കുരിശ് – സഹനത്തിന്റെ പാഠശാല
കുരിശ് സ്നേഹത്തിൻ്റെ പാഠശാലയാണെന്ന് പറഞ്ഞത്
വിശുദ്ധ മാക്സ് മില്യൻ കോൾബെയാണ്.
ഒരു മനുഷ്യൻ തൻ്റെ ജീവിതത്തിൽ പഠിക്കേണ്ട എല്ലാ പാഠങ്ങളും ഉൾക്കൊണ്ട പാഠശാല തന്നെയാണ് കാൽവരിയിലെ ക്രിസ്തുവിൻ്റെ കുരിശ് .
അതിർവരമ്പുകളില്ലാത്ത സ്നേഹത്തിൻ്റെ പര്യായമാണ് കുരിശ്.
സ്നേഹം എന്നാൽ സ്വന്തമായതെല്ലാം അപരനു വേണ്ടി ത്യജിക്കലാണന്നും ക്രിസ്തുവിൻ്റെ കുരിശ് മനുഷ്യനെ പഠിപ്പിക്കുന്നു.
ജീവിതയാത്രയിൽ സഹന ദുരിതങ്ങളുടെ കാൽവരികയറുമ്പോൾ നീ ക്രിസ്തുവിൻ്റെ കുരിശിലേക്ക് നോക്കുക….,
അവൻ നിന്നെക്കാൾ നീതിമാനായിരുന്നിട്ടും പീഡനങ്ങൾക്കും സഹനങ്ങൾക്കും കുറവൊന്നുമില്ല.
ജീവിതഗത് സമെനിയിൽ നീ ഒറ്റപ്പെടുമ്പോഴും തെരുവീഥികളിലും സൗഹൃദ കൂട്ടുകളിലും
നീ അപഹാസ്യനാവുമ്പോഴും ക്രിസ്തുവിൻ്റെ കുരിശിലേയ്ക്ക് നോക്കുക….
അവനാൽ സൗഖ്യപ്പെട്ടവരുടെയും പരിപോഷിക്കപ്പെട്ടവരുടെയും തിരസ്ക്കരണവും ഓശാന പാടിയവരുടെ അധരങ്ങളിൽ നിന്ന് തുപ്പലും ആക്ഷേപവും നിശബ്ദനായി ഏറ്റുവാങ്ങിയവനാണ് അവിടുന്ന്.
ജീവിത ഗാഗുൽത്തായിൽ നീ തനിച്ചാണന്ന് തോന്നുമ്പോഴും ,കൂട്ടി പിടിച്ചതൊക്കെ നഷ്ടപ്പെടുമ്പോഴും കുരിശിലേയ്ക്ക് നോക്കുക….
നിൻ്റെ രക്ഷകനായി ക്രിസ്തുവും അവിടെ തനിച്ചാണ്.
തുറന്നു പിടിച്ച അവൻ്റെ കരങ്ങളിൽ ചേർത്തു പിടിയ്ക്കാൻ ബാക്കിയുണ്ടായിരുന്നത് തുളച്ചു കയറിയ ആണികൾ മാത്രമായിരുന്നു.
തനിക്ക് സ്വന്തമായുണ്ടായിരുന്ന അമ്മയെപ്പോലും അവസാന തുള്ളി ചോരയിൽ മുക്കി ഒരു തിരുവോസ്തി കണക്ക് മാനവരാശിക്ക് സമ്മാനമായി നൽകിയ പങ്കുവയ്ക്കലിൻ്റെ അവസാന വാക്കും പഠിപ്പിച്ചതാണ് ക്രിസ്തുവിൻ്റെ കുരിശ് .
ജീവിതത്തിൽ നീ പഠിക്കേണ്ട എല്ലാ പാഠങ്ങളും പഠിപ്പിക്കുന്ന പാഠശാലയാണ് അവൻ്റെ കുരിശ് .മനുഷ്യന് ഊഹിക്കാവുന്നതിലും പ്രാപിക്കാവുന്നതിലും അധികം രഹസ്യങ്ങൾ കുടികൊള്ളുന്ന നൊമ്പരത്തിൻ്റെ ചഷകവും,
നിനക്ക് ദൈവത്തിൽ താൽപര്യമില്ലെങ്കിലും ദൈവത്തിന് നിന്നിൽ താൽപര്യമുണ്ടെന്നതിൻ്റെ തെളിവുമാണ് കാൽവരിയിലെ ക്രിസ്തുവിൻ്റെ കുരിശ് .
കുരിശിൻ്റെ മുൻപിൽ നീ കരഞ്ഞാൽ …
ക്രൂശിതൻ ഇറങ്ങി വരും.
” കണക്കെടുപ്പാണ്…
ഞാൻ സ്നേഹിച്ചവർ…. ,
എന്നെ സ്നേഹിച്ചവർ……,
കൂട്ടിയും കുറച്ചും ഞാൻ തളരുമ്പോഴും ….
അവൻ തളരാതെ …
മൂന്നാണികളിൽ തൂങ്ങി….”
“വിദൂര കാഴ്ച കാണാൻ,
ദൈവമേ ഞാൻ ആഗ്രഹിക്കുന്നില്ല.
ഒരു പടി മാത്രം മതി എനിക്ക്.
‘ഇന്ന് ‘ എന്ന പടി കടന്ന് അങ്ങിൽ എത്തുവോളം…..,
എൻ്റെ സഹന വേളകളിൽ എൻ്റെ കുരിശിൻ്റെ പിന്നാമ്പുറത്ത് നീയുണ്ടെന്നും എന്നെ ഓർമ്മിപ്പിക്കണമേ.
നിൻ്റെ ആശ്വാസം എത്തുംവരെ …,
നിൻ്റെ കണ്ണുകളിലേക്ക് മാത്രം നോക്കി,
നിൻ്റെ വഴികളിൽ മാത്രം സഞ്ചരിച്ചു ജീവിക്കുവാൻ എന്നെ അനുഗ്രഹിച്ചാലും.”
( കർദ്ദിനാൾ ന്യൂമാൻ )
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.