കൊറോണയെ തുരത്താൻ
ചൊവ്വാഗ്രഹത്തിൻ്റെ ഉപരിതലത്തില്‍ ബഹിരാകാശ വാഹനമെത്തിച്ച് പരീക്ഷണങ്ങള്‍ നടത്താനും, ലോകം മുഴുവന്‍ വിരല്‍ത്തുമ്പിലെത്തിക്കാനും കഴിവുനേടിയ മനുഷ്യന്, നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകാത്ത ഒരു വൈറസ് ബാധയ്ക്കു മുമ്പില്‍ വിറങ്ങലിച്ചു നില്ക്കുന്ന കാഴ്ചയാണ് ഏതാനും നാളുകളായി നാം കണ്ടു കൊണ്ടിരിക്കുന്നത്.
ചൈനയില്‍ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് (കോവിഡ്-19) ഇതിനോടകം 70 രാജ്യങ്ങളില്‍ 90000 ആളുകളെ ബാധിച്ചു കഴിഞ്ഞു. 3100 പേര് മരണപ്പെട്ടു. അൻ്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ദക്ഷിണ കൊറിയ, ഇറ്റലി, ഗള്‍ഫു രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ സ്ഥിതിയും ആശങ്കാജനകം. മരണസംഖ്യ ഔദ്യാഗിക കണക്കുകളേക്കാള്‍ എത്രയോ ഇരട്ടിയാണെന്ന് ആശങ്കപ്പെടുന്നവരും കുറവല്ല.
രാജ്യാതിര്‍ത്തികള്‍ അടക്കപ്പെടുന്നു. സ്കൂളുകളും, കോളേജുകളും അനിശ്ചിതകാലത്തേക്ക് പൂട്ടിയിരിക്കുന്നു. നഗരങ്ങള്‍ വിജനമായിരിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരാവുകയും മരണത്തിനു കീഴ്പ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ഇനി ആരിലാണ് ആശ്രയിക്കാനാകുക? ഇനി ആര്‍ക്കാണ് ഈ പ്രദേശങ്ങളില്‍ പോയി ശുശ്രൂഷിക്കാനാകുക.
ഇത്തരത്തിലുള്ള മാറാവ്യാധികള്‍ പലരാജ്യങ്ങളെയും ഞെരുക്കിയ നാളുകളില്‍ അശരണര്‍ക്കും ആലംബമില്ലാത്തവര്‍ക്കും വേണ്ടി സ്വന്തജീവനുപോലും വിലകല്പിക്കാതെ അവരില്‍ ക്രിസ്തുവിനെ കണ്ടു കൊണ്ട് ജീവകാരുണ്യപ്രവൃത്തികള്‍ ചെയ്ത മിഷണറിമാരെ നമുക്ക് ചരിത്രത്തിന്റെ താളുകള്‍ മറിച്ചുനോക്കിയാല്‍ കണ്ടെത്താനാകും.
രോഗികളുടെയും ആശുപത്രികളുടെയും, ആരോഗ്യപ്രവര്‍ത്തകരുടെയും മധ്യസ്ഥനായ വിശുദ്ധ കമില്ലസ് മാറാരോഗികളെ ശുശ്രൂഷിക്കാനായി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു. അദ്ദേഹവും കൂട്ടാളികളും മാറാരോഗികള്‍ക്കുള്ള ആശുപത്രിയില്‍ ശുശ്രൂഷ ചെയ്യുമ്പോള്‍ തോളില്‍ ഒരു ചുവന്ന കുരിശ് ധരിക്കാറുണ്ടായിരുന്നു. അതാണ് ഇന്നത്തെ റെഡ്ക്രോസ് പ്രസ്ഥാനത്തിന് പ്രചോദനമായത്. നഴ്സിംഗ് ബ്രദേഴ്സിൻ്റെ ഒരു സഭ അദ്ദേഹം സ്ഥാപിച്ചു. പ്ലേഗ് എന്ന പകര്ച്ചവ്യാധിപിടിപ്പെട്ടവരുടെ വീടുകളില്‍ ചെന്ന് പോലും അദ്ദേഹം ശുശ്രൂഷിച്ചിരുന്നു. ആരും അടുക്കാന്‍ മടിക്കുന്ന മാരകരോഗികളെ ശുശ്രൂഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ശുശ്രൂഷയുടെ രീതി. അദ്ദേഹം സ്ഥാപിച്ച ‘കമിലിയന്‍സ്’ സഭാസമൂഹം ആധുനികലോകത്തിലെ മാറാരോഗമായ എയ്ഡ്സ് രോഗികളുടെ ചികിത്സക്കായുള്ള അനേകഭവനങ്ങള് നടത്തിവരുന്നു.
