ആരാധന ക്രമത്തിലെ നിറങ്ങള്‍
![](https://www.mariantimesworld.org/wp-content/uploads/2018/12/Colours-of-retreat.jpg)
ആരാധനാ ക്രമ നിറങ്ങള്‍ എന്ന് കേട്ടിട്ടുണ്ടോ? വൈദികന്‍ തിരു കര്‍മ്മങ്ങള്‍ക്ക് ധരിക്കുന്ന മേല്‍ വസ്ത്രങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ? അള്‍ത്താരയില്‍ ഉപയോഗിക്കുന്ന വിരികള്‍, വിളക്കുകള്‍ ഇവയ്‌ക്കൊക്കെ ആരാധനാ ക്രമം അനുസരിച്ച് ഓരോ കാല ത്തിനും ഓരോ നിറമാണ്. ഇവയെ ആണ് ആരാധന ക്രമ നിറങ്ങള്‍ എന്ന് പറയുന്നത്.
റോമന്‍ കത്തോലിക്കാ റീത്തില്‍ ആരാധനാ ക്രമം നവീകരിക്കുന്നത് ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒന്‍പതില്‍ ആണ്. പൊതുവായി നമ്മള്‍ ആരാധനയ്ക്ക് ഉപയോഗിക്കുന്ന നിറങ്ങള്‍ പച്ച, വയലറ്റ്/പര്‍പ്പിള്‍, റോസ്, വെള്ള, ചുവപ്പ്, കറുപ്പ് എന്നിവയാണ്.
പച്ച നിറം ഉപയോഗിക്കുന്നത് സാധാരണ കാലം ഞായറാഴ്ചകളിലും ശനി ഒഴികെ മറ്റു ദിവസങ്ങളിലും ആണ്. ആഗമന കാലം, തപസ്സ് കാലം, വലിയ ശനി ആഴ്ച കുര്‍ബാന അല്ലാത്ത കര്‍മങ്ങള്‍, കുമ്പസാരം, അന്ത്യകൂദാശ, മരിച്ചവര്‍ക്ക് വേണ്ടിയുള്ള കര്‍മങ്ങള്‍, സകല ആത്മാക്കളുടെ ദിനം ഈ ദിവസങ്ങളില്‍ ഉപയോഗിക്കുന്നത് വയലറ്റ് / പര്‍പ്പിള്‍ നിറം ആണ്. റോസ് നിറം അധികം ഉപയോഗിക്കാറില്ല എങ്കിലും ആഗമന കാലം മൂന്നാം ഞായര്‍, തപസ്സു കാലം നാലാം ഞായര്‍ ഈ ദിവസ ങ്ങളില്‍ മാത്രം ആണ് റോസ് നിറം സഭ ഉപയോഗിക്കുന്നത്.
ക്രിസ്മസ് കാലം, ഉയിര്‍പ്പ് കാലം, പെസഹ വ്യാഴാഴ്ച, യേശുവിന്റെ തിരുനാളുകള്‍, പരി. അമ്മയുടെ തിരുനാളുകള്‍, മാലാഖമാരുടെ തിരുനാളുകള്‍, സുവിശേഷകനായ യോഹന്നാന്റെ തിരുനാളുകള്‍, വി. പൗലോസിന്റെ മാനാസാന്തരം, സ്‌നാ പകയോഹന്നാന്റെ ജനനം, സകല വിശുദ്ധരുടെയും ദിനം, രക്തസാക്ഷികള്‍ അല്ലാത്ത വിശുദ്ധര്‍, മാമ്മോദീസ, വിവാഹം, തിരുപ്പട്ടം തുടങ്ങിയ ദിവസങ്ങളിലും ആരാധനയ്ക്ക് വെള്ള നിറം ഉപയോഗിക്കുന്നു.
ചുവപ്പ് നിറം ഓശാന ഞായര്‍, ദുഃഖ വെള്ളി, പെന്തക്കോസ്ത, യേശുവിന്റെ പീഡാനുഭവ സ്മരണ ഈ ദിവസങ്ങളില്‍ ആണ് ഉപയോഗിക്കുന്നത്. കറുപ്പ് നിറം മരിച്ചവര്‍ക്ക് വേണ്ടിയുള്ള കര്‍മങ്ങളില്‍ ദുഃഖ വെള്ളിയിലും സകല ആത്മാക്കളുടെ ദിനത്തിലും ആണ് ഉപയോഗിക്കുന്നത്.