പ്രതിഷേധങ്ങള്‍ക്കിടയില്‍ ചിലിയിലെ പള്ളികള്‍ ആക്രമിക്കപ്പെട്ടു

സാന്റിയാഗോ: ചിലിയില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടയില്‍ ചിലിയിലെ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. സബ് വേ ടിക്കറ്റ് നിരക്കു വര്‍ദ്ധനവിനെതിരെ ഒക്ടോബര്‍ മധ്യത്തിലാണ് പ്രതിഷേധം ആരംഭിച്ചത്.
നവംബര്‍ 8ാം തീയതി പ്രതിഷേധക്കാര്‍ സാന്റിയാഗോയിലെ ലാ അസുന്‍സിയോ ഇടവകയില്‍ ഇരച്ചു കയറി കുമ്പസാരക്കൂടും തിരുസ്വരൂപങ്ങളും മറ്റും നശിപ്പിച്ചു. പോലീസുമായുള്ള ഏറ്റുമുട്ടലിനിടയല് ബാരിക്കേഡുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. പള്ളി ഭിത്തികളിലും സ്തൂപങ്ങളിലും അള്‍ത്താരയിലും കത്തോലിക്കാ വിരുദ്ധ ഗ്രാഫിറ്റികള്‍ പതിച്ചു.
നവംബര്‍ 10ാം തീയതി അക്രമികള്‍ മേരി ഹെല്പ് ഓഫ് ക്രിസ്റ്റ്യന്‍സ് ചാപ്പലിന്റെ വാതില്‍ അതിക്രമിച്ചു തുറന്ന് അവിടെയുണ്ടായിരുന്ന തിരുസ്വരൂപങ്ങള്‍ നശിപ്പിക്കുകയും അവ തെരുവിലേക്ക് കൊണ്ടു പോകുകയും ചെയ്തു. സക്രാരിയും ആക്രമിക്കപ്പെട്ടു.