സഭയില്‍ സമാധാമുണ്ടാകാന് കുര്‍ബാനയില്‍ നിയോഗം വച്ചു പ്രാര്‍ത്ഥിക്കാന്‍ കര്‍ദിനാള്‍ ക്ലീമിസിന്റെ ആഹ്വാനം
തിരുവനന്തപുരം : സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി രൂപതയില്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് ആത്മീയ പരിഹാരം ഉണ്ടാകുവാനായി കുര്‍ബാനയില്‍ നിയോഗം വെച്ച് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ തന്റെ കീഴിലുള്ള വൈദീകരോടും വിശ്വാസികളോടും മലങ്കര കത്തോലിക്ക സഭാതലവന് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കോസ് ആഹ്വാനം ചെയ്തു.
മലങ്കര കത്തോലിക്ക സഭാസ്ഥാപകനായ മാര്‍ ഈവാനിയോസ് മെത്രാപോലീത്തയുടെ അറുപത്തിയാറാമത് ഓര്‍മ്മപ്പെരുന്നാളിന്റെ ഭാഗമായി ഇന്ന് രാവിലെ സഭാസ്ഥാനമായ പട്ടം കത്തീഡ്രലില്‍ നടന്ന ഓര്‍മ്മ കുര്‍ബാനയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തിന്റെ അവസാനമാണ് സീറോ-മലബാര്‍ സഭയുടെ വിഷയം മലങ്കര കത്തോലിക്ക വിശ്വാസികളോട് മാര്‍ ക്ലീമിസ് ബാവ സൂചിപ്പിച്ചത്.
എറണാകുളം-അങ്കമാലി രൂപതയില്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് വിമര്‍ശനത്തിന്റെയോ വിഭാഗീയതയുടെയോ ഒരു പരിഹാരമല്ല, മറിച്ച് ആത്മീയമായ ഒരു പരിഹാരമാണ് വേണ്ടതെന്നും അതിനാല്‍ മലങ്കര കത്തോലിക്ക സഭയിലെ വൈദീകരും വിശ്വാസികളും കുര്‍ബാനയില്‍ ഇത് ഒരു പ്രത്യേക നിയോഗമായി വെച്ച് പ്രാര്‍ത്ഥിക്കണമെന്നും കര്‍ദിനാള്‍ ക്ലീമിസ് ബാവ ആവശ്യപ്പെട്ടു. ഇത് എന്തെങ്കിലും പ്രശസ്തിക്ക് വേണ്ടിയല്ല എന്നും സഹോദരീ സഭയായ സീറോ-മലബാര്‍ സഭ നേരിടുന്ന പ്രശ്നങ്ങളില്‍ അങ്ങനെയൊരു ആത്മീയ ഇടപെടലിനായി പ്രാര്‍ത്ഥിക്കേണ്ടത് മലങ്കര കത്തോലിക്കാ സഭയുടെ കടമയാണ് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രധാന അഥിതിയായിരുന്ന ഈജിപ്തിലെ കൊപ്തിക് സഭാധ്യക്ഷന് മാര്‍ ഇബ്രാഹീം ഇസഹാക്ക് സിദ്രാക് പാത്രിയാര്‍ക്കീസ് ബാവയുടെ സാന്നിധ്യത്തിലാണ് ഈ നിര്‍ദേശം ഉണ്ടായത് വൈകാതെ കത്തോലിക്ക സഭയുടെ ഒരു കര്‍ദിനാള്‍ ആകുവാന്‍ സാധ്യതയുള്ള വ്യക്തിയാണ് കൊപ്തിക് പാത്രിയാര്‍ക്കീസ്. കത്തോലിക്ക സഭയിലെ അതിശക്തരുടെ മുഴുവന്‍ പിന്തുണ മാര്‍ ആലഞ്ചേരിക്ക് ഉണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മാര്‍ ഈവാനിയോസ് മെത്രാപൊലീത്ത സ്ഥാപിച്ച ആശ്രമമായ റാന്നിപെരുന്നാട്ടില്‍ നിന്നും മറ്റു പല സ്ഥലങ്ങളില്‍ നിന്നും ആരംഭിച്ച പദയാത്രകള്‍ ഇന്നലെ വൈകുന്നേരത്തോടെ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പട്ടം കത്തീഡ്രലില്‍ സമാപിച്ചിരുന്നു. തുടര്‍ന്ന് നടന്ന മെഴുകുതിരി പ്രദിക്ഷണത്തിലും കൊപ്തിക് പാത്രിയാര്‍ക്കീസ് പങ്കെടുത്തിരുന്നു.
മാര്‍ പാപ്പയുടെ നേരിട്ടുള്ള നടപടിക്ക് പോലും വില കല്‍പ്പിക്കാതെ കത്തോലിക്ക സഭയ്ക്കെതിരെ കലാപാഹ്വാനം നടത്തുന്ന എറണാകുളം വിമത വിഭാഗത്തിനു കനത്ത പ്രഹരമാണ് മലങ്കര കത്തോലിക്ക സഭാധ്യക്ഷന്റെ അഭിപ്രായം മൂലമുണ്ടായത്. കൂടുതല്‍ ശക്തനായി തിരിച്ചെത്തിയ സീറോ-മലബാര്‍ സഭാധ്യക്ഷനായ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക്, മറ്റൊരു സ്വതന്ത്ര കത്തോലിക്ക സഭയുടെ അധ്യക്ഷനും കൂടാതെ ആഗോള കത്തോലിക്ക സഭയിലെ ഒരു കര്‍ദിനാളും ആയ കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവയുടെ പിന്തുണ കൂടുതല്‍ ശക്തി പകരുമെന്ന് കണക്കുകൂട്ടുന്നു കൂടാതെ ഇത് ഓഗസ്റ്റില്‍ വരാനിരിക്കുന്ന സീറോ-മലബാര്‍ സഭയുടെ സിനഡിന്റെ നടപടികള്‍ക്കും കൂടുതല്‍ ശക്തി പകരും.