പള്ളി വക സ്വത്തുക്കള്‍ കാനോനിക നിയമപ്രകാരം കൈകാര്യം ചെയ്യുന്നതിനെതിരായ ഹർജി തള്ളി
കൊച്ചി : ഇന്ത്യയിലെ കത്തോലിക്കാ പള്ളികളുടെ സ്വത്തുവകകള്‍ കാനോനിക നിയമപ്രകാരം കൈവശം വയ്ക്കുന്നതും കൈകാര്യം ചെയ്യുന്നതും ഇന്ത്യയിലെ നിയമ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.
ഹര്ജിക്കാരന് 25,000 രൂപ പിഴ ചുമത്തിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര സ്വദേശി എം.എസ്. അനൂപ് നല്കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പിഴ ചുമത്തി തള്ളിയത്. പിഴത്തുക രണ്ടാഴ്ചയ്ക്കുള്ളില്‍ ഹൈക്കോടതിയിലെ ലീഗല്‍ സര്‍വീസ് കമ്മിറ്റിക്ക് നല്‍കണമെന്നും വീഴ്ച വരുത്തിയാല്‍ ഹര്‍ജിക്കാരനെതിരെ റവന്യു റിക്കവറി നടപടികള്‍ സ്വീകരിക്കാമെന്നും കോടതി പറയുന്നു.
മാര്‍പാപ്പയുടെ നിയന്ത്രണത്തിലുള്ള കാനോനിക നിയമപ്രകാരമാണ് ഇന്ത്യയിലെ പള്ളികളുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതെന്നും ഇതു രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും ഹര്ജിക്കാരന് ആരോപിച്ചിരുന്നു. മാര്‍പാപ്പ കാലാകാലങ്ങളില്‍ നിയോഗിക്കുന്ന ബിഷപ്പുമാരാണ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലെ നിയമങ്ങള്‍ക്ക് അനുസരിച്ചല്ലാതെ കാനോനിക നിയമപ്രകാരം സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് തടയാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ മുഖ്യ ആവശ്യം.
എന്നാല്‍ ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും വിവിധ മത വിഭാഗങ്ങള്‍ക്ക് സ്വത്തുക്കള്‍ കൈവശം വയ്ക്കാനും അനുഭവിക്കാനും കൈകാര്യം ചെയ്യാനും നമ്മുടെ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇത്തരം നടപടികള്‍ തെറ്റല്ല. മാത്രമല്ല, കാനോനിക നിയമപ്രകാരം പള്ളിവക സ്വത്തുക്കള്‍ ഭരിക്കപ്പെടുന്നതും കൈകാര്യം ചെയ്യുന്നതും ഹര്‍ജിക്കാരനെ ബാധിക്കുന്ന വിഷയവുമല്ല. ആ നിലയ്ക്കാണ് പിഴ ചുമത്തി ഹര്‍ജി തള്ളുന്നതെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.