കാർഷിക പ്രശ്നങ്ങൾ പരിഹരിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പ് നൽകി: കത്തോലിക്ക കോണ്ഗ്രസ്
തിരുവനന്തപുരം: കാർഷിക മേഖലയിൽ കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കത്തോലിക്ക കോണ്ഗ്രസ് നേതാക്കൾക്ക് ഉറപ്പ് നൽകി. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ചർച്ചയിൽ 11 പ്രധാന കാർഷിക പ്രശ്നങ്ങളാണ് കത്തോലിക്ക കോണ്ഗ്രസ് മുന്നോട്ട് വച്ചത്.
1. ഉത്പാദന ചെലവിന്റെ അടിസ്ഥാനത്തിൽ മുഴുവൻ കാർഷിക ഉത്പന്നങ്ങൾക്കും തറനില നിശ്ചയിച്ച് സംഭരിക്കണം. 2. കാർഷികോത്പന്ന വിലനിർണയ കമ്മീഷൻ രൂപീകരിക്കുക. 3. വന്യജീവി ആക്രമണത്തിന് പൂർണ നഷ്ടപരിഹാരം നൽകുക. 4. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ കൃഷിയിടത്തിൽ വച്ച് കൊല്ലുവാൻ കർഷകരെ അനുവദിക്കുകയും, കാട്ടാന ശല്യം തടയുന്നതിന് വനാതിർത്തിയിൽ റെയിൽ ഫെൻസിംഗ് സ്ഥാപിക്കാൻ നൂറുകോടി രൂപ ബജറ്റിൽ വകയിരുത്തുകയും ചെയ്യുക. 5. റബറിന് കിലോഗ്രാമിന് 175 രൂപ ഉറപ്പാക്കുകയും, വില സ്ഥിരതാ ഫണ്ടിൽ കൂടുതൽ തുക വകയിരുത്തുകയും ചെയ്യുക. 6. കർഷക പെൻഷൻ പ്രതിമാസം അയ്യായിരം രൂപയായി വർധിപ്പിക്കുകയും, കുടിശികകൾ കൊടുത്തു തീർക്കുകയും ചെയ്യുക. 7. വനത്തിനോട് ചേർന്നുവരുന്ന ഒരു കിലോമീറ്റർ ഭാഗം ഇഎസ്എയിൽ ഉൾപ്പെടുത്തുന്നതിനുള്ള വനംവകുപ്പ് നീക്കം ഉപേക്ഷിക്കുക. 8. പുരയിടമായിരുന്ന കൃഷിഭൂമി, തോട്ടം ഭൂമിയാക്കി മാറ്റിയ റവന്യൂ നടപടി തിരുത്തുക. 9. സംഭരിച്ച നെല്ലിന് സപ്ലൈകോ നൽകുന്ന പി ആർ എസ് രേഖ ബാങ്കിൽ സമർപ്പിച്ച് വാങ്ങുന്ന നെല്ലിന്റെ വിലയ്ക്ക് പലിശ വാങ്ങുന്നതിനുള്ള നടപടി തിരുത്തുകയും നെല്ലിന്റെ കൈകാര്യ ചെലവ് കാലികമായി ഉയർത്തുകയും സംഭരണവില കൂട്ടുകയും ചെയ്യുക. 10. 1964ലേയും 1993ലേയും ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ ഭൂമിക്ക് ഇടുക്കി ജില്ലയിൽ മാത്രം കൊണ്ടുവന്ന നിയന്ത്രണങ്ങളും മറ്റു വിവേചനങ്ങളും അവസാനിപ്പിക്കുകയും മൂന്നാറിന് പുറത്തുള്ള ഏഴ് വില്ലേജുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമാണ നിയന്ത്രണങ്ങൾ നീക്കുകയും ചെയ്യുക. 22.08.2019 ലെയും 25.09.2019 ലെയും ഉത്തരവുകൾ പിൻവലിക്കുക. 11. ചെറുകിട കർഷകർക്ക് സൗജന്യമായും, മറ്റ് കർഷകർക്ക് 50 ശതമാനം സബ്സിഡിക്കും ജലസേചനത്തിന് ആവശ്യമായ വൈദ്യുതി നൽകുക. കൂടാതെ ന്യൂനപക്ഷ ആനുകൂല്യങ്ങൾ നൽകുന്നതിൽ ഇപ്പോൾ നിലനിൽക്കുന്ന 80:20 എന്ന അനുപാതം ഭേദഗതി വരുത്തി 60:40 ആക്കണമെന്നും കത്തോലിക്ക കോണ്ഗ്രസ് ആവശ്യപ്പെട്ടു.
ചർച്ച് ബിൽ സംബന്ധിച്ച് യാതൊരു ആശങ്കകൾക്കും അടിസ്ഥാനമില്ലെന്നും 2019 മാർച്ച് മാസം മുഖ്യമന്ത്രി കത്തോലിക്ക കോണ്ഗ്രസിന് നൽകിയ ഉറപ്പിൽ നിന്നും സർക്കാറിന് യാതൊരു മാറ്റവും ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, സെക്രട്ടറിമാരായ ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, തോമസ് പീടികയിൽ തുടങ്ങിയവരാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.