സിഎംസി സന്യാസിനീ സമൂഹം ഇറാക്കിലേക്ക്
കൊച്ചി: യുദ്ധങ്ങളും കലാപങ്ങളും മുറിവേല്പിച്ച ഇറാക്കിന്റെ മണ്ണില്‍ സ്നേഹത്തിന്റെ സന്ദേശമാകാന്‍ കര്‍മലീത്ത സന്യാസിനിമാരും. ഇറാക്കില്‍ ആ രാജ്യത്തിനു പുറത്തുനിന്നു സേവനപ്രവര്ത്തനത്തിനെത്തുന്ന ആദ്യത്തെ സന്യാസിനീ സമൂഹമാവുകയാണു കോണ്ഗ്രിഗേഷന് ഓഫ് മദര്‍ ഓഫ് കാര്‍മല്‍ (സിഎംസി).
സിഎംസിയിലെ മലയാളികളായ ആറു സന്യാസിനിമാരാണ് പുതുദൗത്യവുമായി ഇറാക്കിലെത്തിയിട്ടുള്ളത്. മണിപ്പൂരി സ്വദേശികളായ മൂന്നു സിഎംസി സന്യാസിനിമാരും ഉടന്‍ ഇറാക്കിലെത്തും. പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ കിര്‍കുക്ക് അതിരൂപതയിലും സാമന്ത രൂപതയായ സുലൈമാനിയയിലുമാണ് ഇവര്‍ സേവനം ചെയ്യുക.
കിര്‍കുക്ക് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് മിര്‍ക്കിസ്, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വഴി നടത്തിയ പ്രത്യേക ക്ഷണം സ്വീകരിച്ച് സിഎംസി സന്യാസിനീ സമൂഹം പുതിയ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ബാഗ്ദാദില്‍നിന്നു 350 കിലോമീറ്റര്‍ അകലെയാണു കിര്‍കുക്ക്.
യുദ്ധക്കെടുതികളുടെ ദുരന്തമുഖത്തുനിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത ഇറാക്കിലെ ജനതയ്ക്ക് ജാതി- മത ഭേദമെന്യേ അറിവിന്റെയും ആതുരസേവനത്തിന്റെയും വഴികളിലൂടെ, സ്നേഹത്തിന്റെ വെളിച്ചമാവുകയാണു പുതിയ ദൗത്യത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നു സിഎംസി മദര്‍ ജനറല്‍ സിസ്റ്റര്‍ സിബി പറഞ്ഞു.
കേരളത്തിലെ വിവിധ സിഎംസി പ്രോവിന്‍സുകളില്‍നിന്നുള്ള സിസ്റ്റര്‍ റോസ്മേരി (ഇരിങ്ങാലക്കുട), സിസ്റ്റര്‍ ദീപ ഗ്രെയ്സ് (അങ്കമാലി), സിസ്റ്റര്‍ അന്ന (എറണാകുളം), സിസ്റ്റര്‍ ടെസ് മരിയ (കാഞ്ഞിരപ്പള്ളി), സിസ്റ്റര്‍ വിനയ (ഡെറാഡൂണ്‍), സിസ്റ്റര്‍ ആന്സില (ചങ്ങനാശേരി) എന്നിവരാണ് ഇറക്കില്‍ സേവനം തുടങ്ങിയത്. മണിപ്പൂരില്‍നിന്നുള്ള സിസ്റ്റര്‍ കാര്‍മലും സിസ്റ്റര്‍ സിസിലിയും അടുത്ത മാസം ഒപ്പം ചേരും.
കുട്ടികളുടെ വിദ്യാഭ്യാസം, യുദ്ധക്കെടുതിയില്‍ മക്കള്‍ ഉപേക്ഷിച്ച നിരാലംബരായ ആൾസ്ഹൈമേഴ്സ് രോഗികളുടെയും യുവജനങ്ങളുടെയും സംരക്ഷണം എന്നിവയാണ് തങ്ങളുടെ പ്രധാന പ്രവര്‍ത്തനമേഖലയെന്ന് ഇറാക്കിലുള്ള സിസ്റ്റര്‍ ദീപ ഗ്രെയ്സ് പറഞ്ഞു. പുതുതായി ആരംഭിക്കുന്ന കിര്‍കുക്കിലെ സിബിഎസ്ഇ സിലബസിലുള്ള സ്കൂള്‍, സുലൈമാനിയയിലെ ചാരിറ്റി ഹോം എന്നിവയ്ക്കു സന്യാസിനിമാര്‍ നേതൃത്വം നല്‍കും. ഭവനസന്ദര്‍ശനം ഉള്‍പ്പെടെ അനുബന്ധ സേവനങ്ങളും ഒപ്പമുണ്ടാകും.
ഇറാക്കിലെ സംസാരഭാഷയായ അറബിയോടൊപ്പം സുറിയാനി, കല്‍ദായ, ഭാഷകളിലും പ്രാവീണ്യം നേടാനുള്ള ശ്രമങ്ങളിലാണു സന്യാസിനിമാര്‍. ഡൊമിനിക്കന്‍ സന്യാസിനികള്‍ ഉള്‍പ്പടെയുള്ള തദ്ദേശീയരായ മിഷണറിമാര്‍ ഇറാക്കില്‍ സേവനം ചെയ്യുന്നുണ്ട്. സിഎംഐയുടെ രണ്ടു പേര് ഉള്‍പ്പെടെ ഇന്ത്യയില്‍നിന്നുള്ള വൈദികര്‍ ഇവിടെ മിഷന് രംഗത്തുണ്ട്.
6500ഓളം അംഗങ്ങളുള്ള സിഎംസി സന്യാസിനീ സമൂഹത്തിലെ ഇരുന്നൂറിലധികം പേര് ഇന്ത്യക്കു പുറത്തു സേവനം ചെയ്യുന്നുണ്ട്. ആറ് ആഫ്രിക്കന്‍ രാജ്യങ്ങള്‍, പെറു, ഇംഗ്ലണ്ട്, ഇറ്റലി, ജര്‍മനി, യുഎസ്എ, കാനഡ എന്നിവിടങ്ങളിലാണ് ഇവര്‍ സേവനം ചെയ്യുന്നത്.