ആരു കാണും, പ്രവാസികളുടെ കണ്ണുനീര്‍?

സമാനതകളില്ലാത്ത വെല്ലുവിളികളിലൂടെയാണ് ലോകം കടന്നു പോകുന്നത്. കോവഡ് പോലൊരു മഹാമാരി നമ്മുടെ തലമുറ കണ്ടിട്ടില്ല. എന്നാല്‍ ഒരു ചോദ്യം. ഈ കോവിഡ് കാലം നമ്മെ സ്വാര്‍ത്ഥരാക്കുകയാണോ ചെയ്യുന്നത്, അതോ ക്രിസ്തീയ സ്‌നേഹം പ്രകടിപ്പിക്കാനും സഹോദരങ്ങളെ ചേര്‍ത്തു പിടിക്കാനും ഒരുവസരമാകുകയാണോ ചെയ്യുന്നത്? നാം ഓരോരുത്തരും സ്വയം പരിശോധന ചെയ്യേണ്ട കാര്യമാണിത്.

കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിച്ച ഫാ. ഡാമിയന്റെ ജീവിതം പരിശോധിക്കുക. മൊളോക്കോ ദ്വീപില്‍ ചെന്ന് കുഷ്ഠരോഗികളോടൊപ്പം ജീവിച്ച് അവസാനം കുഷ്ഠരോഗം ബാധിച്ച് മരിക്കേണ്ട യാതൊരു ആവശ്യവും അദ്ദേഹത്തിന് ഇല്ലായിരുന്നു. എന്നാല്‍ ആരും ഇല്ലാത്തവരും സമൂഹം ഉപേക്ഷിച്ചവരുമായ കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക എന്നത് ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ തന്റെ ഉത്തരാവാദിത്വം ആണെന്ന് അദ്ദേഹം വിശ്വസിച്ചു. സ്വന്തം സേയ്ഫ് സോണ്‍ ഉപേക്ഷിച്ച് അദ്ദേഹം രോഗികളുടെ പക്കലേക്കിറങ്ങി ചെന്ന് ക്രൈസ്തവ വിശ്വാസവും സ്‌നേഹവും എന്താണെന്ന് ലോകത്തിന് കാണിച്ചു കൊടുത്തു.

അതു പോലെ കല്‍ക്കത്തയിലെ വി. മദര്‍ തെരേസ തന്റെ ആദ്യ മഠത്തിന്റെ സുരക്ഷിതത്വം ഉപേക്ഷിച്ച് കല്‍ക്കത്തയിലെ തെരുവുകളിലേക്ക് ഇറങ്ങി ചെന്നു. ഏറ്റവും പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിച്ചു, ക്രിസ്തീയ സ്‌നേഹത്തിന്റെ ഉദാത്ത മാതൃക ലോകത്തിന് കാണിച്ചു കൊടുത്തു. അതു പോലെ, മുന്‍പ് പല കാലഘട്ടങ്ങളില്‍ ലോകത്തില്‍ മഹാമാരി വന്ന സന്ദര്‍ഭങ്ങളിലെല്ലാം രോഗികള്‍ക്കിടയിലേക്കിറങ്ങി സേവനം ചെയ്ത അനേകം വിശുദ്ധര്‍ കത്തോലിക്കാ സഭയ്ക്കുണ്ട്. അവരാരൂം സ്വന്തം സുരക്ഷ നോക്കി മാറി നിന്നില്ല. മറിച്ച് രോഗികളില്‍ ദൈവത്തെ കണ്ട് അവരെ ശുശ്രൂഷിക്കുകയാണ് ചെയ്തത്.