കുഷ്ഠരോഗം എന്ന് കേള്‍ക്കുമ്പോഴെ നമ്മുടെ മനസ്സിലേയ്ക്ക് എത്തുന്നപേരാണ് വി.ഡാമിയൻ്റേത്. ഹവായിദ്വീപിൻ്റെ വടക്കുഭാഗത്തുള്ള മൊളോക്കോ സെറ്റില്മെൻ്റിലേയ്ക്ക് ‘കൊണ്ടു പോയി തള്ളി’യിരുന്ന കുഷ്ഠരോഗികളുടെ ഇടയിലേയ്ക്ക് കടന്നുചെന്ന ഫാ.ഡാമിയന്‍ അവര്‍ക്ക് ഒരു ആത്മീയപിതാവുമാത്രമല്ല, വൃണങ്ങള്‍ കഴുകിയെടുക്കുന്ന നഴ്സും, കുടിലുകെട്ടികൊടുക്കുന്നവനും, ശവപ്പെട്ടിയുണ്ടാക്കുന്നവനും, ശവക്കുഴിയെടുക്കുന്നവനും എല്ലാമായിരുന്നു. ഒരു ദശാബ്ദകാലത്തെ ശുശ്രൂഷയ്ക്കുശേഷം കുഷ്ഠരോഗം പിടിപ്പെട്ടെങ്കിലും മരണം വരെ തൻ്റെ സേവനം അദ്ദേഹം തുടര്‍ന്നുകൊണ്ടിരുന്നു.
ഇക്കഴിഞ്ഞവര്‍ഷങ്ങളില്‍ എബോള എന്ന മാരകരോഗം ആഫ്രിക്കയില്‍ മരണം വിതയ്ക്കുകയും, മരിച്ചവരെ സംസ്കരിക്കാന്‍ പോലും ആരുമില്ലാതെ ശവശരീരങ്ങള്‍ വഴിയില്‍ കിടക്കുകയും ചെയ്തപ്പോള്‍ അവിടെ കടന്നു ചെന്ന് ശുശ്രൂഷചെയ്തതും മറ്റാരുമായിരുന്നില്ല. ‘സൊസൈറ്റി ഓഫ് ആഫ്രിക്കന്‍ മിഷന്‍സ്’ (എസ്.എം.എ) എന്ന, ക്രിസ്തുവിനെ അറിഞ്ഞനുഭവിച്ച ഒരു സഭാ സമൂഹമായിരുന്നു.
ആധുനികലോകം പുരോഗതി കൈവരിച്ചപ്പോള്‍, ക്രിസ്ത്യന്‍ മിഷണറിമാരിലൂടെ വളര്‍ച്ച നേടിയ വൈദ്യശാസ്ത്രം ഏവരിലുമെത്തിയപ്പോള് ലോകം പതിയെ ക്രിസ്തുശിഷ്യരുടെ സേവനങ്ങള്‍ മറക്കാനും തരം കിട്ടുമ്പോഴൊക്കെ താറടിക്കാനും തുടങ്ങി. എങ്കിലും ലോകത്തെവിടെയും ഒരു വിപത്സന്ധി വന്നാല്‍ ജാതിയുടെയോ, മതത്തിന്റെയോ, രാഷ്ട്രത്തിന്റെയോ ഒരു അതിരുകളെയും, എന്നല്ല സ്വജീവനെപോലും കാര്യമാക്കാതെ ശുശ്രൂഷിക്കാന്‍ ക്രിസ്തു സ്നേഹത്താല്‍ പ്രചോദിതരായവര്‍ മാത്രമാണുള്ളതെന്നത് ഇന്നും പ്രസക്തമായ വസ്തുതയാണ്.
കൊറോണ നിര്‍വീര്യമാക്കാനുള്ള പ്രതിരോധമരുന്നുകള്‍ നിര്‍മ്മിക്കപ്പെടാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജ്ഞാനം ലഭിക്കണമെങ്കില്‍, ആ വൈറസ് പ്രവര്ത്തനരഹിതമാകണമെങ്കില് നമ്മുടെ പ്രാര്‍ത്ഥനകള്‍ ശക്തമായി ഉയരണം. കൊറോണ ബാധിതമേഖലകളിലേയ്ക്ക് ക്രിസ്ത്യന്‍ മിഷണറിമാര്‍ കടന്നുചെല്ലാന്‍ രാഷ്ട്രീയാധികാരികള്‍ അനുവദിക്കണം. അതിനായി ക്രിസ്തുശിഷ്യര്‍ തയ്യാറാകണം.
ലോകം പിന്തിരിഞ്ഞോടുന്നിടത്ത് കടന്നുചെല്ലാന്‍ ധീരതയുള്ള ഒരു തീവ്രവാദിയും ഉണ്ടാകില്ല. അതിന് ക്രിസ്തുസ്നേഹാഗ്നി ഉള്ളിലെരിയുന്ന മിഷണറിമാര്‍ മാത്രമേ കാണൂ എന്ന് ലോകം മറക്കാതിരിക്കട്ടെ.