടിച്ചു കയറ്റാത്തത്? ആടിനെക്കാള്‍ എത്രയോ വിലപ്പെട്ടവനാണ് മനുഷ്യന്‍? ചെയ്യാന്‍ സാധിക്കുന്ന നന്മ ചെയ്യാതിരിക്കുന്നത് പാപമാണ്. അതിനാല്‍ സാബത്തില്‍ നന്മ ചെയ്യുന്നത് നിയമാനുസൃതമാണ് എന്ന് യേശു വ്യക്തമാക്കുന്നു.

സന്ദേശം

നമ്മള്‍ മതജീവിതത്തിന്റെ ഭാഗമായി നിരവധി ആചാരങ്ങള്‍ അനുഷ്ഠിക്കുന്നു. എന്നാല്‍ അവ അര്‍ത്ഥവത്താകണമെങ്കില്‍ അന്ത്യവിധിയില്‍ പറയുന്നതു പോലെ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതായിരിക്കണം.

ഹോസിയാ പ്രവാചകന്റെ വചനങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് യേശു പറയുന്നു, ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നമ്മള്‍ മറ്റുള്ളവരോട് എത്ര മാത്രം കരുണ കാണിക്കുന്നുണ്ട്്?

വേണമെങ്കില്‍ സാബത്താണെന്ന കാരണത്താല്‍ യേശുവിന് കൈ ശോഷിച്ച മനുഷ്യനെ സുഖപ്പെടുത്താതെ ഇരിക്കാമായിരുന്നു. അപ്പോള്‍ ഫരിസേയര്‍ അവിടുത്തെ കുറ്റപ്പെടുത്തുകയും ഇല്ലായിരുന്നു. എന്നാല്‍ നന്മ ചെയ്യാനുള്ള അവസരം യേശു നഷ്ടപ്പെടുത്തുന്നില്ല. നമ്മള്‍ ചെയ്യേണ്ട നന്മ ചെയ്യുന്നതില്‍ ഉപേക്ഷ കാണിക്കുന്നുണ്ടോ?

ഈ കൊറോണക്കാലത്ത് കൊറോണ നിയമങ്ങളുടെ പേരില്‍ നാം നന്മ ചെയ്യാനും കൂദാശകളില്‍ പങ്കെടുക്കാനും മടി കാണിക്കുന്നുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം. നിയമം അനുവദിക്കുന്ന രീതിയില്‍ കൂദാശകളില്‍ പങ്കു കൊള്ളാനും മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കാനും നമുക്ക് സമയം കണ്ടെത്താം.

പ്രാര്‍ത്ഥന

സാബത്തിന്റെ അധിനാഥനായ യേശുവേ,

സാബത്തു ദിവസം നന്മ ചെയ്യുന്നതിനെ എതിര്‍ത്ത ഫരിസേയരോട് സാബത്തില്‍ നന്മ ചെയ്യുന്നത് അനുവദനീയമാണ് എന്ന് അരുളിച്ചെയ്ത യേശുനാഥാ, പല വിധ നിയമങ്ങളുടെ പേരു പറഞ്ഞ് നന്മ ചെയ്യാതിരുന്ന സന്ദര്‍ഭങ്ങളെ പ്രതി ഞങ്ങള്‍ പശ്ചാത്തപിക്കുന്നു. അപരന് നന്മ ചെയ്യാന്‍ ലഭിക്കുന്ന ഒരു സന്ദര്‍ഭവും പാഴാക്കാതിരിക്കാന്‍ ഞങ്ങളെ സഹായിക്കണമേ. ഉപവിയും ദൈവസ്‌നേഹവും കൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ. എല്ലാത്തിനുമുപരി നന്മ ചെയ്യുന്നതിലും സ്‌നേഹിക്കുന്നതിലും പ്രാധാന്യം നല്‍കാനുള്ള കൃപ ഞങ്ങള്‍ക്ക് നല്‍കിയരുളണമേ.

ആമ്മേന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles