മദ്യം വിളമ്പിയിരുന്നയാള്‍ ഇന്ന് വിശ്വാസികള്‍ക്ക് ദിവ്യകാരുണ്യം വിളമ്പുന്നു!
പതിനഞ്ച് വര്‍ഷത്തോളം വി. ബലിയില്‍ പങ്കുകൊള്ളാത്ത, മദ്യശാലയില്‍ മദ്യം വിളമ്പിയിരുന്ന വ്യക്തി ഇന്ന് ഒരു കത്തോലിക്കാവൈദീകനാണ്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നിയേക്കാമെങ്കിലും സ്‌പെയിനിലെ സാന്‍ടാന്‍ഡര്‍ രൂപതയുടെ വൈദീകനാണ് ജുവാന്‍ ഡി കസീറസ് ഇന്ന്. മനുഷ്യന്റെ വികാരവിചാരങ്ങളെ വെല്ലുന്ന ദൈവീ കപദ്ധതിയ്ക്ക് മികച്ച ഒരു ഉദാഹരണമാണ് ഈ വൈദീകന്‍. സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജുവാന്‍ ഉപരിപഠനത്തിനായി ഒരു ലൊസ്‌ക്കൂളില്‍ പ്രവേശിച്ചു. എങ്കിലും 2006ല്‍ തന്റെ ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ പഠനം ഉപേക്ഷിച്ച് സാന്‍ടാന്‍ഡറില്‍ അതിഗംഭീരമായ ഒരു മദ്യശാല തുറന്നു. പ്രഥമദൃഷ്ട്യാ വന്‍വിജയം കൊയ്യാവുന്ന ഒരു മേഖലയായിരുന്നു മദ്യവില്പനയെങ്കിലും സ്‌പെയിനിലുണ്ടായ സാമ്പത്തിക അരാജകത്വം ഒരു വന്‍ പ്രതിസന്ധിയിലേക്ക് അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചു.
ജീവിതം ഇനി എങ്ങനെ മുമ്പോട്ടു പോകും എന്നറിയാത്ത അവസ്ഥ. സാമ്പത്തിക ബാധ്യതയ്ക്കുപുറമെ സുഹൃത്തുവലയത്തെയും ജുവാന് നഷ്ടമായി. തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥ. അങ്ങനെയിരിക്കെയാണ് ഒരു സുഹൃത്ത് അവിചാരിതമായി ജുവാനെ ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നത്. ഏകാന്തതയില്‍ നിന്നുമുള്ള മോചനത്തിനാണ് ജുവാന്‍ ആദ്യമാദ്യം കൂട്ടായ്മയില്‍ പങ്കുകൊണ്ടത്. എന്നാല്‍ പതിയെ പതിയെ ജുവാനില്‍ മാറ്റങ്ങള്‍ പ്രകടമാകുകയായിരുന്നു. കൂദാശകളിലേക്കുള്ള ഒരു തിരിച്ചു വരവായിരുന്നു അത്. തന്റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കംകുറിച്ചുകൊണ്ട് പാതിവഴിയില്‍ ഉപേക്ഷിച്ച നിയമപഠനം അദ്ദേഹം പുനരാരംഭിച്ചു. കൃത്യം രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം ജുവാന് ദൈവവിളി ലഭിച്ചു. എന്നാല്‍ നിഷേധാത്മകമായ ഒരു പ്രതികരണമായിരുന്നു ജുവാന്റെ ഭാഗത്തുനിന്നും ഉണ്ടായത്. തന്റെ ജോലി, കടബാധ്യതകള്‍ എന്നിങ്ങനെ നിരവധി സമസ്യകള്‍ ദൈവവിളി സ്വീകരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കി.
ഒരു നല്ല ജീവിതപങ്കാളിയെ സ്വന്തമാക്കുവാന്‍ ജുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ ദൈവം അതിനനുവദിച്ചില്ല. അങ്ങനെ സാന്‍ടാന്‍ഡര്‍ ബിഷപ്പിന്റെ പ്രത്യേക അനുവാദത്തോടെ നൂറ്റിഇരുപത് മൈല്‍ അകലെയുള്ള പാംപ്‌ളോണയിലെ സെമിനാരിയില്‍ ജുവാന്‍ പ്രവേശിച്ചു. ജീവിതത്തിലെ ഏറ്റവും മനോഹരമായ മൂന്നുവര്‍ഷങ്ങള്‍ അവിടെ ചിലവഴിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. അവിടെ വച്ച് ചൈനീസ് കത്തോലിക്ക സഭയോടൊത്ത് ജോലി ചെയ്തു. 2018 ജനുവരിയില്‍ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. സാന്‍ടാന്‍ഡറിലെ നാലു ഇടവകകളില്‍ സേവനം ചെയ്യുവാന്‍ അദ്ദേഹം നിയോഗിക്കപ്പെട്ടു.
ആഴ്ചയില്‍ മൂന്നു ദിവസം കൗമാരവിദ്യാര്‍ത്ഥികളെ അദ്ദേഹം വേദപാഠം പഠിപ്പിക്കുന്നു. കൂടാതെ ഡയോസീസിലെ യുവജനങ്ങളുടെയിടയില്‍ ദൈവവിളിയെ സംബന്ധിച്ച ക്‌ളാസ്സുകള്‍ക്ക് അദ്ദേഹം നേതൃത്വം കൊടുക്കുന്നു. അദ്ദേഹം പറയുന്നത് ഇപ്രകാരമാണ് ‘ഞാന്‍ കടന്നുവന്ന ജീവിതാനുഭവങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ നിരവധിയാണ്. അവര്‍ക്ക് നേര്‍വഴി പറഞ്ഞുകൊടുക്കുവാന്‍ ആരുമില്ല. അതിനാല്‍ ദൈവം എന്നെ നിയോഗിച്ചിരിക്കുകയാണ് അവരെ ശ്രവിക്കാന്‍ നേരായ മാര്‍ഗം അവര്‍ക്കു കാണിച്ചുകൊടുക്കാന്‍.’
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.