ഇന്ന്, ഈ കോവിഡ് കാലത്ത് നാം സമാനമായ ഒരു അവസ്ഥയെയാണ് നേരിടുന്നത്. എന്നാല്‍ ഇന്ന് നാം നേരിടുന്ന ഒരു ചോദ്യം നമ്മള്‍ ക്രിസ്തീയമായ സ്‌നേഹത്തോടെ നമ്മുടെ സഹോദരങ്ങളെ ചേര്‍ത്തുപിടിക്കുന്നുണ്ടോ എന്നതാണ്. അതോ സേയ്ഫ് സോണിലിരുന്ന് നമ്മുടെ സ്വന്തം സഹോദരങ്ങളെ അകറ്റി കളയുന്നുണ്ടോ?

കേരളത്തിന്റെ കാര്യം തന്നെ എടുക്കാം. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി പ്രവാസികളുടെ വിമാനങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കുമ്പോള്‍, അനേകം പ്രവാസികള്‍, ഗര്‍ഭിണികളും പ്രായം ചെന്നവരും രോഗികളും അടിയന്തര ശുശ്രൂഷയും വൈദ്യസേവനവും ആവശ്യമുള്ളവരുമായ പ്രവാസികള്‍ നാട്ടിലേക്ക് വരാനാകാതെ ഗള്‍ഫ് നാടുകളില്‍ നരകയാതന അനുഭവിക്കുമ്പോള്‍ അവരും നമ്മുടെ സഹോദരങ്ങളാണെന്ന കാര്യം നാം മറന്നു കളയുകയാണ് ചെയ്യുന്നത്. മലയാളി പ്രവാസികള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ താമസിക്കുന്ന കേരളീയര്‍ക്കും കൂടി അവകാശപ്പെട്ടതാണ് കേരളമണ്ണ്. അവിടേക്ക് മടങ്ങി വരാന്‍ അവര്‍ക്ക് അവകാശമുണ്ട്. ആ അവകാശം നിഷേധിക്കുന്നവര്‍ മനുഷ്യസ്‌നേഹത്തിന് നേരെ മുഖം തിരിക്കുകയാണ് ചെയ്യുന്നത്. വളരെ ദയനീയമാണ് ഗള്‍ഫ് ഉള്‍പ്പെടെയുള്ള ചില വിദേശ നാടുകളുടെ അവസ്ഥ. പലര്‍ക്കും ജോലി നഷ്ടമായി. ഗര്‍ഭിണികളും മറ്റുരോഗങ്ങളുള്ളവരും വൃദ്ധരുമായവരുടെ അവസ്ഥ ദയനീയമാണ്. അവര്‍ സ്വന്തം നാടിന്റെ സുരക്ഷിതത്വം തേടുന്നതില്‍ എന്താണ് തെറ്റ്?

നല്ല സമരിയാക്കാരന്റെ ഉപമ ഇവിടെ പ്രസക്തമാണ്. (ലൂക്ക 10: 30 – 37) ഈ സന്ദര്‍ഭത്തില്‍ നമുക്ക് നേരെ കര്‍ത്താവ് വച്ചു നീട്ടുന്നതും ഈ ഉപമയാണ്. ജെറുസലേമില്‍ നിന്ന് ജറീക്കോയിലേക്ക് പോകുന്ന ഒരാള്‍ വഴിയില്‍ വച്ച് കവര്‍ച്ചക്കാരാല്‍ ആക്രമിക്കപ്പെടുന്നു. വഴിയില്‍ മുറിവേറ്റു കിടന്ന ആ യാത്രക്കാരനെ കണ്ടിട്ടും കാണാത്ത പോലെ അതു വഴി ഒരു പുരോഹിതനും ലേവായനും കടന്നു പോകുന്നു. ഈ സന്ദര്‍ഭത്തില്‍, ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താത്ത എല്ലാവരും ഈ പുരോഹിതനെയും ലേവായനെയും പോലെയാണ്. പ്രവാസികളുടെ നന്മകളും സാമ്പത്തിക സഹായവും കൊണ്ടാണ് കേരളസമൂഹം വളര്‍ന്നത് എന്ന കാര്യം നാം സൗകര്യപൂര്‍വം വിസ്മരിച്ചു കളയുന്നു! ഇതാണ് നാം പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭം. കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ മുറിവേറ്റു കിടക്കുന്ന പ്രവാസികളെ സംരക്ഷിക്കാന്‍, അവരുടെ മുറിവുകള്‍ വച്ചു കെട്ടാന്‍, അവരെ ആശ്വസിപ്പിക്കാന്‍ നാം എല്ലാവരും നല്ല സമരിയാക്കാരനെ പോലെ മുന്നോട്ട് വരണം.

