കൊറോണ പ്രതിസന്ധിയില്‍ ക്രിസ്തുവിന്റെ പീഡാനുഭവം ധ്യാനിക്കുക: ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസിന്റെ താണ്ഡവ കാലത്ത് ദൈവത്തെക്കുറിച്ചും സഹനങ്ങളെ കുറിച്ചും ചോദ്യങ്ങളുയരുമ്പോള്‍ ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ധ്യാനിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ.
കൊറോണക്കാലത്ത് വീടുകളില്‍ ഇരിക്കുമ്പോള്‍ ക്രൂശിത രൂപത്തിന് മുന്നിലിരുന്ന് സുവിശേഷം വായിച്ച് ധ്യാനിക്കാന്‍ മാര്‍പാപ്പാ കത്തോലിക്കാ വിശ്വാസികളെ ആഹ്വാനം ചെയ്തു. ലൈവ്സ്ട്രീമില്‍ സംസാരിക്കുകയായിരുന്നു പാപ്പാ.
പള്ളികളെല്ലാം അടഞ്ഞു കിടക്കുന്ന ഈ സമയത്ത് ഇത്് നമ്മെ സംബന്ധിച്ചിടത്തോളം വലിയൊരു ഗാര്‍ഹിക ആരാധനാക്രമമാണ്, പാപ്പാ പറഞ്ഞു.
കൊറോണ വൈറസ് ഉണ്ടാക്കിയിരിക്കുന്ന ഈ സഹനങ്ങളും കഷ്ടപ്പാടും കാണുമ്പോള്‍ ദൈവത്തെ കുറിച്ച് ചോദ്യങ്ങളുയരും. ‘ഈ സഹനങ്ങളുടെ കാലത്ത് ദൈവം എന്തു ചെയ്യുകയാണ്? എല്ലാ തകിടം മറിയുമ്പോള്‍ ദൈവം എന്തു ചെയ്യുകയാണ്? നമ്മുടെ പ്രശ്നങ്ങളെല്ലാം ദൈവം പെട്ടെന്ന് പരിഹരിക്കാത്തത് എന്തു കൊണ്ടാണ്? ‘ തുടങ്ങിയ ചോദ്യങ്ങള്‍.
അപ്പോഴെല്ലാം നാം യേശുവിന്റെ പീഡാനുഭവങ്ങള്‍ ധ്യാനിക്കണം. വിശുദ്ധമായ ഈ ദിനങ്ങളില്‍ അവിടുത്തെ സഹനങ്ങളും പാടുപീഡകളും നമ്മെ അനുധാവനം ചെയ്യുന്നു. പാപ്പാ വിശദീകരിച്ചു.