ഈ കൊറോണക്കാലം ക്രൈസ്തവ സ്‌നേഹം പ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരമാണ്. നല്ല സമരിയാക്കാരന്റെ ഉപമ കര്‍ത്താവ് നമ്മോട് പറഞ്ഞപ്പോള്‍ അതു പോലെ ചെയ്യാനാണ് അവിടുന്ന് നമ്മോട് ആവശ്യപ്പെട്ടത്. അകറ്റി നിര്‍ത്തപ്പെട്ടവരെ നമുക്ക് സ്വാഗതം ചെയ്യാം. മുറിവേറ്റവരെയും യാതന അനുഭവിക്കുന്നവരെയും ജോലി നഷ്ടപ്പെട്ടവരെയും നമുക്ക് സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യാം. ഇതാണ് കര്‍ത്താവ് ഈ കാലഘട്ടത്തില്‍ നമ്മോട് ആവശ്യപ്പെടുന്നത്.

അന്ത്യവിധിയുടെ സന്ദര്‍ഭത്തില്‍ വിധിയാളനായ കര്‍ത്താവ് പറയുന്ന വാക്കുകള്‍ നമുക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന വചനങ്ങളാണ്. ഈ വചനങ്ങളാണ് നമ്മുടെ പ്രവര്‍ത്തികളെയും ജീവിതത്തെയും നയിക്കേണ്ടത്: ‘എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്‌നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്റെ അടുത്തു വന്നു. അപ്പോള്‍ നീതിമാന്‍മാര്‍ ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട് ഞങ്ങള്‍ ആഹാരം നല്‍കിയതും ദാഹിക്കുന്നവനായികണ്ട് കുടിക്കാന്‍ നല്‍കിയതും എപ്പോള്‍? നിന്നെ പരദേശിയായിക്കണ്ട് സ്വീകരിച്ചതും നഗ്‌നനായിക്കണ്ട് ഉടുപ്പിച്ചതും എപ്പോള്‍? നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോകാരാഗൃഹത്തിലോകണ്ടു സന്ദര്‍ശിച്ചത് എപ്പോള്‍? രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്. (മത്തായി 25: 35- 40).

നാം ഈ എളിയ സഹോദരങ്ങള്‍ക്ക് ആര്‍ക്കെങ്കിലും നന്മകള്‍ ചെയ്തു കൊടുക്കുമ്പോഴെല്ലാം അത് കര്‍ത്താവിന് തന്നെയാണ് ചെയ്തു കൊടുക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ വചനങ്ങള്‍. ഈ കോവിഡ് കാലത്ത് പ്രയാസങ്ങളനുഭവിക്കുന്ന ഏതൊരുവനും നാം ഉപകാരങ്ങള്‍ ചെയ്തു കൊടുക്കുമ്പോള്‍ അത് കര്‍ത്താവിന് തന്നെയാണ് ചെയ്തു കൊടുക്കുന്നതെന്ന ബോധ്യത്തോടെ ചെയ്യുവിന്‍. വി. മദര്‍ തെരേസയെയും മറ്റനേകം വിശുദ്ധരെയും നന്മ ചെയ്യാന്‍ പ്രേരിപ്പിച്ച ഈ മനോഭാവം നമുക്ക് സ്വന്തമാക്കാം.

ഈശോയില്‍ സ്‌നേഹപൂര്‍വം

ബ്രദര്‍ ഡോമിനിക് പി ഡി
ചീഫ് എഡിറ്റര്‍,
ഫിലാഡെല്‍ഫിയ,യു.എസ്.എ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles